ADVERTISEMENT

കാട വളർത്തൽ ലാഭകരമാണോ എന്നു ചോദിച്ചാൽ പാലക്കാട് മംഗലംഡാം സ്വദേശി ഷാലു ജയിംസ് പറയും വിൽക്കാൻ അറിയില്ലെങ്കിൽ ഈ മേഖലയിലേക്ക് തിരിയരുതെന്ന്. കാരണം, അത്രയേറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഷാലു കാടകളെ വളർത്തുന്നത്. ബി ഫാം പഠനശേഷം ഒരു കൗതുകത്തിന് 500 കുഞ്ഞുങ്ങളെ മണ്ണുത്തിയിൽനിന്നു വാങ്ങിയായിരുന്നു തുടക്കം. വീടിനോടു ചേർന്ന് കൂട് തയാറാക്കിയാണ് അവയെ പാർപ്പിച്ചത്. 2018ലായിരുന്നു അത്. മുട്ടകൾ ലഭിച്ചുതുടങ്ങിയപ്പോഴേക്കും പ്രളയം വന്നു. ഇതോടെ അയൽക്കാർ കാടക്കൃഷി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പഞ്ചായത്തിൽ പരാതി നൽകി. ഒരു മാസത്തിനുള്ളിൽ വീട്ടിൽനിന്ന് മാറ്റാനായിരുന്നു പഞ്ചായത്തിന്റെ നിർദേശം. 

വീട്ടിൽനിന്നു കുറച്ചു മാറി ഷാലുവിന്റെ പിതാവ് ജയിംസിന് റബർത്തോട്ടമുണ്ട്. അവിടെ കുറച്ച് റബർ വെട്ടിമാറ്റി പുതിയൊരു ഷെഡ് പണിത് കാടകളെ അങ്ങോട്ടു മാറ്റി. ഷെഡ് പണിയുന്നതിനും മറ്റുമായി ബാങ്ക് വായ്പയും എടുത്തിട്ടുണ്ട്. 500ൽനിന്ന് കാടകളുടെ എണ്ണം ക്രമേണ ഉയർത്തി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വാങ്ങി പഞ്ചായത്തിൽനിന്ന് ലൈസൻസ് എടുത്തതിനുശേഷമായിരുന്നു ഫാമിന്റെ വിപുലീകരണം. സമീപത്തുള്ള കടകളിലായിരുന്നു മുട്ടവിൽപന. പെട്ടെന്ന് തീറ്റയ്ക്ക് വില കൂടിയതും ഷാലു 2 രൂപയ്ക്ക് വിറ്റിരുന്ന കടകളിൽ മറ്റൊരാൾ 1.70 രൂപയ്ക്ക് മുട്ട വിതരണം ചെയ്തു തുടങ്ങിയതും വലിയ തിരിച്ചടിയായി. വിപണി കൈവിട്ടുപോയതോടെ മുട്ടകൾ കുഴിച്ചുമൂടേണ്ടി വന്നു. പതിനായിരത്തിലധികം മുട്ടകൾ ഇതുപോലെ നശിപ്പിക്കേണ്ടി വന്നു. പുതിയ ഫാം പണിയുന്നതിന് നല്ലൊരു തുക ചെലവായി എങ്കിലും അതിൽനിന്ന് ഒരു തരത്തിലുമുള്ള വരുമാനവും ലഭിച്ചുതുടങ്ങിയിരുന്നുമില്ല. മുട്ടകൾ വിൽക്കാനും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് മൂല്യവർധിത ഉൽപന്നം എന്ന ആശയം മനസിലുദിച്ചത്.

ആദ്യം മുട്ട ഉപ്പിലിട്ടു പിന്നെ അച്ചാറായി

കാടമുട്ട പുഴുങ്ങി ഉപ്പിലിട്ടായിരുന്നു തുടക്കം. എന്നാൽ, അതിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. മാത്രമല്ല, പെട്ടെന്ന് നശിച്ചു പോകുകയും ചെയ്യും. ഇവിടെനിന്നാണ് കാടമുട്ട അച്ചാറിന്റെയും കാടയിറച്ചി അച്ചാറിന്റെയും ജനനം. ഇന്റർനെറ്റിൽ പരതിയപ്പോൾ അത്തരത്തിലൊരു ഉൽപന്നത്തെക്കുറിച്ച് കേട്ടുകേൾവിയുമില്ല. അതോടെ ആവേശമായി. 2019ൽ കാടമുട്ട, കാടയിറച്ചി അച്ചാറുകൾ മനസിലേക്കു വന്നെങ്കിലും ആറുമാസത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ ഈ ജനുവരി മുതലാണ് വിൽപന തുടങ്ങിയത്. തിരുവനന്തപുരത്തുള്ള ഒരു ബ്രാൻഡിന്റെ ലേബലിലാണ് ഷാലുവിന്റെ അച്ചാറുകൾ ആമസോൺ വഴി വിറ്റുപോകുന്നത്. ഇപ്പോൾ എറണാകുളത്തുനിന്നും ഇടനിലക്കാർ വലിയ രീതിയിൽ വാങ്ങുന്നുണ്ട്. 

shalu-1
ഷാലു

ഓൺലൈൻ വിൽപന മാത്രമല്ല ഓർഡർ അനുസരിച്ച് അച്ചാറുകൾ തയാറാക്കി അയച്ചുകൊടുക്കുന്നുമുണ്ട് ഷാലു. ഒരു കിലോഗ്രാം കാടയിറച്ചിയച്ചാറിന് 900 രൂപയാണ് വില. വില കൂടുതലല്ലേ എന്ന് ചോദിക്കുന്നവരോട് ഷാലുവിന് ഒന്നേ പറയാനുള്ളൂ. കൂടുതലാണ്, പക്ഷേ അതുപോലെ ചെലവുണ്ട്. ഒരു കിലോ ലഭിക്കണമെങ്കിൽ 10–11 കാടകൾ വേണം. ഒരെണ്ണത്തിന് വിപണിയിൽ 40–45 രൂപ വിലയുണ്ട്. അപ്പോൾത്തന്നെ 400 രൂപയ്ക്കു മുകളിലായി. ഇവ എണ്ണയിൽ വറുത്തതിനുശേഷമാണ് അച്ചാറിടുക. വറുത്തുകഴിഞ്ഞാൽ ഒരു കിലോഗ്രാം ഇറച്ചി എന്നത് 450 ഗ്രാം ആയി കുറയും. പിന്നെ ആവശ്യമായ ചേരുവകകൾക്കു വേറെ വില വരും. പണിക്കൂലിയും ചെലവും എല്ലാംകൂടി വരുമ്പോൾ 900 രൂപയോളം വരും. ഇതിൽതന്നെ പണിക്കൂലി ഇനത്തിൽ 100 രൂപയേ എടുക്കുന്നുള്ളൂവെന്നും ഷാലു പറയുന്നു. കാടമുട്ട അച്ചാറിന് 450 രൂപയാണ് വില.

ബ്രാൻഡ് ആയി 'കാടക്കട'

'ദ ക്വയിൽ ഷോപ്' എന്ന പേരിൽ തന്റെ സംരംഭത്തെ ബ്രാൻഡ് ചെയ്തിട്ടുമുണ്ട് ഷാലു. ട്രേഡ് മാർക്കും എടുത്തിട്ടുണ്ട്. ഷാലുവിന്റെ പക്കൽനിന്നു നേരിട്ട് വാങ്ങുന്നവർക്ക് 'കാടക്കട'യുടെ സ്റ്റിക്കർ പതിച്ച പായ്ക്കിലാണ് അച്ചാറുകൾ ലഭിക്കുക.

shalu-2
ഷാലുവിന്റെ ഉൽപന്നങ്ങൾ

അമ്മയുടെ കൈപ്പുണ്യം

റെസിപ്പി തന്റേതാണെങ്കിലും അച്ചാറുകൾ തയാറാക്കുന്നത് അമ്മ സാലിയാണെന്ന് ഷാലു. റജിസ്‌റ്റേർഡ് ഫാർമസിസ്റ്റ് ആണ് ഷാലു. ജോലിക്കു ശേഷമുള്ള ഇടവേളകളിലാണ് കാടപരിപാലനവും മറ്റും. ‌സഹോദരി ഷിലുവും സഹായത്തിനുണ്ട്.

കാട മാത്രമല്ല

കാടയിറച്ചിയും മുട്ടയും ശ്രദ്ധിക്കപ്പെട്ടതോടെ ഷാലുവിനെ തേടി ഒട്ടേറെ ഓർഡറുകൾ എത്തുന്നുണ്ട്. അത്തരത്തിൽ ലഭിച്ച ഒരു ഓർഡർ പൈനാപ്പിൾ അച്ചാറായിരുന്നു. അതും നല്ല രീതിയിൽ പാകം ചെയ്ത് നൽകാൻ സാധിച്ചുവെന്ന് ഷാലു പറയുന്നു. ഇന്ന് മാർക്കറ്റിൽ പല ബ്രാൻഡുകളിൽ ലഭ്യമായിട്ടുള്ള കാടയിറച്ചി അച്ചാറിന്റെ ഉത്ഭവസ്ഥാനം ഷാലുവിന്റെ അടുക്കളയും അമ്മയുടെ കൈപ്പുണ്യവുമാണെന്ന് നിസംശയം പറയാം. 1500 കാടകളാണ് ഷാലുവിന് ഇപ്പോഴുള്ളത്. കാട മാത്രമല്ല നാടൻ കോഴികളെയും ‌വളർത്തുന്നുണ്ട്. കോഴിമുട്ടയും കുഞ്ഞുങ്ങളെയും വിൽക്കുന്നതിലൂടെയും വരുമാനം കണ്ടെത്തുന്നു. 300 കോഴിമുട്ട വിരിയിക്കാവുന്ന ഇങ്കുബേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞുങ്ങളെ വിരിയിക്കുക. 1000 കാടമുട്ട ഇതിൽ വിരിയിക്കാനാകും. ഓർഡർ അനുസരിച്ച് കാടക്കുഞ്ഞുങ്ങളുടെ വിതരണവും ഇപ്പോഴുണ്ട്. കൂടാതെ മത്സ്യക്കൃഷിക്കായി പുതുതായി ഒരു കുളവും നിർമിച്ചിരിക്കുന്നു. പ്രതിസന്ധികളെ സധൈര്യം നേരിട്ട് കാടയുടെ സംരഭസാധ്യതകൾ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഈ ഇരുപത്തിനാലുകാരൻ. 

ഫോൺ: 8289885961

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com