ADVERTISEMENT

കാരിയുടെ കുത്തിന് മൂത്രം കൊണ്ട് താൽക്കാലിക പരിഹാരം കണ്ട ഞാൻ പക്ഷേ മീൻപിടിത്തത്തോട് എന്നേക്കുമായി തോറ്റില്ല, അല്ലെങ്കിൽ അവരെന്നെ തോൽപ്പിച്ചില്ല. ഞാൻ പിന്നെയും ഊത്തപിടിക്കാൻ ഇറങ്ങി. പക്ഷേ, അപ്പന്റെ കൂടെ പോകാൻ എനിക്ക് മടിയായി. കാരണം അപ്പൻ ഇനിയും കാരിയെ വെട്ടിയിടും, അതെന്നെ കുത്തും, അപ്പന് ദേഷ്യം വരും, എനിക്ക് നിലവിളിക്കാനുള്ള സ്വാതന്ത്ര്യം പോലും അപ്പൻ തരില്ല്യ.

നാട്ടിലുള്ള പ്രഗത്ഭരായ മീൻപിടുത്തക്കാരെയും അവരുടെ കഴിവുകളെയും കുറഞ്ഞത് ഒരാഴ്ചയെങ്കിലും വാഴ്ത്തുന്ന നാടുകൂടെയാണ് നമ്മുടേത്. മാവേലിയെക്കുറിച്ച് നമ്മൾ വാചാലരാവുന്നത് ചിങ്ങമാസം പിറന്നതിന് ശേഷമാണ് എന്നതുപോലെ ഈ മീൻപിടിത്തക്കാരെക്കുറിച്ച് ഊറ്റംകൊള്ളുന്നത് ഊത്തകാലത്താണ്.

എന്റെ നാട്ടിലെ പ്രഗത്ഭരായ മീൻപിടുത്തക്കാർ ചക്കാലക്കൽ ദേവസി (late), ശ്രീ പ്ലാക്കൽ യാക്കോവ്, ചക്കാലക്കൽ അന്തോണി, ഈറേത്ത് ഫ്രാൻസീസ് (late), ചക്കാലക്കൽ റപ്പായി, ചക്ക്യയെത്ത് ഇട്ടീര (late) തുടങ്ങിയവരാണ്. ജഡ്ജി ഇരിക്കുന്നിടം കോടതി എന്ന് പറയുമ്പോലെ ഇവർ ചെല്ലുന്നിടത്താണ് മീൻ എന്ന് അത്ര പഴകിയിട്ടില്ലാത്ത ഒരു ചൊല്ല് നാട്ടിൽ കുളക്കടവുകളിലെയും, കൊയ്ത്തുപാടങ്ങളിലെയും കുലസ്ത്രീകളുടെയിടയിൽ വരെ പുരുഷവർണനകൾ അകമ്പടി ചേർന്ന് അവരുടെ പരദൂഷണങ്ങൾക്കിടയിൽ സ്ഥാനം പിടിച്ചു. ഇവരിൽ അന്തർലീനമായ കലാവിരുത് ബാഹ്യലോകം അറിഞ്ഞത് മീൻ പിടിക്കുന്നതിനു വേണ്ടി ഇവർ മെനഞ്ഞെ കൂട്, അടിച്ചിൽ, ഒറ്റൽ, ചാട്ടം തുടങ്ങിയവ ഉപകരണങ്ങളുടെ സൗന്ദര്യം കണ്ടപ്പോഴാണ്. ഇവർ കെട്ടിയ കൂടിന്റെയും ഒറ്റലിന്റെയും മെടച്ചിലിന്റെ ഭംഗി വർണനകൾക്കതീതമാണ് (കൂടിന്റെ ഈർക്കിലെയും ഒറ്റലിന്റെ കീറിയെടുത്ത മുളയഴികളും കയർ ഉപയോഗിച്ച് നെയ്യുന്നതിനെ മെടയുക എന്നാണ് കർഷകഭാഷ).

ഊത്തപിടുത്തം ആരംഭിക്കുന്നത് കാലവർഷം തുടങ്ങുന്ന അന്നു തന്നെയാണ്. ഊത്ത എന്ന വാക്ക് ദ്രാവിഡ് ഭാഷയായ തമിഴിൽ പിറവികൊണ്ടതാണ്. തമിഴ്‌നാട്ടിലെ നാഗപട്ടിണം, തിരുച്ചിറപ്പിള്ളി, പുതുകോട്ട എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യബന്ധനോപാധിയാണ് തമിഴൻ പറയുന്ന ഊത്ത. ഒറ്റാൽ അല്ലെങ്കിൽ ഒറ്റൽ എന്ന് നമ്മളിപ്പോൾ പറയുന്ന ഊത്ത നിർമാണത്തെക്കുറിച്ച് പറയുന്ന ശാസ്ത്രലേഖനങ്ങൾ ഈയുള്ളവൻ വായിച്ചിട്ടുണ്ട്. ഈ ഉപകരണം അതിന്റെ ജന്മനാമവുമായി പാലക്കാട്, ആര്യങ്കാവ് ചുരങ്ങൾ കൂടാതെ ബോഡിനായ്ക്കന്നൂർ, കമ്പം തേനി വഴിയും ഒക്കെ കടന്നു കേരളത്തിലെത്തിയപ്പോൾ പേര് ചിലയിടങ്ങളിൽ ഊത്തൽ എന്നും മറ്റു ചിലയിടങ്ങളിൽ ഊത്ത എന്നും പ്രാദേശിക ഭേദങ്ങൾ വന്നു. അങ്ങനെ തമിഴന്റെ ഊത്ത എന്ന ഉപകരണത്തിന് ഒത്തൽ എന്നാദ്യം പറഞ്ഞു. വൈകാതെ തന്നെ അത് ഒറ്റാൽ എന്ന് ഭേദം വന്നു. അങ്ങനെ ഒത്ത അല്ലെങ്കിൽ ഒത്തൽ അല്ലെങ്കിൽ ഒറ്റാൽ ഉപയോഗിക്കുന്ന വേള ഊത്തയും ഊത്തലും ആയി മാറിയിട്ടുണ്ടാവും. കേരളത്തിലെ തെക്കൻ ജില്ലകളിലും അവർ കുടിയേറിയ ഇടങ്ങളിലും മാത്രമാണ് ഊത്ത എന്ന് പറയുന്നത് . മധ്യകേരളത്തിൽ ഇപ്പോഴും “ഊത്തല് പിടിക്കാൻ പോയില്ലേ” എന്നാവും ചോദ്യം.

ഊത്തയ്ക്ക് ഒരു നിർവചനം ആവശ്യമാണെങ്കിൽ, കാലവർഷാരംഭത്തോടെ പുഴയിലും വേനൽക്കാല വസതികളായ ചാലുകളിലും കുളങ്ങളിലും സുരക്ഷിതമായി തങ്ങിയ മത്സ്യങ്ങൾ ഇണ ചേരാനും മുട്ടയിടാനും ഇടങ്ങൾ തേടിയുള്ള യാത്രയെ ഊത്ത എന്നുവിളിക്കാം. പല മത്സ്യങ്ങളുടെയും ഈറ്റില്ലം എന്ന് പറയുന്നത് നെൽപ്പാടങ്ങളായതുകൊണ്ട് ഈ യാത്ര ലക്ഷ്യം വയ്ക്കുന്നത് നെൽപ്പാടങ്ങളെയാണ്. ഊത്തപ്പാടത്ത് ഞാൻ കണ്ടിട്ടും പിടിച്ചിട്ടുമുള്ള മത്സ്യങ്ങളിൽ മലിഞ്ഞീൻ, തൊണ്ടി, ബ്രാൽ, വട്ടുടി എന്നിങ്ങനെ ചിലത് ഒഴിച്ച് എല്ലാത്തിനും അവർ മുട്ടയിടാനാണ് വന്നതെന്ന് പറയാൻ മാത്രം പാകമായ മുട്ട വയർ നിറയെ കണ്ടിട്ടുണ്ട്.

ഊത്തയുടെ ഒന്നാം ദിവസം കല്ലടയും രണ്ടാം ദിവസം കാരിയും മുഴിയും മൂന്നാം ദിവസം പരൽ ഇനങ്ങളും നാലാം ദിവസം മഞ്ഞക്കൂരിയും അഞ്ചാം ദിവസം തൂളിയും (വാളയ്ക്ക് ഇങ്ങനെയും ഒരു പേരുണ്ട്) ഊത്ത കേറും. മഴയും മഴയുടെ അളവും കൃത്യമാണെങ്കിൽ ഈ ക്രമത്തിലാണ് ഊത്ത കയറ്റം നടക്കുക. അവസാനം ആറാം ദിവസം കരിമീൻ വരും, കരിമീനെ കണ്ടാൽ പിന്നെ ആരും ഊത്തപിടിക്കാൻ ഇറങ്ങില്ല. ഇക്കൊല്ലത്തെ ഊത്ത കഴിഞ്ഞു ഇനി ആരും മുട്ടയിടാൻ കേറണ്ട എന്ന് പറയുന്നത് കരിമീൻ. ഇങ്ങനെ പ്രഖ്യാപിക്കാനുള്ള സംസ്ഥാന മത്സ്യത്തിന്റെ പരിധികളില്ലാത്ത അധികാരത്തെ നാം ചോദ്യം ചെയ്യുന്നില്ല. ഈ അഞ്ചു ദിവസത്തിനുള്ളിൽ നെൽപ്പാടങ്ങളിൽ മുട്ടയിടാനുള്ളവർ മുട്ടയിട്ടു കഴിഞ്ഞിട്ടുണ്ടാവും. പിന്നെ അവ തിരിച്ചിറങ്ങുകയോ ആ വെള്ളത്തിൽ തന്നെ തുടരുകയോ ചെയ്യും.

എന്റെ വീടിനു താഴെയുള്ള വെണ്ണിപ്പാടം, കരിക്കാട്ടു ചാലിലെലേയും ചിറയം ചാലിലെലേയും കോൾ നിലങ്ങൾ, പൊറക്കുളം പാലത്തിനപ്പുറോം ഇപ്പുറോം ഉള്ള ഇരിപ്പൂ നിലങ്ങൾ, കാഞ്ഞിളത്തറക്കപ്പുറം കുമ്പിടി, മേലാംതുരുത്ത് വരെ പരന്ന് കിടക്കുന്ന നെൽപ്പാടങ്ങൾ എന്നിവിടങ്ങളിലാണ് ഊത്ത പിടുത്തം നടക്കുന്നത്. മാക്കാം തവളകളുടെയും മണവാട്ടിത്തവളയുടെയും ചിവീടിന്റെയും ചിട്ടപ്പെടുത്തിയ പ്രണയസംഗീതങ്ങൾ കരയിൽ ചന്നംപിന്നം പെയ്ത് ഒച്ചയുണ്ടാക്കുന്ന മഴത്തുള്ളികളുടെ സ്വരതാളങ്ങൾ ഒളിപ്പിക്കും. പതിയെ പതിയെ നടന്നു നീങ്ങുന്ന പെട്രോമാക്സ്, ടോർച്ച്, ടയർ ചൂട്ട് എന്നിവ ഒരു ചെറിയ വൃത്തത്തിൽ പ്രകാശം ചൊരിഞ്ഞു പാടങ്ങളെ ഉത്സവപ്പറമ്പുകൾക്കു സമാനമാക്കും.

മീൻ കയറുന്നതുപോലെ മീൻപിടുത്തത്തിനിറങ്ങുന്നവർക്കുമുണ്ടൊരു ക്രമം. ഒന്നും രണ്ടും ദിനങ്ങളിൽ ജിനേഷ്, അനീഷ്, തോമസ്, ഷാജു, ബിജു തുടങ്ങിയ പീക്കിരികൾ കല്ലടയെയും കാരിയെയും പിടിച്ച് സംതൃപ്തിയടയും. കിഴക്ക് പൂരത്തറയ്ക്കും, പടിഞ്ഞാറ് ബാലൻ നായരുടെ വീടിനു താഴെയും, തെക്കു കോമാലിവരെയും വടക്കു കള്ളുഷാപ്പിന് താഴെ വരെയും ഉള്ള പാടങ്ങളിൽ അവർ ആച്ചോടനം (വേട്ട) നടത്തും. വാക്കത്തികൊണ്ടു വെട്ടി കല്ലടയെയും കാരിയെയും മുതുക്കിയെയും പരലിനെയും ബ്രാലിനെയും പിടിച്ച് ഊത്തപ്പാടത്ത് ഇളം മുറക്കാരുടെ വരവറിയിക്കും. കൂട്ടത്തിൽ ഞാനും അനിയനും ഉണ്ടാവും. മൂന്നാം ദിനം ജോൺസൺ, ബേബി, ഡിക്സൺ, ബിജു തുടങ്ങിയ മീഡിയം പുലികൾ ഇറങ്ങി മഞ്ഞക്കൂരി, ബ്രാൽ, ചെറിയ തൂളികൾ എന്നിവയെ പിടിച്ച് യുവത്വത്തിന്റെ വീര്യം മേലഡൂർ രാജ്യത്തിലെ പ്രജകളെ അറിയിക്കും.

ഊത്ത പിടുത്തതിന് നിയന്ത്രണങ്ങൾ വരുന്നതിനു മുമ്പുള്ള ഒരു കാലത്ത് നാലും അഞ്ചും ദിവസങ്ങളിൽ പുലികളായ മീൻപിടിത്തക്കാർ, ചന്തു വേലായി, വെട്ടിയാടാൻ ജോൺസൺ, പൈലി, അന്തോണി, താടി ജോസ്, ആമളിയൻ, ആമ ബെന്നി, ചാടൻ റപ്പായി, പത്രു, വിരുന്നുകാരൻ വർഗീസ്, ചൂടൻ ജോഷി, ചൂടൻ ജോയി, തുടങ്ങിയവർ ഒറ്റലുമായി ഇറങ്ങും. വട്ടക്കണ്ണൻ അന്തോണി എളേപ്പൻ, വിരുന്നുകാരൻ വർഗീസ് , സേട്ടു ജോയി എന്നിവരെപ്പോലുള്ളവർ അടിച്ചിൽ പത്തായം, ചാട്ടം തുടങ്ങിയവ ഒരുക്കി വെണ്ണിപ്പാടം പോലുള്ള നെൽപ്പാടങ്ങളിലേക്ക് മീനുകൾ കയറുന്ന വഴി തടഞ്ഞു മഞ്ഞക്കൂരിയെയും തൂളിയെയും കൂട്ടത്തോടെ പിടിച്ചെടുക്കും. പുഴയിൽനിന്നു മീൻ കരിക്കാട്ടു ചാലിലേക്കു കയറുന്ന എരവത്തൂർ പാലത്തിനു താഴെയും ഒക്കെ വലിയ അടിച്ചിലുകൾ കാണാം. നാലാം ദിനം മുതൽ പാടം മുഴുവനും കൂട്, ഒറ്റാൽ, അടിച്ചിൽ, ചാട്ടം, കുത്തുവല, കെട്ടുവല, തുടങ്ങിയവ കൊണ്ട് നിറഞ്ഞിരിക്കും. അവരുടെ ലക്ഷ്യം എട്ടു കിലോ മുതൽ പത്തുകിലോ വരെ തൂക്കമുള്ള തൂളി മാത്രമാണ്. അത് പണം മാത്രമല്ല അവർക്കു നേടിക്കൊടുക്കുക ഒരു വീര പരിവേഷവും നേടിക്കൊടുക്കും. പാളത്തൊപ്പിയും തൊപ്പിക്കുടയും വെച്ച ഊത്തപിടുത്തക്കാരുടെ കണ്ണുകൾ “പറ്റുമെങ്കിൽ ഒരു തൂളിയെ പിടിക്കെടാ” എന്ന വെല്ലുവിളികൾ പരസ്പരം കൈമാറും. ഊത്തയുടെ എവിടുത്തെയും എക്കാലത്തെയും ആകർഷണമായ തൂളിയെ പിടിക്കേണ്ടത് ഭാഗ്യം തുണക്കുന്നതിലൂടെയല്ല മറിച്ച് അറിവും ലക്ഷ്യവും വിരുതും കരുത്തും ചേർന്ന ആണത്തത്തതിലൂടെയാണ്.

ഊത്ത പിടുത്തത്തിലെ പ്രധാന ഐറ്റം ആയ വാള (തൂളി) പിടുത്തത്തിനു മൂന്ന് ബാറ്ററിയുടെ ടോർച്ചുമായി എല്ലാവരും ഒത്തുകൂടുന്ന ഇടമാണ് കാഞ്ഞിളത്തറയും അതിനടുത്ത പാലവും. സന്ധ്യ മുതൽ മഴ ചന്നംപിന്നം പെയ്താലെ മീൻ കയറൂ. അതുവരെ ഒറ്റലിൽ ചന്തിവച്ചു കാജാ ബീഡിം വലിച്ചു ബടായീം പറഞ്ഞിരിക്കും. തികച്ചും പ്രാദേശികമായതും ഇന്നിപ്പോൾ വല്യ റേഞ്ചില്ലാത്തതുമായ ചെറിയ മണ്ടത്തരങ്ങൾ പലതും പലരുടെയും മേമ്പൊടി ചേർത്ത് വൻ പ്രചാരം നേടുന്നതിവിടങ്ങളിൽവച്ച് വെന്തതിനു ശേഷമാണ്. 

തൂളി ആണും പെണ്ണും ചേർന്ന് പൊക്കം പുറം (ഉയർന്ന പ്രദേശം) നോക്കി കേറി വരും. നമ്മൾ വെള്ളം നിറുത്താൻ വേണ്ടി ബലത്തോടെ നിർമ്മിച്ച വരമ്പുകളുടെ അരിക് ചേർന്ന് അവർ ഇണ ചേരും. എന്നോട് ഏറ്റവും പരിചയ സമ്പന്നനായ ഊത്തപിടുത്തക്കാർ പറഞ്ഞതനുസരിച്ച് വെള്ളം വരമ്പുകൾ മുറിഞ്ഞു കടക്കാത്ത പൊക്കംപുറത്തെ വരമ്പിൽ പെൺ തൂളി വയർ അമർത്തുകയും ആ മർദ്ദത്തിൽ മുട്ടകൾ പുറത്തേക്ക് ഊർന്നുപോരുന്ന മാത്രയിൽ തന്നെ മുട്ടയിന്മേൽ ആൺ മത്സ്യം അതിന്റെ ബീജം തളിക്കുകയും ചെയ്യും. ഇതറിയുന്ന പുലികൾ വരമ്പിന്റെ അരികു നോക്കി ഒറ്റലുമായി നടന്ന് ഇണചേരുന്നതിൽ നിന്നും പെൺ മത്സ്യത്തെ (വലുപ്പം പെണ്ണിനായിരിക്കും) ഒറ്റിപ്പിടിക്കുന്നു. തൂളികൾ ഇണ ചേരുന്നതിനെ കടികൂടുക എന്നാണ് ഊത്തഭാഷ. നമ്മുടെ കൃഷിയും വരമ്പും തൂളികൾകൊരുക്കുന്നത് ഈറ്റില്ലങ്ങളാണ്. പഴയ തലമുറക്കാർ മനോഹരമായി വരമ്പ് തേച്ച് മിനുക്കിയൊരുക്കുന്നത് ഞണ്ടളകളിലൂടെ ചോരുന്ന വെള്ളം തടയാൻമാത്രമായിരുന്നില്ല എന്ന് മനസിലാക്കണം നമ്മൾ.

അപ്പൻ മീൻപിടിച്ചു വന്നിട്ടു ഞങ്ങൾ ആ ടോർച്ച് എടുത്ത് വെളുപ്പിന് ഊത്തപിടിക്കാൻ ഇറങ്ങുന്ന ഒരു പതിവുണ്ട്. അങ്ങനെ ഒരു കൊല്ലം ഞാനും അനിയനും ഇറങ്ങി. ഞങ്ങൾ നടന്ന് കാഞ്ഞിളത്തറയുടെ താഴെയുള്ള പാടത്തെത്തി.

ഞാൻ മുമ്പിലും അവൻ പിറകിലുമായി നടന്നു. കുറച്ചു നടന്നില്ല അപ്പോഴേക്കും വെള്ളത്തിന്റെ ഒരു ഓളം കണ്ടു മലമ്പാമ്പാണെന്ന് കരുതി ഞാൻ അവനെ തട്ടിയിട്ട് തിരിഞ്ഞോടി. അവൻ കണ്ടത്തിന്റെ എതിർവശത്തെ കയ്യാണിയിലേക്ക് വീണു. ഭയന്നു നിന്ന അവൻ നോക്കിയപ്പോൾ ഒരു മീനാണെന്നു മനസിലായി. രക്ഷപെടാനുള്ള ദൂരത്തെത്തിയ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അനിയൻ അവിടെ നിന്ന് കൈകാട്ടി വിളിക്കുന്നു. വാക്കത്തിയുമായി ഞാൻ ചെന്നു. എന്റെ കൈയിൽനിന്നും വാക്കത്തി വാങ്ങി അവൻ വെട്ടി. ഒന്നല്ല ഒരു പല പ്രാവശ്യം. അത് പിടഞ്ഞു വലിയ ഒച്ചയോടെ വാൽ വെള്ളത്തിലിട്ടടിച്ചു. അതിന്റെ മലച്ചിൽ വെള്ളത്തിൽ വലിയ ഓളങ്ങളുണ്ടാക്കി. പതിയെ ചോര കലങ്ങിയ വെള്ളത്തിൽ തൂളിയെന്ന വലിയ മീനിന്റെ ശരീരം ചലനമറ്റു നിന്നു. അനിയൻ തന്നെ അതിനെ വലിച്ച് വരമ്പത്തേക്കു കയറ്റി. ഞങ്ങൾ രണ്ടുപേരുംകൂടി വലിച്ചു വീട്ടിലെത്തിച്ചു. രണ്ടര കിലോയോളം വരുന്ന മീനാണെന്നു അപ്പൻ പറഞ്ഞു. ഞങ്ങൾ രണ്ടരച്ചാൺ പോന്ന രണ്ടു പിള്ളേർ വലിയ തൂളിയെ പിടിച്ച വിവരം സ്‌കൂളിലും അങ്ങാടിയിലും പരന്നു. പ്രായം ചെന്ന കാർന്നോന്മാർ തൂളി കിട്ടിയ സ്ഥലം ചോദിച്ചു. അവരോട് ഞങ്ങൾ വൃത്തിയായി നുണ പറഞ്ഞു (മീൻപിടിത്തക്കാർക്കും കർഷകർക്കും ചെറിയ നുണകൾ പറയാൻ അവകാശമുണ്ട്). അന്ന് വൈകുന്നേരമായപ്പോഴേക്കും ഞങ്ങൾ പിടിച്ച തൂളിയെ ഞാൻ വാഗ്‌വിലാസം കൊണ്ട് വലിയൊരാക്രമണകാരിയാക്കി മാറ്റി. തൂക്കം ആറു കിലോവരെയും എത്തിച്ചു. പിറ്റേ ദിവസത്തേക്ക് ആ ചർച്ച നീണ്ടുനിന്നില്ല. അതിനു ശേഷം ഇന്നേവരെ ഒരു തൂളിയെ ഞാൻ ജീവനോടെ കണ്ടിട്ടില്ല.

ottal
വാളക്കൂട്

വാള അല്ലെങ്കിൽ തൂളി എന്ന് തൃശൂർക്കാരും ആറ്റു വാള എന്ന് തിരുവതാംകൂറുകാരും വിളിക്കുന്ന Wallago attu കേരളത്തിലെ ഏറ്റവും വലിയ മത്സ്യമാണ്. ചിലർ അതിനെ ജയന്റ് ഫ്രഷ് വാട്ടർ ഷാർക്ക് എന്നും വിളിക്കും. 1801 ൽ മാർക്‌സ് എലിസ്സിർ ബ്ലോച്ചും ഷനീഡർ എന്നിവർ ചേർന്ന് മലബാറിൽ നിന്നുള്ള മൽസ്യ മാതൃകകളെ ആസ്പദമാക്കി ഇതിന് Silurus athu എന്ന പേര് നൽകി. രസകരമായ ഒരു കാര്യം ശാസ്ത്രനാമത്തിൽ athu എന്നും മനോഹരമായ ചിത്രത്തിൽ ഉപയോഗിച്ചിരുന്ന സ്പെല്ലിങ് Silurus attu എന്നുമാണ്. 1851 ൽ ബ്‌ളീക്കർ എന്ന ശാസ്ത്രജ്ഞൻ silurus എന്ന ജനുസിൽനിന്ന് Wallago എന്ന ജനുസിലേക്കു മാറ്റി. പിന്നീട് 1862ൽ ബ്‌ളീക്കർ തന്നെ നിയമപരമായ ആനുകൂല്യങ്ങൾ ഉപയോഗിച്ച് attu എന്ന പേര് നിലനിറുത്തി മനഃപ്പൂർവമല്ലാതെ വന്നുപോയ ആ തെറ്റ് തിരുത്തി. ബ്ലോച്ച് നൽകിയ ആദ്യ വിവരണത്തിൽ മലബാറിലെയും തമിഴ്‌നാട്ടിലെയും തടാകങ്ങളിൽ കാണുന്ന ഇതിന് attu culavu എന്നതാണ് പേരെന്ന് പറയുന്നു (Habitat: in lacubus Malabariae, Tamulice Attu Culvu dictus.). ഒരു പക്ഷെ വംശനാമം ഈ നാട്ടുപേരിൽ നിന്നായിരിക്കാം ഉത്ഭവിച്ചത്. വാളയെ തെലുങ്കിൽ Walaga എന്ന് വിളിക്കുന്നതിനാൽ 1851ൽ ബ്ളീകർ ഇതിനു Wallago എന്ന ജനിതകനാമം നൽകുകയായിരുന്നു.

തൂളി എന്ന പേര് തർക്കത്തിനിട നൽകുന്ന ഒന്നാണ്. മീനച്ചിൽ, മണിമല, പമ്പ, അച്ചൻകോവിൽ എന്നീ നദികളുടെ കരയിൽ താമസിക്കുന്നവർ പുല്ലൻ എന്ന് വിളിക്കുന്ന ലേബിയോ ദുസ്സ്‌മേരി എന്ന ശാസ്ത്രനാമമുള്ള ഒരിനം മൽസ്യത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നവരാണ്. കാലാവർഷാരംഭത്തോടെ പുഴയുടെ താഴ്ഭാഗങ്ങളിൽ നിന്നും മുകളിലേക്ക് കൂട്ടത്തോടെയുള്ള ഇവയുടെ ദേശാന്തരഗമനത്തെ തൂളിയിളക്കം എന്നാണു അവർ പറഞ്ഞവതരിപ്പിക്കുക. ആ മീനിനെ അവർ തൂളി എന്നാണ് വിളിക്കുന്നത്.

ഊത്തപിടിത്തം മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമാകുന്നുവെന്ന കണ്ടത്തലിൽ സർക്കാർ ഊത്തപിടിത്തം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. നിരോധനങ്ങൾ മറികടന്ന് ഇപ്പോഴും ഊത്തപിടിത്തം നടക്കുന്നുമുണ്ട്. ഊത്തപിടിത്തം നടത്തിയാൽ കൽത്തുറുങ്കിൽ അടയ്ക്കാനും പിഴ ഈടാക്കാനും വ്യവസ്ഥ ചെയ്യുന്ന നിയമങ്ങൾ നിലവിലുണ്ട്. വാർത്താ മാധ്യമങ്ങളും ഇതിന് കാര്യമായ പരിഗണന നൽകുന്നതിനാൽ ഇപ്പോൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.

വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടികയിലിടം തേടാവുന്ന ഒരു വിഭാഗത്തിലാണ് (Nearly threatened) തൂളി ഇടം പിടിച്ചിട്ടുള്ളത്. പ്രജനകാലത്തുള്ള മത്സ്യബന്ധനം നിരോധിച്ചാൽ മാത്രം മതി നമുക്കിവയെ സംരക്ഷിക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com