വർഗീസ് കുര്യൻ അന്നു പറഞ്ഞു ‘ഞങ്ങളൊരുമിച്ചൊന്നു തുപ്പിയാൽ...’

HIGHLIGHTS
  • ദേശസ്നേഹവും നിശ്ചയ ദാർഡ്യവും ദീർഘവീക്ഷണവും അദ്ദേഹത്തെ നയിച്ചു
  • ഗുജറാത്തിൽ എരുമകൾ പോലും ഞാൻ പറഞ്ഞാൽ അനുസരിക്കും
varghese-kurien
SHARE

ആത്മകഥയുടെ തലക്കെട്ടു പോലെ ഡോ. വർഗീസ് കുര്യനും ഒരു സ്വപ്നമുണ്ടായിരുന്നു. ഒരു പാൽത്തുള്ളിയിൽ വിപ്ലവം കണ്ട സ്വപ്നം. ഒന്നരക്കോടിയിലധികം ക്ഷീരകർഷകരുടെ ജീവിതം മാറ്റിമറിച്ച സ്വപ്നം. ഭാരതത്തെ ലോകത്തെ ഏറ്റവും വലിയ പാലുൽപാദക രാജ്യമാക്കിയ സ്വപ്നം. ഇന്ത്യയുടെ തനതായ രുചി കണികണ്ടുണരാൻ നമുക്ക് അവസരം നൽകിയ സ്നേഹം പകരുന്ന അമുൽ ബ്രാൻഡിനെ സൃഷ്ടിച്ച സ്വപ്നം. കർഷകർക്കു സ്വപ്നം കാണാനും കർഷകരേക്കുറിച്ച് സ്വപ്നം കാണാനും കഴിയാത്ത കാലത്ത് കുര്യൻ കണ്ട സ്വപ്നവും നടന്നു പോയ വഴികളും നമുക്ക് 'അമൂല്യ'മാകുന്നു.

1921 നവംബർ 26ന് കോഴിക്കോട് ജനിച്ച കുര്യന് ഫിസിക്സും ന്യൂക്ലിയർ സയൻസുമായിരുന്നു ഇഷ്ട വിഷയം. മിടുക്കന്മാരായ വിദ്യാർഥികൾക്ക്  ലഭിച്ചിരുന്ന വിദേശപഠനത്തിനുള്ള അവസരം ലഭിച്ചെങ്കിലും പഠിക്കാൻ കിട്ടിയ വിഷയം ഡെയറി സയൻസ്. കുര്യനാകട്ടെ പശുവിനെ കണ്ടിട്ടുള്ളതു മാത്രമായിരുന്നു ക്ഷീരമേഖലയുമായുള്ള ബന്ധം. അമേരിക്കയിൽ ഡെയറി പഠനത്തിനൊപ്പം ഇഷ്ട വിഷയങ്ങളും മിടുക്കനായ കുര്യൻ പഠിച്ചെടുത്തിരുന്നു. പഠനം കഴിഞ്ഞെത്തിയ കുര്യനെ സർക്കാർ നിയമിച്ചത് ഗുജറാത്തിലെ ആനന്ദെ ന്ന ഓണം കേറാ ഗ്രാമത്തിലായിരുന്നു. വലിയ നഗരങ്ങളിലെ പേരുകേട്ട കമ്പനികളിൽ ആഡംബര പൂർണ്ണവും, ആകർഷകവും തിരക്കേറിയതുമായ ജീവിതമായിരിക്കും തന്നെ കാത്തിരിക്കുന്നതെന്ന് വിചാരിച്ചിരുന്ന കുര്യനെ വിധി കൊണ്ടു ചെന്നെത്തിച്ചത് ഏറെ പിന്നോക്കമായിരുന്ന ആനന്ദിൽ. ഉപരിപഠനത്തിനായി സർക്കാർ നൽകിയ പണം തിരിച്ചടയ്ക്കാനില്ലാത്തതിനാൽ മാത്രമാണ് കുര്യൻ അവിടെ പോകാൻ തീരുമാനിച്ചത്. എങ്ങനെയെങ്കിലും അവിടെ നിന്ന് ഓടിപ്പോകാൻ പോലും ആലോചിച്ചതായി കുര്യൻ ഒരിക്കൽ പറഞ്ഞു. ആനന്ദിൽനിന്നു രക്ഷപ്പെടാൻ ഗവൺമെന്റിലേക്ക് നിരന്തരം രാജിക്കത്തുകൾ അയച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഒടുവിൽ എട്ടു മാസത്തെ സേവനത്തിനൊടുവിൽ. കുര്യന്റെ രാജി സർക്കാർ സ്വീകരിച്ചു. രക്ഷപ്പെടലിന്റെ ആശ്വാസത്തോടെ ആനന്ദ് വിടാനൊരുങ്ങിയ കുര്യനെ കാത്തിരുന്നത്, ഇന്ത്യയുടെ പാൽക്കാരനായി ചരിത്രത്തിൽ അറിയപ്പെടാൻ കാലം കരുതിവച്ച നിയോഗമായിരുന്നു.

