ADVERTISEMENT

ചൂണ്ടയിൽ കുരുങ്ങുന്ന കേരളം 3

മത്സ്യക്കൃഷിക്ക് സർക്കാർ സഹായങ്ങൾ ഒട്ടേറെയുണ്ട്. പടുതക്കുളം തയാറാക്കാൻ മുതൽ മത്സ്യക്കുഞ്ഞുങ്ങളെയും തീറ്റയും വാങ്ങാൻ വരെ സബ്‌സിഡി ലഭിക്കും. സബ്‌സിഡിയിൽ കണ്ണുവച്ച് ഇതിലേക്ക് ചാടിയിറങ്ങുന്നവരുമുണ്ട്. മുമ്പ് കേരളത്തിൽ സബ്‌സിഡി നൽകി കെട്ടിപ്പൊക്കിയ പോളിഹൗസുകളിൽ എത്രയെണ്ണം ഇപ്പോൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് അന്വേഷിച്ചാൽ മനസിലാകും. 

മത്സ്യക്കൃഷി സർക്കാർ പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും കർഷകർക്ക് സബ്‌സിഡിയല്ലാതെ വിദഗ്‌ധ ഉപദേശങ്ങളും നിർദേശങ്ങളും നൽകാൻ കഴിയുന്ന ഉദ്യോഗസ്ഥർ വിരളമാണെന്ന ആക്ഷേപമുണ്ട്. അതുപോലെതന്നെ കേരള സർക്കാർ വിതരണം ചെയ്യുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ പേരിലുമുണ്ട് ആക്ഷേപം. സ്വന്തമായി ഹാച്ചറിയുണ്ടെങ്കിലും സ്വകാര്യ ബ്രീഡർമാരുടെയോ കച്ചവടക്കാരുടെയോ സഹായമില്ലാതെ കേരളത്തിൽ മത്സ്യസമൃദ്ധി പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. സർക്കാർ ഹാച്ചറികളിൽനിന്നുള്ള വിത്തുൽപാദനം ആവശ്യമുള്ളയത്രയും ഇല്ല എന്നതുതന്നെ ഇതിനു കാരണം. അതുകൊണ്ടുതന്നെ ബംഗ്ലാദേശിൽനിന്നുള്ള കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്യുന്ന കച്ചവടക്കാർ വഴിയാണ് സർക്കാർ ഈ വിടവ് നികത്തുന്നത്. തിലാപ്പിയ (ആർജിസിഎയിൽനിന്നുള്ള ഗിഫ്റ്റും പുറത്തുനിന്നുള്ള എംഎസ്‌ടിയും), വാള, ഇന്ത്യൻ മേജർ കാർപ്പുകൾ തുടങ്ങിയവ സംസ്ഥാന സർക്കാരിന്റെ മത്സ്യസമൃദ്ധി പദ്ധതിയിൽ ഇടംപിടിച്ചിട്ടുള്ളതാണ്.

പരിശീലനത്തിനും വേണം സർക്കാർ സഹായം

മത്സ്യക്കൃഷിക്ക് സബ്‌സിഡി എന്ന വാഗ്ദാനം മാത്രമല്ല കർകർക്കു വേണ്ടത്. ആവശ്യമായ സാങ്കേതിക അറിവുകളും പകർന്നു നൽകാൻ സർക്കാർ വകുപ്പുകൾക്കു കഴിയണം. വെള്ളത്തിൽ വരച്ച വരപോലെയുള്ള കണക്കുകൾ നിരത്തിയുള്ള പരിശീലനമല്ല കർഷകർക്ക് ആവശ്യം. നഷ്ടമുണ്ടാകാതെ എങ്ങനെ മത്സ്യക്കൃഷി നടത്താം എന്നാണ് പഠിപ്പിക്കേണ്ടത്. അതുകൊണ്ടുതന്നെ അക്വാപോണിക്‌സ്, ബയോഫ്ലോക്ക്, റാസ്, പെൻപാക്ക് തുടങ്ങിയ സംവിധാനങ്ങളുടെ പ്രചാരകർ നൽകുന്ന ക്ലാസിനല്ല പ്രാധാന്യം കൽപ്പിക്കേണ്ടത്. 

എണ്ണത്തിലും തട്ടിപ്പ്

നിശ്ചിത എണ്ണത്തിനാണ് സർക്കാർ ടെൻഡർ ക്ഷണിച്ച് കരാർ നൽകുന്നതെങ്കിലും കർഷകർക്കു വിതരണം ചെയ്യുന്ന പാക്കറ്റുകളിലെ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് ഇത്തരത്തിൽ വിതരണം ചെയ്ത മത്സ്യക്കുഞ്ഞുങ്ങളെ എണ്ണിത്തിട്ടപ്പെടുത്തി എണ്ണത്തിൽ കുറവുണ്ടെന്ന് സ്ഥിരീകരിച്ചുള്ള കർഷകരുടെ വിഡിയോയും പുറത്തുവന്നിരുന്നു. എണ്ണത്തിൽ കൃത്രിമം കാണിക്കുന്നതു വഴി ലക്ഷങ്ങളുടെ വെട്ടിപ്പാണ് അവിടെ നടക്കുക. അതുകൊണ്ടുതന്നെ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ കർഷകർ എണ്ണം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

വില അൽപം കൂടുതലെങ്കിലും ഗുണം മെച്ചം

ഇന്ത്യയിൽ മികച്ചയിനം മത്സ്യങ്ങളുടെ വിത്തുൽപാദനം നടത്തി കർഷകരിലെത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ). എംപിഇഡിഎക്കുവേണ്ടി രാജീവ് ഗാന്ധി സെൻട്രൽ ഫോർ അക്വാകൾച്ചർ (ആർജിസിഎ) ആണ് മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നത്. ഗിഫ്റ്റ്, കാളാഞ്ചി, ചെമ്മീൻ, ഞണ്ട് തുടങ്ങിയവയുടെ കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുകയാണ് ആർജിസിഎ ചെയ്യുക. 

മലേഷ്യയിലെ വേൾഡ് ഫിഷ് സെന്ററിൽനിന്ന് നേരിട്ട് ഇറക്കുതി ചെയ്ത ഗിഫ്റ്റ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) ആണ് ആർജിസിഎയുടെ വിത്തുൽപാദനകേന്ദ്രത്തിലെ മാതൃമത്സ്യങ്ങൾ. വേൾഡ് ഫിഷ് അനുശാസിക്കുന്ന നിബന്ധനകൾ പാലിച്ച് മികച്ച പരിചരണം നൽകിയാണ് ഇവിടെ കുഞ്ഞുങ്ങളുടെ ഉൽപാദനം നടത്തുക. ഒരു തരത്തിലമുള്ള രോഗങ്ങൾ മത്സ്യക്കുഞ്ഞുങ്ങൾക്കില്ല എന്നുറപ്പുവരുത്തിയശേഷമാണ് വിൽപന. അതുകൊണ്ടുതന്നെ മാർക്കറ്റിൽ തുച്ഛമായ വിലയ്ക്കു ലഭിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളേക്കാളും വില അൽപം കൂടുമെന്ന് എംപിഇഡിഎ ചെയർമാൻ കെ.എസ്. ശ്രീനിവാസ് കർഷകശ്രീയോടു പറഞ്ഞു. 

വിജയവാഡയിൽനിന്നാണ് ഗിഫ്റ്റ് പ്രധാനമായും കേരളത്തിലെത്തുന്നത്. എന്നാൽ, കേരളത്തിൽ ഏറെ കണ്ടുവന്നിരുന്ന കാരച്ചെമ്മീന്റെ വിത്തുൽപാദനം കൊച്ചി വല്ലാർപാടത്തുള്ള ആർജിസിഎ സെന്ററിൽ തുടങ്ങിയിട്ടുണ്ട്. ഉൾക്കടലിൽനിന്ന് മത്സ്യത്തൊഴിലാളികൾക്കു ലഭിക്കുന്ന കാരച്ചെമ്മീനുകളിൽ നല്ലതിനെ തെരഞ്ഞെടുത്താണ് മാതൃശേഖരം വിപുലപ്പെടുത്തുന്നത്. അടുത്തിടെ ഇത്തരത്തിൽ ലഭിച്ച 77 കാരച്ചെമ്മീനുകളിൽ ഒരു തരത്തിലുമുള്ള രോഗവും കാണപ്പെടാത്തത് 22 എണ്ണത്തിനു മാത്രമായിരുന്നു. അവയെ മാത്രമാണ് ഹാച്ചറിയിലേക്കു പ്രവേശിപ്പിച്ചതെന്ന് എംപിഇഡിഎ സെക്രട്ടറി ബി. ശ്രീകുമാർ പറഞ്ഞു. കാളാഞ്ചിയുടെ വിത്തുൽപാദനം തമിഴ്നാട്ടിലെ ഹാച്ചറിയിലാണ്. ഇവയുടെയെല്ലാം കുഞ്ഞുങ്ങൾ ബുക്ക് ചെയ്യുന്നതനുസരിച്ച് മാത്രേ കർഷകർക്കു ലഭ്യമാകൂ.‌ 

കുഞ്ഞുങ്ങളെ ലഭ്യമാകുന്നതിനുള്ള ബുക്കിങ്ങും കാലതാമസവും ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതുതന്നെയാണ് മറ്റുറവിടങ്ങൾ തേടി കർഷകർ പോകാൻ കാരണം. സംസ്ഥാനസർക്കാരിനും ഇതല്ലാതെ മറ്റു വഴിയില്ലാത്ത അവസ്ഥ.

fish-2
ബംഗ്ലാദേശിലെ ഒരു തിലാപ്പിയ ഹാച്ചറിയിൽ മാതൃമത്സ്യങ്ങളെ സംരക്ഷിച്ചിരിക്കുന്ന ഹാപ്പകൾ.

എന്തുകൊണ്ട് ബംഗ്ലാദേശ്?

ഇന്ത്യയിലെ ആവശ്യത്തിനുള്ള കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ കഴിയുന്നയത്രയും ഹാച്ചറികൾ ഇല്ല എന്നതുതന്നെയാണ് പോരായ്മ. ബംഗ്ലാദേശിൽ സർക്കാർ അംഗീകൃത നാനൂറിൽപ്പരം ഹാച്ചറികളുണ്ടെന്നുള്ളതാണ് വലിയ തോതിൽ കുഞ്ഞുങ്ങൾ അതിർത്തി കടന്നു വരാൻ കാരണം. ഇന്ത്യയിൽ ഹാച്ചറികളുടെ എണ്ണം വർധിപ്പിച്ച് കുഞ്ഞുങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം. 

തുടരും

മത്സ്യക്കൃഷി രീതി ഒരുപാട് മെച്ചപ്പെട്ടെങ്കിലും സർക്കാർ തലത്തിൽ പരമ്പരാഗത മത്സ്യക്കൃഷി രീതികളാണ് ഇപ്പോഴും സ്വാഗതം ചെയ്യുന്നത്. എന്തായിരിക്കാം അതിനു കാരണം? അതേക്കുറിച്ചു നാളെ

(മത്സ്യക്കൃഷിയിൽ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് വായനക്കാർക്കും പ്രതികരിക്കാം. പ്രതികരണം കമന്റായി രേഖപ്പെടുത്തുക.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com