ADVERTISEMENT

താൻ പഠിക്കുന്ന തൃക്കാക്കര ഭാരത്‌ മാതാ കോളജിലെ ക്ലാസ് മുറിയിലിരുന്നും നാട്ടിലെവിടെയും കുടിവെള്ളം ശുദ്ധീകരിക്കാൻ ബിജിഷ ബിജോയ്ക്ക് ചെറുവിരൽ മതി. മൊബൈൽ ഫോണിലൂടെ നിയന്ത്രിക്കാവുന്ന ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റ് ബിജിഷയ്ക്കു നേടിക്കൊടുത്തത് ചില്ലറ നേട്ടങ്ങളല്ല.  നിതി ആയോഗും ബെറ്റർ ഇന്ത്യാ അടൽ ഇന്നവേഷൻ മിഷനും ദേശീയതലത്തിൽ നടത്തിയ അടൽ മാരത്തണിൽ ജലസംരക്ഷണ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു ഈ പ്രോജക്ടിന്. കേരളത്തിനുള്ള ഏക സമ്മാനം.  ഉപ്പുവെള്ളം ശുദ്ധീകരിക്കുന്ന നിലവിലുള്ള പ്ലാന്റുകളേക്കാൾ ചെലവു കുറഞ്ഞതും ചെറുതുമാണ് ഈ പ്ലാന്റ് എന്നതാണു പ്രോജക്ടിനു ദേശീയതലത്തിൽ അംഗീകാരം ലഭിക്കാൻ കാരണം. 

സർക്കാർ അനുമതി നൽകിയാൽ ഈ കൊച്ചു മിടുക്കിയുടെ കണ്ടെത്തൽ കടമക്കുടി പഞ്ചായത്തിൽ പരീക്ഷിക്കാൻ തയാറാണെന്നു പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു കത്തുനൽകിയിട്ടുണ്ട്. 

ചെറുതല്ല ഈ കണ്ടുപിടിത്തം  

തൃക്കാക്കര കാർഡിനൽ സ്കൂളിനെ പ്രതിനിധീകരിച്ചു മത്സരത്തിൽ പങ്കെടുത്ത ബിജിഷ ഇപ്പോൾ ഭാരത് ‌മാതാ കോളജിൽ ഒന്നാം വർഷ കെമിസ്ട്രി വിദ്യാർഥിനിയാണ്. രാജ്യത്താകെ 1700 സ്കൂളുകൾ അടൽ മാരത്തണിൽ പങ്കെടുത്തു. വിഡിയോ അവതരണമായിരുന്നു നടത്തിയത്. അവസാന റൗണ്ടിൽ 50 സ്കൂളുകൾ പങ്കെടുത്തു. അതിൽ കേരളത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 4 ടീമുകൾക്ക് കൊല്ലത്തെ ടെക്നോളജി ഇൻക്യുബേഷൻ സെന്ററിൽ നിതി ആയോഗ് പരിശീലനം നൽകി.  8 വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച പ്രോജക്ടുകൾ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിക്കും ക്ഷണിക്കപ്പെട്ട സദസ്സിനും മുന്നിൽ അവതരിപ്പിച്ചു.

പരീക്ഷണം കടമക്കുടിയിൽ

8 –ാം ക്ലാസിൽ പഠിക്കുമ്പോൾ മത്സരത്തിനു വേണ്ടി ചെയ്ത പ്രോജക്ടിന്റെ തുടർച്ചയായാണു ബിജിഷയുടെ കണ്ടുപിടിത്തം. ഭാരത് മാതാ കോളജ് അധ്യാപകൻ ജെയ്‌സൺ എം. ജോയിയുടെ സഹായവും ഇതിനു ലഭിച്ചു. ഉപ്പുവെള്ള ശുദ്ധീകരണത്തിനായി പോളിമെറിക് റിവേഴ്സ് ഓസ്മോസിസ് മെമ്പ്രൈൻ ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. ഇതുപയോഗിച്ച് മണിക്കൂറിൽ 200 ലീറ്റർ വെള്ളം ശുദ്ധീകരിക്കാം. പ്രോജക്ടിന്റെ ലഘുമാതൃകയുണ്ടാക്കി കടമക്കുടി പഞ്ചായത്തിൽ ഉപ്പുവെള്ളം ശേഖരിച്ചു പരീക്ഷണം നടത്തി. തന്റെ പ്രോജക്ടിന് പ്രൊവിഷനൽ പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണു ബിജിഷ. 

ചെലവ് തുച്ഛം

മണിക്കൂറിൽ 200 ലീറ്റർ ശുദ്ധജലം തയാറാക്കുന്ന പ്ലാന്റിന് 25000 രൂപ ചെലവായി. 22 ലക്ഷം രൂപ ചെലവിൽ മണിക്കൂറിൽ 1000 ലീറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന പ്ലാന്റ് തയാറാക്കാൻ കഴിയുമെന്നു ബിജിഷ പറയുന്നു. ഉപ്പുവെള്ളം ശുദ്ധീകരിക്കുമ്പോൾ അതിലെ ധാധുക്കൾ നഷ്ടമാവും. അതിനാൽ ആവശ്യമായ മിനറൽസ് ചേർത്താണു കുടിക്കാൻ നൽകുന്നത്. 

നിയന്ത്രണം ഡിജിറ്റൽ

പ്ലാന്റിന്റെ പൂർണമായ പ്രവർത്തനം മൊബൈൽ ഫോൺവഴി ഓപ്പറേറ്റ് ചെയ്യാം. പ്ലാന്റ് പ്രവർത്തനം തടസ്സമായാലോ, ഫിൽറ്ററിൽ കരടുകൾ അടിഞ്ഞാലോ ഫോണിൽ അറിയിപ്പു ലഭിക്കും. അപ്പോൾത്തന്നെ ബാക് വാഷ് ചെയ്യുകയോ, മെമ്പ്രൈൻ വൃത്തിയാക്കുകയോ ചെയ്യാം.

കാക്കനാട് അമ്പാടിമൂല കൈപ്പിള്ളിൽ ബിജോയുടെയും ജിഷയുടെയും മകളാണു ബിജിഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com