ADVERTISEMENT

ജയന്റ് ഗൗരാമി ചരിതം ആറാം ഖണ്ഡം

ജയന്റ് ഗൗരാമികൾക്ക് പ്രജനനത്തിനായി എന്തൊക്കെ ചെയ്തുകൊടുക്കണമെന്ന് മുൻ ലക്കങ്ങളിൽ പ്രതിപാദിച്ചിരുന്നു. മുട്ടയിടുന്നതും കുഞ്ഞുങ്ങളുടെ വളർച്ചയുമാണ് ഈ ലക്കത്തിൽ.

മുൻ ലക്കത്തിൽ സൂചിപ്പിച്ചതുപോലെ മുട്ടയിടുന്നതിനായി കൂടൊരുക്കാനുള്ള സൗകര്യം ചെയ്തുനൽകിയാൽ അധികം വൈകാതെതന്നെ ആൺ–പെൺ ജയന്റ് ഗൗരാമികൾ കൂട് നിർമാണം തുടങ്ങും. ആൺമത്സ്യത്തിനാണ് കൂട് നിർമാണത്തിന്റെ ചുമതല. ഉണങ്ങിയ പുല്ല്, കയർ നൂലുകൾ, ചാക്കിന്റെ നൂലുകൾ തുടങ്ങിയവയെല്ലാം കൂട് നിർമിക്കാൻ ഉപയോഗിക്കും. അനുകൂല  സാഹചര്യമാണെങ്കിൽ 4–6 ദിവസത്തിനുള്ളിൽ കൂട് നിർമാണം പൂർത്തിയാക്കി മുട്ടയിടും. വൈകുന്നേരങ്ങളിലാണു മുട്ടയിടുക.

മുട്ടയിട്ടുകഴിഞ്ഞാൽ പെൺമത്സ്യമാണ് കൂടിനു സമീപം കാവൽനിൽക്കുക. കൂടിനുള്ളിലിരിക്കുന്ന മുട്ടകളുടെ സമീപത്തെ വള്ളത്തിന് ചലനമുണ്ടാക്കാനായി ചിറകുകൊണ്ട് അടിച്ചുകൊണ്ടിരിക്കും. 24–36 മണിക്കൂർ വേണം മുട്ടകൾ വിരിയാണ്. ഇളം മഞ്ഞനിറത്തിലുള്ള മുട്ടകളുടെ ഒരു വശത്ത് കണ്ണുകളും മറുവശത്ത് നേരിയ വാലും രൂപപ്പെടും. മുട്ടകൾ അക്വേറിയങ്ങളിൽ സംരക്ഷിച്ചാൽ ഈ മാറ്റം അറിയാൻ പറ്റും. സാധാരണ കുളങ്ങളിൽ കുഞ്ഞുങ്ങളെ കാണാൻ മൂന്നാഴ്ചയോളം കാത്തിരിക്കണം. അതുതന്നയാണ് നല്ലതും.

മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ മൂന്നാഴ്ചയോളം കൂടിനുള്ളിൽത്തന്നെയായിരിക്കും. അതുവരെ മാതാപിതാക്കളുടെ കാവലുണ്ടാകും. മത്സ്യത്തിന്റെ ആകൃതിയായി പുറത്തെത്തുന്ന കുഞ്ഞുങ്ങളെ വൈകുന്നേരങ്ങളിൽ കുളത്തിന്റെ വശങ്ങൾ പരിശോധിച്ചാൽ കാണാൻ കഴിയും. 

giant-gourami-13
ജയന്റ് ഗൗരാമിക്കുഞ്ഞുങ്ങൾ

കുളത്തിൽ ലഭ്യമാകുന്ന ആൽഗകളാണ് ഗൗരാമിക്കുഞ്ഞുങ്ങളുടെ ആദ്യ ഭക്ഷണം. അതുകൊണ്ടുതന്നെ ആൽഗവളർച്ച കൂട്ടാൻ പച്ചച്ചാണകമോ ആട്ടിൻ കാഷ്ഠമോ കുളത്തിൽ അങ്ങിങ്ങായി ഇട്ടുനൽകാം. ചാണകം കലക്കേണ്ടതില്ല. 

30 ദിവസം പ്രായമാകുമ്പോഴാണ് ഗൗരാമി മത്സ്യങ്ങളുടെ രൂപത്തിലേക്ക് കുഞ്ഞുങ്ങളെത്തുക. അതുവരെ ഗപ്പിക്കുഞ്ഞുങ്ങളുടെ രൂപമായിരിക്കും അവയ്ക്ക്.  30–40 ദിവസത്തിനിടയിലാണ് അന്തരീക്ഷത്തിൽനിന്നു നേരിട്ടു ശ്വസിക്കാനുള്ള പ്രത്യേക ശ്വസനാവയവം കുഞ്ഞുങ്ങളുടെ തലയ്ക്കുള്ളിൽ രൂപപ്പെടുക. വെള്ളത്തിന് അത്യാവശ്യം ചൂടുണ്ടെങ്കിൽ മാത്രമേ ഈ ശ്വസനാവയവം രൂപപ്പെടൂ. അതിനാലാണ് തുറസായ സ്ഥലങ്ങളിൽ പ്രജനനക്കുളമൊരുക്കണമെന്ന് പറയുന്നത്. ശ്വസനാവയവം രൂപപ്പെട്ടില്ലെങ്കിൽ പിന്നീട് കുഞ്ഞുങ്ങൾ ചത്തുപോകും.

ഏകദേശം 4–5 മാസംകൊണ്ടാണ് കുഞ്ഞുങ്ങൾ വിൽക്കാനുള്ള പ്രായത്തിലെത്തുക. 1.5–2 ഇഞ്ച് വലുപ്പത്തിലാണ് മിക്ക ബ്രീഡർമാരും കുഞ്ഞുങ്ങളെ വിൽക്കുക. 

മറ്റു മത്സ്യങ്ങൾ അതിവേഗം വളരുന്നതുപോലെ ഗൗരാമിക്കുഞ്ഞുങ്ങൾ വളരില്ല. ആദ്യത്തെ രണ്ടു വർഷത്തോളം കാര്യമായ വളർച്ച പ്രതീക്ഷിക്കണ്ട. വളർച്ചയ്ക്കായി കൂടിയ തോതിൽ പ്രോട്ടീൻ കൂടുതൽ അടങ്ങിയ പെല്ലറ്റ് തീറ്റകൾ നൽകിയാലും കാര്യമായ വളർച്ച കിട്ടില്ല. ആദ്യത്തെ അഞ്ചു മാസം വരെ പെല്ലറ്റ് തീറ്റകൾ കൊടുത്തശേഷം പിന്നീട് ഇലകളിലേക്ക് തിരിയുന്നതാണ് നല്ലത്. ഡക്ക് വീഡ്, അസോള തുടങ്ങിയവ ആദ്യം നൽകാം. രണ്ടിഞ്ച് വലുപ്പമായ കുഞ്ഞുങ്ങൾ ചേമ്പില നന്നായി കഴിക്കും.

അടുത്ത ലക്കം

അക്വേറിയത്തിലും വളർത്താം, ശ്രദ്ധ വേണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com