നഗരങ്ങളിൽ ലഭിക്കുന്ന പാൽ ബോംബേ നഗരത്തിലെ ഓടയിലെ വെള്ളത്തേക്കാൾ മോശമാണെന്നൊരു റിപ്പോർട്ട് ലഭിച്ച ബ്രിട്ടീഷ് സർക്കാർ, നല്ല പാൽ ലഭിക്കാനായി കണ്ടെത്തിയത് ആനന്ദിലെ ക്ഷീര കർഷകരെയായിരുന്നു. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരുന്ന ആ സമയത്ത് കീരകർഷകരെ കമ്പനികൾ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ സർദാർ വല്ലഭായി പട്ടേലും, മൊറാർജി ദേശായിയുമൊക്കെ ചേർന്ന് ആനന്ദിൽ കെയ്റ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ എന്ന സഹകരണ സംഘം തുടങ്ങിയിരുന്നു. ത്രിഭുവൻ ദാസ് പട്ടേൽ എന്ന സ്വാതന്ത്രസമര നേതാവായിരുന്നു സംഘത്തിന്റെ നേതാവ്. കുര്യൻ ജോലി ചെയ്തിരുന്ന സർക്കാർ ചീസ് ഫാക്ടറിയോട് ചേർന്ന് സംഘത്തിന് ഒരു പഴയ ഡയറി പ്ലാന്റ് ഉണ്ടായിരുന്നു. ഇടയ്ക്ക് പ്ലാന്റിന്റെ അറ്റകുറ്റപ്പണികൾക്ക് കുര്യന്റെ സഹായം പട്ടേൽ തേടിയിരുന്നു. ജോലി രാജി വച്ച് നാടുവിടാനൊരുങ്ങിയ കുര്യനോട് ത്രിഭുവൻ ദാസ് പട്ടേലാണ് മറ്റൊരു ജോലി ലഭിക്കും വരെ തങ്ങളുടെ കൂടെ തുടരണമെന്ന അഭ്യർത്ഥന നടത്തിയത്. ഗാന്ധിയനായ, സാമൂഹിക സേവനത്തിനായി ജീവിതം സമർപ്പിച്ച, പല പ്രാവശ്യം ജയിൽവാസം നയിച്ച ,1946 - ൽ പാൽ സഹകരണ യൂണിയൻ സ്ഥാപിച്ച ആ നിസ്വാർത്ഥമതിയുടെ അഭ്യർത്ഥന തള്ളിക്കളയാൻ കഴിയാതെ രണ്ടു മാസം കൂടി ആനന്ദിൽ തുടരാൻ കുര്യൻ തയ്യാറായി. സഹകരണ സംഘവും, കർഷകരും പതിയെ കുര്യന്റെ ജീവിതത്തിലും മനസ്സിലും സ്ഥാനം പിടിച്ചു.1950-ൽ കെയ്റോ യൂണിയന്റെ ജനറൽ മാനേജരായി കുര്യൻ സ്ഥാനമേറ്റു. പിന്നൊയൊരിക്കലും കുര്യൻ ആനന്ദിൽനിന്ന് പോയില്ല. പിന്നെയുള്ളത് ചരിത്രം. ആനന്ദിന്റെ മണ്ണിൽ തന്നെ അന്ത്യവിശ്രമവും.

ജവാഹർലാൽ നെഹ്‍റുവിന്റെ വാക്കുകളിൽ അപ്രാപ്യമെന്നു കരുതുന്നതു പോലും നേടാൻ കഴിയുന്ന ആളായിരുന്നു കുര്യൻ. രത്തൻ ടാറ്റ കുര്യനേക്കുറിച്ച് പറഞ്ഞത് നിസ്വാർത്ഥതയും അർപ്പണബോധവും സ്വയം വിസ്മരിക്കുന്ന രാജ്യസ്നേഹവുമുള്ള വ്യക്തിയെന്നായിരുന്നു. ന്യൂസിലൻഡിലും ഓസ്ട്രേലിയയിലും ഡെയറിങ്ങിൽ  വിദേശ പഠനം കഴിഞ്ഞെത്തിയ കുര്യൻ ചെറിയ തോതിൽ പാൽക്കച്ചവടം നടത്തിയിരുന്ന കർഷകസംഘത്തെ ലോകത്തെ തന്നെ മികച്ച സഹകരണ മേഖലയിലെ ഭക്ഷ്യോൽപാദന കമ്പനിയെന്ന നിലയിലേക്ക് കൈപിടിച്ചു യർത്താൻ തുടങ്ങി.

ഇന്ത്യയ്ക്ക് ഒരിക്കലും പാലുൽപാദനത്തിൽ ഒരു ശക്തിയാകാനാവില്ലെന്ന് വിദേശ കമ്പനികളൊക്കെ വിശ്വസിച്ചിരുന്നു. കാരണം എരുമപ്പാൽ പാൽപ്പൊടിയാക്കാൻ കഴിയില്ലെന്നായിരുന്നു അവരുടെ ഉറച്ച വിശ്വാസം. 1955 ഒക്ടോബറിൽ കുര്യൻ എരുമപ്പാലിനെ പാൽപ്പൊടിയാക്കുന്ന വിദ്യ വികസിപ്പിച്ച്, പാൽപ്പൊടി ഫാക്ടറി തുടങ്ങി. സാങ്കേതികവിദ്യയുടെ സ്വാംശീകരണത്തിലൂടെ കർഷകസഹകരണ സംഘങ്ങൾക്കും ആഗോളതലത്തിൽ മത്സരിക്കാമെന്നു തെളിയിക്കുകയായിരുന്നു കുര്യൻ.

കർഷകരുടെ കൂട്ടായ്മയുടെ ഒരു ഉൽപന്നത്തെ ഒരു ആഗോള ബ്രാൻഡാക്കുന്ന വിപണി തന്ത്രം കുര്യൻ പ്രയോഗിച്ചു. വില നിർണ്ണയിക്കാനാവാത്തത് എന്നർത്ഥമുള്ള അമൂല്യ എന്ന വാക്കിൽനിന്ന് അമുൽ എന്ന പേരു പിറന്നു. ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡിന്റെ ചുരുക്കവും അതു തന്നെയായത് അത്ഭുതം. 1957-ൽ കെയ്റ സംഘം 'അമുൽ ' ആയി രജിസ്റ്റർ ചെയ്യപ്പെട്ടു. പാൽപ്പൊടിക്കു പുറമേ കണ്ടൻസ്ഡ് മിൽക്കും നിർമ്മിക്കുന്നതിൽ അമുൽ വിജയിച്ചത് വിദേശ കുത്തകകൾക്ക് തിരിച്ചടിയായി. 1965-ൽ മിഷിഗൺ യൂണിവേഴ്സിറ്റിയാണ് കുര്യന് ഡോക്ടറേറ് നൽകിയത്. 

തനിക്ക് വ്യക്തിപരമായ അജണ്ടകളൊന്നും ഇല്ലായെന്നും രാജ്യത്തിന്റെ നേട്ടമാണ് പ്രധാനമെന്നും കുര്യൻ തുറന്നു പറഞ്ഞു. ദേശസ്നേഹവും നിശ്ചയ ദാർഡ്യവും ദീർഘവീക്ഷണവും അദ്ദേഹത്തെ നയിച്ചു. അതിനായി സ്വാർത്ഥതാൽപര്യമുണ്ടെന്ന് കണ്ട വ്യക്തികളുമായും സ്ഥാപനങ്ങളുമായും പോരാട്ടം തന്നെ നടത്തി. കർഷകനെ ബാധിക്കുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായില്ല എന്നു മാത്രമല്ല, അവനെ എല്ലാവിധത്തിലും ശക്തനും മൽസരസന്നദ്ധനുമാക്കാൻ കുര്യൻ ശ്രമിച്ചു.

ആനന്ദിലെ വിജയം രാജ്യമാകെ നടപ്പിലാക്കാൻ കുര്യന്റെ നേതൃത്വത്തിൽ നാഷണൽ ഡെയറി ഡെവലപ്മെന്റ് ബോർഡ് സ്ഥാപിക്കപ്പെട്ടു. ബോർഡിന്റെ തോളിലേറി ഓപ്പറേഷൻ ഫ്ലഡിലൂടെ ഭാരതം ധവളവിപ്ലവത്തിലേക്ക് നീങ്ങുകയായിരുന്നു. പാൽക്കാര്യത്തിൽ ഇറക്കുമതിയിൽനിന്ന് രാജ്യം സ്വന്തം കാലിൽ  നിൽക്കാൻ തുടങ്ങി.

എന്തായിരുന്നു തന്റെ കർത്തവ്യമെന്ന് കുര്യൻ അർത്ഥശങ്കയില്ലാതെ തിരിച്ചറിഞ്ഞു. കർഷകരുടെ തൊഴിലാളിയെന്ന നിലയിൽ അവരുടെ കൂട്ടായ്മയ്ക്ക് സാങ്കേതികവും ഭരണപരവും മറ്റെല്ലാത്തരത്തിലുമുള്ള ശക്തി  പകരുക എന്നതു തന്നെ. കുര്യന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനത്തിന് ഉദാഹരണമായിരുന്നു, ഭക്ഷ്യസഹായ പദ്ധതിയുടെ ഭാഗമായി വികസിത രാജ്യങ്ങൾ സൗജന്യമായി നൽകിയ വലിയ അളവ് പാൽപ്പൊടി വിപണിയിലേക്ക് വിലയ്ക്ക് നൽകി, ലഭിച്ച പണം ധവളവിപ്ലവ പ്രവർത്തനത്തിന് ഉപയോഗിച്ചത്. അന്ന് പാൽ സൗജന്യമായി നൽകിയിരുന്നെങ്കിൽ ക്ഷീരകർഷകർ തകരുകയും പാൽ വിപണി കാലക്രമേണ സൗജന്യമായി പാൽപ്പൊടി തന്നവർ തന്നെ കൈയടക്കുകയും ചെയ്യുമായിരുന്നു.

മലയാളിയായ കുര്യൻ കേരളത്തിനു വേണ്ടിയൊന്നും ചെയ്യുന്നില്ലായെന്ന പരാതി പറഞ്ഞപ്പോൾ കുര്യന്റെ മറുപടി ഇങ്ങനെയായിരുന്നു." ഗുജറാത്തിൽ എരുമകൾ പോലും ഞാൻ പറഞ്ഞാൽ അനുസരിക്കും". തന്നെ മെയ്ൽ ഷോവനിസ്റ്റ് എന്നു വിളിച്ച വനിതാമന്ത്രിയോട് പറഞ്ഞ മറുപടിയാകട്ടെ " മാഡം, കാളയില്ലെങ്കിൽ പാലില്ല" എന്നായിരുന്നു. ആനന്ദ് മാതൃകയിൽ മിൽക്ക് കമ്മീഷണറുടെ സ്ഥാനമെന്തെന്ന ചോദ്യത്തിന് ' ഗുജറാത്തിൽ മിൽക്കുണ്ട്, മിൽക്ക് കമ്മീഷണറില്ല' എന്നായിരുന്നു. ഇങ്ങനെ അവസാന കാലം വരെ കർഷകരെയും അവരുടെ സംഘങ്ങളെയും സ്വയം പര്യാപ്തതയിലും ലോകത്തെ ഏതു ആഗോള ഭീമനുമായും മത്സരിക്കാൻ കഴിയുന്ന വിധം വളർത്താമെന്ന, വളർത്തിയെന്ന ആത്മവിശ്വാസം കുര്യൻ വാക്കിലും പ്രവൃത്തിയിലും കാത്തു സൂക്ഷിച്ചു.

ഡോ.വർഗീസ് കുര്യൻ തന്റെ ആത്മകഥയായ 'എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു' എന്ന പുസ്തകത്തിൽ വിവരിച്ച രസകരമായ ഒരു സംഭവം കുറിക്കട്ടെ.

ഇന്ത്യയിൽ ധവളവിപ്ലവത്തിന്റെ സന്തതിയായി പിറന്ന്, സഹകരണ പ്രസ്ഥാനങ്ങൾക്ക് മാതൃകയായി, ലോകത്തിലെ തന്നെ മികവുറ്റ ഭക്ഷ്യ കമ്പനിയായി മാറിയ ചരിത്രമാണ് അമുലിനുള്ളത്. ഇന്ത്യൻ മാർക്കറ്റ് അടക്കിവാണതിനു ശേഷം അമുൽ കയറ്റുമതിയിലേക്ക് കാൽവച്ചു തുടങ്ങിയ സമയം. അമുൽ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ തുടങ്ങിയതോടെ ആദ്യം പല ബഹുരാഷ്ട്ര കുത്തകകളും അസ്വസ്ഥരായി. ഒപ്പം ഡയറി മേഖലയിൽ വികസനം കൈവരിച്ച ഏതാനും രാജ്യങ്ങളും അമുലിന് എതിരായി. പല രാജ്യങ്ങളിലും അമുൽ ഉൽപന്നങ്ങളുടെ മൽസരം ന്യൂസിലൻഡുമായി ആയിരുന്നു. അങ്ങനെ ഒരു ദിവസം അമുലിന്റെ ആസ്ഥാനമായ ആനന്ദിൽ ന്യൂസിലൻഡ് ഹൈക്കമ്മീഷണർ സന്ദർശനത്തിനെത്തി. കുര്യന്റെ മുറിയിൽ കയറി കസേരയിൽ ഇരുന്ന ആ ഉദ്യോഗസ്ഥ തങ്ങളുടെ രാജ്യം ഉൽപന്നങ്ങൾ വിറ്റഴിക്കുന്ന സ്ഥലങ്ങളിലേക്ക് അമുൽ കയറ്റുമതി നടത്തുന്നതിലുള്ള അസംതൃപ്തി വളരെ ക്ഷുഭിതയായി അറിയിച്ചു. വിനയം കൈവിടാതെ, ശാന്തമായി എന്നാൽ  ശക്തമായ സ്വരത്തിലായിരുന്നു കുര്യന്റെ മറുപടി. ലോക വിപണിയെന്നാൽ നിങ്ങളുടെ സ്വകാര്യ സ്വത്താണെന്ന് അറിയില്ലെന്നായിരുന്നു കുര്യന്റെ വാക്കുകൾ. മറുപടി കേട്ട ഹൈക്കമ്മീഷണർ കോപത്താൽ വിറച്ചു. പിന്നീടുള്ള അവരുടെ സംസാരം കൂടുതൽ മോശമായി. പരമാവധി സ്വയം നിയന്ത്രിച്ചെങ്കിലും ഒടുവിൽ സ്വന്തം നാവിന്റെ നിയന്ത്രണം കുര്യന് കൈവിട്ടു. പിന്നീട് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു." മാഡം, ന്യൂസിലൻഡ് എന്ന ചെറിയൊരു രാജ്യത്തു നിന്നാണ് നിങ്ങൾ വന്നിരിക്കുന്നത്. ഞങ്ങൾ ഇന്ത്യാക്കാരെല്ലാവരും കൂടി നിങ്ങളുടെ രാജ്യത്തിനു നേരെ തുപ്പാൻ തീരുമാനിച്ചാൽ, ഞങ്ങളുടെ തുപ്പലിൽ നിങ്ങളുടെ രാജ്യം മുങ്ങിത്താഴും "

പിന്നീട് ഡൽഹിയിലെ നയതന്ത്ര വൃത്തങ്ങളിൽ ഈ സംഭവം വീണ്ടും വീണ്ടും പലരോടും വിവരിച്ച്  കുര്യന് ഭ്രാന്താണെന്നും, തന്റെ മേൽ തുപ്പുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുകയാണ് ഹൈക്കമ്മീഷണർ ചെയ്തത്.

സാധാരണക്കാരന് ശക്തി പകർന്ന്, ജനങ്ങളുടെ സംവിധാനങ്ങളും സ്ഥാപനങ്ങളും സഹകരണാടിസ്ഥാനത്തിൽ പടുത്തുയർത്തിയ ധവളവിപ്ലവത്തെയും അതിന്റെ പ്രയോജനം പറ്റുന്ന കോടിക്കണക്കിന് സാധാരണ കർഷകരുടെയും ശക്തിയിലുള്ള വിശ്വാസമായിരുന്നു, കോപത്താലാണെങ്കിലും ഇങ്ങനെ പറയാൻ കുര്യനെ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ ക്ഷീരകർഷകരെ കണ്ണീർ കുടിപ്പിക്കുമായിരുന്ന വലിയ ഒരു കരാർ ഭീഷണിയിൽനിന്ന് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് ഇന്നവർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA