ADVERTISEMENT

ജാതിമരങ്ങൾ തലയുയർത്തിപ്പിടിച്ചുനിൽക്കുന്ന പുരയിടത്തിൽ അങ്ങിങ്ങായി നാലഞ്ച് പടുതക്കുളങ്ങൾ, വീടിനു പിറകിലായി രണ്ടു മൂന്നു ഷെഡുകൾ, ഷെഡിൽ ഫ്രിഡ്ജ് ബോക്സിലും ഗ്ലാസ് ടാങ്കുകളിലും ചെറിയ പടുതക്കുളങ്ങളിലുമായി വിവിധയിനം അലങ്കാരമത്സ്യങ്ങൾ വിഹരിക്കുന്നു. ഇതാണ് മൂവാറ്റുപുഴ നടുക്കര തയ്യിൽ മനോജ് തോമസിന്റെ മത്സ്യലോകം. റെഡ് സെവറവും റെഡ് ക്യാപ് എയ്ഞ്ചലുമാണ് മനോജിന് മികച്ച വരുമാനം നേടിക്കൊടുക്കുന്നത്. സെവറത്തിന്റെയും റെഡ് ക്യാപ് എയ്ഞ്ചലിന്റെയും ഗപ്പികളുടെയും നിലവാരമുള്ള മാതൃശേഖരത്തിൽനിന്ന് കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചാണ് വിപണനം. ഇവയിൽനിന്നുള്ള മാസവരുമാനം 40,000 രൂപയോളം വരും.

പത്തു വർഷം മുമ്പ് സമുദ്രോൽപന്ന കയറ്റുമതി വികസന അഥോറിറ്റിയുടെ (എംപിഇഡിഎ) ഒരു പ്രോജക്ടിൽനിന്നാണ് മനോജ് തന്റെ മത്സ്യലോകം പടുത്തുയർത്തിയത്. ആദ്യകാലങ്ങളിൽ വിവിധയിനം ഓസ്കറുകളായിരുന്നു ബ്രീഡ് ചെയ്തിരുന്നത്. എന്നാൽ, വിപണിയിൽ ഓസ്കറുകൾക്ക് സ്വീകാര്യത കുറഞ്ഞതോടെ സെവറത്തിലേക്കും എയ്‌ഞ്ചലുകളിൽ സൗന്ദര്യമുള്ള റെഡ് ക്യാപ്പിലേക്കും തിരിയുകയായിരുന്നു. തിളങ്ങുന്ന മേനിയും തലയിൽ ചുവപ്പു തൊപ്പിയുമണിഞ്ഞ ഈ ഇനത്തിന് ചന്തമേറെയാണ്. ജാതിത്തോട്ടത്തിലെ കുളങ്ങളിൽ ജയന്റ് ഗൗരാമികളാണ് വിഹരിക്കുന്നത്. 

സെവറം, എയ്ഞ്ചൽ, ഗപ്പി കുഞ്ഞുങ്ങൾക്ക് മികച്ച തീറ്റകൾ നൽകിയാണ് വളർത്തിയെടുക്കുന്നത്. ആർട്ടീമിയ, മൊയ്ന എന്നിവയാണ് ലൈവ് ഫീഡായി കൊടുക്കുക. ആദ്യത്തെ ഇരുപത് ദിവസം ആർട്ടീമിയ മാത്രമാണ് കുഞ്ഞുങ്ങളുടെ ഭക്ഷണം. ദിവസവും രണ്ടു നേരം ഭക്ഷണം. സെവറം 2–3 സെന്റീമീറ്റർ വലുപ്പത്തിലാണ് വിൽപന. കുഞ്ഞുങ്ങളെ ഗ്രേഡ് ചെയ്ത് നിലവാരമുള്ളവയെ മാത്രമാണ് വിപണിയിലെത്തിക്കുന്നത്. 

manoj-severum
സെവറം

റെഡ് സെവറത്തിന്റെ പ്രായപൂർത്തിയായവയ്ക്കു മാത്രമേ ശരീരത്തിൽ ചുവപ്പുനിറം കാണൂ. കുഞ്ഞുങ്ങൾക്ക് മഞ്ഞ കലർന്ന വെളുപ്പു നിറമായിരിക്കും. ഒരു വർഷം പ്രായമാകുമ്പോഴാണ് ഇവയുടെ സൗന്ദര്യം പൂർണമായി പ്രകടമാകൂ.

സെവറത്തിന്റെ വലിയ മത്സ്യങ്ങൾക്ക് ടെട്രാബിറ്റും പച്ചച്ചെമ്മീനുമാണ് ഭക്ഷണമായി നൽകുക. എയ്​‌ഞ്ചലിന് ടെട്രാബിറ്റ് മാത്രമാണ് നൽകുന്നത്. രണ്ടു നേരം ഭക്ഷണം നൽകും. 

manoj-angell
മാലാഖമത്സ്യങ്ങൾ

മൂന്നു ദിവസം കൂടുമ്പോൾ 30 ശതമാനം വെള്ളം മാറ്റിനൽകും. അതുകൊണ്ടുതന്നെ ടാങ്ക് എപ്പോഴും വൃത്തിയായിരിക്കും. മാത്രമല്ല മത്സ്യങ്ങൾക്ക് ആരോഗ്യവുമുണ്ടായിരിക്കും. സ്പോഞ്ച് ഫിൽറ്റർ അഞ്ചു ദിവസം കൂടുമ്പോൾ വൃത്തിയാക്കും. 

മത്സ്യങ്ങൾ മാത്രമല്ല മൊയ്‌ന, ഡാഫ്നിയ, പാരമീസിയം തുടങ്ങിയ ലൈഫ് ഫീഡുകളും മനോജിന് മികച്ച വരുമാനം നേടിക്കൊടുക്കുന്നുണ്ട്. പെരുമ്പാവൂരിനടുത്ത് കീഴില്ലത്ത് പ്രവർത്തിക്കുന്ന സഹ്യാദ്രി അക്വേറിയം ഫിഷ് പ്രൊഡ്യൂസർ കമ്പനിയിലൂടെയാണ് വിൽപന. കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗംകൂടിയാണ് മനോജ്. മൊയ്‌ന കൾച്ചറും കമ്പനിയിലൂടെ വിൽക്കുന്നു. ഒരു ലക്ഷം രൂപയുടെ മൊയ്‌ന ഇതുവരെ കമ്പനിയിലൂടെതന്നെ വിറ്റിട്ടുണ്ടെന്നും മനോജ്.

അമ്മ മേരി, ഭാര്യ മഞ്ജുഷ, മക്കളായ മെൽവിൻ, ജിയോ എന്നിവരടങ്ങുന്നതാണ് കുടുംബം.

കൂടുതൽ വിവരങ്ങൾക്ക്: 8848851829

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com