ADVERTISEMENT

ലോക്ക് ഡൗണിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കാൻ ഉപയോഗിക്കുന്നത് ചക്കയായിരിക്കും. ചക്കയിൽനിന്നുള്ള ഏതെങ്കിലുമൊരു വിഭവം ഇല്ലാത്ത വീടുകൾ ഇപ്പോൾ കുറവാണ്. കാരണം ഇത് ചക്ക സീസൺ ആയതുതന്നെ. ചക്ക ഉപയോഗിച്ച് എന്തൊക്കെ തയാറാക്കാം. ചക്ക വേവിച്ചത്, വറുത്തത്, പായസം, തോരൻ എന്നുതുടങ്ങി വിഭവങ്ങളുടെ നിര നീളുകയാണ്. ചക്ക ഉപയോഗിച്ചുള്ള അൻപതോളം വിഭവങ്ങൾ പരിചയപ്പെടുത്തുന്ന കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആരാണ് ആ പാചകക്കുറിപ്പ് തയാറാക്കിയതെന്ന് വ്യക്തമല്ല. എങ്കിലും ആ നല്ല മനസിനുടമയ്ക്കുവേണ്ടി 45 ചക്കവിഭവങ്ങൾ കർഷകശ്രീ വായനക്കാർക്കുവേണ്ടി പങ്കുവയ്ക്കുന്നു.  

1. ഇടിച്ചക്കത്തോരൻ

  •  ഇടിച്ചക്ക പ്രായത്തിലുള്ള ചക്ക– ഒന്ന് 
  • നാളികേരം–ഒന്ന് (ചിരവിയത്) 
  • കടുക്, വറ്റൽ മുളക്, ഉഴുന്നുപരിപ്പ്, പച്ചരി–ഒരു ടീസ്പൂൺ 
  • കറിവേപ്പില–ഒരു തണ്ട് 
  • വെളിച്ചെണ്ണ–രണ്ടു ഡിസേർട്ട് സ്പൂൺ 
  • മഞ്ഞൾപ്പൊടി, മുളകുപൊടി–കാൽ ടീസ്പൂൺ വീതം 
  • ഉപ്പ്–പാകത്തിന് 

പാകം ചെയ്യുന്നവിധം 

ഇടിച്ചക്കയുടെ പുറം ചെത്തി തൊലി മാത്രം കളഞ്ഞ് ചെറിയ ചതുരക്കഷണങ്ങളാക്കി മുറിക്കുക. ഇതിൽ വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു വേവിക്കണം. വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളഞ്ഞ് ചക്ക ഉടച്ച് തേങ്ങ ചിരവിയതും ചേർത്തു യോജിപ്പിക്കുക. കടുകു വറുത്ത് അതിലേക്ക് ഉടച്ചുവച്ച ചക്കക്കൂട്ട് ഇട്ട് ചെറുതീയിൽ വേവിക്കുക. ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർക്കുക. അടുപ്പിൽനിന്ന് എടുക്കും മുമ്പ് വെളിച്ചെണ്ണ അൽപ്പം ഒഴിച്ച് ഇറക്കിവയ്ക്കുക.

2. കൊത്തുചക്കത്തോരൻ 

  • മൂക്കാത്ത ചക്ക– ഇടത്തരം ചക്കയുടെ കാൽ ഭാഗം 
  • തേങ്ങ– ഒരു മുറി 
  • മഞ്ഞൾപ്പൊടി–അര ടീസ്പൂൺ 
  • മുളകുപൊടി– ഒരു ടീസ്പൂൺ 
  • കടുക്– ഒരു ടീസ്പൂൺ 
  • വറ്റൽ മുളക്–അഞ്ചെണ്ണം 
  • ഉഴുന്നുപരിപ്പ്–ഒരു ടീസ്പൂൺ 
  • അരി–രണ്ട് ടീസ്പൂൺ 
  • കറിവേപ്പില– നാലു തണ്ട് 
  • ഉപ്പ്– പാകത്തിന് 
  • വെളിച്ചെണ്ണ – അഞ്ച് ടീസ്പൂൺ 

പാകം ചെയ്യുന്ന വിധം 

ചൂടായ എണ്ണയിൽ കടുക്, അരി ഇവയിട്ടു മൂക്കുമ്പോൾ അതിലേക്ക് കൊത്തിയരിഞ്ഞ ചക്കയും മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവയും ഇട്ട് വേവിക്കുക. ഇതിൽ തേങ്ങ ചിരവിയത് ചേർത്ത് അഞ്ചു മിനിറ്റ് ആവി കയറ്റുക. തീ അണയ്ക്കുന്നതിനു മുൻപ് വെളിച്ചെണ്ണയും കറിവേപ്പിലയും ഇടുക.

3. ചക്ക എരിശേരി

  • ചക്ക (ഇടത്തരം)– കാൽ ഭാഗം 
  • കുരുമുളകുപൊടി–ഒന്നര ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി–ഒന്നര ടീസ്പൂൺ 
  • മുളകുപൊടി– ഒന്നര ടീസ്പൂൺ 
  • ഉപ്പ്– പാകത്തിന് 
  • വെളിച്ചെണ്ണ– 5–6 ടീസ്പൂൺ 
  • തേങ്ങ (അരയ്ക്കാൻ)– ഒരു മുറി 
  • വറുക്കാൻ– ഒരു തേങ്ങ 
  • ജീരകം– ഒരു ടീസ്പൂൺ 
  • നെയ്യ്–ഒന്നര ടീസ്പൂൺ 
  • കടുക്– രണ്ടു ടീസ്പൂൺ 

പാകം ചെയ്യുന്ന വിധം 

അരിഞ്ഞു വച്ചിരിക്കുന്ന ചക്ക, ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി എന്നിവ ചേർത്തു വേവിക്കുക. വെന്തു വരുമ്പോൾ ജീരകം ചേർത്തരച്ച തേങ്ങയും ചേർക്കുക. അതിലേക്ക് നെയ്യിൽ വറുത്ത ജീരകം, കുരുമുളകുപൊടി, കറിവേപ്പില , വറുത്ത തേങ്ങ എല്ലാം ഇളക്കി യോജിപ്പിച്ച് തിളയ്ക്കുമ്പോൾ തീയണച്ച് ഇറക്കി വയ്ക്കുക. ചക്ക വേവിച്ചതിൽ വെള്ളം അധികം ഉണ്ടാകാൻ പാടില്ല.

4. ചക്ക മുളോഷ്യം

  • ചക്ക (മൂത്ത ഇടത്തരം)– കാൽ ഭാഗം 
  • കുരുമുളകുപൊടി– അര ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി– അര ടീസ്പൂൺ 
  • പച്ചമുളക്– ആറ്/ഏഴ് എണ്ണം 
  • വെളിച്ചെണ്ണ– രണ്ടു ടീസ്പൂൺ 
  • ഉപ്പ്– പാകത്തിന് 
  • തേങ്ങ– ഒന്ന് 
  • ജീരകം– അര ടീസ്പൂൺ 
  • കറിവേപ്പില–മൂന്നു തണ്ട് 

പാകം ചെയ്യുന്ന വിധം 

അരിഞ്ഞ ചക്ക കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ജീരകവും പച്ചമുളകും ചേർത്ത് അരച്ച തേങ്ങ വെന്ത ചക്കയിലേക്ക് ചേർത്ത് തിളപ്പിക്കുക. പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തീയണയ്ക്കുക. 

5. ചക്കപ്പുഴുക്ക്

  • ചക്ക (വിളഞ്ഞത്)– കാൽ ഭാഗം 
  • തേങ്ങ– ഒന്ന് 
  • മഞ്ഞൾപ്പൊടി– അര ടീസ്പൂൺ 
  • മുളകുപൊടി– ഒരു ടീസ്പൂൺ 
  • ജീരകം– അര ടീസ്പൂൺ 
  • ചെറിയ ഉള്ളി– 8 /10 ചുള 
  • പച്ചമുളക്– 5 / 6 എണ്ണം 
  • വെളിച്ചെണ്ണ– രണ്ടു ടീസ്പൂൺ 
  • കറിവേപ്പില– അഞ്ചു തണ്ട് 

പാകം ചെയ്യുന്ന വിധം 

അരിഞ്ഞ ചക്ക, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. അതിലേക്ക് ജീരകം, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചേർത്ത് ചതച്ച തേങ്ങയും കൂടി ചേർക്കുക. പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തീ ആണയ്ക്കുക. പച്ചമുളകിനു പകരം കൊല്ലമുളക് ഉപയോഗിക്കാം. 

6. ചക്ക ബജി

  • ചക്കച്ചുള (വിളഞ്ഞത്)–10 എണ്ണം 
  • കടലമാവ്– 50 ഗ്രാം 
  • അരിപ്പൊടി– രണ്ടു ടീസ്പൂൺ 
  • മുളകുപൊടി– മുക്കാൽ ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി– കാൽ ടീസ്പൂൺ 
  • കായപ്പൊടി– കാൽ ടീസ്പൂൺ 
  • കുരുമുളകുപൊടി– കാൽ ടീസ്പൂൺ 
  • ഉപ്പ്– പാകത്തിന് 

പാകം ചെയ്യുന്ന വിധം 

കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ വെള്ളം ചേർത്ത് ഇഡ്ഡലി മാവിന്റെ പാകത്തിൽ തയാറാക്കുക. ഓരോ ചക്കച്ചുള വീതം മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക.

7. ചക്കപ്പലഹാരം

  • പഴുത്ത ചക്ക– അര കിലോ (ശർക്കരയും നെയ്യും ചേർത്തു വരട്ടിയത്) 
  • അരിപ്പൊടി– 250 ഗ്രാം 
  • തേങ്ങ ചിരകിയത്– ഒരെണ്ണം 
  • തേങ്ങ ചെറുതായി നുറുക്കിയത് – കാൽ മുറി 
  • എടനയുടെ ഇല അല്ലെങ്കിൽ വാഴയില– 20 എണ്ണം 

പാകം ചെയ്യുന്ന വിധം 

വരട്ടിയ ചക്കയും അരിപ്പൊടിയും തേങ്ങ ചിരകിയതും നുറുക്കിയതും അൽപ്പം നെയ്യും കൂടി കുഴച്ച് യോജിപ്പിക്കുക. എടനയിലയിൽ മാവ് കുറച്ചെടുത്ത് ചുരുട്ടുക. ആവിയിൽ വച്ച് വേവിച്ചെടുക്കുക. 

8. ചക്കചീഡ

  • ചക്ക വരട്ടിയത് – 250 ഗ്രാം 
  • അരിപ്പൊടി– 200 ഗ്രാം 
  • വെളിച്ചെണ്ണ– അര കിലോ 

പാകം ചെയ്യുന്ന വിധം 

ചക്ക വരട്ടിയതും അരിപ്പൊടിയും കൂട്ടി യോജിപ്പിച്ച് ചെറിയ ഉരുളകൾ ആക്കുക. എണ്ണ ചൂടാക്കി അതിൽ വറുത്തു കോരുക.

idana

9. ചക്കപ്രഥമൻ 

  • ചക്ക വരട്ടിയത്– 500 ഗ്രാം 
  • ശർക്കര– ആവശ്യത്തിന്
  • തേങ്ങ– മൂന്നെണ്ണം 
  • ചുക്കുപൊടി– ഒരു ടീസ്പൂൺ 
  • ജീരകപ്പൊടി– അര ടീസ്പൂൺ 
  • ഏലയ്ക്കാപ്പൊടി– കാൽ ടീസ്പൂൺ 
  • തേങ്ങാപ്പാൽ– മൂന്നാംപാൽ (ഒരു ലീറ്റർ), രണ്ടാം പാൽ (മുക്കാൽ ലീറ്റർ), ഒന്നാം പാൽ (കാൽ ലീറ്റർ) 
  • നെയ്യ്– അഞ്ച് ടീസ്പൂൺ 

പാകം ചെയ്യുന്ന വിധം 

തേങ്ങ ചിരകി ചതച്ച് മൂന്നു പാലും എടുക്കുക. വരട്ടിയ ചക്കയിൽ ആദ്യം മൂന്നാം പാലും പിന്നെ രണ്ടാം പാലും ചേർത്ത് ഇളക്കുക. കുറുകി വരുമ്പോൾ അടുപ്പിൽനിന്നു വാങ്ങി തലപ്പാൽ ചേർക്കുക. തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യിൽ വറുത്തുചേർക്കുക. 

10. ചക്ക അട

  • ചക്കപ്പഴം– നുറുക്കിയത് (നാല് ചുളയുടെ) 
  • അരിപ്പൊടി– 100 ഗ്രാം 
  • തേങ്ങ ചിരകിയത്– ഒരു മുറി 
  • ശർക്കര– 200 ഗ്രാം 
  • ഏലയ്ക്കാപ്പൊടി– കാൽ ടീസ്പൂൺ 
  • വാഴയില വാട്ടിയത്– 15 എണ്ണം 

പാകം ചെയ്യുന്ന വിധം 

അരിപ്പൊടി ഇഡ്ഡലി മാവിന്റെ പാകത്തിന് കുഴയ്ക്കുക. നുറുക്കിയ ചക്കച്ചുള, തേങ്ങ ചിരകിയത്, ശർക്കര, ഏലയ്ക്കാപ്പൊടി എന്നിവ തിരുമ്മിവയ്ക്കുക. വാട്ടിയ വാഴയിലയുടെ നടുക്ക് കൂട്ടുവച്ച് ഇലയട ഉണ്ടാക്കുമ്പോൾ മടക്കുന്നതുപോലെ മടക്കി ആവിയിൽ വേവിക്കുക. 

11. ചക്ക വറുത്തത്

  • ചക്കച്ചുള നീളത്തിൽ അരിഞ്ഞത് – നാലിലൊന്നു ഭാഗം (വിളഞ്ഞത്) 
  • വെളിച്ചെണ്ണ – ഒരു കിലോ 
  • കല്ലുപ്പ് കുറച്ച് വെള്ളത്തിൽ കലക്കുക– രണ്ട് ടീസ്പൂൺ 

പാകം ചെയ്യുന്ന വിധം 

വെളിച്ചെണ്ണ തിളച്ചാൽ അരിഞ്ഞ ചക്കച്ചുള ഇടുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. മൂപ്പായി തുടങ്ങുമ്പോൾ ഉപ്പ് വെള്ളം ഒഴിച്ച് വീണ്ടും ഇളക്കിക്കൊടുക്കുക. മൂപ്പ് പാകമായാൽ കോരി എടുക്കുക. 

12. ചക്കച്ചമ്മന്തി 

  • ചക്ക (ഉണ്ടായി വരുന്ന സമയത്തെ)– 2 എണ്ണം 
  • തേങ്ങാമുറി– ഒന്ന് 
  • കൊല്ലമുളക്– 10 എണ്ണം 
  • ചെറിയ ഉള്ളി– അഞ്ച് അല്ലി 
  • കറിവേപ്പില– ഒരു തണ്ട് 
  • ഉഴുന്നുപരിപ്പ്– ഒരു സ്പൂൺ 
  • വാളൻ പുളി– ഒരു കുഞ്ഞു നെല്ലിക്കയോളം 
  • ഉപ്പ്– പാകത്തിന് 

പാകം ചെയ്യുന്ന വിധം 

ചക്ക കനലിൽ ചുടുക. തേങ്ങ, മുളക്, ഉഴുന്ന്, ഉള്ളി, കറിവേപ്പില എല്ലാം കൂടി വറുക്കുക. എല്ലാം കൂടി പുളിയും കൂട്ടി വെള്ളമില്ലാതെ ചമ്മന്തിപ്പരുവത്തിൽ അരയ്ക്കുക. ഉപ്പ് പാകത്തിനു ചേർക്കുക.

13. ചക്കപ്പപ്പടം

  • മൂത്ത ചക്കച്ചുള – 25 എണ്ണം 
  • കൊല്ലമുളക്– 10 എണ്ണം 
  • ജീരകം– ഒരു ടീസ്പൂൺ 
  • കായപ്പൊടി– ഒരു ടീസ്പൂൺ 
  • ഉപ്പ് – പാകത്തിന് 
  • മഞ്ഞൾപ്പൊടി– കാൽ ടീസ്പൂൺ 

പാകം ചെയ്യുന്ന വിധം 

ചക്കച്ചുള കുരുമുളക്, ഉപ്പ്, കുരുമുളക്, മഞ്ഞൾപ്പൊടി ഇവ ചേർത്ത് പാകത്തിന് വെള്ളത്തിൽ വേവിക്കുക. വെള്ളം വേവാൻ മാത്രം, കൂടരുത്. ബാക്കി എല്ലാ ചേരുവകളും കൂടി അരയ്ക്കണം. തുണിയിലോ, പ്ലാസ്റ്റിക് ഷീറ്റിലോ പപ്പടത്തിന്റെ വട്ടത്തിൽ പരത്തുക. മൂന്നു ദിവസം ഉണക്കുക. ഉണങ്ങിയതിനുശേഷം വെള്ളം തളിച്ച് തുണിയിൽനിന്നു പറിച്ചെടുക്കുക. വീണ്ടും ഉണക്കുക. വായുകേറാത്ത പാത്രത്തിൽ സൂക്ഷിക്കുക. ആവശ്യത്തിന് വെളിച്ചെണ്ണയിൽ വറുത്തെടുക്കാം. 

14. ചക്കപ്പഴംപൊരി

  • പഴുത്ത വരിക്കച്ചക്ക– 10 ചുള 
  • മൈദ– കാൽ ടീസ്പൂൺ 
  • അരിപ്പൊടി– മൂന്നു ടീസ്പൂൺ 
  • പഞ്ചസാര– അഞ്ചു ടീസ്പൂൺ 
  • വെളിച്ചെണ്ണ– അരക്കിലോ വറുക്കാൻ ആവശ്യത്തിന് 
chips

പാകം ചെയ്യുന്ന വിധം 

മൈദ, അരിപ്പൊടി, പഞ്ചസാര എന്നിവ ഇഡ്ഡലി മാവ് പാകത്തിൽ വെള്ളമൊഴിച്ചു കലക്കുക. എണ്ണ ചൂടാവുമ്പോൾ ചുളകൾ രണ്ടായി നീളത്തിൽ മുറിച്ച് മാവിൽ മുക്കി വറുത്തെടുക്കുക. 

15. ചക്കത്തോരൻ 

  • മൂത്ത ചക്കച്ചുള – കാൽ ഭാഗം 
  • മുളകുപൊടി – ഒരു ടീ സ്പൂൺ 
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ 
  • കടുക്– രണ്ടു ടീസ്പൂൺ 
  • വറ്റൽ മുളക്– എട്ടെണ്ണം 
  • ഉഴുന്നുപരിപ്പ്– അര ടീസ്പൂൺ 
  • അരി– രണ്ടു ടീസ്പൂൺ 
  • കറിവേപ്പില– നാലുതണ്ട് 
  • തേങ്ങ– ഒന്ന് 
  • ഉപ്പ്– പാകത്തിന് 

പാകം ചെയ്യുന്ന വിധം 

കടുക്, മുളക്, കറിവേപ്പില, ഉഴുന്ന്, അരി എന്നിവ മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞ ചക്കച്ചുളയും മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ഇട്ട് വേവിക്കുക. വേകാൻ മാത്രം കുറച്ച് വെള്ളമൊഴിക്കുക. വെന്തശേഷം ചിരകിയ തേങ്ങ ചേർക്കുക. അതിലേക്ക് പച്ചവെളിച്ചെണ്ണ, കറിവേപ്പില ഇടുക.

16. ചക്ക വറ്റൽ 

ചക്കച്ചുളയിൽനിന്നും കുരുനീക്കിയ ശേഷം തിളപ്പിച്ച വെള്ളത്തിലിട്ട ശേഷം കോരിയെടുത്തു വെയിലത്ത് ഉണക്കി ചക്ക വറ്റലായി ഉപയോഗിക്കാം. 

17. ചക്ക ഉപ്പേരി 

ചക്കച്ചുള ചെറുതായി അരിഞ്ഞു ഉപ്പു ചേർത്തു ചൂടായ എണ്ണയിൽ വറുത്തു കോരിയെടുത്തു ഉപയോഗിക്കാം. 

18. ചക്കവരട്ടി 

പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു ആവി കയറ്റിയശേഷം ശർക്കര പാവുകാച്ചിയതിലിട്ടു വെള്ളം വറ്റുന്നതു വരെ ചൂടാക്കുക. വെള്ളം വറ്റുമ്പോഴേക്കും നെയ്യ് ചേർക്കണം. തുടർന്നു ഏലയ്ക്കാ പൊടിയും ചേർത്തു തണുപ്പിച്ചു ഉപയോഗിക്കാം. 

19. ചക്കപ്പൊരി

പഴുത്ത വരിക്ക ചക്കയുടെ ചുള രണ്ടായി മുറിച്ചു ഏത്തയ്ക്കാ അപ്പം ഉണ്ടാക്കുന്ന കൂട്ടിൽ മുക്കി എണ്ണയിലിട്ടു വറുത്തു കോരുക. 

20. ചക്കപഞ്ചമി

ചക്കച്ചുള, ചക്കക്കുരു, അച്ചിങ്ങാ പയർ എന്നിവ ചെറിയ കഷണങ്ങളാക്കി ഉണ്ടാക്കുന്ന വിഭവം. ചക്കക്കുരു ആദ്യം വേവിച്ച ശേഷം അതിനൊപ്പം ബാക്കിയുള്ളവയും ആവശ്യത്തിനു മസാലക്കൂട്ടുകളും ചേർത്തു വേവിച്ചു വെള്ളം വറ്റിച്ചു കടുകു വറുത്ത് ഉപയോഗിക്കാം. 

21. ഇടിച്ചക്ക സാമ്പാർ

ഇടിച്ചക്കയുടെ മുള്ളും പച്ചനിറമുള്ള ഭാഗവും ചെത്തിക്കളഞ്ഞു ചെറിയ കഷണങ്ങളാക്കി സാമ്പാർ വയ്ക്കാം. 

22. പച്ചച്ചക്ക പുഴുക്ക്

വിളഞ്ഞ പച്ചച്ചക്കയുടെ ചുള ചെറുതായി അരിഞ്ഞു വേവിച്ചു ഉപയോഗിക്കുന്നതാണ് പുഴുക്ക്. രുചി കൂടാൻ ചക്കക്കുരുവും അരിഞ്ഞ് ഇതോടൊപ്പം ചേർക്കും. 

23. ചക്കപ്പുട്ട്

അരിപ്പൊടിക്കൊപ്പം പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു ചേർത്ത് പുട്ട് ഉണ്ടാക്കാം. 

24. ചക്കയപ്പം

പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞ് തേങ്ങ, ശർക്കര, ഏലയ്ക്ക എന്നിവയുമായി കൂട്ടി ചേർത്തു കൂട്ട് ഉണ്ടാക്കും. അരിപ്പൊടി വെള്ളത്തിൽ കുഴച്ചെടുത്ത് വാഴയിലയിൽ കനം കുറച്ചു പരത്തിയ ശേഷം ചക്കക്കൂട്ട് അതിലേക്കു വാരി വച്ച് ഇലമടക്കി ആവിയിൽ പുഴുങ്ങിയെടുക്കും. 

25. ചക്ക അവിയൽ 

ചക്കച്ചുള, ചക്കമടൽ (ചക്കയുടെ മുള്ള് ചെത്തിക്കളഞ്ഞതിനു ശേഷമുള്ള ഭാഗം), മാങ്ങ, പടവലം, വെള്ളരിക്ക, ചക്കക്കുരു, മുരിങ്ങയ്ക്ക എന്നിവ ചേർത്ത് അവിയൽ വയ്ക്കാം. 

26. ചക്ക അച്ചാർ 

വിളഞ്ഞ ചക്കയരിഞ്ഞു വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും മറ്റും ചേർത്തു അച്ചാർ ഉണ്ടാക്കാം. 

27. ചക്കക്കുരുപ്പായസം 

തൊലികളഞ്ഞ ചക്കക്കുരു വൃത്തിയാക്കി പുഴുങ്ങും. നല്ലവണ്ണം വെന്തു കഴിയുമ്പോൾ വെള്ളമില്ലാതെ നന്നായി ഉടച്ചെടുക്കും. നെയ്യ്, ശർക്കര എന്നിവ ചേർത്തു വഴറ്റും. പിന്നാലെ തേങ്ങാപ്പാലും കശുവണ്ടി, ഉണക്ക മുന്തിരിങ്ങ, ഏലയ്ക്ക എന്നിവ ചേർക്കമുമ്പോഴേക്കും പായസം റെഡി. 

28. ചക്കക്കുരു കട്‌ലറ്റ് 

ചക്കക്കുരു വേവിച്ച് ഉടയ്ക്കുക. ഇതിനൊപ്പം സവാള, പച്ചമുളക്, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കണം. ചെറിയ ഉരുളകളാക്കി കൈവെള്ളയിൽവച്ചു പരത്തി മുട്ടയുടെ വെള്ളക്കരുവിൽ മുക്കി റൊട്ടിപ്പൊടി പുരട്ടി വെളിച്ചെണ്ണയിൽ വറുത്തു കോരണം. 

29. ചക്ക അച്ചാർ

ചക്ക ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഇത് വേവിച്ചെടുക്കുക. പാനില് എണ്ണ ഒഴിച്ച് ജീരകം, കടുക്, മല്ലി, ചതച്ച പച്ചമുളക്, ഉപ്പ് എന്നിവ ചേര്ത്ത് രണ്ടു മിനിട്ട് വഴറ്റുക. ഇതിലേക്ക് വേവിച്ച ചക്ക ചേർക്കാം. മഞ്ഞൾപ്പൊടിയും ചേർത്ത് 5 മിനിട്ട് പാകം ചെയ്യാം. അടുപ്പിൽനിന്ന് എടുത്തശേഷം ചെറുനാരങ്ങ നീരും വിനാഗിരിയും ചേർത്ത് നന്നായി യോജിപ്പിക്കാം. 

30. ചക്കക്കുരു അവിയൽ

ആദ്യം ചക്കകുരു മുറിച്ച് രണ്ട് മണിക്കൂർ വേവിക്കാൻ വയ്ക്കാം. പാകം ആയ ചക്കക്കുരുവിലേക്ക് മുരിങ്ങക്ക, ചുവന്നുള്ളി, മഞ്ഞൾപ്പൊടി, ചില്ലി പൗഡർ, ജീരക പൗഡർ, ഒരുകപ്പ് വെള്ളം എന്നിവ ചേർക്കുക. ചെറിയ തീയിൽ പാകം ചെയ്യാൻ വയ്ക്കാം. വെള്ളം വറ്റുന്നവരെ അടുപ്പിൽ വയ്ക്കണം. ചെറുതായി വെന്തുകഴിഞ്ഞ് തേങ്ങ, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേർക്കാം. പാകം ആയാൽ കടുക് പൊട്ടിച്ചതും ചേർക്കുക. 

31. ചക്കക്കുരു പടവലങ്ങ തോരൻ

ചക്കക്കുരു, പടവലങ്ങ എന്നിവ ചേർത്തു തോരൻ വയ്ക്കാം. 

32. ചക്കക്കുരു ഉക്കാര 

ചക്കക്കുരു നന്നായി തൊലി കളഞ്ഞു മഞ്ഞൾപ്പൊടി ചേർത്തു വേവിച്ചു വെള്ളം വാർത്ത് അരകല്ലിൽ നല്ലതു പോലെ പൊടിച്ചെടുക്കണം. ശർക്കര പാവാക്കി തേങ്ങാ തിരുമ്മിയിട്ട് ഉപ്പും ചക്കക്കുരു പൊടിച്ചതും ചേർക്കണം. തുടർന്നു നല്ലെണ്ണ ഒഴിച്ചു ചൂടാക്കി കശുവണ്ടി, ഏലയ്ക്കാ, പഞ്ചസാര എന്നിവ ചേർക്കുക. 

33. ചകിണിത്തോരൻ 

ചക്കച്ചുളയുടെ പുറത്തുള്ള ഇതളുകളാണു ചകിണി. ചകിണി ചെറുതായി അരിഞ്ഞു തേങ്ങയും മറ്റും ചേർത്തു തോരൻ ഉണ്ടാക്കാം. 

34. ചകിണി ബജി 

വരിക്ക ചക്കയുടെ നീളമുള്ള ചകിണിയെടുത്ത് അരിമാവ്, കായം, ഉപ്പ്, മുളകു പൊടി എന്നിവയുടെ കുഴമ്പിൽ മുക്കി എണ്ണയിലിട്ടു വറുത്തു കോരുക.

35. ചക്ക അട

നന്നായി പഴുത്ത ചക്കപ്പഴം കുരു കളഞ്ഞെടുക്കുക. അതിലേക്കു അരിപ്പൊടിയോ റവയോ ഗോതമ്പു പൊടിയോ ചേർത്ത് കുറച്ചു ശർക്കരയും (മധുരമേറിയ ചുളയെങ്കിൽ ശർക്കര കുറവ് മതി) ചേർത്ത് അതിൽ കുറച്ചു തേങ്ങയും ചിരകി ചേർക്കണം. പിന്നീട് അൽപം ഏലക്കായ പൊടിച്ചു ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തിക്ക് പൊടി കുഴക്കും പോലെ ഉരുട്ടി എടുത്തു വയ്ക്കുക. ഇടന ഇലയിൽ കുമ്പിൾ കുത്തി അതിൽ കുഴച്ച പൊടി നിറച്ചു ഇലകൊണ്ടു തന്നെ കുമ്പിൾ അടച്ചു അപ്പച്ചട്ടിയിൽ വേവിക്കുക.

36. ചക്കപ്പുഴുക്ക്

ചക്കപ്പുഴുക്കിന് പച്ചച്ചക്ക ചുള ചെറുതായി നുറുക്കി എടുക്കുക. കുറച്ചു ചക്കക്കുരുവും അതിൽ അരിഞ്ഞിടുക. തേങ്ങാ ചിരവി അതിൽ ഒരു നുള്ള് ഉപ്പും മഞ്ഞളും ജീരകവും കാന്താരിയും ഉള്ളിയും വെളുത്തുള്ളിയും കറിവേപ്പിലയും (വേണമെങ്കിൽ അൽപം ഇറച്ചി മസാലയും ആകാം) തരുതരുപ്പായി അരച്ചെടുക്കുക. ഈ അരപ്പു അരിഞ്ഞു വച്ച ചക്കച്ചുളയിൽ ചേർത്തിളക്കുക. അൽപം വെള്ളം ചേർത്തിളക്കി യോജിപ്പിച്ച് അടുപ്പിൽ വയ്ക്കുക. വെന്തു കഴിഞ്ഞു വീണ്ടും ഇളക്കി യോജിപ്പിക്കുക. ചക്കപ്പുഴുക്ക് റെഡിയായി.

37. ചക്കചിപ്സ്

പച്ചച്ചക്കച്ചുള കൊണ്ടുണ്ടാക്കാവുന്ന ഏറ്റവും വിലപിടിപ്പുള്ളതും ആവശ്യക്കാരുള്ളതുമായ വിഭവം. ചക്ക ചുള ചെറുതായി നുറുക്കി അത് എണ്ണയിൽ വറുത്തു കോരിയെടുത്താൽ ചക്ക ചിപ്സ് റെഡി.

38. ചക്കക്കുരു മാങ്ങാക്കറി

ചക്കക്കുരു ചെറുതായി നുറുക്കി വേവിക്കുക. അതിലേക്ക് അരിഞ്ഞെടുത്ത മാങ്ങയും ചേർത്ത് നന്നായി കുരു വെന്തുടയുന്ന പാകത്തിൽ വേവിക്കുക. മഞ്ഞൾപ്പൊടിയും അൽപം മുളകുപൊടിയും ഉപ്പും ചേർക്കാം. അതിലേക്കു തേങ്ങാ അരപ്പു ചേർത്ത് കടുകു പൊട്ടിച്ചു കറിയായി ഉപയോഗിക്കാം.

39. ഇടിച്ചക്ക ബോ

  • ഇടിച്ചക്ക - ഒരു ചക്കയുടെ പകുതി
  • ചെറിയ ഉള്ളി – 5 എണ്ണം
  • പച്ചമുളക് – 7 എണ്ണം
  • ഉരുളക്കിഴങ്ങ് – 1
  • കറിവേപ്പില – ആവശ്യത്തിന്
  • മുളകുപൊടി – 1 ടേബിൾ സ്പൂണ്
  • മഞ്ഞൾപ്പൊടി – അര ടേബിൾ സ്പൂണ്
  • കടുക് – ആവശ്യത്തിന്
  • മൈദ – 1 കപ്പ്
  • വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന രീതി

ചക്കച്ചുളകൾ കഷണങ്ങളാക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. ശേഷം വെള്ളം വാർത്തുകളഞ്ഞ് ചക്ക ഇടിച്ചെടുക്കാം. ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് പുഴുങ്ങി ഉടച്ചുവയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് വറുക്കുക. ചെറിയ ഉള്ളി അരിഞ്ഞ് പച്ചമുളക്, കറിവേപ്പില, ചക്ക, ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് മൂപ്പിച്ച ശേഷം ഉരുളകളാക്കുക. മൈദമാവിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, പാകത്തിന് ഉപ്പ്,  വെള്ളം എന്നിവ ചേർത്ത് ഇളക്കുക. അതിലേക്ക് ഉരുട്ടിവച്ച ഇടിച്ചക്കക്കൂട്ട് മുക്കിയെടുത്ത് ചൂടായ എണ്ണയിൽ പൊരിച്ച് എടുക്കുക.

40. ചക്കപ്പഴം പാൽ ഹൽവ

  • പഴുത്ത ചക്കച്ചുള – അഞ്ച് കപ്പ്
  • പശുവിൻ പാൽ – അഞ്ച് കപ്പ്
  • പഞ്ചസാര – മൂന്ന് കപ്പ്
  • നെയ്യ് – കാൽ കപ്പ്
  • ഏലക്കാ പൊടിച്ചത് – ഒരു ടേബിൾ സ്പൂൺ
  • കശുവണ്ടി – അര കപ്പ്
  • വെള്ളം – ഒരു കപ്പ്

ചക്കപ്പഴം ആവി കയറ്റി വേവിച്ച് മിക്സിയിൽ അരച്ചെടുക്കുക. വെള്ളത്തിലേക്ക് പഞ്ചസാര ചേർത്തിളക്കി നൂൽ പരുവമാകുന്നതുവരെ ചൂടാക്കുക. അതിലേക്ക് ചക്ക അരച്ചത് ചേർത്ത് ജലാംശം ഇല്ലാതാകുന്നതുവരെ ഇളക്കുക. മുറുകി കഴിയുമ്പോൾ പാൽ ചേർത്തു വീണ്ടും ഇളക്കുക. അൽപം മുറുകിക്കഴിയുമ്പോൾ  അൽപം നെയ്യ് ചേർത്ത് ഇളക്കുക. തുടർന്ന് ഏലക്കായും ചേർക്കുക. നന്നായി മുറുകിക്കഴിയുമ്പോൾ ഹൽവ സൂക്ഷിച്ചു വയ്ക്കാൻ തയാറാക്കി വച്ചിരുന്ന പാത്രത്തിന്റെ ഉള്ളിൽ നെയ്യ് പുരട്ടി ഹൽവ നിറച്ച് മുകളിൽനിന്ന് അമർത്തുക. കശുവണ്ടി, നെടുകെ പിളർന്ന് ഹൽവയുടെ മുകളിൽ വച്ച് അലങ്കരിക്കാം.

41. റോസ്റ്റഡ് റവ ചക്കപ്പഴം ഉണ്ട

  • നന്നായി പഴുത്ത ചക്കച്ചുളകൾ – അഞ്ച് കപ്പ്
  • വറുത്ത റവ (ഇളം ബ്രൗണ് നിറമാകണം) – അഞ്ച് കപ്പ്
  • ശർക്കര – മൂന്ന് കപ്പ്
  • നെയ്യ് – അഞ്ച് ടേബിൾ സ്പൂണ്‍
  • ഏലക്ക – 15 എണ്ണം

തയാറാക്കുന്നവിധം

വറുത്ത റവയിൽനിന്ന് ഒരു കപ്പ് ഒരു മുറത്തിൽ ഇടുക. തുടർന്നു ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി ബാക്കിയുള്ള നാലു കപ്പ് റവ റോസ്റ്റ് ചെയ്തെടുത്ത് വാങ്ങിവയ്ക്കുക. ചക്കപ്പഴം ആവിയിൽ വേവിച്ച് മിക്സിയിൽ അരച്ചെടുക്കുക. തുടർന്ന് ശർക്കര ഉരുക്കി നൂൽപ്പരുവമാകുമ്പോൾ അരച്ചെടുത്ത ചക്കപ്പഴം ചേർത്ത് ജലാംശം പൂർണമായും നീങ്ങുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഏലക്കാ പൊടിച്ചത് ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേക്കു നെയ്യും റോസ്റ്റ് ചെയ്ത റവയും ചേർത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കണം. തുടർന്ന് ചെറിയ ഉരുളകളാക്കി മുറത്തിലെ റവയില് മുക്കി ഉപയോഗിക്കാം.

42. ചക്കക്കുരുത്തോരൻ​

chakka-vevichath

ചക്കക്കുരു നുറുക്കാതെ മഞ്ഞൾപ്പൊടിയും മുളകും ഉപ്പും ചേർത്ത് വേവിച്ച് ഉടയ്ക്കണം. ചീനച്ചട്ടി അടുപ്പത്തുവച്ച് മുളകും കടുകും പൊട്ടിച്ച് വെളിച്ചെണ്ണയിൽ വറുത്ത് രണ്ടുള്ളിയും ജീരകവും അൽപം നാളികേരവും കൂടി പൊട്ടിക്കഴിഞ്ഞ കടുകിൽ ഉടനെ ഇടുക. ഉടച്ച ചക്കക്കുരു ഇതിലേക്കിട്ട് ഇളക്കുക. ഒന്നാംതരം തോരനും പലഹാരവുമാണിത്.

43. ചക്കപ്പഴം അരിയുണ്ട

  • നന്നായി പഴുത്ത ചക്കച്ചുളകൾ – അഞ്ച് കപ്പ്
  • ഇടിയപ്പത്തിന്റെ പാകത്തിന് പൊടിച്ച പച്ചരി (മാർക്കറ്റിൽനിന്നു ലഭിക്കുന്ന ഇടിയപ്പംപൊടി ആയാലും മതി) – അഞ്ച് കപ്പ്
  • ശർക്കര – രണ്ട് കപ്പ്
  • നെയ്യ് – അഞ്ച് ടേബിൾ സ്പൂൺ
  • ഏലക്കാ – 15 എണ്ണം പൊടിച്ചത്

തയാറാക്കുന്നവിധം

പച്ചരി പൊടിച്ചത് ചീനച്ചട്ടിയിൽ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. വാങ്ങി തണുക്കുന്നതിനു വയ്ക്കുക (മറ്റൊരു പാത്രത്തിലേക്ക് പകർന്നില്ലെങ്കിൽ ചീനച്ചട്ടിയുടെ ചൂടു മൂലം കരിയാൻ സാധ്യതയുണ്ട്). ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്സിയിൽ അരച്ചെടുക്കുക. തുടർന്നു ശർക്കര ഉരുക്കി നൂൽപ്പരുവമാകുന്നതുവരെ ഇളക്കുക. ഇതിലേക്ക് മിക്സിയിൽ അരച്ചെടുത്ത ചക്കപ്പഴം ചേർത്ത് ജലാംശം പൂർണമായും ഇല്ലാതാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് നെയ്യ് ചേർത്തിളക്കുക. തുടർന്ന് ഏലക്കാ ചേർത്ത് ഇളക്കി വാങ്ങിവയ്ക്കുക. അരിപ്പൊടി വറുത്തതിൽനിന്ന് ഒരു കപ്പ് മാറ്റി ഒരു മുറത്തിൽ വിന്യസിച്ചിടുക. ബാക്കിയുള്ള നാലു കപ്പ് അരിപ്പൊടി ചക്കപ്പഴത്തിലേക്ക് ചക്കപ്പഴത്തിന്റെ ചൂടാറുന്നതിനു മുന്പ് ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചുചേർക്കുക. ഈ ചേരുവ ചെറിയ ഉരുളകളാക്കി, മുറത്തിൽലിട്ട പൊടിയിൽ മുക്കിയെടുത്താൽ ചക്ക അരിയുണ്ട റെഡി.

44. ചക്കപ്പഴം മുറുക്കിയത്

  • പഴുത്ത ചക്ക – അഞ്ച് കപ്പ്
  • നെയ്യ് – അര കപ്പ്
  • ശർക്കര – രണ്ട് കപ്പ്
  • ഏലക്ക പൊടിച്ചത് – ഒരു ടേബിൾ സ്പൂൺ
  • നിലക്കടല വറുത്തത് – അര കപ്പ്

തയാറാക്കുന്ന വിധം

ചക്കപ്പഴം ആവി കയറ്റി വേവിച്ച് മിക്സിയിൽ അരച്ചെടുക്കുക. ചേരുവ ശർക്കര ചൂടാക്കി നൂൽപ്പരുവമാകുന്നതുവരെ ഇളക്കുക. അതിലേക്ക് ചക്കപ്പഴം അരച്ചത് ചേർത്ത് ഇളക്കുക. ഏലക്കാ പൊടിച്ചതും നെയ്യും അൽപം മാറ്റിവച്ചശേഷം ബാക്കിയുള്ളതും ചേർത്തു നന്നായി ചേരുന്നതുവരെ ഇളക്കുക. നിലക്കടല തൊലികളഞ്ഞ് ചേർത്തിളക്കുക. ജലാംശം പൂർണമായും നീങ്ങുന്നതുവരെ ഇളക്കണം. തുടർന്നു ചക്കപ്പഴം മുറുക്കിയതു സൂക്ഷിച്ചുവയ്ക്കാൻ കരുതിയ പാത്രത്തിൽ നെയ്യ് പുരട്ടിയശേഷം ചക്കപ്പഴം മുറുക്കിയതു നിറച്ചശേഷം മുകളിൽനിന്ന് അമർത്തിപ്പരത്തുക. രുചികരമായ ഈ വിഭവം ജാമിനു പകരമായി ഉപയോഗിക്കാം.

45. ചക്ക മടൽ മസാല ഫ്രൈ

ചക്ക മടൽ മുള്ളുകൾ കളഞ്ഞ് വളരെ ചെറുതാക്കി ചതുരാകൃതിയിൽ അരിഞ്ഞെടുക്കുക. ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽ മുളകും മൂപ്പിച്ച് അതിലേക്ക് അറിഞ്ഞുവച്ചിരിക്കുന്ന ചക്ക മടൽ ചേർക്കുക. അത് ഫ്രൈ ആകുന്നതുവരെ ഇളക്കിക്കൊടുക്കണം. പാകത്തിന് ഫ്രൈ ആയ ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ഇഞ്ചി, കുരുമുളകുപൊടി, മസാലപ്പൊടി, വെളുത്തുള്ളി എന്നിവ ചേർത്ത് ഇളക്കിയെടുക്കുക. ഇതിലേക്ക് തേങ്ങാപ്പാലും മല്ലിയിലയും ചെറു കഷണങ്ങളാക്കി മുറിച്ച തക്കാളിയും ചേർത്ത് ഒന്നുകൂടി തിളച്ചതിനുശേഷം വിളമ്പാം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com