ADVERTISEMENT

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഹോംസ്റ്റെഡ് ബയോഫ്ലോക് എന്ന ഒരു പുതിയ സ്കീം ഫിഷറീസ് വകുപ്പ് വഴി പ്രഖ്യാപിച്ചിരിക്കുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കെത്തുന്നവർക്ക് മത്സ്യക്കൃഷിയിലൂടെ വരുമാനം നേടാമെന്ന ആശയവും ഇതിലൂടെ മുന്നിലുണ്ട്. എന്നാൽ, ബയോഫ്ലോക്ക് രീതിയിൽ മത്സ്യകൃഷിയിൽ തട്ടിപ്പുകൾ ഒളിഞ്ഞിരിക്കുന്നുവെന്ന് ഏതാനും ദിവസങ്ങൾക്കു മുമ്പ് കർഷകശ്രീ ഓൺലൈനിൽത്തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബയോഫ്ലോക്കിനെതിരേ സർക്കാരിനൊരു തുറന്ന കത്തുമായി റിഹാസ് തലക്കാട്ട് എന്ന കർഷകൻ രംഗത്തെത്തിയിരിക്കുന്നത്. 

ബയോഫ്ലോക്ക്, അടുത്ത ആട് മാഞ്ചിയം തട്ടിപ്പ്. ഒരു മത്സ്യ കർഷക സൊസൈറ്റിയുടെ പ്രസിഡന്റ്‌ അവകാശപ്പെടുന്നത് 4 മീറ്റർ വ്യാസമുള്ള ഒരു ടാങ്കിൽനിന്ന് ബയോഫ്ലോക്ക് സംവിധാനത്തിൽ മത്സ്യകൃഷി ചെയ്താൽ 4 മാസം കൊണ്ട് 600 കിലോഗ്രാം മത്സ്യം ഉൽപാദിപ്പിക്കാം എന്നാണ്. അതും കിലോഗ്രാമിന് 60–80 രൂപ ഉൽപാദനച്ചെലവിലൂടെ. ഞാനും ആ സൊസൈറ്റിയിൽ ഒരു എക്സിക്യൂട്ടീവ് മെംബർ ആയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ ബയോഫ്ലോക്ക് സംവിധാനത്തെക്കുറിച്ചു കൂടുതൽ അറിയാൻ വേണ്ടി ഇന്തോനേഷ്യയിൽ പോയ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു. സൊസൈറ്റിയുടെ തലപ്പത്തെ മൂന്നു പേർ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. ഇന്തോനേഷ്യയിലുള്ള കുറച്ചു സുഹൃത്തുക്കൾ മുഖേന ഒരു ടൂർ ഗൈഡിനെയും ഞാനാണ് തരപ്പെടുത്തിയത്.

ഒരു മാസത്തോളം ഇന്തോനേഷ്യയിൽ താമസിച്ചു ഒരുവിധം എല്ലാ റൂറൽ ഏരിയകളിലും സഞ്ചരിച്ച് ബയോഫ്ലോക് കാണാൻ വേണ്ടി പഠിക്കാൻ വേണ്ടി. എന്നാൽ, വ്യാവസായികമായി ബയോഫ്ലോക്ക് ചെയ്യുന്ന ആരെയും കാണാൻ സാധിച്ചില്ല. എല്ലാവരും പരമ്പരാഗത രീതിയിൽ മത്സ്യകൃഷി ചെയ്യുന്നവരാണ്. മാത്രമല്ല ബയോഫ്ലോക് ലാഭകരമല്ല എന്നാണ് അവരുടെ അഭിപ്രായം. അതുകൊണ്ടു തന്നെ ഈ കൃഷിരീതി ആദ്യം നമ്മൾ പരീക്ഷിച്ചതിനു ശേഷം മാത്രം മറ്റുള്ളവർക്ക് പറഞ്ഞു നൽകാം എന്നായിരുന്നു എന്റെയും നാലു പേരിൽ ഒരാളുടെയും അഭിപ്രായം.

