sections
MORE

ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങിയ സുഭാഷിന് മാസം 40,000 രൂപ വരുമാനം, ഒപ്പം ഫാം ടൂറിസവും

HIGHLIGHTS
  • പുണെയിൽനിന്ന് തൈകൾ വരുത്തി ഒന്നരയേക്കറിൽ സ്ട്രോബറിക്കൃഷി
  • എല്ലാ ചെലവും കഴിഞ്ഞ് മാസം ശരാശരി 40,000 രൂപ പോക്കറ്റിൽ
subhash-2
SHARE

വട്ടവടയിൽനിന്ന് മൂന്നാറും അടിമാലിയും ആലുവയും കടന്നു കൊച്ചി നഗരത്തിലെത്തി പഠനവും ജോലിയും ബിസിനസ് സംരംഭവുമായി നീങ്ങുമ്പോൾ പലരും സുഭാഷിനോടു ചോദിച്ചു, ‘ഇനി ഇവിടെ കൂടുകയല്ലേ?, ഇവിടെയല്ലേ മാളും മെട്രോയുമെല്ലാമുള്ളത്?’.

നാലഞ്ചു കൊല്ലത്തെ നഗരജീവിതവും ബിസിനസും വേണ്ടെന്നുവച്ച് ഭാര്യയുമൊത്തു തിരികെ വട്ടവടയ്ക്കു വണ്ടികയറുമ്പോൾ അവർക്കുള്ള ഉത്തരം സുഭാഷ് മനസ്സിൽ പറഞ്ഞു, ‘മാളും മെട്രോയും മടുക്കുമ്പോൾ മഞ്ഞും കുളിരും മലനാടിന്റെ കൃഷിയഴകും കാണാൻ  നിങ്ങൾ വട്ടവടയ്ക്കു വരും.’ വന്നു!, കൊച്ചിക്കാർ മാത്രമല്ല, കോഴിക്കോടുകാരും കൊട്ടാരക്കരക്കാരുമെല്ലാം വരിവരിയായി വട്ടവടയിലെത്തി. കാർഷിക വിനോദസഞ്ചാരത്തിന്റെ കരുത്തിൽ സുഭാഷിന്റെ കൈനിറയെ കാശുമെത്തി.     

മൂന്നാറിൽനിന്നു 40 കിലോമീറ്ററിലേറെ സഞ്ചരിച്ച് മാട്ടുപ്പെട്ടിയും കുണ്ടള ഡാമും ടോപ്‌സ്റ്റേഷനും കടന്നാൽ മലയാളത്തിനൊപ്പം തമിഴ് പേശുന്ന വട്ടവടയായി; ശീതകാല വിളകളായ കാബേജും കോളിഫ്ലവറും കാരറ്റും ഉരുളക്കിഴങ്ങും ബട്ടർ ബീൻസും സ്ട്രോബറിയുമെല്ലാം സമൃദ്ധമായുള്ള കാർഷികഗ്രാമം. സുഭാഷിന്റെ കുടുംബം ഉൾപ്പെടെ വട്ടവട ഗ്രാമത്തിലെ ഏതാണ്ടെല്ലാവരുടെയും വരുമാനമാർഗം കൃഷി തന്നെ. 

subhash
സുഭാഷിന്റെ സ്ട്രേബറികൃഷി. കൃഷിയിൽ പിന്തുണയുമായി ഭാര്യ കാർത്തികയും.

എന്നിട്ടും എന്തുകൊണ്ട് ഈ ഗ്രാമം സാമ്പത്തികമായി അഭിവൃദ്ധിപ്പെടുന്നില്ലെന്നു പ്ലസ് ടു പഠനകാലത്തു തന്നെ ആലോചിച്ചിരുന്നെന്നു സുഭാഷ്. ഉത്തരം കിട്ടിയതു പക്ഷേ വർഷങ്ങൾ കഴിഞ്ഞ്. ‘‘വട്ടവടയിലെ കൃഷിക്കാർക്ക് യഥാർഥത്തിൽ വേണ്ട പിന്തുണയും സഹായങ്ങളും എന്തൊക്കെയെന്ന് ആരുമധികം അന്വേഷിച്ചിട്ടില്ല. വട്ടവടയ്ക്കുള്ള കൃഷിവിഹിതം പങ്കിട്ടുകൊടുത്ത് കടമ തീർക്കും, അത്രതന്നെ. തമിഴ്‌നാട്ടിൽനിന്നുള്ള ഇടനിലക്കാരായ കച്ചവടക്കാർ കർഷകരെ ചൂഷണം ചെയ്യുന്നുവെന്നു വട്ടവടക്കാരെ ചൂണ്ടി പലരും സഹതപിക്കുമ്പോൾ അവർകൂടി വന്നില്ലെങ്കിൽ പിന്നെ എവിടെ വിൽക്കും എന്നതാണ് യഥാർഥ ചോദ്യം’’, സുഭാഷിന്റെ വാക്കുകൾ.

ഒരു സീസണിൽ കർഷകരെല്ലാം ഒരേ വിളതന്നെ കൃഷി ചെയ്യുന്ന രീതിയാണു വട്ടവടയിൽ കാലങ്ങളായുള്ളതെന്നു സുഭാഷ്. കാരറ്റെങ്കിൽ ഏറിയ പങ്കും അതു തന്നെ. സ്വാഭാവികമായും വിലയിടിയും. കൃഷിവകുപ്പും ഏജൻസികളും നിശ്ചിത അളവിനപ്പുറം സംഭരിക്കാൻ മെനക്കെടില്ല. പിന്നെ ആശ്രയം തമിഴ് കച്ചവടക്കാർ. തമിഴ്‌നാട്ടിൽ മികച്ച വിലയും വിപണിയുമുള്ള വെളുത്തുള്ളിയും ബട്ടർ ബീൻസും ഇന്നു വട്ടവടയിലെ മുഖ്യകൃഷിയായി മാറിയതും അങ്ങനെ. അളവും അനുപാതവും നോക്കാതെയുള്ള രാസകീടനാശിനികളുടെ പ്രയോഗം മണ്ണിന്റെ ജൈവാംശം നശിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നം. എല്ലാറ്റിനും പരിഹാരമായി സുഭാഷ് മനസ്സിൽ കണ്ടത് ഫാം ടൂറിസം. 

‘കോടമഞ്ഞിന്റെ കുളിരും മനോഹരമായ ഭൂപ്രകൃതിയും ശീതകാലകൃഷിയിടങ്ങൾ പകരുന്ന കൗതുകവുമെല്ലാം ചേരുന്ന വട്ടവടയിലെ കൃഷിയും കൃഷിക്കാരും നിലനിൽക്കണമെങ്കിൽ കാർഷിക വിനോദസഞ്ചാരം വളരണം. സുരക്ഷിതവിഭവങ്ങളും സുഖകരമായ കാലാവസ്ഥയും ആസ്വദിക്കാൻ സഞ്ചാരികളെത്തണം. വട്ടവടയിലെ വിളവത്രയും മികച്ച വിലയ്ക്ക് ഇവിടെത്തന്നെ വിറ്റഴിക്കാനുള്ള സാഹചര്യമുണ്ടാവണം’, ഈ ലക്ഷ്യം മനസ്സിലുറപ്പിച്ചായിരുന്നു നാട്ടിലേക്കുള്ള തിരിച്ചുവരവ്.   

വിളയും വിലയും

വട്ടവടയിലെത്തിയ സുഭാഷ് ആദ്യം തുടങ്ങിയത് പുണെയിൽനിന്ന് തൈകൾ വരുത്തി ഒന്നരയേക്കറിൽ സ്ട്രോബറിക്കൃഷി. ചാണകവും ആട്ടിൻകാഷ്ഠവും അടിവളമാക്കി, പ്ലാസ്റ്റിക് പുതയിട്ട തടങ്ങളിലായിരുന്നു കൃഷി. ഒരു വർഷത്തിലേറെ നീണ്ടു നിൽക്കും ഒറ്റത്തവണത്തെ കൃഷി. നവംബറിൽ തൈ നട്ട് രണ്ടു മാസം കൊണ്ടു പഴങ്ങളാവും. അനുകൂല കാലാവസ്ഥയിൽ ഉൽപാദനം കൂടുമെങ്കിലും നല്ല പരിചരണം നൽകിയാൽ ഏറിയും കുറഞ്ഞുമായി വർഷം മുഴുവൻ പഴങ്ങൾ. 

മൂന്നാറിലെത്തുന്ന സഞ്ചാരികൾ ഏറിയാൽ ടോപ് സ്റ്റേഷൻ വരെ വന്നു മടങ്ങുകയായിരുന്നു മുമ്പു പതിവ്. ടോപ് സ്റ്റേഷനിൽ സ്ട്രോബറി ഫാമിനെക്കുറിച്ചു ചെറിയൊരു ബാനർ കെട്ടിയതാണു വഴിത്തിരിവായതെന്നു സുഭാഷ്. അന്നുതന്നെയെത്തി രണ്ടുമൂന്നു സഞ്ചാരികൾ. കൃഷിയിടം തേടി എത്തുന്നവരുടെ എണ്ണം അഞ്ചും പത്തുമായി വർധിച്ചതോടെ കൃഷിയിനങ്ങളുടെ എണ്ണവും കൂട്ടി. അതോടെ സീസൺ നോക്കാതെ വർഷം മുഴുവൻ കാരറ്റും ബീറ്റ്റൂട്ടും കാബേജും കരിമ്പുമെല്ലാം വിളയിച്ചു തുടങ്ങി. സഞ്ചാരികൾക്ക് കൃഷിയിടത്തിൽനിന്ന് അപ്പോൾ പറിച്ചു നൽകുന്ന ഫാം ഫ്രഷ് കാരറ്റും സ്ട്രോബറിയും ആസ്വാദ്യകരമായതോടെ കൃഷിയും വരുമാനവും സുസ്ഥിരമായി. 

ഫാം തേടി എത്തുന്ന സഞ്ചാരികൾ ഇന്നു വട്ടവടയിലെ മറ്റു കർഷകർക്കും ഗുണകരമായി മാറുന്നുണ്ട്. തന്റെ ഉൽപന്നങ്ങൾക്കൊപ്പം മാറ്റു കർഷകരുടേതും ന്യായവിലയക്കു സംഭരിച്ച് സഞ്ചാരികൾ ക്കു നൽകുന്നു സുഭാഷ്. കാലാവസ്ഥ തീർത്തും പ്രതികൂലമാവുകയും കൃഷിയിനങ്ങൾ കുറയുകയും ചെയ്യുന്ന സമയത്ത് സഞ്ചാരികളെ ആകർഷിക്കാനായി സ്ട്രോബറി ജാം ഉൾപ്പെടെയുള്ള മൂല്യവർധിത ഉൽപന്നങ്ങളിലേക്കും കടന്നിരിക്കുന്നു ഈ ചെറുപ്പക്കാരൻ. 

subhash-1
കൃഷിയിടം കാണാനെത്തുന്നവർക്ക് കരിമ്പ് മുറിച്ചു നൽകിയും വരുമാനം

എല്ലാ ചെലവും കഴിഞ്ഞ് മാസം ശരാശരി 40,000 രൂപ പോക്കറ്റിലെത്തിക്കുന്നു ഫാം ടൂറിസമെന്നു സുഭാഷ്. ഈ നേട്ടം വട്ടവടയിലെ മുഴുവൻ കർഷകർക്കും ലഭിക്കുന്ന കാലം വരണമെന്നു സുഭാഷ്, കാർഷിക ഗ്രാമ ങ്ങളിലെ കർഷകർ പതിവു സബ്സിഡികൾക്കും സഹായധനങ്ങൾക്കുമപ്പുറം സർക്കാരുകളിൽനിന്നു പ്രതീക്ഷിക്കുന്നത് സാഹചര്യങ്ങൾക്ക് അനുസൃതമായ വികസന നയങ്ങളാണെന്നും സുഭാഷ് ഓർമിപ്പിക്കുന്നു.  

‘വിപണിവിലയിൽ ആശങ്കയില്ലാതെ കൃഷിക്കാരനു ലാഭകരമായ രീതിയിൽ ഉൽപന്നങ്ങൾ മുഴുവൻ വിൽക്കാമെന്നതാണ് ഫാം ടൂറിസം നൽകുന്ന നേട്ടം. കാരറ്റു വില 20 രൂപയിലേക്ക് ഇടിയുമ്പോഴും 40 രൂപയ്ക്കു സന്തോഷത്തോടെ വാങ്ങും സഞ്ചാരികൾ. കാബേജു വില കിലോ 15 രൂപയിലേക്കു താഴുമ്പോഴും 30 രൂപയ്ക്കു വിൽക്കാമെന്ന ധൈര്യം നൽകിയതും ഫാം ടൂറിസം തന്നെ’’– സുഭാഷ്.

കൂടുതൽ വിവരങ്ങൾക്ക്

ബി. സുഭാഷ്, മാട്ടുകാരൻ, വട്ടവട, ഇടുക്കി. ഫോൺ: 8089563186

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA