ADVERTISEMENT

കാലാവസ്ഥാ വ്യതിയാനം, തീക്ഷ്ണ കാലാവസ്ഥാ സാഹചര്യങ്ങൾ, യുദ്ധം, നാഗരിക ജീവിത ശൈലീ വ്യാപനം തുടങ്ങിയ പ്രത്യക അവസ്ഥാ വിശേഷങ്ങളോടനുബന്ധിച്ച്, കാർഷിക സംസ്കാരവും അതിനാധാരമായ ഈടുവയ്പുകളായ തനതു വിത്തിനങ്ങളും ക്രമേണ അപ്രത്യക്ഷമായേക്കാനിടയുണ്ട്. ഇനി, ഇവയൊക്കെ ഒഴിച്ചു നിർത്തിയാൽ പോലും അനുദിനം കുതിച്ചുയരുന്ന ജനസംഖ്യാപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ ലോകം ഭാവിയിൽ ഒരു ഭക്ഷ്യ പ്രതിസന്ധിയെ നേരിടേണ്ടി വന്നാൽ അതിനുള്ള മറുമരുന്ന്, കാർഷിക സംസ്കാരത്തിലേക്കു മടങ്ങുക എന്നതു മാത്രമാവും. അത്തരം ഒരു ഘട്ടത്തെ നേരിടാൻ, ഇപ്പോൾ കൈവശമുള്ള വിത്തിനങ്ങൾ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കുക എന്നതു മാത്രമാണ് പോംവഴി.  ഈ ചിന്തയിൽനിന്നാണ് ‘ജനിതക ബാങ്കുകൾ’, ‘വിത്ത് നിലവറകൾ’ എന്ന ആശയം രൂപംകൊണ്ടത്.  ലോകത്തെ ഏറ്റവും വലിയ വിത്തു നിലവറയെയും ഇന്ത്യയുടെ വിത്തു നിലവറയെയും പരിചയപ്പെടുത്തുകയാണ്  ലേഖനത്തിലൂടെ.  

സ്വാൽബാർഡ് വിത്തു നിലവറ- ലോകത്തിന്റെ അഭിമാനം

നോർവെയ്ക്കും ഉത്തരധ്രുവത്തിനുമിടയിൽ ആർട്ടിക് മഞ്ഞുമലയുടെ ഉള്ളിൽ നിർമിച്ചിരിക്കുന്ന ഒരു ഭീമൻ വിത്തു നിലവറയുണ്ട്. വൈവിധ്യമാർന്ന ലക്ഷക്കണക്കിനിനം ഭക്ഷ്യവിളകളുടെയും, ഭക്ഷ്യേതരവിളകളുടെയും വിത്തുകളാണ് ഈ നിലവറയിൽ സംഭരിച്ച്  സൂക്ഷിക്കപ്പെട്ടിട്ടുള്ളത്.  ആഗോളകാർഷിക വൈവിധ്യത്തിന്റെ ‘ഈറ്റില്ലം’ എന്ന്  ഈ നിലവറയെ വേണമെങ്കിൽ വിശേഷിപ്പിക്കാം. കാർഷിക സംസ്‌കൃതിയുടെ 13,000  വർഷങ്ങളോളം പഴക്കമുള്ള ചരിത്രമാണ് വിത്തുകളുടെ രൂപത്തിൽ അവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. 

ആകാശമാർഗേണ എത്തിച്ചേരാവുന്ന ലോകത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള പ്രദേശമായ  സ്വാൽബാർഡ്  (Svalbard) എന്ന സ്ഥലത്താണ് ഈ നിലവറ സ്ഥിതിചെയ്യുന്നത്.  പർവത പാർശ്വത്തിലെ ഹിമഭിത്തികൾ തുരന്നാണ് നിലവറയുടെ നിർമാണം. വൈദ്യുതി നിലച്ചാലും, ആഗോളതാപനംമൂലം വരും നൂറ്റാണ്ടുകളിൽ കടൽനിരപ്പ് ഉയർന്നാലും സംഭരിക്കപ്പെട്ട വിത്തിനങ്ങൾക്ക് കേടുപാട് ഉണ്ടാവാത്ത തരത്തിൽ ഉള്ളിൽ വേണ്ടത്ര തണുപ്പ് നിലനിൽക്കുന്ന രീതിയിലാണ് നിലവറയുടെ  രൂപകൽപന.  

