ADVERTISEMENT

നൂറ്റാണ്ടുകളോളം മണ്ണിൽക്കിടന്നാലും ദ്രവിക്കില്ലാത്ത പ്ലാസ്റ്റിക് ചില്ലറ പ്രശ്നമൊന്നുമല്ല ഇന്ന് ഭൂമിക്ക് ഉണ്ടാക്കുന്നത്. ശാസ്ത്രലോകം പ്ലാസ്റ്റിക്കിനു പകരം മറ്റെന്ത് എന്ന രീതിയിൽ ഗവേഷണം ന‌ടത്തിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ലൂസി ഹ്യൂസ് എന്ന ബ്രിട്ടീഷ് യുവതി വിഘടിക്കുന്ന തരത്തിലുള്ള പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് വികസിപ്പിച്ചെടുത്തത്. ഒരുതവണ ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾക്ക് പകരമാകാൻ ഇരുപത്തിമൂന്നുകാരിയായ ലൂസി കണ്ടെത്തിയ പ്ലാസ്റ്റിക്കിനാകും. മത്സ്യാവശിഷ്ടവും ആൽഗ(പായൽ)യുമാണ് ലൂസി വികസിപ്പിച്ച പ്ലാസ്റ്റിക്കിലെ പ്രധാന അസംസ്‍കൃത വസ്തുക്കൾ. 

മറീന ടെക്സ് എന്നാണ് ലൂസി പുതിയ ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്കിനു നൽകിയിരിക്കുന്ന പേര്. യൂണിവേഴ്സിറ്റി ഓഫ് സൂസെക്സിലെ തന്റെ അവസാന വർഷ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ലൂസി മറീന ടെക്സ് വികസിപ്പിച്ചത്. 

എന്നാൽ, മറീന ടെക്സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജയിംസ് ഡൈസൺ ഫൗണ്ടേഷൻ മികച്ച ഡിസൈനിനുള്ള 2019ലെ ജയിംസ് ഡൈസൺ അവാർ‍ഡിന് ലൂസിയെ ഈ മാസം 13ന് തെരഞ്ഞെ‌ടുത്തു. 

കഴിക്കാനും കഴിയുന്ന ഉൽപന്നമാണ് മറീന ടെക്സ്. അതായത്, അത് കഴിച്ചെന്നു കരുതി യാതൊരുവിധ ദോഷങ്ങളുമുണ്ടാകില്ല. എന്നാൽ, പ്ലാസ്റ്റിക് പോലെ ഉറപ്പമുണ്ട്. പ്ലാസ്റ്റിക്കിൽനിന്നു വിഭിന്നമായി ദ്രവിച്ച് ഇല്ലാതാകാനും കഴിയും. ഇതിന് പരമാവധി ആറാഴ്ച മാത്രമേ വേണ്ടൂ. അതുകൊണ്ടുതന്നെ മണ്ണ് മലിനമാകില്ല.

സമുദ്രത്തിലെ പ്ലാസ്റ്റിക്കിന്റെ അളവ് ക്രമാതീതമായി ഉയരുന്നതിൽ ലൂസിക്ക് ഭീതിയുണ്ട്. അതാണ് ഇത്തരത്തിലൊരു ഉൽപന്നത്തിന്റെ പിറവിക്ക് കാരണം. 2050 ആകുമ്പോഴേക്കും സുദ്രത്തിൽ മത്സ്യങ്ങളേക്കാൾ കൂടുതൽ പ്ലാസ്റ്റിക് ആയിരിക്കും ഉണ്ടാവുകയെന്നും ലൂസി പറയുന്നു. 

ഫിഷിങ് വ്യവസായത്തിൽനിന്ന് പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും തന്റെ കണ്ടുപിടിത്തം സഹായിക്കുമെന്ന് ലൂസി വിശ്വസിക്കുന്നു. യുഎന്നിന്റെ റിപ്പോട്ടനുസരിച്ച് ലോകവ്യാപകമായി അഞ്ചു കോടി ടൺ മത്സ്യാവശിഷ്ടമാണ് ഫിഷിങ് മേഖലയിൽ മാത്രമുള്ളത്. 

ജയിംസ് ഡൈസൺ അവാർഡിന് അർഹയായ ലൂസിക്ക് 41,000 ഡോളർ പാരിതോഷികമായി ലഭിക്കും. ഈ സമ്മാനത്തുക ഉപയോഗിച്ച് മറീന ടെക്സ് വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാനുള്ള സംവിധാനമുണ്ടാക്കുമെന്ന് ലൂസി വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com