ADVERTISEMENT

സംസ്ഥാന ബജറ്റിൽ മൃഗസംരക്ഷണ-ക്ഷീരമേഖലക്ക്  ഇത്തവണ ആകെ  367.04  കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് മൃഗസംരക്ഷണമേഖലയിൽ സ്വയം തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് ഏറെ പ്രധാനമാണെന്ന്  നിരീക്ഷിക്കുന്ന ബജറ്റിൽ മൃഗസംരക്ഷണവിജ്ഞാന വ്യാപനപ്രവർത്തനങ്ങൾക്കും സംരഭകസഹായ പദ്ധതികൾക്കും വലിയ പരിഗണനയാണ് നൽകിയിരിക്കുന്നത്. കേരള ഫീഡ്‌സ്, മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്, ലെവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് തുടങ്ങിയ  മൃഗസംരക്ഷണവകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കും വെറ്ററിനറി സർവകലാശാലയ്ക്കും  മികച്ച പരിഗണയും ബജറ്റിൽ ലഭിച്ചിട്ടുണ്ട്.

മൃഗസംരക്ഷണവിജ്ഞാനവ്യാപനത്തിന് പ്രാധാന്യം

പുതിയ സംരംഭകരെ മൃഗസംരക്ഷണ മേഖലയിലേക്ക് ആകർഷിക്കുന്നതിനും സംരംഭങ്ങളെ വിജയകരവും ലാഭകരവുമാക്കുന്നതിനും വിജ്ഞാനവ്യാപനം ഏറെ പ്രാധാന്യമർഹിക്കുന്നു. എല്ലാ ജില്ലകളിലും മൃഗസംരക്ഷണ പരിശീലങ്ങൾക്കുള്ള  അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനും കർഷക പരിശീലന പരിപാടികൾക്കും സംരംഭകസഹായ പദ്ധതികൾ നടപ്പിലാക്കുന്നതിനും കർഷക റജിസ്‌ട്രേഷനും മറ്റ് അനുബന്ധ പ്രവർത്തങ്ങൾക്കുമായി 10 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ട്രെയിനിങ് സെന്ററുകളോട് ചേർന്ന് കർഷകർക്ക് ഹോസ്റ്റലുകൾ നിർമിക്കാനും പദ്ധതിയുണ്ട്. സ്കൂളുകളിൽ മൃഗസംരക്ഷണ ക്ലബ്ബുകൾ രൂപീകരിച്ച് വിദ്യാർഥികൾക്കിടയിൽ മൃഗസംരക്ഷണ സംരഭകത്വം പ്രോത്സാഹിപ്പിക്കാനും ബജറ്റ് നിർദേശിക്കുന്നു. സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളിൽ വിജയകരമായി നടപ്പിലാക്കുന്ന മോഡൽ പദ്ധതികൾ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനും ഈ ബജറ്റ് വിഹിതം വിനിയോഗിക്കും. 

കർഷകർ ഫീൽഡ് തലത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം കണ്ടെത്തി കർഷകരിലെത്തിക്കുന്നതിനായുള്ള ഗവേഷണ വിജ്ഞാന ഏകോപന പരിപാടിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സങ്കരയിനം കന്നുകാലികളുടെ രക്തപരിശോധനാ പഠനം, ഗർഭധാരണം കാലേകൂട്ടി അറിയാനുള്ള സാങ്കേതിക സഹായം മറ്റ് നൂതനാശയങ്ങൾ കർഷകരിൽ എത്തിക്കൽ എന്നിവയെല്ലാമാണ്  ഗവേഷണ വിജ്ഞാന ഏകോപന പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ളത്. സങ്കരയിനം കന്നുകാലികൾക്കിടയിൽ രക്താണുരോഗങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ഈ പദ്ധതി കർഷകർക്ക് ഏറെ ഗുണകരമാവും. വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെയും മറ്റ് ഗവേഷണസ്ഥാപനങ്ങളുടെയും സാങ്കേതിക സഹായത്തോടെയാണ് മൃഗസംരക്ഷണവകുപ്പ് ഈ പദ്ധതി നടപ്പിലാക്കുക .

ചികിത്സാസേവങ്ങൾ മെച്ചപ്പെടുത്താൻ 

മൃഗചികിത്സാസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 33 കോടി രൂപയാണ് ഇത്തവണ വകയിരുത്തിയിട്ടുള്ളത്. ത്രിതല ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുടെ വിപുലീകരണം, രോഗനിയന്ത്രണ പദ്ധതികൾ, ജിഐഎസ് വഴി രോഗ മാപ്പിംഗ്, കർഷകർക്ക് നഷ്ടപരിഹാരം എന്നിവയെല്ലാം ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. പദ്ധതി വിഹിതത്തിൽ 4.5 കോടി രൂപ സംസ്ഥാനത്തെ മൃഗചികിത്സാ ലബോറട്ടറികളുടെ നവീകരണത്തിനു മാത്രമായി മാറ്റിവയ്ക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ പാലക്കാടുള്ള എൻപിആർഇ ലാബിനെ സെന്റർ ഫോർ എക്‌സ്‌ലൻസ് ഇൻ ബ്രൂസല്ലോസിസ് ആൻഡ് പിപിആർ ആയി ഉയർത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട് .

കന്നുകുട്ടികൾ പൂർണ്ണവളർച്ചയെത്തുന്ന പ്രായം കുറച്ചുകൊണ്ടുവരാനും അവയുടെ ഗർഭധാരണം വേഗത്തിലാക്കാനും  ഉൽപാദനക്ഷമത ഉയർത്താനും ലക്ഷ്യമിടുന്ന പ്രത്യേക കന്നുകുട്ടിപരിപാലന പദ്ധതിക്ക് (എസ്എൽബിപി) 50 കോടി രൂപയാണ് ഇത്തവണ വകയിരുത്തിയിട്ടുള്ളത്. കന്നുകാലികളുടെ കൃത്രിമ ബീജാധാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 9 കോടി രൂപയാണ് ബജറ്റ് വിഹിതം. കൃത്രിമ ബീജധാന സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദൂര ഗ്രാമങ്ങളിൽ ബീജസങ്കലന സൗകര്യങ്ങൾ സ്ഥാപിക്കാൻ മുൻഗണന നൽകും. പ്രവർത്തനം കുറവായ ബീജധാനകേന്ദ്രങ്ങളെ ആവശ്യമായ മറ്റിടങ്ങളിലേക്ക് പുനഃക്രമീകരിക്കുകയും ചെയ്യും. മലബാറി ആടുകൾക്കായുള്ള കൃത്രിമ ബീജാധാനസൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ ബജറ്റ് നിർദ്ദേശമുണ്ട്. 

ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതിക്കായി ഇത്തവണയും 5 കോടി രൂപ ബജറ്റിൽ മാറ്റിവച്ചിട്ടുണ്ട്.  പ്രീമിയം തുകയിൽ 70  ശതമാനം വരെ സബ്സിഡിയിൽ പദ്ധതി ഈ വർഷവും നടപ്പാക്കും

പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തും

മൃഗസംരക്ഷവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിന് മാത്രമായി 57 .13 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള ഇടയാറിലെ ഹൈടെക് സ്ലോട്ടർ ഹൗസിന്റെ വികസനം ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപെട്ടിട്ടുണ്ട്. ഇടയാറിലെ പ്ലാന്റിനോട് അനുബന്ധിച്ച് പൗൾട്രി സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്നും തിരുവനന്തപുരം, കൊല്ലം,  തൃശൂർ എന്നി ജില്ലകളിൽ ആധുനിക മീറ്റ് കം റസ്റ്ററെന്റുകൾ സ്ഥാപിക്കുമെന്നും ബജറ്റ് വാഗ്ദാനം ഉണ്ട്. ഇതിനായി 9.63 കോടി രൂപയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.  

കേരള പൗൾട്രി വികസന കോർപ്പറേഷനായി 7.5 കോടിയും പാലോട് വെറ്റിനറി ഗവേഷണ സ്ഥാപനത്തിനായി 3.5 കോടിയും കേരള ഫീഡ്സിനായി 11 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് . കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിനായി (കെഎൽഡിബി) ഇത്തവണ അനുവദിച്ച വിഹിതം 21.5 കോടി രൂപയാണ്. മലബാറി ആടുകളുടെ പരിരക്ഷ, വെച്ചൂർ, കാസർഗോഡ് ഇനം തനത് പശുക്കളുടെ വംശവർധന, കുടുംബശ്രീയുമായി യോജിച്ചുള്ള കാലിത്തീറ്റ നിർമ്മാണ പദ്ധതികൾ, തീറ്റപ്പുൽ വിത്ത് ഉൽപാദനം വിതരണം തുടങ്ങിയവയെല്ലാം ലൈവ്സ്റ്റോക്ക് ബോർഡിന് അനുവദിച്ച പദ്ധതി വിഹിതത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പുമായി യോജിച്ച് നടപ്പാക്കാൻ നിർദേശിക്കപ്പെട്ട ഹെർഡ് ബുക്ക് പദ്ധതിയാണ് മറ്റൊരു മുഖ്യ ഘടകം.

വെറ്ററിനറി സർവകലാശാലയ്ക്ക് 58  കോടി

വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെറ്ററിനറി സർവകലാശാലക്ക് 58 കോടി രൂപയാണ് ഇത്തവണ ബജറ്റ് വിഹിതമായി അനുവദിച്ചിരിക്കുന്നത്. ഗവേഷണം, വിദ്യാഭ്യാസം, ഫാമുകളുടെ വികസനം, അടിസ്ഥാനസൗകര്യവികസനം, സംരംഭകത്വ വികസനം, വ്യാപനം തുടങ്ങിയ  പ്രവർത്തങ്ങൾക്കാണ് വെറ്ററിനറി സർവകലാശാലയ്ക്ക് തുക വകയിരുത്തിയിട്ടുള്ളത്. കുട്ടനാട്ടിൽ താറാവ്  ഉൽപാദനത്തിനും ഗവേഷണ പ്രവർത്തങ്ങൾക്കുമായി വിഭാവനം ചെയ്തിട്ടുള്ള സെന്റര് ഫോർ ഡക്ക് പ്രൊഡക്‌ഷൻ ആൻഡ്  റിസർച്ച് സെന്ററിന്റെ രണ്ടാം ഘട്ട വികസനത്തിനായി നീക്കിവച്ച 6 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തെ, പ്രത്യേകിച്ച് കുട്ടനാട്ടിലെയും പരിസരപ്രദേശങ്ങളിലെയും താറാവ് കർഷകർക്ക് ഈ ഗവേഷണ സ്ഥാപനം തുണയാകും

മൃഗചികിത്സ കർഷകരുടെ വീട്ടുപടിക്കലെത്തും

പശുക്കൾ അടക്കമുള്ള വലിയ  ഉരുക്കളെ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാൻ കർഷകർ നേരിടുന്ന പ്രയാസം ചെറുതല്ല. രാത്രികാലങ്ങളിൽ മൃഗചികിത്സ സേവനങ്ങൾ ലഭ്യമാവുന്നില്ല എന്ന പരാതിയും ചില പ്രദേശങ്ങളിൽ കർഷകർക്കുണ്ട്. നിലവിൽ രാത്രികാല മൃഗചികിത്സാസേവനം  നടപ്പിലാക്കി കൊണ്ടിരിക്കുന്ന 125 ബ്ലോക്ക് പഞ്ചായത്തുകൾക്ക് പുറമെ പാലുൽപാദനം കൂടുതലുള്ള പുതിയ 20 ഡെയറി ബ്ലോക്കുകളിലേക്ക് കൂടി പ്രസ്തുത സേവനപദ്ധതി വ്യാപിപ്പിക്കാനുള്ള ബജറ്റ് തീരുമാനം ക്ഷീര കർഷകരുടെ പരാതിക്ക് പരിഹാരമാവും.  രാത്രികാല മൃഗചികിത്സാസേവന പദ്ധതിക്ക് കീഴിൽ മൃഗചികിത്സക്കൊപ്പം ജീവൻരക്ഷാമരുന്നുകളും കർഷകർക്ക് സൗജന്യമായി ലഭിക്കും. ഇതിനായി 7.41 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത് മുൻവർഷം ഇത് 6.68  കോടി രൂപ മാത്രമായിരുന്നു . 

കർഷകരുടെ വീട്ടുപടിക്കൽ ആരോഗ്യ രക്ഷാ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ വാഹനങ്ങൾ വാങ്ങുന്നതിനും സഞ്ചരിക്കുന്ന മൾട്ടി സ്പെഷാലിറ്റി മൃഗ ക്ലിനിക്കുകൾക്കുമായി 59 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മൃഗ സംരക്ഷണ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയനുസരിച്ച് പതിവായി നിശ്ചിത സ്ഥലങ്ങളിൽ അതത് ക്ഷീര സംഘങ്ങളുമായി ചേർന്ന് സന്ദർശന പരിപാടികൾ സംഘടിപ്പിക്കും. ഒപ്പം തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ സഞ്ചരിക്കുന്ന ക്ലിനിക്കിന്റെ ഒരു പ്രതിമാസ സന്ദർശനവും പദ്ധതിയുടെ ഭാഗമായി നടത്തും.

കർഷകർക്കായി പദ്ധതികൾ ഏറെ 

ആനിമൽ റിസോഴ്‌സ് ഡെവലപ്മെന്റ്ന്  കീഴിൽ വിവിധ മൃഗസംരക്ഷണസംരംഭക പദ്ധതികൾ നടപ്പിലാക്കാൻ 6.50 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. വാണിജ്യാടിസ്ഥാനത്തിൽ ആടുവളർത്തൽ പദ്ധതി, മെയിൽ കാഫ് ഫാറ്റനിങ് യൂണിറ്റ്, മൃഗസംരക്ഷണ സംരംഭങ്ങൾക്ക് പലിശ ധനസഹായം തുടങ്ങിയവയെല്ലാം ഇതിന് കീഴിൽ നടപ്പിലാക്കും. കാളക്കിടാക്കളെ മാംസമൂല്യമുള്ള മികച്ച ഉരുക്കളാക്കി വളർത്തി വിപണിയിൽ എത്തിക്കാനുള്ള പദ്ധതിയായായ മെയിൽ കാഫ് ഫാറ്റനിങ് യൂണിറ്റുകൾക്ക് 2 കോടി രൂപയാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com