sections
MORE

മികച്ച ജോലി ഉപേക്ഷിച്ച് രാജേഷ് കൂടെക്കൂട്ടിയത് റോസ്മേരിയെ

HIGHLIGHTS
  • നാലു മുതൽ ആറടി വരെ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് റോസ്മേരി
  • ഇലകളും പൂക്കളുള്ള ശാഖകളുമാണ് വ്യാവസായികപ്രാധാന്യമുള്ള ഭാഗങ്ങൾ
rosemary
സത്യമംഗലത്തെ റോസ്മേരി കൃഷിയിടത്തിൽ ജൂഡ് രാജേഷ്
SHARE

സസ്യങ്ങളുടെ സത്തെടുത്ത് ലോകമെങ്ങും വ്യാപാരം ചെയ്യുന്ന പ്രശസ്ത ഫ്രഞ്ച് കമ്പനിയായ നാച്വറെക്സിൽ ജോലി ചെയ്യുമ്പോഴാണ് തന്റെ നാട്ടിലുമുള്ള റോസ്മേരി എന്ന സുഗന്ധസസ്യത്തിന്റെ മേന്മ ജൂഡ് രാജേഷ് എന്ന ചെറുപ്പക്കാരനു ബോധ്യമായത്. മദ്രാസ് സർവകലാശാലയിൽനിന്ന് സസ്യശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി ഭക്ഷ്യസംസ്കരണ സാങ്കേതികവിദ്യയിൽ വിദേശപഠനം നടത്തിയ തമിഴ്നാട് സത്യമംഗലം സ്വദേശി ജൂഡ് രാജേഷ് നാച്വറെക്സിലെ മികച്ച ജോലി ഉപേക്ഷിച്ച് റോസ്മേരിയുടെ പിന്നാലെയാണിപ്പോൾ.

ഭക്ഷ്യസംസ്കരണമേഖലയിൽ വൻ വ്യവസായമൂല്യമുള്ള റോസ്മേരിയുടെ സത്തി(extract)നായി നാച്വറെക്സിനെ ആശ്രയിക്കുന്നവരിൽ കേരളത്തിലെ പ്രമുഖ ഒലിയൊറെസിൻ നിർമാതാക്കളുമുണ്ട്. ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽനിന്നാണ് മുഖ്യമായും ഇറക്കുമതി. മുറിച്ചെടുത്ത് ഉണക്കിയപടിതന്നെ ഇറക്കുമതി ചെയ്യുന്ന റോസ്മേരി, സംസ്കരിച്ചു സത്തെടുത്ത് മാംസസംസ്കരണ മേഖലയ്ക്കു കൈമാറുകയാണു പലരും. മാംസം കേടാവാതിരിക്കാനുള്ള പ്രകൃതിദത്ത സംരക്ഷകമായാണ് റോസ്മേരി പ്രധാനമായും ഇന്ത്യയിൽ പ്രയോജനപ്പെടുത്തുന്നത്. ഇതേ ആവശ്യത്തിനുപയോഗിക്കുന്ന സിന്തറ്റിക് അരോമാറ്റിക് കോമ്പൗണ്ട് (TBHQ) അത്ര ആരോഗ്യകരമല്ല എന്നു വന്നതോടെ പ്രകൃതിദത്ത സംരക്ഷകമായ റോസ്മേരിക്കു പ്രാധാന്യം വർധിച്ചെന്നു രാജേഷ്. റോസ്മേരിയിലുള്ള കാർണോസോൾ എന്ന ആന്റിഓക‌്‌സിഡന്റ് മാരകരോഗങ്ങളെ പ്രതിരോധിക്കുമെന്ന പഠനഫലങ്ങളും ഗുണകരമായി. പ്രതിവർഷം ഇന്ത്യയിലേക്കുള്ള റോസ് മേരി ഇറക്കുമതി ആയിരക്കണക്കിനു ടൺ വരുമെന്നു നാച്വറെക്സിന്റെ ഏഷ്യൻ വ്യാപാരമേഖലയുടെ ചുമതലയുണ്ടായിരുന്ന രാജേഷ് പറയുന്നു.

ബ്രിട്ടീഷുകാരാണ് ഇന്ത്യയിൽ റോസ്മേരി എത്തിച്ചതെന്നു രാജേഷ്. നീലഗിരിയിലാണ് കൃഷിത്തുടക്കം. കർണാടകയിലും കശ്മീരിലും കൃഷിയിറക്കുന്ന റോസ്മേരി തമിഴ്‌നാട്ടിലെ സത്യമംഗലം, തലവാടി, ഊട്ടി, മേട്ടു പ്പാളയം, ബർഗുർ, കൊടൈക്കനാൽ എന്നിവിടങ്ങളിലെല്ലാം, വ്യാപകമായല്ലെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. പർപ്പിൾ, വെള്ള പൂക്കൾ വിടർത്തുന്ന രണ്ടിനം റോസ്മേരികളാണ് വ്യാപകമായി കൃഷി ചെയ്യുന്നത്. ഇന്ത്യയിൽ പ്രചാരം വെള്ളയിനത്തിനാണ്.

ഭാവിയുടെ വിള

അഞ്ചു കാര്യങ്ങളാണു തന്നെ റോസ്മേരിക്കൃഷിക്കു പ്രേരിപ്പിച്ചതെന്നു രാജേഷ്. ഒന്ന്, വർഷങ്ങളായി റോസ്മേരിയുടെ വിപണിവില സുസ്ഥിരമാണ്. രണ്ട്, ആലപ്പി മഞ്ഞളിൽ കുർക്കുമിൻ കൂടുതലുള്ളതുപോലെ, തമിഴ്നാട്ടിൽ കൃഷിചെയ്തെടുക്കുന്ന റോസ്മേരിയിൽ കാർണോസോൾ ഉൾപ്പെടെയുള്ള ഘടകങ്ങളുടെ അളവ്, ഇറക്കുമതി ചെയ്യുന്ന റോസ്മേരിയിലുള്ളതിനെക്കാൾ കൂടുതലാണ്. മൂന്ന്, ഇന്ത്യയിലെ ഭക്ഷ്യസംസ്കരണ മേഖലയുടെ മികച്ച വളർച്ചനിരക്ക്. നാല്, ജലം അമൂല്യമായി മാറുന്ന ഇക്കാലത്ത് അതു പരിമിതമായി മാത്രം ആവശ്യമുള്ള വിള. അഞ്ച്, സംഘടിതമായി കൃഷി ചെയ്താൽ ഇന്ത്യയിൽ മികച്ച വിപണി. ഭക്ഷ്യസംസ്കരണമേഖലയിൽ മാത്രമല്ല ഫാർമസ്യൂട്ടിക്കൽ, ന്യൂട്രാസ്യൂട്ടിക്കൽ രംഗങ്ങളിലും റോസ്മേരി‌ക്ക് ആവശ്യക്കാരുണ്ട്. ഇന്ത്യയിലെ റോസ്മേരി കൃഷിക്കാർ വിപണി കണ്ടെത്തുന്നതും ഈ മേഖലയിലാണ്. രാജേഷിന്റെ നേതൃത്വത്തിലുള്ള ഇന്റഗ്രേറ്റഡ് കോക്കനട്ട് ആൻഡ് ബനാന ഫാം പ്രൊഡ്യൂസർ കമ്പനിയിലെ കർഷകർ ലക്ഷ്യമിടുന്നതു പക്ഷേ വൻ കിട കമ്പനികളെത്തന്നെ. 

ഊട്ടി (RM)-1 എന്ന ഇനമാണ് തമിഴ് നാട്ടിൽ കൃഷി ചെയ്യുന്ന ഇനം. കൃഷിയിറക്കി എട്ടു മാസത്തിനു ശേഷം, തീറ്റപ്പുല്ലുകൃഷിപോലെ, 90 ദിവസം കൂടു മ്പോൾ മുറിച്ചെടുത്ത് ഉണക്കി വിൽക്കുന്നതാണ് റോസ്മേരിയുടെ കൃഷിരീതി. തൈകളാണ് നടീൽവസ്തു. ഏക്കറിൽ 12,000 തൈകൾ നടാം. പഞ്ചഗവ്യം ഉൾപ്പെടെയുള്ള ജൈവവളങ്ങളാണ് രാജേഷ് റോസ്മേരിക്കു നൽകുന്നത്. വർഷം ഹെക്ടറിന് ഏറ്റവും ചുരുങ്ങിയത് രണ്ടു ടൺ ഉണക്ക റോസ് മേരി ലഭിക്കുമെന്ന് രാജേഷ്. പരിപാലനം മികച്ചതായാൽ ഉൽപാദനം ആറു ടൺവരെ ഉയരും. നിലവിൽ ഒരു കിലോ റോസ്മേരി ഇറക്കുമതി ചെയ്യുമ്പോൾ 90 രൂപ കമ്പനികൾക്ക് മുടക്കു വരുന്നുണ്ട്. കർഷകർ സംഘടിച്ച് വൻതോതിൽ ഉൽപാദനം തുടങ്ങുന്നതോടെ, മുന്തിയ ഗുണമേന്മയുള്ള ഇന്ത്യൻ റോസ്മേരിക്ക് മികച്ച വില ലഭിക്കുമെന്നാണു പ്രതീക്ഷ. അതു കൊണ്ടുതന്നെ ബാച്ചിൽ രണ്ടു ലക്ഷം തൈകൾ വീതം തയാറാക്കി കൃഷി വിപുലമാക്കുകയാണ് ജൂഡ് രാജേഷും ഒപ്പമുള്ളവരും. 

ഫോൺ: 9004521080 (ജൂഡ് രാജേഷ്) 

പരിചയപ്പെടാം റോസ്മേരിയെ 

നാലു മുതൽ ആറടി വരെ ഉയരത്തിൽ വളരുന്ന ബഹുവർഷിയായ കുറ്റിച്ചെടിയാണ് റോസ്മേരി (Rosmarinus officinalis). സുഗന്ധമുള്ള കടുംപച്ച ഇലകളാണ് പ്രധാന സവിശേഷത. അന്തരീക്ഷ ഈർപ്പം കുറഞ്ഞ, തീവ്രത കുറഞ്ഞ വേനൽക്കാലമാണ് വളർച്ചയ്ക്കു നല്ലത്. അതിശൈത്യം താങ്ങാനും കഴിവുള്ള റോസ്മേരി 20-25 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് നന്നായി വളരുന്നത്. സമുദ്രനിരപ്പിൽനിന്ന് 1500 മുതൽ 3000 മീറ്റർ വരെ ഉയരത്തിൽ 500 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വളരുന്ന ഈ സസ്യം 5.5 മുതൽ 8 വരെ പിഎച്ച്. ഉള്ള, വെള്ളം കെട്ടിക്കിടക്കാത്ത കളിമണ്ണിലും മണൽമണ്ണിലും ലാഭകരമായി കൃഷി ചെയ്യാം. 

rosemary-1
റോസ്മേരി

ഇലകളും പൂക്കളുള്ള ശാഖകളുമാണ് വ്യാവസായികപ്രാധാന്യമുള്ള ഭാഗങ്ങൾ. ശാഖകളും ഇലകളും മാത്രമായി വാറ്റിയെടുക്കുന്ന തൈലത്തെക്കാൾ ഗു ണമേന്മയുണ്ടാവും, പൂങ്കുലയോടുകൂടി വാറ്റിയാൽ കിട്ടുന്ന തൈലത്തിന്. ഇന്ത്യയിൽ കശ്മീർ, ഉത്തരാഖണ്ഡ്, കർണാടക, തമിഴ‌്‌നാട് സംസ്ഥാനങ്ങളിലാണ് കൃഷിയുള്ളത്. കേരളത്തിൽ മൂന്നാർ, വയനാട് തുടങ്ങിയ ഉയർന്ന പ്രദേശങ്ങൾ അനുയോജ്യമാണെങ്കിലും ഒരു അലങ്കാരച്ചെടിയായി ചെറിയ ചട്ടികളിൽ വളർത്തുന്നതല്ലാതെ കൃഷി ചെയ്യുന്നില്ല. കൃഷി ചെയ്യുന്ന ഭൂപ്രകൃതിക്ക് അനുസൃതമായി സുഗന്ധതൈലത്തിന്റെ പ്രധാന ഘടകങ്ങളിൽ വ്യത്യാസവും കാണുന്നുണ്ട്. 

തമിഴ്‌നാട്ടിൽ പുറത്തിറക്കിയ ഊട്ടി (RM)-1 എന്ന ഇനം ഒരു ഹെക്ടറിന് 12.4 ടൺ പച്ചപ്പുല്ലും 2.5 ടൺ ഉണങ്ങിയ പുല്ലും വാർഷിക വിളവ് തരുന്നു. നീല ഗിരിയിലെ കാലാവസ്ഥയിൽ നല്ല വളർച്ച നേടുന്ന റോസ്മേരി പാചകാവശ്യങ്ങൾക്കും ഉതകും. ഉത്തരാഖണ്ഡിലെ പുരാരയിൽ പുറത്തിറക്കിയ CIM-ഹരിയാലി എന്ന ഇനം തൈലോല്‍പാദനത്തിന് കൂടുതൽ യോജ്യമാണ്. പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് ഔഷധമായും റോസ്മേരി ഉപയോഗിക്കാറുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഓർമ വർധിപ്പിക്കുന്നതിനും, നിരോക്‌സീകാരക ഗുണമുള്ളതിനാൽ കാൻസർ, പ്രമേഹം, നീര്, വിഷാദം, നാഡീരോഗങ്ങൾ, ദുർമേദസ് എന്നിവയുടെ ശമനത്തിനും പ്രയോജനപ്പെടുത്തുന്നു. ഇലകൾ സൂപ്പുകളിലും മൽസ്യമാംസാദി വിഭവങ്ങൾക്ക് രുചി കൂട്ടുന്നതിനും ചേർക്കാം. ഭ ക്ഷ്യവസ്തുക്കളിൽ അണുനാശകമായും റോസ്മേരി പ്രവർത്തിക്കുന്നു. മസ്സാജ് ഓയിലുകളിലും അരോമാതെറപ്പിയിലും തൈലം, ഉപയോഗിക്കാറുണ്ട്. 

ആയിഷാ മോൾ പി. ബി. അസിസ്റ്റൻറ് പ്രഫസർ (അഗ്രോണമി), ഡോ. ആൻസി ജോസഫ്, പ്രഫസർ (ഹോർട്ടികൾച്ചർ), സുഗന്ധതൈല ഔഷധസസ്യ ഗവേഷണകേന്ദ്രം, ഓടക്കാലി, എറണാകുളം. ഫോൺ: 0484–2658221

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA