മത്സ്യങ്ങളിൽ കൃത്രിമപ്രജനനം എന്തിന്?

HIGHLIGHTS
  • ഹോര്‍മോണ്‍ നൽകി അണ്ഡം വളര്‍ച്ചയിലെത്തിക്കുന്നു
  • ഇന്ത്യയിൽ 1937ല്‍ ഹമീദ് ഖാന്‍ കൃത്രിമ പ്രജനനം അവതരിപ്പിച്ചു
breeding
SHARE

വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യകൃഷിയുടെ നട്ടെല്ലാണ് കുഞ്ഞുങ്ങളുടെ ലഭ്യത. പലപ്പോഴും കര്‍ഷകന് ആവശ്യമായ സമയത്ത് കുഞ്ഞുങ്ങളെ ലഭിക്കാറില്ല. മത്സ്യങ്ങള്‍ പ്രധാനമായും കാലാവസ്ഥ, ജലം, ഭക്ഷണം എന്നിവയൊക്കെ ബന്ധപ്പെടുത്തിയാണ് പ്രജനനത്തിന് തയാറാകുന്നത്. ഇത് സീസണ്‍ അനുസരിച്ചുള്ള സ്വാഭാവിക പ്രജനനം. നിയന്ത്രിത സാഹചര്യങ്ങളില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ അനുകൂല സാഹചര്യങ്ങള്‍ ലഭിക്കാതെ പ്രജനനത്തിനു തയാറാവില്ല. അവിടെയാണ് കൃത്രിമ പ്രജനനം അഥവാ ഇന്‍ഡ്യൂസ്ഡ് ബ്രീഡിങിന്റെ സാധ്യതയും പ്രധാന്യവും. ഈ പ്രജനനരീതിയെ ഹൈപോഫിസേഷന്‍ എന്നും വിളിക്കും.

1. എന്തിന് 

പ്രജനനത്തിനു തയാറാകാത്ത മത്സ്യങ്ങളെ ഹോര്‍മോണ്‍ നൽകി അണ്ഡം വളര്‍ച്ചയിലെത്തിക്കുന്നു. അതായത്, ഹോര്‍മോണിന്റെ പ്രവര്‍ത്തനംകൊണ്ട് മുട്ടയിടാനുള്ള ത്വര മത്സ്യങ്ങളില്‍ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്.

2. ആവശ്യകത

മഴ, വെയില്‍, ചൂട്, വെള്ളത്തിന്റെ ഒഴുക്ക്, സ്വാഭാവിക ഭക്ഷണം എന്നിവയെല്ലാം നിയന്ത്രിത സാഹചര്യങ്ങളില്‍ ലഭിക്കില്ലാത്തതിനാല്‍ മത്സ്യങ്ങളുടെ ഉള്ളില്‍ ഹോര്‍മോണുകളുടെ സ്വാഭാവിക രൂപപ്പെടൽ ഉണ്ടാവില്ല. അതിനാലാണ് പ്രജനത്തിനായുള്ള ഹോര്‍മോണ്‍ പ്രത്യേകം നൽകുന്നത്. പ്രകൃതിയില്‍ വിരിയുന്ന കുഞ്ഞുങ്ങളേക്കാള്‍ കൂടുതല്‍ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി എടുക്കാൻ നിയന്ത്രിത സാഹചര്യത്തില്‍ കഴിയും.

3. വേണം ശ്രദ്ധയും കരുതലും

ആരോഗ്യമുള്ള മത്സ്യങ്ങളെയായിരിക്കണം പ്രജനനത്തിനായി തെരഞ്ഞെടുക്കേണ്ടത്. പ്രായപൂര്‍ത്തിയായ ഇടത്തരം മത്സ്യങ്ങളാണെങ്കില്‍ കൈകാര്യം ചെയ്യുന്നതില്‍ എളുപ്പമുണ്ട്. മത്സ്യങ്ങളുടെ വലുപ്പം അനുസരിച്ച് ഹോര്‍മോണ്‍ കുത്തിവയ്ക്കണം.

4. ഹോര്‍മോണ്‍ 

ആണ്‍, പെണ്‍ മത്സ്യങ്ങളുടെ പിറ്റ്യൂട്ടറി ഗ്രന്ഥിയില്‍നിന്ന് ഉൽപാദിപ്പിക്കുന്ന ഗോണാഡോട്രോപിന്‍ എന്ന ഹോര്‍മോണ്‍ ആണ് പ്രജനനത്തിനായി മത്സ്യങ്ങളെ പ്രേരിപ്പിക്കുന്നത്. പ്രായപൂര്‍ത്തിയായ മത്സ്യങ്ങളില്‍ ഇത് കുത്തിവയ്ക്കപ്പെടുമ്പോള്‍ ശരീരം ഉത്തേജിക്കപ്പെട്ട് പ്രജനനത്തിനു തയാറാകും. ഇതുകൂടാതെ ഓവാപ്രിം പോലുള്ള ഹോര്‍മോണുകളും വിപണിയില്‍ ലഭ്യമാണ്.

5. ചരിത്രം

കൃത്രിമ പ്രജനനം എന്ന സാങ്കേതികവിദ്യ ഉരുത്തിരിഞ്ഞത് അര്‍ജന്റീനയിലാണ്. 1930ല്‍ ബി.എ. ഹുസെ എന്ന ശാസ്ത്രജ്ഞനാണ് ഇതിനു പിന്നില്‍. എന്നാല്‍, 1934ല്‍ കൃത്രിമ പ്രജനനം നടത്തി ബ്രസീല്‍ ഇത്തരത്തില്‍ കൃത്രിമ രീതിയില്‍ പ്രജനനം നടത്തിയ ആദ്യ രാജ്യമായി.

ഇന്ത്യയിൽ മൃഗാലില്‍ പരീക്ഷണം നടത്തി 1937ല്‍ ഹമീദ് ഖാന്‍ കൃത്രിമ പ്രജനനം അവതരിപ്പിച്ചു. പിന്നീട് 1955ല്‍ മൈനര്‍ കാര്‍പ്പ് വിഭാഗത്തില്‍പ്പെട്ട പരല്‍മത്സ്യങ്ങളില്‍ ഈ രീതി ഡോ. ഹിരാലാല്‍ ചൗധരി പരീക്ഷിച്ചു. 1955-16 കാലഘട്ടത്തില്‍ത്തന്നെ രാമസ്വാമി, സുന്ദരരാജ് എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ പൂച്ചമത്സ്യങ്ങളില്‍ കൃത്രിമ പ്രജനനത്തിനുള്ള സാധ്യത തെളിയിച്ചു. 1957ല്‍ രോഹുവിലും 1962ല്‍ ഗ്രാസ്, സില്‍വര്‍ കാര്‍പ്പുകളിലും കൃത്രിമ പ്രജനനം പരീക്ഷിക്കപ്പെട്ടു.

6. എന്തുകൊണ്ട് നിയന്ത്രിത സാഹചര്യങ്ങളില്‍ മത്സ്യങ്ങള്‍ പ്രജനനം നടത്തില്ല?

ഇന്ത്യന്‍ മേജര്‍ കാര്‍പ്പിനങ്ങള്‍ പോലുള്ള സാധാരണ ഫാം മത്സ്യങ്ങള്‍ നിയന്ത്രിത സാഹചര്യങ്ങളില്‍ പ്രജനനം നടത്തില്ല. ഇവയുടെ ശരീരത്തിലെ ഹോര്‍മോണ്‍ ഉൽപാദനം പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുതന്നെ കാരണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA