ADVERTISEMENT

ചൂണ്ടയിൽ കുരുങ്ങുന്ന കേരളം 1

കേരളത്തിൽ മത്സ്യക്കൃഷി ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. വിദ്യാർഥികൾ മുതൽ ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചവർ വരെ മത്സ്യകൃഷിയിൽ ആകൃഷ്ടരായി മുന്നിട്ടിറങ്ങുന്നു. അതുകൊണ്ടുതന്നെ വലിയ തട്ടിപ്പുകൾക്കും മത്സ്യക്കൃഷി മേഖല സാക്ഷ്യം വഹിക്കുന്നു. അക്വാപോണിക്‌സ് മുതൽ ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പെൻപാക്ക് വരെ നീണ്ടുകിടക്കുന്ന തട്ടിപ്പിന്റെ കഥകൾ... പണം നഷ്ടപ്പെട്ട ഒട്ടേറെ പാവങ്ങൾ... കടക്കെണിയിൽ അകപ്പെട്ടവർ... ഇവർക്കെല്ലാം വേണ്ടി 'ചൂണ്ടയിൽ കുരുങ്ങുന്ന കേരളം'.

ശരീരത്തു തറച്ചാൽ എത്ര വലിച്ചാലും പറിഞ്ഞുപോകരുത്. അതാണല്ലോ ചൂണ്ടയുടെ പ്രവർത്തന തത്വം. അത്തരത്തിൽ ഒരിക്കലും പറിച്ചുമാറ്റാൻ കഴിയാത്തവിധത്തിൽ കുരുക്കിൽ പെടാവുന്ന മേഖലയാണ് ഇന്ന് മത്സ്യം വളർത്തൽ. വലിയ അധ്വാനമില്ലാതെ മികച്ച വരുമാനമുണ്ടാക്കാം എന്ന പ്രതീക്ഷയോടെയാണ് പലരും ഇതിലേക്ക് ചാടിയിറങ്ങുക. അതിൽത്തന്നെ ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചവരോ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കെത്തിയവരോ ആയിരിക്കും മോഹനവാഗ്‌ദാനങ്ങളിൽ അകപ്പെട്ട് അതിലേക്കിറങ്ങുക. സമൂഹമാധ്യമങ്ങളിൽ മത്സ്യകൃഷിയുടെ വാർത്തകളും വിശേഷങ്ങളും കണ്ട് ആകൃഷ്ടനായാണ് പത്തനംതിട്ട സ്വദേശി ജോസഫ് ഒരു വർഷം മുമ്പ് ഇതിലേക്ക് ഇറങ്ങിത്തിരിച്ചത്. അധ്യാപന ജീവിതത്തിൽനിന്നു വിരമിച്ചപ്പോൾ വിനോദത്തിനൊപ്പം വരുമാനമാകുമല്ലോ എന്നുകരുതിയാണ് അദ്ദേഹം മത്സ്യക്കൃഷിയെ കണ്ടത്. അന്ന് ഏറെ പ്രചാരത്തിലുണ്ടായിരുന്ന റാസ് (റീസർക്കുലേറ്റ‍ഡ് അക്വാകൾച്ചർ സിസ്റ്റം) ആയിരുന്നു ജോസഫ് ചെയത്. കുളമൊരുക്കിയ ഇനത്തിലും വെള്ളം ശുചീകരിക്കുന്നതിനും വാതായനം നടത്തുന്നതിനും വൈദ്യുതിക്കുമുള്ള സംവിധാനമൊരുക്കുന്നതിനും ലക്ഷങ്ങൾ ചെലവായി. എന്നാൽ നിക്ഷേപിച്ച മത്സ്യങ്ങൾക്ക് കാര്യമായ വളർച്ച ലഭിച്ചില്ലെന്നു മാത്രമല്ല വിൽക്കാറായപ്പോൾ വാങ്ങാൻ ആളുമില്ല. വിറ്റതിനോ തുച്ഛമായ വില മാത്രം ലഭിച്ചു. അതാവട്ടെ ചെലവാക്കിയതിന്റെ പത്തിലൊന്നുപോലും വരില്ല. ഇത് ഒരു ജോസഫിന്റെ മാത്രം പ്രശ്നമല്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള പലരുടെയും അവസ്ഥയാണ്. ഇവരെ കുരുക്കിൽ ചാടിക്കാൻ കച്ചവടക്കാരും മുളച്ചുപൊന്തുകയാണ്.

കൂണുപോലെ കച്ചവടക്കാരും കൺസൾട്ടന്റുമാരും

രണ്ടു മാസം തിലാപ്പിയയെ വളർത്തിയ എല്ലാവരും വലിയ മത്സ്യക്കൃഷി കൺസൾട്ടന്റാകുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്. മത്സ്യക്കൃഷി ചെയ്യുന്നതിനുള്ള നിർദേശത്തിനൊപ്പം കുഞ്ഞുങ്ങളുടെ വിപണവും ഇക്കൂട്ടർ ലക്ഷ്യമിടുന്നു. പശ്ചിമബംഗാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് തുച്ഛമായ വിലയ്ക്ക് നിലവാരം കുറഞ്ഞ മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെയെത്തിച്ചാണ് വിൽപന. അവിടെനിന്ന് ഇവിടെ കുഞ്ഞുങ്ങളെത്തുമ്പോൾ ഒരു കുഞ്ഞിന് ഒരു രൂപയിൽ താഴെ മാത്രമേ ചെലവ് വരൂ. അതുകൊണ്ടുതന്നെ ഒന്നര രൂപയ്ക്ക് മികച്ചതെന്ന പേരിൽ കുഞ്ഞുങ്ങളെ വിൽക്കാൻ ഇക്കൂട്ടർ ശ്രമിക്കുന്നു. ചെറിയ ഓർഡറുകളൊന്നും ഇക്കൂട്ടർക്ക് താൽപര്യമില്ല എന്നതാണ് മറ്റൊരു വസ്തുത. അതുകൊണ്ടുതന്നെ 100 എണ്ണത്തിനെ ആവശ്യമായ വ്യക്തിക്ക് 1000 എണ്ണം വിൽക്കുന്നവരുമുണ്ട്. കച്ചവടം മാത്രം ലക്ഷ്യമിടുന്നവരാണെങ്കിൽ കുഞ്ഞുങ്ങളെ കെട്ടിയേൽപ്പിച്ചുകഴിഞ്ഞാൽ അടുത്ത ഇരയെ തേടുകയായി.

100 മത്സ്യത്തെ ഇടാൻ വലുപ്പമുള്ള കുളത്തിൽ 1000 എണ്ണം എത്തിയാൽ പ്രാരംഭകാലത്ത് കുഴപ്പമൊന്നുമുണ്ടാവില്ല. വലുപ്പം കുറവായതിനാൽ അവയ്ക്ക് ആവശ്യമായ സ്ഥലമുണ്ടാകും എന്നു വിചാരിച്ചാണ് കൂടുതൽ എണ്ണം ഇടുക. മാത്രമല്ല വലിയ തുകയും ആയിട്ടില്ല. പക്ഷേ പ്രശ്നം തുടങ്ങുക രണ്ടു മാസം പിന്നിടുമ്പോഴായിരിക്കും. എണ്ണം കൂടുതലായതിനാൽ തീറ്റച്ചെലവ് കൂടും, വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറയും, അമോണിയ കൂടും മത്സ്യങ്ങളിൽ പ്രശ്നങ്ങൾ കണ്ടുതുടങ്ങും. തീറ്റയെടുപ്പ് കുറയുക, ശ്വസിക്കാൻ പറ്റാതെ വായ തുറന്നു നീന്തുക, ചത്തുപൊങ്ങുക എന്നിവ കാണാം. കർഷകർക്ക് ആധിയായി... ഉറക്കമില്ലായ്മയായി... 

കാഞ്ഞിരപ്പള്ളിയിൽ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് വലിയ പാറമട പാട്ടത്തിനെടുത്തു. ഏകദേശം 60 സെന്റ് വരും. ഉപയോഗശൂന്യമായി കിടന്നിരുന്ന പാറമടയായതിനാൽ അത് വൃത്തിയാക്കിയെടുക്കാൻ നല്ലൊരു തുക ചെലവു വന്നു. 60 സെന്റ് കുളത്തിൽ 12000 തിലാപ്പിയകളെ സാധാരണ രീതിയിൽ വളർത്താൻ കഴിയൂ. എന്നാൽ, ഇവർ അവർക്കു കുഞ്ഞുങ്ങളെ നൽകിയ ആളുടെ നിർദേശപ്രകാരം നിക്ഷേപിച്ചത് 28,000 കുഞ്ഞുങ്ങളെയാണ്. രണ്ടു മാസം പ്രശ്നമില്ലാതെ മുന്നോട്ടുപോയി. മത്സ്യങ്ങൾ അത്യാവശ്യം വളർച്ചയെത്തിയതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. മത്സ്യങ്ങൾ തീറ്റ എടുക്കുന്നില്ല. ആരോഗ്യക്കുറവ് കാണിക്കുന്നു. വെള്ളം പരിശോധിച്ചപ്പോൾ അമോണിയയുടെ അളവിൽ വലിയ കയറ്റം. വെള്ളം വറ്റിക്കുക പ്രായോഗികമായിരുന്നില്ല. അതുകൊണ്ടുതന്നെ വരുന്നിടത്തുവച്ചു കാണാം എന്ന പേരിൽ ആധിയോടെ മുന്നോട്ടുപോകുന്നു. വളർച്ച കുറഞ്ഞു. ഏപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന അവസ്ഥ.

ഇരയെ തേടുന്നത് സോഷ്യൽ മീഡിയ വഴി

നിരവധി സോഷ്യൽ മീഡിയ കൂട്ടായ്മകളുള്ളതിനാൽ കച്ചവടക്കാർക്ക് ഇരകളെ ലഭിക്കാൻ വലിയ പ്രയാസമില്ല. എല്ലാ കൂട്ടായ്മകളിലും വിൽപനപോസ്റ്റുകൾ തകൃതി. ഇനി ഒരു വ്യക്തി മത്സ്യകൃഷിയെക്കുറിച്ച് എന്തെങ്കിലും സംശയം ചോദിച്ചാലും അവിടെ പ്രത്യക്ഷപ്പെടുക വിൽപന പോസ്റ്റുകളായിരിക്കും. മത്സ്യക്കുഞ്ഞുങ്ങൾ വിൽപന്യ്ക്ക്... ട്രാൻസ്പോർട്ടേഷൻ അവൈലബിൾ... ടാങ്ക് നിർമിച്ചു നൽകും... എന്നിങ്ങനെ പട്ടിക നീളും.

കർഷകരേക്കാൾ കൂടുതൽ വിൽപനക്കാർ

രണ്ടു മൂന്നു വർഷം മുമ്പുവരെ സോഷ്യൽ മീഡിയ വഴി ഇത്തരത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വിൽപന അത്ര വ്യാപകമായിരുന്നില്ല. ഇന്ന് മത്സ്യക്കച്ചവടം നടത്തുന്നവരിൽ പലർക്കും സ്വന്തമായി കുളം പോലുമില്ല എന്നതാണ് മറ്റൊരു വസ്തുത. കൈ നനയാതെ മീൻപിടിക്കാം എന്ന മാർഗമായതിനാൽ വരുമാനം ലക്ഷ്യം കണ്ട് കച്ചവടത്തിലേക്കു തിരിയുന്നവർ നിരവധിയുണ്ട്. 

തുടരും

കച്ചവടം മാത്രമല്ല മത്സ്യക്കൃഷി പരിശീലനപരിപാടികളും മികച്ച വരുമാനമാണ് പലർക്കും നേടിക്കൊടുക്കുന്നത്. ഒപ്പം ആധുനിക മത്സ്യകൃഷി രീതികളും. അതേക്കുറിച്ചു നാളെ.

(മത്സ്യക്കൃഷിയിൽ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് വായനക്കാർക്കും പ്രതികരിക്കാം. പ്രതികരണം കമന്റായി രേഖപ്പെടുത്തുക.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com