ADVERTISEMENT

രണ്ടു വർഷം മുമ്പ് ബിടെക് പാസായി, കൂട്ടുകാർക്കൊപ്പം ശ്രദ്ധേയമായ ഒരു സ്റ്റാർട്ടപ് കമ്പനി തുടങ്ങിയതായിരുന്നു നിഖിൽ. തിരുവനന്തപുരം ടെക്നോപാർക്കിനു സമീപമുള്ള കമ്പനി നല്ല രീതിയിൽ മുന്നോട്ടു പോകുന്നുമുണ്ട്. എങ്കിലും നിഖിലിനു മുഖ്യം ഇപ്പോൾ ഗപ്പി പ്രജനനമാണ്. ‘‘കുഞ്ഞുപ്രായം മുതൽ ഗപ്പിവളർത്ത‌ലായിരുന്നു അവനിഷ്ടം.  നല്ല ജോലിയും വരുമാനവുമുണ്ടായിട്ടും ഇപ്പോഴും അവന്റെ കമ്പം അതിൽ തന്നെ’’– കൊട്ടാരക്കരയ്ക്കു സമീപം തലവൂരിലെ കുഴിഞ്ഞഴികത്ത് വീട്ടിൽ നിഖിലിന്റെ അച്ഛൻ സോമന്റെ വാക്കുകളിൽ പക്ഷേ നിരാശയില്ല. 

ഗപ്പി വളർത്തൽ പിള്ളകളിയല്ലെന്നു തെളിയിച്ച പിള്ളേരിലെ ചേട്ടനാണ് നിഖിൽ.  പ്രീമിയം ഇനങ്ങളുെടപ്രജനന സംരംഭകൻ എന്ന നിലയിൽനിന്ന് പുതിയ ഇനങ്ങൾ വികസിപ്പിക്കുന്ന ഡവലപ്പറായി വളരുകയാണ് അദ്ദേഹം . അൽബിനോ റെഡ് ലേസ്്, അൽബിനോ കോയി, അൽബിനോ സൂപ്പർ റെഡ്, സൂപ്പർ ഫാൻ ടെയിൽ,  വൈൽഡ് റെഡ്, റെഡ് ടക്സിഡോ കോയി, വയലറ്റ് കിങ് കോബ്ര, സാന്താക്ലോസ്, മെറ്റൽ യെല്ലോ കിങ് കോബ്ര എന്നിങ്ങനെ മികച്ച ഒരു ശേഖരം ഇപ്പോൾ നിഖിലിന്റെ ഗപ്പി വാഗൺ ഫാമിലുണ്ട്. സ്വന്തമായി ചില ഇനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പാതിവഴി പിന്നിട്ടു.

‘‘സ്കൂൾ പഠനകാലത്ത് ഹോബിയായി തുടങ്ങി പിന്നീട് ബൾക്ക് ബ്രീഡിങ്ങിലേക്ക് മാറിയ ആളാണ് ഞാൻ. സാധാരണ ഗപ്പികളെ വൻതോതിൽ ഉൽപാദിപ്പിച്ച് മോശമല്ലാത്ത വരുമാനം നേടിയിരുന്നു.  എൻജിനീയറിങ് പഠനത്തിനും സ്റ്റാർട്ടപ് സംരംഭത്തിനുമായി സമയം നീക്കിവയ്ക്കേണ്ടിവന്നതോടെ ഇടക്കാലത്ത് ഈ രംഗത്തുനിന്നു വിട്ടുനിൽക്കേണ്ടിവന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ മൂലം സോഫ്റ്റ് വെയർ വികസനം വീട്ടിലേക്ക് മാറ്റേണ്ടിവന്നപ്പോൾ ഗപ്പിവളർത്തലും പുനരാരംഭിക്കുകയായിരുന്നു.  ഇപ്പോൾ കൂടുതലായി പ്രീമിയം ഇനങ്ങളുെട ബ്രീഡിങ്ങിലും സ്ട്രെയിൻ (ഇനം) വികസനത്തിലുമാണ് ശ്രദ്ധ– നിഖിൽ പറഞ്ഞു. 

വീടിന്റെ രണ്ടാം നിലയിലുള്ള മുറിയാണ് ഗപ്പി ബ്രീഡിങ്ങിനായി ഉപയോഗിക്കുന്നത്. ആകെ 43 സ്ഫടിക ടാങ്കുകളിൽ 17ഇനം മാതൃ–പിതൃ ജോടികൾ .   ഗപ്പി ബ്രീഡിങ്ങിലെ ഏറ്റവും മുന്തിയ രീതിയായ ലൈൻബ്രീഡിങ്ങിനു വേണ്ടി വീടിനു സമീപമുള്ള ഷെഡിൽ പ്രത്യേക സംവിധാനവും തയാറായിവരുന്നു.‌

ബ്രീഡിങ് യൂണിറ്റിനായി ഇതുവരെ 1.5 ലക്ഷം രൂപയുടെ സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെന്ന് നിഖിൽ പറഞ്ഞു. മാതൃ– പിതൃ ജോടികളെ മറ്റ് സംരംഭകരിൽനിന്നും വിദേശത്തുനിന്നും വാങ്ങാറുണ്ട്. ജോടിക്ക് 4500രൂപയ്ക്കു വാങ്ങിയ ഗാലക്സി ബ്ലൂ ടെയിൽ ഇനത്തിൽ പെട്ട ഗപ്പികളാണ് ഏറ്റവും മുന്തിയ ഇനം. ഒരു മാസം ശരാശരി 300 ജോടി ഗപ്പി വിൽക്കാൻ കഴിയുന്നുണ്ട്. കഴിഞ്ഞ മാസം 35,000 രൂപ വരുമാനം കിട്ടി. പ്രജനനസംരംഭകർ മാത്രമല്ല നിലവാരമുള്ള ഹോബിയിസ്റ്റുകളും പുതിയ ഇനങ്ങൾ വാങ്ങാൻ താൽപര്യം കാണിക്കാറുണ്ട്. 

ഗപ്പിവാഗൺ എന്ന പേരിൽ ശ്രദ്ധേയമായ ഒരു യൂട്യൂബ് ചാനലും നിഖിൽ നടത്തുന്നുണ്ട്. ഗപ്പിവളർത്തലിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവയ്ക്കുന്നതിനായി ആരംഭിച്ച ഈ ചാനൽ പുതിയ കസ്റ്റമേഴ്സിനെ കണ്ടെത്താനും സഹായിക്കുന്നുണ്ട്. എന്നാൽ മറ്റു ചാനലുകളെ അപേക്ഷിച്ച് വിപണനത്തെക്കാൾ പരിചയസമ്പത്ത് പങ്കു വയ്ക്കുന്നതിനാണ് ഗപ്പിവാഗൺ പ്രാധാന്യം നൽകുന്നത്.  ഗപ്പിമത്സ്യങ്ങളെ നന്നായി അടുത്തറിയുകയും ഫിഷ് ജനറ്റിക്സിന്റെ അടിസ്ഥാനപാഠങ്ങളെങ്കിലും മനസ്സിലാക്കുകയും ചെയ്താലേ പുതിയ ഇനങ്ങൾ വികസിപ്പിക്കാൻ സാധിക്കൂ. ദീർഘകാലത്തെ പരിചയസമ്പത്ത് അതിനാവശ്യമാണ്. എന്നാൽ ആറു മാസമെങ്കിലും ഗപ്പികളെ വളർത്തിയിട്ടുള്ളവർക്ക് പ്രജനനസംരംഭത്തിലേക്ക് കടക്കാം. 

ഒരു ജോടി ഗപ്പിയെ വളർത്തിയാൽ ആർക്കും ബ്രീഡറാകാം. എന്നാൽ നിലവാരമുള്ള ഗപ്പിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ കഴിയുമ്പോഴേ മികവുള്ള പ്രജനനസംരംഭകനായി മാറാനാവൂ. നിലവാരമുള്ള മാതൃപിതൃമത്സ്യങ്ങളെ കണ്ടെത്തുന്നതിനും അവയിൽനിന്ന് നല്ല കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിനും കൂടുതൽ പരിചയസമ്പത്തും നിരീക്ഷണപാടവവും വേണം. അന്തപ്രജനനത്തിന്റെ അപകടസാധ്യതകൾ ഒഴിവാക്കാൻ അറിഞ്ഞിരിക്കണം. ഗപ്പി മത്സ്യങ്ങളുെട നിറം, പിൻചിറകിന്റെ വിരിവ്, മുതുചിറകിന്റെ വലുപ്പം, ഉത്സാഹം, പാരമ്പര്യം, പ്രജനനമികവ് എന്നിവയൊക്കെ നിലവാരം നിർണയിക്കുന്ന ഘടകങ്ങളാണെന്നു നിഖിൽ ചൂണ്ടിക്കാട്ടി.

ഗപ്പിവളർത്തലുമായി ബന്ധപ്പെട്ട  ഓൺലൈൻ കൂട്ടായ്മകളിൽ നിഖിൽ അംഗമാണ്.  ഒരേ നിലവാരത്തിലുള്ളവർ മാത്രമടങ്ങിയ ഇത്തരം ഗ്രൂപ്പുകൾ പരസ്പരം സഹായിക്കുന്നതിനും അറിവുകൾ പങ്കുവച്ച് വളരുന്നതിനും  സഹായിക്കുന്നുണ്ട്. ഗപ്പിക്ക് അലങ്കാരമത്സ്യവിപണിയിൽ ഇപ്പോഴുള്ള പ്രിയം ഉടനെങ്ങും അവസാനിക്കുമെന്ന് നിഖിൽ കരുതുന്നില്ല. വളരുന്ന വിപണിയാണിത്. ശരിയായി വികസിപ്പിച്ചാൽ ഏതാനും വർഷങ്ങൾക്കകം ഗപ്പി ഇറക്കുമതി ചെയ്യുന്ന സംസ്ഥാനമെന്ന നിലയിൽനിന്ന് കയറ്റുമതിക്കാരായി മാറാൻ നമുക്ക് സാധിക്കും. ഈ രംഗത്തേക്കു കടന്നുവരുന്ന സംരംഭകർക്ക് സാമ്പത്തിക പിന്തുണയും അടിസ്ഥാനസൗകര്യങ്ങളും നിഷേധിക്കരുതെന്നു മാത്രം. – നിഖിൽ പറഞ്ഞു. 

ഫോൺ: 9497871545

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com