ADVERTISEMENT

‘‘രണ്ടേക്കർ വരുന്ന കുരുമുളകുതോട്ടത്തിലേക്കുള്ള ചാണകത്തിനായി മൂന്നു കൊല്ലം മുമ്പ്  ഒമ്പതു പോത്തുകളെ വാങ്ങിയാണു തുടക്കം. ക്രമേണ എണ്ണം കൂട്ടി. നാടൻ പോത്തുകളായിരുന്നു തുടക്കത്തിലെങ്കിൽ പിന്നീട് ഹരിയാന ഇനമായ മുറയിലെത്തി. പോത്തുകൃഷിയുടെ ലാഭസാധ്യത എത്രയെന്നു മനസിലായത് മുറ കയ്യിലെത്തിയതോടെയാണ്. നിലവിൽ പരിപാലിക്കുന്നത് മുറ മാത്രം. ചെലവും അധ്വാനവും പരിമിതം, മികച്ച ലാഭം’’, പോത്തിന്റെ പോത്തൻ സാധ്യതകളെക്കുറിച്ച് രാജീവിന്റെ വാക്കുകൾ.

കൊല്ലം കുളത്തൂപ്പുഴ ഭാരതീപുരം ശ്രീയിലെ ബി. രാജീവ് ഒരേസമയം കൃഷിക്കാരനും പൊതുപ്രവർത്തകനുമാണ്. കുളത്തൂപ്പുഴ മുൻ പഞ്ചായത്തു പ്രസിഡന്റു കൂടിയായ രാജീവ് പുരയിടത്തിലെ റബർത്തോട്ടത്തിലാണ് പോത്തുകളെ പരിപാലിക്കുന്നത്. രണ്ടുനിര റബറുകൾക്കിടയിൽ, അടിസ്ഥാന സൗകര്യങ്ങൾ മാത്രമൊരുക്കി നിർമിച്ച തൊഴുത്തിൽ തൊട്ടുരുമ്മിക്കഴിയുന്നു 130 പോത്തുകൾ.

അഞ്ചൽ ചന്തയിൽനിന്നാണ് ആദ്യം പോത്തുകളെ വാങ്ങിയത്. ആന്ധ്രയിൽ നിന്നെത്തിക്കുന്നവ ഉൾപ്പെടെ കാലങ്ങളായി നമ്മുടെ നാട്ടിൽ പരിപാലിക്കുന്ന ഇനമായിരുന്നു അവ. പുരയിടത്തിന്റെ അതിർത്തിയിൽതന്നെയുള്ള ഓയിൽ പാം ഇന്ത്യയുടെ വിശാലമായ 2000 ഏക്കർ എണ്ണപ്പനത്തോട്ടത്തിൽ മേയാൻ വിടാം എന്ന സൗകര്യം കൂടി കണ്ടാണ് ആദ്യ ബാച്ച് പോത്തിനെ വാങ്ങുന്നത്. ചാണകത്തിനായി തുടങ്ങിയ പോത്തുകൃഷി സംരംഭമായി വളരുന്നതും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താമെന്ന ചിന്തയിൽ.

ലാഭമുറ

ഒരു വയസ്സുള്ള പോത്തുകുട്ടികളെ വാങ്ങി ഒന്ന്–ഒന്നര വർഷം വളർത്തി വിൽക്കുന്നതാണ് പോത്തുകൃഷിയുടെ രീതി. ‘‘നാട്ടിലെ ചന്തയിൽനിന്ന് 12,000–13,000 രൂപയ്ക്ക് ഒരു വയസ്സുള്ളതിനെ കിട്ടും. വാങ്ങുമ്പോൾ 100–120 കിലോ തൂക്കം കാണും. ഒരു വർഷംകൊണ്ട് 250–300 കിലോ തൂക്ക മെത്തും. വിൽക്കുമ്പോൾ ശരാശരി 30,000 രൂപ ലഭിക്കും. എന്നാൽ, മുറയുടെ രീതി വ്യത്യസ്തമാണ്. ഒരു വയസ്സുള്ള മുറയെ ലഭിക്കാൻ 20,000–25,000 രൂപ മുടക്കേണ്ടി വരും. വാങ്ങുമ്പോൾത്തന്നെ 150–200 കിലോ തൂക്കം കാണും. ഒരു വർഷംകൊണ്ട് 450–500 കിലോ വളർച്ചയെത്തും. വിൽക്കുമ്പോൾ 55,000–60,000 രൂപ കയ്യിലെത്തും. എന്നാൽ, മുറയായാൽ പോലും വാങ്ങുന്ന എല്ലാ പോത്തുകളും ഒരേ വേഗത്തില്‍ വളരണമെന്നില്ല. ഒരു വയസ്സുള്ള ഒന്നിനെ 30,000 രൂപയ്ക്കു വാങ്ങി, ഒരു വർഷവും നാലുമാസവും വളർത്തി ഒരു ലക്ഷം രൂപയ്ക്കു വിറ്റ അനുഭവവുമുണ്ട്. എങ്ങനെയായാലും മാംസവിപണി മുന്നിൽ കണ്ട് പോത്തിനെ വളർത്തുന്നവർക്ക് നാടനെക്കാൾ എന്തുകൊണ്ടും നേട്ടം മുറ തന്നെ’’, ലാഭമുറകൾ വിശദമാക്കുന്നു രാജീവ്. പെരുന്നാൾ സീസണാണ് മുറയുടെ മൂല്യം കൂടുന്ന കാലം. അഴകും ആരോഗ്യവുമേറിയ മുറയ്ക്ക് മോഹവില തന്നെ ലഭിക്കും. 

mura

പരിപാലനമുറ

ആദ്യകാലത്ത് ആന്ധ്രയിൽനിന്നു പോത്തിനെ വാങ്ങിയിരുന്ന രാജീവ് ഇപ്പോൾ ഹരിയാനയിൽ നേരിട്ടെത്തി ലക്ഷണമൊത്ത മുറയെത്തന്നെ വാങ്ങുന്നു. ഒരു ലോഡിൽ 22–25 എണ്ണം എന്ന കണക്കിൽ ലോറിയിൽ നാട്ടിലെത്തിക്കും. കാഴ്ചയിൽ ഭീകരനെങ്കിലും ശാന്തസ്വഭാവിയാണ് മുറയെന്നു രാജീവ്. ഏതു കുഞ്ഞിനും മേയ്ക്കാവുന്നത്ര സൗമ്യൻ. പകൽ മുഴുവൻ അവയെ എണ്ണപ്പനത്തോട്ടത്തിൽ മേയാൻ വിടും. വയറു നിറയെ സമൃദ്ധമായ പുല്ല്, കുളിക്കാനും കുടിക്കാനും അരുവികളിലെ വെള്ളം. 

വൈകിട്ടെത്തുമ്പോൾ പ്രത്യേക ഭക്ഷണം. കാലാവധി കഴിയുന്നതോടെ കടകളിൽനിന്നു ഭക്ഷ്യ സംസ്കരണയൂണിറ്റുകളിലേക്കു തിരിച്ചെത്തുന്ന ചപ്പാത്തിയും മാവിനങ്ങളും വാങ്ങി വേവിച്ചു നൽകും. ഒപ്പം പുളിമ്പൊടിയും മീനെണ്ണയും പോലെ മേനിക്കൊഴുപ്പിന് ഉതകുന്ന പോഷകങ്ങളും. തൊ ഴുത്തിലെ ചൂടു കുറയ്ക്കാൻ മുകളിൽ ചെറിയ സ്പ്രിങ്ക്ളറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇടയ്ക്ക് ശരീരം തണുപ്പിക്കാൻ തൊഴുത്തിനോടു ചേർന്ന് കുളവുമുണ്ട്. ചുരുക്കത്തിൽ പരിപാലനം ലളിതം, പരിപാലനച്ചെലവു തുച്ഛം, നേട്ടം കൂടുതൽ.

നാടനെ അപേക്ഷിച്ച് മുറയുടെ വളർച്ച വേഗം കൂടുമെന്നു മാത്രമല്ല, വളരുന്തോറും മാംസത്തിന്റെ അനുപാതം വർധിക്കുകയും ചെയ്യും. അഞ്ചു വയസ്സു വരെ നന്നായി വളരുകയും ആയിരം കിലോ വരെ തൂക്കമെത്തുകയും ചെയ്യുന്ന മുറകളുണ്ടെങ്കിലും രണ്ടര–മൂന്നു വയസ്സിന് ഇടയിലുള്ളതിനാണ് ഡിമാൻഡ് കൂടുതലെന്നു രാജീവ്. മോഹവില കിട്ടുന്നതും അതിനു തന്നെ. 

mura-2
കുരുമുളകുതോട്ടം

കോൺക്രീറ്റ് പോസ്റ്റിലെ കുരുമുളക്

പോത്തിനൊപ്പം പോസ്റ്റിലെ കുരുമുളകുകൃഷിയും രാജീവിന്റെ ഇഷ്ട വിഷയം. രണ്ടേക്കറിൽ രണ്ടായിരത്തിനടുത്തു കുരുമുളകുചെടികളാണു രാജീവ് കൃഷി ചെയ്തിരിക്കുന്നത്. ഇവയിൽ നല്ല പങ്കിനും താങ്ങുകാലായി നൽകിയിരിക്കുന്നത് കോൺക്രീറ്റ് പോസ്റ്റ്. ഒന്നിന് 1000 രൂപയിൽ താഴെ ചെലവു നിൽക്കുന്ന രീതിയിലായിരുന്നു പോസ്റ്റ് നിർമാണം. പതിനെട്ടടി നീളമുള്ള ഈ പോസ്റ്റുകൾ മൂന്നടി ആഴത്തിൽ കുഴിച്ചിട്ട് അതിൽ കുരുമുളകു പടർത്തി. പരുക്കൻ പ്രതലത്തിൽ പിടിച്ചു കയറി നന്നായി വളരുന്നു ചെടികളെല്ലാം. 2X2 മീറ്റർ അകലത്തിൽ പോസ്റ്റ് നാട്ടി കൃഷി തുടങ്ങിയപ്പോൾ മറ്റു താങ്ങുകാലുകളെക്കാൾ നാലു മെച്ചങ്ങളാണ് മുന്നിൽക്കണ്ടതെന്നു രാജീവ്. താങ്ങുകാലായി നടുന്ന മുരിക്കും ശീമക്കൊന്നയും പോലുള്ളവ ഇടയ്ക്കു കേടുവന്നു നശിക്കുന്ന സ്ഥിതി ഒഴിവാകും, അവയുടെ ചോല ഉൽപാദനത്തെ ബാധിക്കില്ല, കുരുമുളകിനു നൽകുന്ന വളം താങ്ങുമരങ്ങൾ വലിക്കുന്നത് ഒഴിവാക്കാം, താങ്ങുകാലുകൾ തലമുറകൾ നിലനിൽക്കുകയും ചെയ്യും. 

നട്ട് മൂന്നു വർഷം പിന്നിട്ടപ്പോൾതന്നെ മികച്ച ഉൽപാദനത്തിലെത്തിയിരിക്കുന്നു രാജീവിന്റെ തോട്ടത്തിലെ കുരുമുളകുചെടികൾ നല്ല പങ്കും. കരിമുണ്ടയും പെപ്പർ തെക്കനുമാണ് കൃഷിയിനങ്ങൾ. ഉന്നത ഗുണനിലവാരമുള്ളത് എന്ന കീർത്തി പണ്ടേയുണ്ട് ഈ മേഖലയിലെ കുരുമുളകിന്. കുള ത്തൂപ്പുഴ–ആര്യങ്കാവ് പ്രദേശങ്ങളിലെ കാലാവസ്ഥ കുരുമുളകു കൃഷിക്ക് ഏറ്റവും ഇണങ്ങിയതെന്നും രാജീവ്. 

ഫോൺ: 9447334521

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com