ADVERTISEMENT

എംപിഇഡിഎ ചെയർമാൻ കെ.എസ്. ശ്രീനിവാസ് ഐഎഎസുമായി നടത്തിയ കൂടിക്കാഴ്ചയുടെ പ്രസക്ത വിവരങ്ങൾ

കേരളം മുമ്പ് മത്സ്യക്കൃഷിയിൽ ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇന്ന് പിന്നിലാണ്. ഉൽപാദനത്തിൽ മറ്റു സംസ്ഥാനങ്ങൾ എറെ മെച്ചെപ്പെട്ടതാണ് കേരളം പിന്നോട്ടാകാൻ കാരണം. കേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന കാരച്ചെമ്മീൻ ഇപ്പോൾ ഇല്ലാതായ അവസ്ഥയാണ്. പകരം വനാമിയാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. കാരച്ചെമ്മീന്റെ കൃഷി പ്രോത്സാഹിപ്പിക്കാനായി വിത്തുൽപാദനം എംപിഇഡിഎ തുടങ്ങിയിട്ടുണ്ട്. വല്ലാർപാടത്തെ ഹാച്ചറിയിൽ ഇതിനോടകം 30 ലക്ഷത്തോളം കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു. ബുക്കിങ് അനുസരിച്ച് ഇത് കർഷകരിലേക്ക് എത്തിക്കും.

കൂടുതൽ ഇനങ്ങൾ

പത്തു വർഷം മുമ്പ് വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസ്  മൂലമാണ് കാരച്ചെമ്മീൻ വ്യാപകമായി ചത്തൊടുങ്ങിയത്. കാരച്ചെമ്മീൻ നാമാവശേഷമായിടത്തേക്കാണ് വനാമിയുടെ കടന്നുവരവ്. വനാമിക്കും രോഗം വന്നാൽ ഇനിയെന്ത് എന്ന ചോദ്യം വരാം. അതിന് മുന്നോടിയായാണ് കാരച്ചെമ്മീൻ വിത്തുൽപാദനം കൊച്ചിയിൽ തുടങ്ങിയത്. ഇതുകൂടാതെ തിലാപ്പിയ (ഗിഫ്റ്റ്), കാളാഞ്ചി, ഞണ്ട് തുടങ്ങിയവയും വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു.

അഞ്ചു ലക്ഷം രൂപ വരെ സഹായം

ഇപ്പോൾ പ്രധാനമായും പരമ്പരാഗത രീതിയിലുള്ള മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. കർഷകർക്ക് അവരുടെ പദ്ധതിച്ചെലവിന്റെ 50 ശതമാനം വരെ (ഹെക്ടറിന് പരമാവധി 5 ലക്ഷം രൂപ) സബ്‌സിഡി നൽകാനുള്ള പദ്ധതിയാണ് ഇപ്പോൾ എംപിഇഡിഎക്കുള്ളത്. എംപിഇഡിഎയിൽ റജിസ്റ്റർ ചെയ്ത കർഷകർക്കാണ് ഈ സഹായം ലഭിക്കുക.

ചെമ്മീൻ ലഭ്യതക്കുറവ്

കയറ്റുമതിക്കായി മതിയായ അളവിൽ ചെമ്മീൻ ഇപ്പോൾ കേരളത്തിൽ ലഭ്യമല്ല. അതുകൊണ്ടുതന്നെ വിൽപനയ്ക്ക് ബുദ്ധിമുട്ടുണ്ടാവില്ല. ചെമ്മീൻ ഉൽപാദിപ്പിച്ചാൽ വിൽക്കാൻ എംപിഇഡിഎ സഹായിക്കും. എന്നാൽ, നേരിട്ട് എംപിഇഡിഎ വാങ്ങില്ല.

രോഗവാഹകരല്ലാത്ത കുഞ്ഞുങ്ങളെ വളർത്തണം (ബി. ശ്രീകുമാർ, സെക്രട്ടറി, എംപിഇഡിഎ)

ഗിഫ്റ്റ്, കാരച്ചെമ്മീൻ, കാളാഞ്ചി തുടങ്ങിയവയുടെ മികച്ച കുഞ്ഞുങ്ങളെ നൽകാൻ എംപിഇഡിഎ ശ്രദ്ധിക്കുന്നു. ഒട്ടേറെ പരിശോധനകൾ നടത്തി അസുഖം ഇല്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമാണ് മാതൃശേഖരത്തെ ഹാച്ചറിയിലേക്ക് പ്രവേശിപ്പിക്കുക. 

മലേഷ്യയിലെ വേൾഡ് ഫിഷ് സെന്ററിൽനിന്ന് നേരിട്ടെത്തിച്ച മാതൃശേഖരത്തിൽനിന്നാണ് ഗിഫ്റ്റ് ആർജിസിഎ ഉൽപാദിപ്പിക്കുന്നത്. തിലാപ്പിയ വൈറസ് ഇല്ല എന്നുറപ്പാക്കിയ കുഞ്ഞുങ്ങളെയാണ് കർഷകർക്കു നൽകുക. എന്നാൽ, സ്വകാര്യ ഹാച്ചറികളിൽനിന്നുള്ള ഗുണനിലവാരമില്ലാത്ത കുഞ്ഞുങ്ങളെ ഗിഫ്റ്റ് എന്ന പേരിൽ വിൽക്കുന്ന പ്രവണത വ്യാപകമായുണ്ട്. അത്തരം കുഞ്ഞുങ്ങളിൽ തിലാപ്പിയ വൈറസ് കാണപ്പെടുന്നു. അത് മത്സ്യങ്ങളുടെ വളർച്ച കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ ഗുണനിലവാരമുള്ള കുഞ്ഞുങ്ങളെ വാങ്ങാൻ കർഷകർ ശ്രദ്ധിക്കണം.

വിൽപനയ്ക്ക് സീഫുഡ് ഇന്ത്യ ബ്രാൻഡ്

ഉപഭോക്താക്കൾക്ക് മീൻ ഇനങ്ങളും മീൻ വിഭവങ്ങളും തിരഞ്ഞെടുക്കാൻ എംപിഇഡിഎ കഴിഞ്ഞ വർഷം കൊച്ചി പനമ്പിള്ളിനഗറിൽ സീഫുഡ് ഇന്ത്യ എന്ന പേരിൽ സ്റ്റാൾ തുറന്നിരുന്നു. എംപിഇഡിഎ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ കേരളീയർക്കും ലഭ്യമാക്കാനാണ് സീ ഫുഡ് ഇന്ത്യ എന്ന വിൽപനശൃംഖലയിലൂടെ ലക്ഷ്യമിടുന്നത്. പത്ത് മത്സ്യക്കയറ്റുമതി കമ്പനികളുടെ പാകം ചെയ്തതും പാകം ചെയ്യാവുന്നതുമായ ഉൽപന്നങ്ങളാണ് ഇവിടെ ലഭിക്കുക. പനമ്പിള്ളി നഗറിലേതു കൂടാതെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും സീഫുഡ് ഇന്ത്യ സ്റ്റാൾ തുറന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com