തിരിച്ചു നാട്ടിൽ വിമാനമിറങ്ങിയതിനു ശേഷം തീരുമാനങ്ങൾ ആകെ തകിടം മറിയുകയായിരുന്നു. സംഘടനയ്ക്കു വളരാനും ശ്രദ്ധിക്കപ്പെടാനും ബയോഫ്ലോക്കിനെ ഉപയോഗപ്പെടുത്താൻ സംഘടനയിലെ ഭൂരിപക്ഷം എക്സിക്യൂട്ടീവ് മെംബർമാരും തീരുമാനിച്ചു. ഈ നിലപാടിലെ ധാർമികതയെ ചോദ്യം ചെയ്ത എനിക്കും ഇന്തോനേഷ്യയിലേക്കു പോയ സംഘത്തിലുണ്ടായിരുന്ന ഒരു വ്യക്തിക്കും സൊസൈറ്റിയിൽനിന്നു പുറത്തു പോകേണ്ടി വന്നു. സൊസൈറ്റിയും പ്രസിഡന്റും ബയോഫ്ലോക് ട്രെയിനിങ് കൊണ്ടു മുന്നോട്ടു പോകുകയും ചെയ്തു.

സംഘടനാ മെംബർമാർക്കും അല്ലാത്തവർക്കും ആഴ്ചയിൽ ഇരുനൂറോളം ആളുകളെവച്ച് ഇവർ ട്രെയിനിങ് എന്നപേരിൽ ഓരോരുത്തരിൽനിന്ന് 3000 രൂപയോളം വാങ്ങിയിരുന്നത്രേ. ഇവിടെനിന്ന് ഒരു ദിവസത്തെ ട്രെയിനിങ് പൂർത്തിയാക്കിയവർ ഇവരിൽനിന്നു തന്നെ ടാങ്കും അനുബന്ധ ഉപകരണങ്ങളും വാങ്ങിയെങ്കിൽ മാത്രമേ പിന്നീടു വരുന്ന സംശയങ്ങൾക്ക് മറുപടി കൊടുക്കാൻ സാധിക്കൂ എന്നതായിരുന്നു നിബന്ധന.

ബയോഫ്ലോക് ഇൻസ്റ്റാളേഷന്റെ പേരിൽ വലിയ സംഖ്യയും വാങ്ങിയിട്ടുണ്ട് പലരിൽനിന്നും (മാക്സിമം 20000 രൂപയ്ക്കു ചെയ്യാൻ പറ്റുന്ന 4 മീറ്റർ വ്യാസമുള്ള പടുത ടാങ്കിന് 45000 രൂപ ഈടാക്കിയിട്ടുണ്ട് ഈ സൊസൈറ്റി, 700 രൂപയുടെ ഫ്ലോക് മെഷറിന് 2400 രൂപ, പ്രൊ ബയോട്ടിക് എന്ന ഉൽപന്നം ഇവരുടെ തന്നെ കമ്പനികൾ വഴി വാങ്ങി അഞ്ചിരട്ടി ലാഭം എടുത്തു കർഷകർക്ക് വിതരണം ചെയ്തു. ഒന്നര രൂപയിൽ താഴെ വിലയുള്ള നിലവാരമില്ലാത്ത മത്സ്യക്കുഞ്ഞുങ്ങളെയാണ് കർഷക സ്നേഹം മൂത്ത് ഈ സംഘടന കർഷകർക്ക് വിതരണം ചെയ്തത് അഞ്ചു രൂപയ്ക്കും അതിനു മുകളിലേക്കും ആണ്).

ഇത്രയും ചിലവാക്കി ബയോഫ്ലോക് ചെയ്തവർക്ക് ആർക്കെങ്കിലും ഇവർ പറയുന്ന റിസൾട്ട്‌ കിട്ടിയോ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. എന്റെ അറിവിൽ 200 കിലോഗ്രാം മത്സ്യം പോലും കിട്ടിയിട്ടില്ല.

ചാരിറ്റബിൾ സൊസൈറ്റിയായി റജിസ്റ്റർ ചെയ്ത ഈ സംഘടനയും അതിനു മറയായി പ്രവർത്തിക്കുന്ന തട്ടിക്കൂട്ട് കമ്പനിയും കൂടി 2500ലധികം മത്സ്യക്കൃഷിയിലൂടെ ജീവിത വിജയം പ്രതീക്ഷിച്ചു വന്ന പ്രവാസികളും നാട്ടിലെ കൂലിപ്പണിക്കാരും അടങ്ങുന്ന സാധാരണ കർഷകരിൽനിന്നു കോടികൾ തട്ടിച്ചപ്പോൾ അവർക്കു വേണ്ടി ശബ്ദമുയർത്താൻ ഈ നാട്ടിലെ ഒരു സംവിധാനവും ഉണ്ടായില്ല. യുട്യൂബിൽ കൃഷി സംബന്ധമായ വീഡിയോ ചെയ്യുന്ന പല പ്രമുഖരും ഇവരിൽനിന്നും അച്ചാരം വാങ്ങി ഈ തട്ടിപ്പു സംഘങ്ങൾക്കു ആളെപ്പിടിച്ചു കൊടുക്കുന്ന തിരക്കിലായിരുന്നു. 

ഞാൻ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാനുണ്ടായ സാഹചര്യം, ഇപ്പോൾ ഗവണ്മെന്റ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഹോംസ്റ്റെഡ് ബയോഫ്ലോക് എന്ന ഒരു പുതിയ സ്കീം ഫിഷറീസ് വകുപ്പ് വഴി പ്രഖ്യാപിച്ചിരിക്കുന്നു. 1,38,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. അതിൽ 40% സബ്സിഡി കിട്ടും. ബയോഫ്ലോക് മോസ്റ്റ്‌ മോഡേൺ ആയിട്ടുള്ള ഒരു കൃഷിരീതി ആണ്. ഒരു മണിക്കൂർ കറന്റ്‌ പോയാൽ മൊത്തം മീനുകൾക്കു മരണം സംഭവിക്കുന്ന, അത്യാവശ്യം ട്രെയിനിങ് വേണ്ട, നന്നായി നിരീക്ഷിക്കേണ്ട ഒരു കൃഷി രീതി. ഇതു നടപ്പിലാക്കുന്നതിനു മുമ്പായി ഇതു ചെയ്തു വിജയിച്ചവർ ഉണ്ടോയെന്നു സർക്കാർ അന്വേഷിക്കണം. ഇതിന്റെ പ്രൊജക്ട് റിപ്പോർട്ട് ശരിക്കും പഠിച്ച ശേഷമേ ഇതു നടപ്പിലാക്കാവൂ. അല്ലെങ്കിൽ രണ്ടു പ്രളയത്തിൽ മുഴുവൻ മത്സ്യവും നഷ്ടപ്പെട്ടിരിക്കുന്ന എന്നെപ്പോലുള്ള മത്സ്യക്കർഷകരുടെ നടു ഒടിക്കാനേ ഈ പദ്ധതി ഉപകരിക്കൂ. 

കൂടാതെ ഗൾഫിൽനിന്നു ജോലിയെല്ലാം നഷ്ടപ്പെട്ടു തിരിച്ചു വരുന്ന പാവം പ്രവാസികളുടെ എന്തെങ്കിലും മിച്ചമുള്ള പൈസ മത്സ്യക്കൃഷിയുടെ പേരിൽ ഇങ്ങനത്തെ കൊള്ളസംഘം പോക്കറ്റിലാക്കും.

സബ്‌സിഡിയുടെ പേരിൽ കുറെ പൈസ സർക്കാരിനും നഷ്ടമാകും എന്നും കർഷകരോടൊപ്പം നിന്ന ചരിത്രമുള്ള ഇടതുപക്ഷ സർക്കാരിലെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ സാറും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും ഈ തീവെട്ടിക്കൊള്ള അറിഞ്ഞിരിക്കില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കിൽ അവർക്കു കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ അവരിൽനിന്നു മറച്ചുവച്ച് കാണും. അവർ അറിഞ്ഞുകൊണ്ട് ഇത്തരം ഒരു തട്ടിപ്പിനെ പ്രോത്സാഹിപ്പിക്കും എന്നു ഞാൻ കരുതുന്നില്ല. 

ദയവായി ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു സാധാരണക്കാരായ കർഷകന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വരുന്നവർക്കെതിരേ ഭരണകൂടവും സർക്കാരും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരും ഇനിയെങ്കിലും കണ്ണു തുറക്കും എന്ന പ്രതീക്ഷയോടെ ഫിഷറീസ് വകുപ്പിനെയും അതിലെ ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾ പാലിച്ചു കൃഷി ചെയ്തിട്ടും രണ്ടു പ്രളയങ്ങൾ മൂലം കടക്കെണിയിൽ അകപ്പെട്ടു സർക്കാർ പ്രഖ്യാപിച്ച സഹായവും പ്രതീക്ഷിച്ചിരിക്കുന്ന ഈ നാട്ടിലെ ഒരു സാധാരണക്കാനായ മത്സ്യകർഷകൻ.

റിഹാസ് തലക്കാട്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com