sections
MORE

ക്ലാസുകളിൽ പങ്കെടുത്താൽ എല്ലാമായി, മത്സ്യക്കൃഷി നടത്തി ലാഭമുണ്ടാക്കാൻ പഠിച്ചു

HIGHLIGHTS
  • എന്തിനും ഏതിനും സോഷ്യൽ മീഡിയ, വ്ളോഗർമാരും ശ്രദ്ധിക്കണം
  • ഒന്നിനെയും അടച്ചാക്ഷേപിക്കുന്നില്ല
penpack-2
SHARE

ചൂണ്ടയിൽ കുരുങ്ങുന്ന കേരളം 2

മത്സ്യക്കൃഷിയിൽ പരിശീലനം  നടത്താൻ ഇന്ന് നിരവധി സ്വകാര്യ ഏജൻസികളും രംഗത്തുണ്ട്. റജിസ്ട്രേഷൻ ഫീസ് ഈടാക്കിയുള്ള പരിശീലനപരിപാടികൾ ആയതിനാൽ ഇത്തരത്തിലും നല്ലൊരു തുക വരുമാനമുണ്ടാക്കുന്നു. പലരിൽനിന്നും ചോദിച്ചറിഞ്ഞ അറിവുകൾ കോർത്തിണക്കി പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നവരുമുണ്ട്. ഒരാളിൽനിന്ന് ആയിരം രൂപയ്ക്കു മുകളിലാണ് ഇത്തരത്തിൽ ക്ലാസ് നടത്തുന്ന ഒരു വ്യക്തി വാങ്ങുന്നത്. ഇതുവഴി മികച്ച വരുമാനവും നേടുന്നു. ഒരു ചെറിയ കുളത്തിൽപ്പോലും മത്സ്യം വളർത്താത്തവരാണ് ഇക്കൂട്ടരെന്നാണ് രസകരമായ കാര്യം. മുമ്പ് റാസ് സംവിധാനത്തെക്കുറിച്ച് പരിശീലനപരിപാടികൾ നടത്തിയിരുന്ന ഒരു സംഘം ഇപ്പോൾ ബയോഫ്ലോക്കിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. റാസിലൂടെ നഷ്ടം വന്നവരും ഒട്ടേറെയുണ്ട്.

റാസും ബയോഫ്ലോക്കും പെൻപാക്കും പിന്നെ ഇന്റലിജെന്റ് അക്വാപോണിക്‌സും

റാസിന് വലിയ മുതൽമുടക്ക് വേണ്ടിവരും, ബയോഫ്ലോക്കിന് 24 മണിക്കൂറും വാതായനം വേണ്ടിവരും. എന്നാൽ, അതൊന്നും വേണ്ടാത്ത മത്സ്യക്കൃഷി സാങ്കേതികവിദ്യയാണ് അഡ്വാൻസ്‌ഡ് പെൻപാക്ക് എന്ന പേരിൽ സമീപകാലത്ത് കേരളത്തിൽ അവതരിപ്പിച്ചത്. പറഞ്ഞാൽ തീരാത്തയത്ര വിശേഷണങ്ങളും മികച്ച വളർച്ചയും വാഗ്‌ദാനം ചെയ്തായിരുന്നു പെൻപാക്കിന്റെ പ്രചാരകർ മത്സ്യപ്രേമികളെ ഇതിലേക്ക് ആകർഷിച്ചത്. കേരളത്തിനു പുറത്ത് തിലാപ്പിയ വളർത്തി വലിയൊരു തുക ബാധ്യതയിൽപ്പെട്ട ഒരു വ്യക്തി അവസാന കച്ചിത്തുരുമ്പ് എന്ന രീതിയിലാണ് പെൻപാക്ക് സംഘത്തിന്റെ സഹായം തേടിയത്. അവസാനം സാമ്പത്തിക ബാധ്യതയുടെ അളവിൽ രണ്ടു ലക്ഷം രൂപ കൂടി ചേർക്കപ്പെട്ടു. 

വളർത്തുന്നയാൾക്ക് സ്ഥലമില്ലെങ്കിൽ ഞങ്ങളുടെ സ്ഥലത്ത് മീൻ വളർത്താം എന്ന വാഗ്‌ദാനവുമായാണ് ഏറ്റവുമൊടുവിൽ ഇന്റലിജൻസ് അക്വാപോണിക്സ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. 150 മത്സ്യങ്ങൾ ഇടേണ്ട സ്ഥലത്ത് 5000 എണ്ണം നിക്ഷേപിക്കാമെന്നാണ് ഈ സ്റ്റാർട്ടപ്പിന്റെ അവകാശവാദം. അതുകൊണ്ടുതന്നെ എടുത്തുചാടിയുള്ള നിക്ഷേപങ്ങൾക്ക് മുതിരാത്തതാണ് നല്ലത്. 

എന്തിനും ഏതിനും സോഷ്യൽ മീഡിയ, വ്ളോഗർമാരും ശ്രദ്ധിക്കണം

ആദ്യ ലക്കത്തിൽ സൂചിപ്പിച്ചതുപോലെ കേവലം വിൽപനയ്ക്കു മാത്രമല്ല സോഷ്യൽ മീഡിയ ഉപയോഗിക്കപ്പെടുന്നത്. പുതുതായി കൊണ്ടുവരുന്ന ഏതെങ്കിലുമൊരു സംവിധാനം അത് വിജയിച്ചോ എന്ന് ശാസ്ത്രീയമായി പരിശോധിക്കുന്നതിനു മുമ്പേ പ്രചരിപ്പിക്കപ്പെടുകയാണ്. നൂതന രീതിയെന്ന പേരിൽ അതിലേക്ക് ആകൃഷ്ടരാകുന്നവരും ഒട്ടേറെയുണ്ട്. അതുകൊണ്ടുതന്നെ എന്തെങ്കിലും സംരംഭം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന വ്ളോഗർമാരും പ്രത്യേകം ശ്രദ്ധിക്കുക. തട്ടിപ്പു കമ്പനിക്കാണ് നിങ്ങൾ തലവച്ചു കൊടുക്കുന്നതെങ്കിൽ പ്രശ്നമുണ്ടായാൽ നിങ്ങളും കൂട്ടുപ്രതിയായേക്കാം.

നിങ്ങൾ തട്ടിച്ചോളൂ, ഇരയാകാൻ ഞാൻ തയാറാണ്

കേരളത്തിലെ ഒട്ടുമിക്ക ആളുകളുടെയും മാനസികാവസ്ഥ ഏതാണ്ട് ഇതുപോലെയാണ്. പണ്ട് തേക്കും മാഞ്ചിയവുമൊക്കെ വന്നതുപോലെ പുതിയ സംരംഭം കണ്ടാൽ കുതിച്ചുചാടാൻ ഒരുപാടുപേർ ഇന്നുമുണ്ട്. അതുകൊണ്ടുതന്നെ തട്ടിപ്പുകാരെ മാത്രം കുറ്റം പറയാൻ പറ്റില്ല. ഇതിലേക്ക് ഒന്നുമാലോചിക്കാതെ ചാടുന്നവരെയും കുറ്റപ്പെടുത്താതെ വയ്യ. അധ്വാനിക്കാതെ പണമുണ്ടാക്കണം, അതും വലിയ തോതിൽ എന്ന ചിന്തയാണ് ഇത്തരം തട്ടിപ്പുകാർക്ക് പ്രചോദനം. അതുകൊണ്ട് ഇത്തരം സംരംഭങ്ങൾ തുടങ്ങുമ്പോൾ രണ്ടാമതൊന്നുകൂടി ആലോചിക്കുക, പണം നിങ്ങളുടേത് മാത്രമാണ്.

ഒന്നിനെയും അടച്ചാക്ഷേപിക്കുന്നില്ല

ബയോഫ്ലോക്ക്, റാസ്, പെൻപാക്ക്, ഇന്റലിജെന്റ് അക്വാപോണിക്‌സ് എന്നിങ്ങനെയുള്ള ഒരു സംവിധാനത്തയും അടച്ചാക്ഷേപിക്കാനല്ല ഈ ലേഖനം. പകരം വരും വരായ്കകൾ മനസിലാക്കാതെ ഇതിലേക്ക് എടുത്തുചാടുന്നവർക്കൊരു മുന്നറിയിപ്പാണ്. ബയോഫ്ലോക്ക്, റാസ് തുടങ്ങിയവ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെങ്കിലും പ്രധാനമായും അവ ഉപയോഗിക്കുന്നത് വലിയ വിത്തുൽപാദനകേന്ദ്രങ്ങളിൽ മാതൃമത്സ്യങ്ങളെ ചുരുങ്ങിയ കാലം സംരക്ഷിക്കാൻവേണ്ടിയാണ്. അത്തരത്തിലുള്ള ചെറിയ സംവിധാനങ്ങളിൽ വളർച്ചയ്ക്കുവേണ്ടി മത്സ്യങ്ങളെ വളർത്തുന്നത് പ്രായോഗികമല്ല. ഇനി വളർത്തിയാൽത്തന്നെ വലിയ മുതൽ മുടക്കുണ്ടാകും. അതനുസരിച്ചുള്ള വിലയ്ക്ക് മത്സ്യങ്ങളെ വിൽക്കാനും കഴിയണം. ഇത്തരം സംവിധാനത്തിൽ കൃഷി ചെയ്തവരിൽ 80 ശതമാനം പേരും നഷ്ടത്തിൽത്തന്നെയാണ് എത്തിയത്. പെൻപാക്കും ഇന്റലിജെന്റ് അക്വാപോണിക്‌സും തൽക്കാലം ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ട. 

വേണം നിയന്ത്രണം

മത്സ്യക്കൃഷി മേഖലയിൽ തട്ടിപ്പുകൾ ദിനംപ്രതി ഉയരുകയാണ്. വളരെ പ്രതീക്ഷയോടെ മത്സ്യക്കൃഷിയിലേക്കിറങ്ങിയ പലരും നാണക്കേടോർത്ത് പുറത്തുപറയാത്തതാണ് തട്ടിപ്പുസംഘങ്ങളുടെ ബലം. പരാതിപ്പെട്ടാൽ കേസ് തീരാൻ വർഷങ്ങളാകും എന്നും പറഞ്ഞ് ഇരയായവരെ ഭീഷണിപ്പെടുത്തുന്നവരുമുണ്ട്. മത്സ്യക്കൃഷി മേഖലയിൽ വർധിച്ചുവരുന്ന തട്ടിപ്പുകൾക്കു തടയിടാൻ സീഡ് ആക്ട് കൊണ്ടുവരുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മത്സ്യക്കുഞ്ഞുങ്ങൾ, അനുബന്ധ ഉപകരണങ്ങൾ, പടുത എന്നിവ വിൽക്കുന്നവർക്ക് ലൈസൻസ് ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സർക്കാരിനും അനുബന്ധ ഏജൻസികൾക്കും മാത്രമേ ഇക്കാര്യത്തിൽ സാധാരണക്കാരെ സഹായിക്കാൻ കഴിയൂ. 

തുടരും

മികച്ച വളർച്ചയുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ സർക്കാർ ഏജൻസിയുണ്ട്. പക്ഷേ, അവരെ എന്തുകൊണ്ട് അവഗണിക്കുന്നു? അതേക്കുറിച്ചു നാളെ

(മത്സ്യക്കൃഷിയിൽ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് വായനക്കാർക്കും പ്രതികരിക്കാം. പ്രതികരണം കമന്റായി രേഖപ്പെടുത്തുക.)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA