sections
MORE

ഭക്ഷ്യസുരക്ഷയ്ക്കു പ്രാധാന്യം നൽകുന്ന പഴത്തോട്ടങ്ങളുമായി ജൈവകർഷകക്കൂട്ടായ്മ

HIGHLIGHTS
  • എഴുപതിലേറെ തോട്ടങ്ങൾ ഈ രീതിയിൽ രൂപം കൊണ്ടുകഴിഞ്ഞു
  • മൂന്നു സെന്റ് വിസ്തൃതിയിൽപോലും ഫലവൃക്ഷത്തോട്ടം സാധ്യം
Fruit
റെജിയും ഹരിയും ഫുഡ് ഫോറസ്റ്റിനുള്ളിൽ
SHARE

ഫലവൃക്ഷത്തോട്ടമുണ്ടാക്കണം. പക്ഷേ അതെങ്ങനെയാകണം? വെറുതെ ഒരു കൂട്ടം മരങ്ങൾ നട്ടതുകൊണ്ടായില്ല. ശരിയായും ശാസ്ത്രീയമായും ഫലവൃക്ഷത്തോട്ടമുണ്ടാക്കുന്നത് ഒരു കലയാണെന്നു കാണിച്ചുതരികയാണ് പാലക്കാട്ട് ശ്രീകൃഷ്ണപുരത്തെ ജൈവകർഷകസമിതി. ഫുഡ് ഫോറസ്റ്റ് എന്ന പേരിൽ വൈവിധ്യസമ്പുഷ്ടമായ പഴവർഗക്കൃഷി പ്രചരിപ്പിക്കുന്ന ഇവിടത്തെ യുവകർഷകർ ആവശ്യക്കാർക്ക് പഴത്തോട്ടമുണ്ടാക്കാൻ സഹായിക്കുകയും ചെയ്യും. ഈ ലക്ഷ്യത്തോടെ ‘സസ്റ്റെയിനബിൾ ഫുഡ് ഫോറസ്റ്റ് ഫാമിങ്’ എന്ന പ്രസ്ഥാനത്തിനു രൂപം കൊടുത്തിരിക്കുകയാണവർ. ഇതിനകം  എഴുപതിലേറെ തോട്ടങ്ങൾ ഈ രീതിയിൽ രൂപം കൊണ്ടുകഴിഞ്ഞു. ഭക്ഷ്യസുരക്ഷയ്ക്കു പ്രഥമസ്ഥാനം നൽകുന്ന ഫുഡ് ഫോറസ്റ്റ് തരിശുഭൂമിയെ ഹരിതാഭമാക്കാൻ ഏറ്റവും യോജ്യമായ മാർഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

എത്ര കുറഞ്ഞ സ്ഥലത്തും ശരിയായ ആസൂത്രണത്തിലൂെട പഴത്തോട്ടമുണ്ടാക്കാമെന്നാണ് സമിതി പ്രവർത്തകരും ഫുഡ് ഫോറസ്റ്റ് പ്രചാരകരുമായ റെജിയും ഹരിയും പറയുന്നത്. മൂന്നു സെന്റ് വിസ്തൃതിയിൽപോലും ഫലവൃക്ഷത്തോട്ടം സാധ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. കൃത്യമായ പ്രോട്ടോകോൾതന്നെ ഇതിനായി ഇവർ നിർദേശിക്കുന്നു. കമ്പോസ്റ്റ് നിർമാണമാണ് ഈ  പ്രവർത്തനങ്ങളുെട ആദ്യഘട്ടം. ചകിരിച്ചോറിനൊപ്പം ആട്ടിൻകാഷ്ഠം, കോഴിവളം, മത്സ്യാവശിഷ്ടങ്ങൾ, ഉണങ്ങിയ ഇലകൾ എന്നിവ പല അടുക്കുകളായി കലർത്തിയുണ്ടാക്കുന്ന സവിശേഷ കമ്പോസ്റ്റാണിത്. 

ഇതിന്റെ ഓരോ അടുക്കിലും മിത്രബാക്ടീരിയകളുടെയും മറ്റ് ഉപകാരികളായ സൂക്ഷ്മജീവികളുടെയും മിശ്രിതം ചേർക്കുന്നുണ്ട്. കമ്പോസ്റ്റിങ് കാര്യക്ഷമമാക്കാൻ ഈ ബയോഡൈജസ്റ്റർ സഹായിക്കുന്നു. ഫലവൃക്ഷത്തൈകൾ ആദ്യവർഷം മുതൽ നന്നായി വളരുന്നതിന് ഈ കമ്പോസ്റ്റ് സഹായകമാണ്. 

തൊട്ടുപിന്നാലെ നിലമൊരുക്കി വിവിധ ഫലവൃക്ഷത്തൈകളുടെ സ്ഥാനം നിർണയിക്കുന്നു. ഗ്രിഡ് മാതൃകയിൽ ഈ സ്ഥാനങ്ങൾ ഗ്രാഫ് പേപ്പറിൽ അടയാളപ്പെടുത്തും. കുളം, കിണർ, മോട്ടോർ , ഷെഡ് തുടങ്ങിയ മറ്റു ഘടകങ്ങളുെട സ്ഥാനവും മുൻകൂട്ടി രേഖപ്പെടുത്തും. ഫുഡ് ഫോറസ്റ്റിന്റെ ബ്ലൂ പ്രിന്റ് എന്നു വിശേഷിപ്പിക്കാവുന്ന  കടലാസിലെ കൃഷി മണ്ണിലേക്കു പകർത്തുക എളുപ്പമാണ്. ഓരോ കൃഷിയിടത്തിന്റെയും ചെരിവ്, സൂര്യപ്രകാശത്തിന്റെ ലഭ്യത, ജലസാന്നിധ്യം എന്നിവയോടൊപ്പം ഓരോ ഫലവൃക്ഷത്തിനും വളർച്ചയെത്തുമ്പോളുണ്ടാകാവുന്ന ഇലച്ചാർത്തും പരിഗണിച്ചാണ് ഈ സ്ഥാനനിർണയം. ഓരോ മരത്തിനും പരമാവധി സൂര്യപ്രകാശം ഉറപ്പാക്കുന്നതിനാണിത്. വലിയ വൃക്ഷങ്ങൾ തമ്മിൽ 40 അടി അകലമാണ് പൊതുവേ നൽകുക. മാവ്, പ്ലാവ്, റംബുട്ടാൻ, മാങ്കോസ്റ്റിൻ, ജാതി, തെങ്ങ് എന്നിവയൊക്കെ ഇങ്ങനെ നടാം. വലിയ മരങ്ങളിൽനിന്ന് 20 അടി അകലത്തിൽ പേര, സപ്പോട്ട തുടങ്ങിയ ഇടത്തരം മരങ്ങൾക്കും സ്ഥാനം കണ്ടെത്തും. അടുത്തത് ചാമ്പ, സീതപ്പഴം, ചെറുനാരകം തുടങ്ങിയ ചെറുമരങ്ങളുടെ ഊഴമാണ്. അവ 15 അടി അകലത്തിൽ നടും. ഒടുവിലായി പത്തടി അകലത്തിൽ ഹ്രസ്വകാല ഫലവർഗങ്ങളായ വാഴ, പപ്പായ എന്നിവ നടും. ഓരോ മരത്തിനും മുൻകൂട്ടി നിശ്ചയിച്ച സ്ഥാനങ്ങളിൽ മേൽമണ്ണ് പ്രത്യേകം നീക്കിവച്ചശേഷം മൂന്നടി ആഴത്തിൽ കുഴികളെടുക്കുന്നു. കുഴികളുടെ 70 ശതമാനം അതേ മണ്ണിട്ടുമൂടിയതിനുശേഷം മുകളിൽ നേരത്തേ തയാറാക്കിയ കമ്പോസ്റ്റ് നിക്ഷേപിക്കും.  നീക്കിവച്ച മേൽമണ്ണും കമ്പോസ്റ്റും കൂട്ടിക്കലർത്തിയ ശേഷം കുഴിയെടുത്ത് തൈകൾ നടുന്നു. ഒരു വർഷമെങ്കിലും വളർച്ചയെത്തിയ തൈകളാണ് പൊതുവേ നടാനുപയോഗിക്കുക. കാലതാമസമില്ലാതെ ഫലം കിട്ടാൻ ഇതുപകരിക്കും.  

തൈകൾ നട്ട തടത്തിനുള്ളിലായി ‌ ക്രമീകരിക്കുന്ന ലൈവ് മൾച്ചിങ്ങാണ്  (ജീവനുള്ള പുത)ഫുഡ് ഫോറസ്റ്റ് നിർമാണത്തിലെ മറ്റൊരു ഘടകം. മഹാരാഷ്ട്രയിലെ പ്രകൃതികർഷക വിദഗ്ധനായ പ്രഫ. ധാബോൾക്കറിന്റെ ആശയങ്ങൾ കടമെടുത്താണ് ഇതു നടപ്പാക്കിയിരിക്കുന്നത്. ഓരോ ഫലവൃക്ഷത്തൈ നടുമ്പോഴും  ജീവനുള്ള പുത സൃഷ്ടിക്കുകയാണ് ലക്ഷ്യം. തൈകൾക്കു ചുറ്റും ഒരു നിര ചകിരിത്തൊണ്ട്  അടുക്കുന്നു. അതിനു ചുറ്റും ചെറുപയർ, ഉഴുന്ന്, വൻപയർ, എള്ള്,  ചീര എന്നിവയുെട വിത്ത് പാകുന്നു. ഏറ്റവും പുറമെ തുവര, ചോളം, ജമന്തി എന്നിവയുടെ വലയവുമുണ്ടാകും. ഭക്ഷ്യാവശ്യങ്ങൾക്ക് ഭാഗികമായി ഉപകരിക്കുമെങ്കിലും  മണ്ണിൽ ചേർത്ത് ജൈവാംശം വർധിപ്പിക്കുന്നതിനാണ് ഇവ വളർത്തുന്നത്. വളർച്ചയുടെ തോതും ആയുസ്സും പരിഗണിച്ചാണ് ഈ വിളകൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഇപ്രകാരം കൃഷി ചെയ്യുന്ന വിളകൾ മുഖ്യവിളയായ ഫലവൃക്ഷവുമായി മത്സരിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കും. ഇതിനായി കൂടുതൽ വളർച്ചയുള്ള ഇടവിളകൾ മുറിച്ചുനീക്കുന്നു.

ജീവനുള്ള പുതയ്ക്കൊപ്പം ജീവനുള്ള തണലും ഫുഡ് ഫോറസ്റ്റിന്റെ ഭാഗമാണ്. ഇതിനായി തൈകൾ നട്ട തടത്തിനു പുറത്തെ മണ്ണിളക്കി അതിൽ പരമാവധി ഇനം പയർവർഗങ്ങൾ, നെല്ല്, ചെറുധാന്യങ്ങൾ, എണ്ണക്കുരുക്കൾ, സുഗന്ധവിളകൾ എന്നിവ വിതറും.  ഇവ വളർന്നു തുടങ്ങുന്നതോടെ സൂര്യപ്രകാശം നേരിട്ടു പതിക്കാത്ത വിധത്തിൽ കൃഷിയിടത്തിലെ മണ്ണ് ആവരണം ചെയ്യപ്പെടും. ഇതിനു ലൈവ് ഷേഡിങ്  എന്നാണ് പേരിട്ടിരിക്കുന്നത്.

ആദ്യവർഷംതന്നെ കൃഷിയിടത്തിൽ ഭക്ഷ്യോൽപാദനം തുടങ്ങുമെന്നത് ഈ രീതിയുടെ ഒരു സവിശേഷതയാണ്.  ഈ മാതൃകയിൽ ഒരു ഏക്കർ സ്ഥലത്ത് 410 മരങ്ങൾ നട്ടുവളർത്താമെന്നാണ് റെജി അവകാശപ്പെടുന്നത്. ഇതിൽ 50 വലിയ മരങ്ങളും 50 ഇടത്തരം മരങ്ങളും 100 ചെറുമരങ്ങളും ഉൾപ്പെടുന്നു. ഓരോരുത്തരുടെയും താൽപര്യമനുസരിച്ച്  നാടൻ പഴങ്ങളുടെയും നാടിനു ചേർന്ന വിദേശ പഴവർഗങ്ങളുടെയും തൈകൾ തിരഞ്ഞെടുക്കാം.  തൈകൾ നടുന്നതിനൊപ്പംതന്നെ തുള്ളി‌നനയും ഏർപ്പെടുത്തും. ജലദൗർലഭ്യത്തിന്റെ കാലഘട്ടത്തിൽ പരമാവധി കുറഞ്ഞ ജലവിനിയോഗം സാധ്യമാക്കാനാണിത്.

കൂട്ടായ പ്രവർത്തനത്തിലൂെടയാണ് ശ്രീകൃഷ്ണപുരത്തെ ജൈവകൃഷിക്കാരുടെ ഫുഡ്ഫോറസ്റ്റ് നിർമാണം. പ്രമുഖ ജൈവകൃഷി– മാലിന്യസംസ്കരണവിദഗ്ധനായ  ഡോ. ജോഷി ചെറിയാന്റെ സാങ്കേതിക ഉപദേശപ്രകാരമാണ്  കമ്പോസ്റ്റ് തയാറാക്കുന്നത്. ശരിയായി ക്രമീകരിച്ച ഒരേക്കർ ഫുഡ്ഫോറസ്റ്റിൽ ഒരു വർഷം 40 ടൺ ജൈവാംശം നിക്ഷേപിക്കപ്പെടുന്നതായി ഇവർ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജൈവാംശമില്ലാത്തതും തരിശുകിടക്കുന്നതുമായ സ്ഥലങ്ങളെ ഫലഭൂയിഷ്ഠമാക്കാനുള്ള ഉത്തമ മാതൃകയാണിതെന്ന് റെജി ചൂണ്ടിക്കാട്ടി. 

ഫോൺ–9809753968, 9496603761

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA