ADVERTISEMENT

അമ്മിണിപ്പശുവിന്റെ ശരീര ഊഷ്മാവ് 36.35 ഡ്രിഗ്രി സെൽഷ്യസായി ഉയർന്നിരിക്കുന്നു, ശ്രദ്ധിക്കുക – നിങ്ങൾ ലോകത്ത് എവിടെ ആയിരുന്നാലും മൊബൈലിൽ ഇത്തരമൊരു മുന്നറിയിപ്പ് നൽകാൻ തൊഴുത്തുകൾതോറും ഒരു ഏർപ്പാടുണ്ടെങ്കിൽ... ആയിരക്കണക്കിനു ക്ഷീരകർഷകർക്ക് ആശ്വാസകരമായ ഇത്തരമൊരു സംവിധാനം വികസിപ്പിക്കുകയാണ് എറണാകുളം ജില്ലയിലെ യുവ എൻജിനീയർമാരായ ശ്രീശങ്കറും റോമിയോയും. രോഗസാധ്യതയും മദികാലവുമൊക്കെ കൃത്യമായി തിരിച്ചറിഞ്ഞു വേണ്ട നടപടികൾ സ്വീകരിക്കാൻ ഇത് കർഷകരെ സഹായിക്കും. കുത്തിവയ്പിക്കേണ്ട സമയത്ത് പശുവിനെ കുത്തിവയ്പിച്ചില്ലെങ്കിലുണ്ടാകുന്ന വരുമാനനഷ്ടം ക്ഷീരകർഷകരോടു പറഞ്ഞു കൊടുക്കേണ്ടതില്ല. അടുത്ത പ്രസവം ഒരു മാസം വൈകുമ്പോൾ നഷ്ടമാകുന്നത് ആയിരക്കണക്കിനു രൂപയായിരിക്കും. പക്ഷേ, എട്ടും പത്തും പശുക്കളുള്ള ചെറുകിടകർഷകർക്ക് അവ മദിയാകുന്നതു നോക്കി വീട്ടിലിരിക്കാനാകുമോ? കല്യാണത്തിനും മൃതസംസ്കാരത്തിനുമൊക്കെ പോകാൻ അവരും നിർബന്ധിതരാണ്.

എന്നാൽ, പശു മദിലക്ഷണം കാണിച്ചതായി അറിയാൻ കഴിഞ്ഞാൽ വിദൂരത്തിരുന്നുതന്നെ കുത്തിവയ്പിനുള്ള ഏർപ്പാടുകൾ ചെയ്യാനാകും.  ഹൈടെക് ഫാമുകളിൽ മാത്രമുള്ള ഈ സ്മാർട്ട് ഫാമിങ് സംവിധാനം കുറഞ്ഞ ചെലവിൽ ചെറുകിടക്കാരുടെ തൊഴുത്തുകൾക്കും പ്രാപ്യമാക്കുകയാണ് ഇരുവരും ചേർന്നു സ്ഥാപിച്ച ബ്രെയിൻ വയേർഡ് എന്ന സ്റ്റാർട്ടപ് സംരംഭം.

രണ്ടുപേരും ഇലക്ട്രോണിക്സ് എൻജിനീയർമാർ. പശുവളർത്തലുമായി കാര്യമായ ബന്ധവുമില്ല. കുട്ടിക്കാലത്ത് വല്യപ്പന്റെ പശുവളർത്തൽ കണ്ടിട്ടുള്ള റോമിയോയ്ക്കാണ് തൊഴുത്തിലെ കാര്യങ്ങളിൽ അൽപമെങ്കിലും മുൻപരിചയം. പഠിച്ചെടുത്ത സാങ്കേതികവിദ്യകൾ സാധാരണക്കാർക്ക് പ്രയോജനപ്പെടുത്തുന്ന സംരംഭമുണ്ടാക്കണമെന്ന് ആരക്കുന്നത്തെ ടോക് എച്ച് എൻജിനീയറിങ് കോളജിൽ പഠിക്കുമ്പോൾതന്നെ ഇരുവരും തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച ആലോചനകളിൽ ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ റോമിയോ ചൂണ്ടിക്കാട്ടിയതോടെ തീരുമാനം എളുപ്പമായി. ആദ്യഘട്ടമായി പശുവളർത്തൽ തിരഞ്ഞെടുത്തെങ്കിലും വരും വർഷങ്ങളിൽ മറ്റു മൃഗങ്ങൾക്കും സമാനസേവനം ലഭ്യമാക്കാനാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കളമശേരിയിലെ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന ഈ സംരംഭം 2018 ഫെബ്രുവരിയിലാണ് പ്രവർത്തനമാരംഭിച്ചത്. 

smart-farm
റോമിയോയും ശ്രീശങ്കറും

പശുവിന്റെ ശരീരത്തിലെ മാറ്റങ്ങൾ നിരീക്ഷിച്ച് കൃത്യസമയത്ത് ശാസ്ത്രീയമായ പരിചരണം ഉറപ്പാക്കാൻ ഇവർ രൂപകൽപന ചെയ്ത വീസ്റ്റോക്ക് എന്ന നിരീക്ഷണസംവിധാനം  സഹായിക്കും. രണ്ടു രീതിയിലാവും ഇത് പ്രയോജനപ്പെടുക – മദികാലം കൃത്യമായ തിരിച്ചറിഞ്ഞു ബീജാധാനം നടത്തുന്നതിനും ആരോഗ്യനിലയിലുണ്ടാകുന്ന മാറ്റങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിനും. കൃത്യസമയത്ത് ബീജാധാനം നടത്തിയാൽ മാത്രമേ യഥാസമയം ചെന പിടിച്ച് പരമാവധി ഉൽപാദനക്ഷമത കൈവരിക്കാനാകൂ. രോഗങ്ങൾ മുൻകൂട്ടിയറിയുന്നത്  പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിനും ചികിത്സച്ചെലവ് കുറയ്ക്കുന്നതിനും സഹായിക്കും. പകർച്ചവ്യാധികളാണെങ്കിൽ പശുക്കളെ തൊഴുത്തിൽനിന്ന് മാറ്റിനിർത്തുകയുമാവാം. ഉരുക്കളുെട ആരോഗ്യം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കിട്ടുന്നതിനാൽ ഇൻഷുറൻസ് കമ്പനികൾക്ക് കുറഞ്ഞ പ്രീമിയം നൽകിയാൽ മതി. സംരംഭം വികസിപ്പിക്കുന്നതിനാവശ്യമായ വായ്പ ക്രമീകരിക്കുന്നതിനുപോലും ഇത്തരം വിവരങ്ങൾ സഹായകമാകും. ഓരോ പശുവിനെയും കുറിച്ചുള്ള വിവരശേഖരം  പശുക്കളുടെ ക്രയവിക്രയം സുതാര്യവും ആശങ്കാരഹിതവുമാക്കും

വിവരങ്ങൾ ഐഒടി സാങ്കേതികവിദ്യയിലൂടെ കൈമാറിയാണ് വിദൂര രോഗനിർണയവും മദിനിർണയവുമൊക്കെ സാധ്യമാക്കുന്നത്. ഇതിനായി ഓരോ പശുവിന്റെയും ചെവിയിൽ സെൻസറുകളുള്ള ഒരു കമ്മൽ (ടാഗ്) ഘടിപ്പിക്കും. ഓരോ കമ്മലിൽനിന്നും അപ്പപ്പോൾ ലഭിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിലൂടെ ക്ലൗഡ് കംപ്യൂട്ടിങ് അടിസ്ഥാനമാക്കിയ മെഷീൻ ലേണിങ് സംവിധാനത്തിലെത്തുന്നു. ശരീര ഊഷ്മാവ് മാത്രമല്ല, തലയുടെ ചലനങ്ങൾ, മേഞ്ഞുനടക്കുന്ന രീതി, അയവെട്ടൽ തുടങ്ങി വ്യത്യസ്ത തരം വിവരങ്ങൾ ഇപ്രകാരം ശേഖരിക്കാനാവും. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉരുക്കളുടെ ആരോഗ്യനില വിശകലനം ചെയ്യാനും നിഗമനങ്ങൾ കൃഷിക്കാരെ അറിയിക്കാനും ഈ സംവിധാനത്തിനു സാധിക്കും.  പശുക്കളുടെ പെരുമാറ്റം വ്യത്യസ്ത ശൈലിയിലായിരിക്കുമെന്നതിനാൽ ഓരോ പശുവിന്റെയും സ്വാഭാവിക രീതികൾ മുൻകൂട്ടി വേർതിരിച്ചറിയാനും മെഷീൻ ലേണിങ്ങിലൂടെ സാധിക്കും. ഇത്തരം സ്വാഭാവികരീതികളിൽനിന്നു മാറ്റം വരുമ്പോൾ മാത്രമാവും മുന്നറിയിപ്പുണ്ടാവുക.  ഉരുക്കൾ കൃഷിയിടത്തിനു പുറത്തുകടക്കുന്നത് തിരിച്ചറിയാൻ  വി സ്റ്റോക്കിൽ ജിപിഎസ് അധിഷ്ഠിത സംവിധാനമുണ്ട്.

രോഗനിർണയം മാത്രമല്ല മികച്ച വെറ്ററിനറി വിദഗ്ധരുടെയും പരിചയസമ്പന്നരായ കൃഷിക്കാരുടെയും ഉപദേശങ്ങളും വി–സ്റ്റോക്ക് ആപ്പിലൂടെ നൽകാനാവും.

ഇതിനകം വി–സ്റ്റോക്കിന്റെ രണ്ട് പ്രോട്ടോടൈപ്പുകൾ തയാറാക്കിയ  ശ്രീശങ്കറും റോമിയോയും അവയുടെ പൈലറ്റ് ടെസ്റ്റ് നടത്തിവരികയാണ്. തിരുനെൽവേലിയിലെ ഒരു ഫാമിലും സ്വന്തം പരീക്ഷണശാലയിലുമായാണിത്.  പരീക്ഷണഘട്ടം കഴിഞ്ഞാലുടൻ  വി–സ്റ്റോക്കിന്റെ സേവനം കൃഷിക്കാർക്ക് ലഭ്യമാക്കും. ഇതിനായി മൂന്നു രീതിയിലുള്ള വരിസംഖ്യാ പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. വി സ്റ്റോക് ബേസിക്, പ്രോ, അഡ്വാൻസ്ഡ് എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതികൾക്ക് പ്രതിമാസം 40 രൂപ മുതൽ 110 രൂപ വരെയായിരിക്കും വരിസംഖ്യ. സേവനം തൃപ്തികരമല്ലാത്തവർക്ക് 45 ദിവസത്തിനകം തിരികെ നൽകാനും അവസരമുണ്ട്. ഫോൺ: 9995299132.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com