കേരളത്തിലുണ്ട് നാലിനം ജയന്റ് ഗൗരാമികൾ

HIGHLIGHTS
  • ചെറു പ്രായത്തിൽ വാൽഭാഗത്തിന്റെ ഇരു വശത്തും കറുത്ത പൊട്ടുകൾ
  • പെല്ലറ്റ് തീറ്റകൾ നൽകി വളർത്തൽ ലാഭകരമല്ല
giant-gourami
SHARE

ജയന്റ് ഗൗരാമി ചരിതം ഒന്നാം ഖണ്ഡം

ശുദ്ധജല മത്സ്യയിനമായ ഗൗരാമികളിലെ ഏറ്റവും വലിയ ഇനമാണ് ജയന്റ് ഗൗരാമികൾ. പേര് സൂചിപ്പിക്കുന്നതുപോലെ ശരീര വലുപ്പം കൂടുതലുള്ളവയാണ് ഇക്കൂട്ടർ. ജയന്റ് ഗൗരാമികളിൽത്തന്നെ നാലിനം ഇന്ന് കേരളത്തിൽ ലഭ്യമാണ്. എങ്കിലും ഏറെ പ്രചാരമുള്ളത് കറുത്ത സാധാരണ ജയന്റ് ഗൗരാമികളാണ്. മറ്റിനങ്ങളെ അപേക്ഷിച്ച് വില കുറവായതിനാൽ കറുത്ത ഗൗരാമികളെ ഭക്ഷണാവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ഉറപ്പുള്ള മാംസമായതിനാൽ രുചിയിൽ ബഹു കേമൻ തന്നെ. ഗൗരാമി അച്ചാറും ഗൗരാമി മപ്പാസുമെല്ലാം വായിൽ വെള്ളമൂറാൻ പാകത്തിനുള്ള വിഭവങ്ങളാണ്. വളരെ പ്രത്യേകൾ നിറഞ്ഞ മത്സ്യയിനമാണ് ഗൗരാമികൾ. അവയുടെ പ്രത്യേകതകൾ പെട്ടെന്ന് പറഞ്ഞുതീർക്കാൻ കഴിയുന്നതല്ല. ആയതിനാൽ, ഏതാനും ഭാഗങ്ങളായി നമുക്ക് ഗൗരാമികളെക്കുറിച്ച് പഠിക്കാം. നമ്മുടെ നാട്ടിൽ ലഭ്യമായിട്ടുള്ള ഗൗരാമികളെക്കുറിച്ചാവട്ടെ ആദ്യ ഭാഗം.

കേരളത്തിൽ നാലിനം ജയന്റ് ഗൗരാമികൾ ലഭ്യമാണെന്ന് മുകളിൽ സൂചിപ്പിച്ചല്ലോ. അവയുടെ പേരും പ്രത്യേകതകളും എന്തൊക്കെയെന്ന് നോക്കാം.

1. കറുത്ത ജയന്റ് ഗൗരാമി

കേരളത്തിൽ ഇന്ന് ഏറെ പ്രചാരമുള്ള ജയന്റ് ഗൗരാമി ഇനം. ഇരുണ്ട ശരീരം. ചെറു പ്രായത്തിൽ വാൽഭാഗത്തിന്റെ ഇരു വശത്തും കറുത്ത പൊട്ടുകൾ. കൂർത്ത മുഖം. മുതുചിറക്, ഗുദച്ചിറക്, വാൽ, അംസച്ചിറക് എന്നിവയുടെ അഗ്രങ്ങളിൽ ചെറിയ തോതിൽ ചുവപ്പു നിറവും കാണാം. പ്രായപൂർത്തിയാകുമ്പോൾ മുഖം ഉരുണ്ടതായി മാറും. ശരീരത്തിലെ ഇരുണ്ട നിറം മാറി സ്വർണനിറത്തിന്റെ പ്രസരിപ്പുണ്ടാകും. രണ്ടു വർഷത്തോളം വളർച്ച സാവധാനത്തിലായിരിക്കും. അതിനുശേഷമുള്ള വളർച്ച വേഗത്തിലായിരിക്കും. പെല്ലറ്റ് തീറ്റകൾ നൽകി വളർത്തൽ ലാഭകരമല്ല (അതേക്കുറിച്ചു വിശദമായി വരും ലക്കങ്ങളിൽ).

giant-gourami-1
സാധാരണ ഇനം ജയന്റ് ഗൗരാമികളുടെ കുഞ്ഞുങ്ങൾ (ഇടത്ത്), 25 വയസ് പ്രായമുള്ള ആൺമത്സ്യം (വലത്ത്).

2. പിങ്ക് ജയന്റ് ഗൗരാമി

ശരീരഘടന കറുത്ത ഗൗരാമികളുടേതുപോലെയെങ്കിലും അൽപം ചുവപ്പു കലർന്ന വെളുത്ത ശരീരമാണ് ഇക്കൂട്ടർക്ക്. എന്നാൽ, അക്വേറിയത്തിൽ കിടക്കുമ്പോൾ ഈ ചുവപ്പു നിറം പ്രകടമായെന്നുവരില്ല. വളർച്ച കറുത്ത ഗൗരാമികളെപ്പോലെതന്നെ സാവധാനം മാത്രം. ജയന്റ് ഗൗരാമി ആൽബിനോ ബ്ലാക്ക് ഐ എന്ന് പലരും പറയാറുണ്ടെങ്കിലും ശരിയായ പേര് പിങ്ക് ജയന്റ് ഗൗരാമി എന്നാണ്.

giant-gourami-2
പിങ്ക് ജയന്റ് ഗൗരാമി

3. ആൽബിനോ ജയന്റ് ഗാരാമി

വെളുത്ത ശരീരം ചുവന്ന കണ്ണുകൾ എന്നിവയാണ് പ്രധാന ശരീരരചന. രൂപം മുകളിൽ പറഞ്ഞ ഗൗരാമികളേപ്പോലെതന്നെ. വളർച്ച സാവധാനം. പലരും ആൽബിനോ ജയന്റ് ഗൗരാമി റെഡ് ഐ എന്ന് വിളിക്കാറുണ്ട്. പക്ഷികളിലാണെങ്കിലും മൃഗങ്ങളിലാണെങ്കിലും വെളുത്ത ശരീരവും ചുവന്ന കണ്ണുകളും ഉള്ളതിനെയാണ് ആൻബിനോ എന്നു വിളിക്കുക. അതിനാൽത്തന്നെ ആൽബിനോ റെഡ് ഐ എന്ന് എടുത്തു പറയേണ്ടതില്ല. 

giant-gourami-3
ആൽബിനോ ജയന്റ് ഗൗരാമി

4. റെഡ് ടെയിൽ ജയന്റ് ഗൗരാമി

ആദ്യം സൂചിപ്പിച്ച മൂന്നു ഗൗരാമികളിൽനിന്നും ശരീരഘടനയിൽ വ്യത്യാസമുള്ളവരാണ് റെഡ് ടെയിൽ ജയന്റ് ഗൗരാമികൾ. വാലിന്റെ അടുത്ത് ഇരു ഭാഗത്തും ഓരോ കറുത്ത പുള്ളി കാണാം. പ്രായപൂർത്തിയാകുമ്പോൾ ഈ പുള്ളികൾ മായും. മുതുചിറക്, ഗുദച്ചിറക്, വാൽ, അംസച്ചിറക് എന്നിവയുടെ അഗ്രങ്ങളിൽ പ്രായത്തിനനസരിച്ച് ചുവപ്പു നിറം വരുന്നതാണ് പേരിനാധാരം. അതേസമയം, ചെറുപ്രായത്തിൽ ചുപ്പുനിറം ശരീരത്തിൽ കാണപ്പെടില്ല. കറുത്ത ജയന്റ് ഗൗരാമികളുടെ മുതുചിറക്, ഗുദച്ചിറക്, വാൽ, അംസച്ചിറക് എന്നിവയുടെ അഗ്രങ്ങളിൽ ചുവപ്പു നിറം കാണുന്നതിനാൽ പലരും അവയെ റെഡ്‍ ടെയിൽ ജയന്റ് ഗൗരാമികളാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. രണ്ടു മത്സ്യങ്ങളുടെയും ശരീരം നിരീക്ഷിച്ചാൽ വ്യത്യാസം തിരിച്ചറിയാം.

giant-gourami-4
പ്രായപൂർത്തിയായ റെഡ് ടെയിൽ ജയന്റ് ഗൗരാമി (ആൺമത്സ്യം) കുഞ്ഞുങ്ങൾ (ഇൻസെറ്റിൽ).

കേരളത്തിൽ നാലിനം ജയന്റ് ഗൗരാമികളാണ് ലഭ്യമായി‌‌ട്ടുള്ളതെങ്കിലും മലേഷ്യ, തായ്‍ലൻഡ് തുടങ്ങിയ രാജ്യങ്ങിൽ മറ്റ് ചില ഇനങ്ങളെക്കൂടി വികസിപ്പിച്ചെടുത്തിട്ടുണ്ട്. സയാമീസ് റൂബി ജയന്റ് ഗൗരാമി, സൂപ്പർ റെഡ് ജയന്റ് ഗൗരാമി, കാലികോ ജയന്റ് ഗൗരാമി എന്നിവ അവയിൽ ചിലതാണ്. 

giant-gourami-5
സയാമീസ് റൂബി ജയന്റ് ഗൗരാമി

അടുത്ത ലക്കം (18–11–2019)

എന്തുകൊണ്ട് ഗൗരാമികൾ അതിവേഗം വളരുന്നില്ല?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA