ADVERTISEMENT

കോവിഡ്–19 ലോക്ക് ഡൗൺ കാലം കൃഷിക്കായി മാറ്റിവച്ച ഒരുപാടു പേരുണ്ട്. മുതിർന്നവർക്കൊപ്പം കുട്ടികളും കൃഷിയിൽ തൽപരരായി തൊടിയിലേക്കിറങ്ങി. കൃഷിയെ അടുത്തറിയാൻ ശ്രമിക്കുന്ന കൊച്ചു കൂട്ടുകാർക്കായാണ് ഈ ചെറുകഥ. തെങ്ങിന്റെ വളർച്ചാരീതിയും നടീൽ രീതിയുമെല്ലാം പ്രതിപാദിക്കുന്ന ഒരു കൊച്ചു കഥ. ഈ കഥയിലെ അപ്പുവിനെപ്പോലെ കൃഷിയെ ഇഷ്ടപ്പെടുന്ന കൂട്ടുകാർക്ക് തങ്ങളുടെ കൃഷിരീതിയും വിളകളുടെ വിവരണവും കർഷകശ്രീ ഓൺലൈനുമായി പങ്കുവയ്ക്കാനും അവസരമുണ്ട്. 

പ്രാതലൊക്കെ കഴിഞ്ഞ് അപ്പു നേരെ സ്റ്റോർ മുറിയിലോട്ടു പോയി. അവിടുന്ന് ഒരു തേങ്ങയുമായി പുറത്തേക്കു കടന്നു. അടുക്കളയിൽ നിന്ന അമ്മ ഇതു കണ്ട് അവന്റെ പുറകെ കൂടി. അവൻ നേരെ പോയത് തൊടിയിലേക്കായിരുന്നു. അവിടെ മതിലിനോടു ചേർന്ന് ഒരു കുഴി കുഴിച്ചിട്ടിരിക്കുന്നു. അതിന്റെ  ഉള്ളിലേക്ക് അവൻ ആ തേങ്ങ പതിയെ വച്ചു. എന്നിട്ടു മണ്ണിട്ടു മൂടി. നടു നിവർത്തി നേരെ നോക്കിയപ്പോൾ അമ്മയെ കണ്ടു. അപ്പു ഒന്നു ചമ്മി. എന്നിട്ടു  വിളറിയ ഒരു ചിരി പാസാക്കി.

‘എന്താടാ ഒരു തേങ്ങാ മോഷണം?’

‘തേങ്ങാ നട്ടതാ അമ്മേ. ഇവിടെ ഒരു തെങ്ങു വേണം.’ അപ്പു ഉറക്കെ  പറഞ്ഞു.

‘തേങ്ങാ നട്ടാൽ തെങ്ങ് ഉണ്ടാവും എന്നെങ്ങനെ അറിയാം?’ അമ്മ ചോദിച്ചു 

‘ദാ നോക്കിയേ  അമ്മേ. അവിടെ ഞാൻ നട്ട പയറും തക്കാളിയും മുളകും എല്ലാം പൊടിച്ചു. എല്ലാം ഞാൻ വിത്തിട്ടതാ.’ അവനിലെ വളർന്നു വരുന്ന കർഷകൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.

‘തെങ്ങ് മറ്റു ചെടികളെപ്പോലെ അല്ല. അതങ്ങു വെറുതെ കുഴിച്ചിട്ടാൽ പൊടിക്കില്ല. നീ അതിങ്ങ് എടുത്തുകൊണ്ട് വന്നേ.’

മനസില്ലാ മനസോടെ അവൻ പോയി കുഴിച്ചിട്ട തേങ്ങ കൊണ്ടുവന്നു. 

‘ആദ്യം തേങ്ങയ്ക്കുള്ളിൽ വെള്ളമുണ്ടോ എന്ന് പരിശോധിക്കണം.’

അവൻ തേങ്ങായെടുത്തു ചെവിക്കരികിൽവച്ച് ആഞ്ഞ് കുലുക്കി. സംശയിച്ചുനിന്ന അവന്റെ മുഖത്ത് ആത്മവിശ്വാസമുള്ള ചിരി പടർന്നു. ‘വെള്ളമുണ്ട് അമ്മേ.’

‘3 - 4 ദിവസം, ഇത് വെള്ളത്തിൽ കുതിരാൻ ഇടണം’

‘നമ്മൾ മൈക്രോ ഗ്രീൻസ്  (micro  greens) ഉണ്ടാക്കിയപ്പോൾ ചെയ്തത പോലെ?"

‘അതെ. പക്ഷേ, തേങ്ങയുടെ പുറംചട്ട കട്ടി ഉള്ളതല്ലേ? അപ്പോൾ മൈക്രോ ഗ്രീൻസ് ഉണ്ടാക്കാൻ ഉപയോഗിച്ച പയറിനേക്കാളും ഉലുവയെക്കാളുമൊക്കെ കൂടുതൽ നേരം കുതിരാൻ വയ്ക്കണം’

അവൻ ഓടി പോയി ഒരു ബക്കറ്റ് വെള്ളം കൊണ്ടുവന്നു, അതിൽ തേങ്ങാ എടുത്തിട്ടു. 

‘ഇത് മുങ്ങുന്നില്ലല്ലോ... പൊന്തി കിടക്കുവാണല്ലോ!’

അവന്റെ അമ്മ ഒരു കല്ലെടുത്തു തേങ്ങയുടെ പുറത്തു വച്ചു. അവനു സന്തോഷമായി.

‘കണ്ടോ തേങ്ങ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്. ഇങ്ങനെയാണ് തേങ്ങാ പല രാജ്യങ്ങളിലോട്ടും പോയത്.’

‘എന്തിന്?’

‘ഇന്ന് തെങ്ങ് ഏകദേശം 89 രാജ്യങ്ങളിൽ വളരുന്നുണ്ട്. ഇങ്ങനെ വെള്ളത്തിൽ പൊങ്ങിക്കിടന്നാണ് തേങ്ങാ  പല രാജ്യങ്ങളിൽ ഏത്തുകയും  അവിടെ വളരുകയും ചെയ്തത്. തെങ്ങിന്റെ പുറത്തുള്ള ചകിരി നല്ലൊരു ആവരണമാണ്. അതിന്റെ ഉള്ളിലുള്ള തേങ്ങയ്ക്കു കേടു കൂടാതെ പുതിയ കരയിൽ എത്തിച്ചേരാനും  അവിടെ വളരാനും പറ്റി.’

‘അങ്ങനെ ആണോ ഇന്ന് ഇവിടെ കാണുന്ന തെങ്ങൊക്കെ ഉണ്ടായത്?’

‘ഇപ്പോൾ  കാണുന്ന പല തെങ്ങുകളും നമ്മൾ മനുഷ്യർ വച്ചു പിടിപ്പിച്ചതല്ലേ. മാത്രമല്ല എല്ലാം ശാസ്ത്രീയമായിട്ടു വികസിപ്പിച്ചെടുത്തതാണ്.’

‘ശാസ്ത്രീയമായിട്ടോ?’

‘അതെ. പണ്ടുണ്ടായിരുന്ന തെങ്ങൊക്കെ നല്ല പൊക്കമുള്ള തെങ്ങുകൾ ആയിരുന്നു. ഒരുപാടു തേങ്ങ ഉണ്ടാകുമെങ്കിലും അതിൽ കേറി തേങ്ങ ഇടാനൊക്കെ ബുദ്ധിമുട്ടല്ലേ? പിന്നെയുള്ളത് കുള്ളൻ തെങ്ങുകൾ ആയിരുന്നു. പൊക്കം കുറവെങ്കിലും തേങ്ങ കുറവായിരുന്നു. അപ്പോൾ പിന്നെ ശാസ്ത്രജ്ഞർ ഇവരെ രണ്ടിനെയും കൂടി കല്യാണം കഴിപ്പിച്ചു. എന്നിട്ട്  ഉണ്ടായ കുട്ടികളോ? ഇടത്തരം പൊക്കക്കാരും നല്ല കായ്‌ഫലം ഉള്ളവരും!’

‘കല്യാണമോ? തെങ്ങുകളോ? ഒന്ന് പോ അമ്മേ... വെറുതെ പറ്റിക്കാൻ.’

‘തെങ്ങുകളുടെ കല്യാണത്തെ പരാഗണം എന്നു പറയും. കുള്ളൻ തെങ്ങിന്റെ പൂമ്പൊടി എടുത്തു പൊക്കമുള്ള തെങ്ങിന്റെ പെൺപൂവിൽ ഇട്ടു കൊടുക്കും. അങ്ങനെ കിട്ടുന്നവയെ TXD (Tall X Dwarf) ഇനങ്ങൾ എന്നു പറയും.  തിരിച്ചാണെങ്കിൽ DXT (Dwarf X Tall) എന്നും. ഓരോരുത്തർക്കും ഓരോ ഗുണങ്ങൾ ആയിരിക്കും. ചിലതു നേരത്തെ കായ്ക്കും ചിലതിനു രോഗ പ്രതിരോധ ശക്തിയുണ്ടായിരിക്കും... അങ്ങനെ.’

‘നമുക്ക് അങ്ങനെ ചെയ്യാമോ?’

‘വളരെ വർഷങ്ങൾ നീണ്ടു കിടക്കുന്ന ഒരു പരിപാടി ആണിത്... മാത്രമല്ല അതിനു പ്രത്യേക പരിശീലനമൊക്കെ വേണം. ഇങ്ങനെ വികസിപ്പിച്ചെടുത്ത തെങ്ങുകൾ നന്നായി കായ്ക്കുകയും ചെയ്യും. അസുഖങ്ങളും കുറവായിരിക്കും.’

‘നമുക്ക് അങ്ങനെ ഒരെണ്ണം വാങ്ങി വച്ചാലോ?’ അപ്പു  ചോദിച്ചു 

‘അതിനെന്താ വാങ്ങിക്കാമല്ലോ. നഴ്സറിയിൽ പോയി നല്ലയിനം തെങ്ങിന്റെ തൈ വാങ്ങിക്കാം. നാളെ  പോകാം. ഇന്ന് അമ്മയ്ക്ക് അൽപം തിരക്കുണ്ട്’

അപ്പുവിന് സന്തോഷമായി. അവൻ അന്ന് രാത്രി ഡയറിയിൽ കുറിച്ചു.  

10/05/2020 

‘ഇന്ന് തെങ്ങു നടുന്നതിനെക്കുറിച്ച് അമ്മ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നു. വെറുതെ കൈയിൽ ഉള്ള തേങ്ങ നടുന്നതിനേക്കാളും നല്ലത് ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത തൈകൾ  നടുന്നതാണ്. എങ്കിൽ  അവ ഒരുപാടു  കായ്ക്കും. അങ്ങനെ ഒരെണ്ണം സംഘടിപ്പിക്കണം. അതിനായി നാളെ ഞങ്ങൾ നഴ്സറിയിൽ പോകും.’

അടുത്ത ദിവസം അപ്പു  അതിരാവിലെ എണീറ്റു. പല്ലു തേച്ചു, പ്രാതൽ കഴിഞ്ഞു പുറത്തു പോകാൻ ഉള്ള വസ്ത്രവും ധരിച്ചു അങ്ങനെ ഇരുന്നു. 

‘അമ്മേ  പോകാം.’

‘വരാം അപ്പു. ആദ്യം നഴ്സറി ഒക്കെ ഒന്ന് തുറക്കട്ടെ.’ 

അങ്ങനെ 11 മണി ആയി. അവർ കാറിൽ കയറി നഴ്സറിയിലേക്കു തിരിച്ചു. 

നഴ്സറിയിൽ ധാരാളം ചെടികൾ ഉണ്ടായിരുന്നു. പല നിറത്തിലുള്ള പൂക്കൾ, പല നിറത്തിലുള്ള ഇലകൾ, കായ്കൾ, മരങ്ങൾ... നല്ല രസം. തെങ്ങിൻ  തൈകൾ അന്വേഷിച്ചു ഞങ്ങൾ നഴ്സറിയുടെ കവാടത്തിൽനിന്ന് ഉള്ളിലോട്ടു പിന്നെയും നടന്നു. അവിടെ പലതരത്തിലുള്ള തെങ്ങിൻ തൈകൽ അടുക്കി വച്ചിട്ടുണ്ട്. 

അനന്തഗംഗ, കേരഗംഗ, കേരസങ്കര, ചന്ദ്രസങ്കര, കല്പരക്ഷ, ചന്ദ്രലക്ഷ, ലക്ഷഗംഗ, ചന്ദ്രകല്പ, കല്പധേനു, മലയൻ ഡ്വാർഫ് ഓറഞ്ച്, ചാവക്കാട് ഓറഞ്ച് ഡ്വാർഫ് അങ്ങനെ ഒരുപാടു പേരുകൾ മന്ത്രം പോലെ അവിടത്തെ മേൽനോട്ടക്കാരൻ ഉരുവിട്ടു.

അമ്മ അപ്പുവിനെ ഒന്ന് നോക്കി.

‘ആ അവസാനം പറഞ്ഞതു മതി.’ അപ്പു ഉറപ്പിച്ചു.

‘ചാവക്കാട് ഓറഞ്ച് ഡ്വാർഫ്. നല്ല ഇനം ആണ്. നല്ല മധുരമുള്ള കരിക്കിൻ വെള്ളമാണ്.’ മേൽനോട്ടക്കാരൻ പറഞ്ഞു. ഇത് കേട്ടപ്പോൾ അപ്പുവിനു  സന്തോഷമായി. പേരു കേട്ടപ്പോൾത്തന്നെ നല്ല  ഇനം ഏതെന്നു മനസിലാക്കാൻ പറ്റിയല്ലോ. തൈ അവൻ തന്നെ തിരഞ്ഞെടുത്തു. ധാരാളം ഇലകൾ ഉള്ള തൈ ആണ് അവൻ തിരഞ്ഞെടുത്തത്. അത് കൂടാതെ അവിടെനിന്ന് മണ്ണിരകമ്പോസ്റ്റും മറ്റു വളങ്ങളും അമ്മ വാങ്ങിച്ചു.

വീട്ടിൽ എത്തിയ പാടെ തെങ്ങു നടാൻ അവൻ തിടുക്കം കാട്ടി. ഇന്നലെ തേങ്ങ നടാൻ  കണ്ടു വച്ച സ്ഥലത്തു പോയി  അപ്പു അമ്മയെ കാത്തു നിന്നു.  

‘അവിടെ പറ്റില്ല അപ്പു. അത് മതിലിനോട് ചേർന്ന് നിൽക്കുന്ന സ്ഥലം അല്ലേ? അപ്പുറത്തെ വീട്ടിലോട്ടു ചായ്ഞ്ഞു പോകും... തേങ്ങ ഇ‌ടുമ്പോഴൊക്കെ ബുദ്ധിമുട്ടാകും. കുറച്ചു മാറ്റി നടാം. നല്ല വെയിൽ കിട്ടുന്ന സ്ഥലം വേണം തിരഞ്ഞെടുക്കാൻ. അൽപം വലുപ്പമുള്ള കുഴി ആയിരിക്കണം.  1m X1m X1m എന്ന അളവിലുള്ള കുഴി എടുക്കാം. ഒരു ക്യൂബ്  പോലെ. തെങ്ങിന്റെ വേരുകൾക്ക് വളരാൻ സ്ഥലം വേണ്ടേ?’

‘എന്താ അമ്മയും മോനും കൂടി ഒരു ഡിസ്കഷൻ?’ അച്ഛനെ കണ്ടു അപ്പു വിളിച്ചു കൂവി. ‘അച്ഛാ... ഞങ്ങൾ തെങ്ങു നടാൻ പോകുന്നു.’

‘ആഹാ... കൊള്ളാല്ലോ...’

‘കൃത്യ സമയത്തുതന്നെ വന്നു. ഞങ്ങൾ തെങ്ങിൻ തൈയും കമ്പോസ്റ്റും വാങ്ങിച്ചുകൊണ്ട് വന്നിട്ടുണ്ട്. ഇനി കുഴി എടുത്തു തന്നേ. ചെറിയ ഒരു കുഴി മതി. 1m X1m X1m’ അന്ധാളിച്ചു നിൽക്കുന്ന അച്ഛന്റെ കൈയിലോട്ടു അമ്മ മൺവെട്ടി വച്ചു കൊടുത്തു. അപ്പുവിന്റെ മേൽനോട്ടത്തിൽ വിയർത്തു കുളിച്ച് അച്ഛൻ  ഒരു കുഴി എടുത്തു.

‘അച്ഛാ കുഴിക്കു ക്യൂബിന്റെ  ഭംഗി ഇല്ലല്ലോ. ഇത് വൃത്തം പോലെ ഇരിക്കുന്നല്ലോ?’

‘ടാ... ഇത് കുഴിക്കാൻ പെട്ട പാട് എനിക്കറിയാം. ഇനി ഇതിന്റെ ഉള്ളിലേക്ക്  മണ്ണും  കമ്പോസ്റ്റും ഇട്ടു മൂടുമ്പോൾ വട്ടം ആണോ ചതുരം ആണോ എന്നൊന്നും അറിയാൻ പറ്റൂല്ല.’

കുഴിയുടെ ആകൃതിയിൽ  അപ്പുവിനു ഒട്ടും  സന്തോഷo തോന്നിയില്ല. 

അപ്പുവും അച്ഛനും അമ്മയും ചേർന്ന് തൈ കുഴിയിലോട്ടു ഇറക്കി വച്ച്, വളവും മണ്ണും ഒക്കെ ഇട്ടു കുഴി നികത്തി. അപ്പു ഹോസിൽ വെള്ളവും നനച്ചു.

കൈയും കാലും കഴുകി അച്ഛനും അമ്മയും അപ്പുവും ഊണു കഴിക്കാനിരുന്നു. നല്ല വിശപ്പ്. അപ്പു ചോറും ചമ്മന്തിയും സാമ്പാറും വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും  മീൻ പൊരിച്ചതും കൂട്ടി കുശലായി  ഉണ്ടു.

കൈ കഴുകി അവൻ അച്ഛന്റെ  അരികിൽ ചെന്നിരുന്നു. 

‘അച്ഛാ നമ്മുടെ തെങ്ങു എന്ന് കായ്ക്കും?’

‘കായ്ക്കാനോ? മൂന്നു നാല് വർഷം കഴിയും കുട്ടാ.’

‘മൂന്നു നാലു വർഷമോ? അപ്പൊ ഞാൻ എട്ടാം ക്ലാസിൽ ആകും!’

ഈ വിവരം അപ്പുവിനെ തളർത്തി. എന്നാലും ഇതൊരു ചതി ആയിപ്പോയി! 

‘തെങ്ങിന് എല്ലാം പതുക്കെയാണ് അപ്പു. ഒരില ഉണ്ടാവാൻതന്നെ 5 - 6 മാസം എടുക്കും. മൊട്ടിട്ടു പൂവാകാൻ ഒരു വർഷത്തിലേറെ ആക്കും. അതുപോലെ പരാഗണം നടന്ന് കായ് ആകാൻ ഒരു വർഷം! അതുകൊണ്ടുതന്നെ ഈ വർഷം  നടത്തുന്ന വളപ്രയോഗം അടുത്ത വർഷമേ ഫലം കാണൂ!’

ഈ കണക്കുകൾ കേട്ട് അപ്പുവിന് തല കറങ്ങി.

‘അല്ല അപ്പു. എന്താ പെട്ടെന്ന് ഒരു തെങ്ങു നടാൻ  ആഗ്രഹം?’ അവന്റെ അച്ഛൻ ചോദിച്ചു.

‘ഓലയ്ക്കു വേണ്ടി’

‘ഓലയ്‌ക്കോ?’

‘അപ്പുറത്തെ ഗോപു എനിക്ക് ഓലപ്പാമ്പുണ്ടാക്കാൻ ഓല തന്നില്ല. അതുകൊണ്ട് ഞാൻ തെങ്ങു നടാൻ  തീരുമാനിച്ചു. ഇനി ഇപ്പൊ 6 മാസം എടുക്കുമല്ലോ പുതിയ ഇല ഉണ്ടാകാൻ?’ തലയ്ക്കു കൈയും കൊടുത്തു അപ്പു അങ്ങനെ ഇരുന്നു.

‘ഓലയ്‌ക്കു വേണ്ടി തെങ്ങു നട്ടവർ ഒരു പക്ഷേ ഈ ലോകത്തു നമ്മൾ മാത്രമായിരിക്കും.’ എന്ന് പറഞ്ഞു അച്ഛനും അമ്മയും ഉറക്കെ ചിരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com