നോർവീജിയൻ ദ്വീപ് സമൂഹത്തിന്റെ അതിവിദൂരമേഖലകളിൽ ആർട്ടിക് ഹിമസാമ്രാജ്യത്തിനുള്ളിൽ  2008  ഫെബ്രുവരി 26ന്  പ്രവർത്തനമാരംഭിച്ച ഈ ഹിമഗർഭനിലവറ ‘നോഹയുടെ വിത്തുപേടക’മെന്നും  വിശേഷിപ്പിക്കപ്പെടുന്നു.  ആഗോളവിളവൈവിധ്യ ട്രസ്റ്റിന്റെ (Global Crop Diversity Trust) ശ്രമഫലമായാണ്  ഈ സംവിധാനം സ്ഥാപിതമായത്. അതിദ്രുതശോഷണം നേരിട്ടുകൊണ്ടിരിക്കുന്ന വിളവൈവിധ്യത്തെ സംരക്ഷിച്ച് നിലനിർത്തുക വഴി ലോകത്തിന്റെ കാർഷിക സംസ്കൃതിക്ക് ഒരു അക്ഷയ  സ്രോതസ് സംഭാവന ചെയ്യുക എന്നീ  ലക്ഷ്യത്തോടെയാണ് ട്രസ്റ്റ് ഈ സംരംഭത്തിന് മുതിർന്നത്.  

സ്വാഭാവികമായോ അല്ലാതെയോ ഉണ്ടാകാവുന്ന പ്രകൃതിദുരന്തങ്ങൾക്കു ശേഷവും കാർഷികസംസ്കാരം പുനഃസ്ഥാപിക്കാം എന്ന ഉറപ്പും പ്രത്യാശയും നൽകാനാവുന്നു എന്നതാണ് ഈ സംരംഭത്തിന്റെ സവിശേഷത. വിത്തുനിലവറയുടെ ഉടമസ്ഥാവകാശം നോർവീജിയൻ ഭരണകൂടത്തിനാണ്.  ഉദ്ദേശം 88 ലക്ഷം ഡോളർ ആയിരുന്നു 2008ലെ നിർമാണച്ചെലവ്. ചെലവ് വഹിച്ചത് നോർവീജിയൻ ഭരണകൂടമായിരുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ ആഗോളജനതയ്ക്ക് ഭക്ഷ്യസുരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ഉദ്യമമെന്ന നിലയിലാണ് ഈ സംരംഭത്തിന് വേണ്ടി നോർവീജിയൻ ഭരണകൂടം മുതലിറക്കിയതും നിർമാണം പൂർത്തീകരിച്ചതും.  നോർവീജിയൻ ഭരണ കൂടത്തിന്റെ കൃഷി-ഭക്ഷ്യ വകുപ്പുകൾ, നോർഡിക് (Nordic) ജനിതക റിസോഴ്സ് സെന്റർ, അതിന്റെ തന്നെ ട്രസ്റ്റ് എന്നിവയുടെ കൂട്ടുത്തരവാദിത്ത്വത്തിലാണ് നിലവറയുടെ പരിപാലനവും പ്രവർത്തനവും മുന്നോട്ട്  പോകുന്നത്.  

വിത്തുകളുടെ സമാഹരണം, ഗതാഗതം എന്നിവയ്ക്കു പുറമെ വിത്തുനിലവറയുടെ തുടർന്നുള്ള പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ആഗോള വിളവൈവിധ്യ ട്രസ്റ്റ് ചുമതലയേറ്റിരിക്കുന്നു. ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുതകുന്ന വിത്തിനങ്ങളുടെ സംഭരണം, സമാഹരണം, സംരക്ഷണം എന്നിവയാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. മാത്രമല്ല, വൈവിധ്യമാർന്ന വിളകൾ പല കാരണങ്ങളാലും അന്യംനിന്ന് പോകുകയും ചെയ്യാറുണ്ട്.  ഈ പ്രശ്നം പരിഹരിക്കുന്നതിന്  ആഗോളതലത്തിൽ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഒരേ ഒരു സംഘടനയാണ് ആഗോള വിളവൈവിധ്യ ട്രസ്റ്റ്. കാർഷികസംസ്കാരം നിലനിർത്തുന്നതിലും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിലും വിള വൈവിധ്യത്തിന് അനിഷേധ്യ പങ്കുണ്ടെങ്കിലും ഇതിനുവേണ്ടി വരുന്ന ചെലവ് ആരു വഹിക്കുമെന്നുള്ള കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. നിലവറയിൽ സമാഹരിക്കപ്പെട്ട വിത്തുകളുടെ വിശദാംശങ്ങൾ കൈകാര്യം ചെയ്യുന്നത് നോർഡിക് ജനിതക ബാങ്ക് (Nordic Gene Bank) ആണ്.  ലോകത്തെമ്പാടും ലഭ്യമായിട്ടുള്ള വിത്തിനങ്ങളുടെ തനിപ്പകർപ്പുകളാണ് സ്വാൽബാർഡ് വിത്തു നിലവറയിൽ (Svalbard seed vault)   ശേഖരിച്ച്  സംരക്ഷിക്കപ്പെട്ടു വരുന്നത്.  പ്രകൃതി ദുരന്തങ്ങൾ, പരിപാലനത്തിലെ അപാകതകൾ, അതിജീവന പരാജയം എന്നിവമൂലം ഏതെങ്കിലും  വിത്തിനങ്ങൾ വംശനാശം അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ നിലവറയിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള പ്രസ്തുത വിത്തിനങ്ങളുടെ സംരക്ഷിത ശേഖരം  ഉപയോഗിച്ച് ഇവയുടെ പുനരുജ്ജീവനം  സാധ്യമാക്കാം.  

svalbard
സ്വാൽബാർഡ് വിത്തു നിലവറ

പ്രവർത്തനമാരംഭിച്ച ദിവസം തന്നെ വിത്തുകളുടെ വൻ ശേഖരമാണ് സമാഹരിച്ചത്.  ഏകദേശം 10 ലക്ഷത്തോളം വരുന്ന വിവിധ ഇനം വിത്തുകളായിരുന്നു സംഭരണ ലക്ഷ്യം. ബ്രിട്ടനിലെ ചാൾസ്  രാജകുമാരൻ 2020 ഫെബ്രുവരിയിൽ വിത്ത് കലവറ സന്ദർശിച്ച് വംശനാശഭീഷണി നേരിടുന്ന വിവിധയിനം കാട്ടുപൂക്കളുടെ വിത്തുകൾ, പെറുവിൽനിന്നുള്ള ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വിത്തുകൾ  സംഭരണശാലയിലേക്ക് നൽകുകയുണ്ടായി. 

ഭക്ഷ്യസുരക്ഷയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളിൽനിന്നുള്ള വെല്ലുവിളി നേരിടുന്ന അവസരങ്ങളിലോ അത്തരം പ്രതിസന്ധികൾ ഇല്ലെങ്കിൽ തന്നെ പോഷകസമ്പന്നമായ ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിനോ, ഒരു പക്ഷേ,  ഭാവിതലമുറയുടെ ആത്യന്തിക ആശ്രയമായിരിക്കാം ഇത്തരം വിത്ത് നിലവറകൾ.  നിലവിൽ 9,92,000 വിത്തിനങ്ങൾ ഇവിടെ സംഭരിച്ച്, സംരക്ഷിച്ചു വരുന്നു. സംഭരിക്കാനാവുന്ന വിത്തിനങ്ങളുടെ ശേഷി 10,50,000 എത്തിക്കാനാണ് ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വ്യത്യസ്ത ഇനങ്ങളിൽപെട്ട 45 ലക്ഷത്തോളം വരുന്ന വിളയിനങ്ങളുടെ  ഓരോ ഇനത്തിലും ശരാശരി 500 വിത്തുകൾ എന്ന കണക്കിൽ പരമാവധി 250 കോടി വിത്തുകൾ നിലവറയിൽ സൂക്ഷിക്കാം.  മിക്കവാറും എല്ലാ രാഷ്ട്രങ്ങളിൽ നിന്നുമുള്ള നെല്ല്, ഗോതമ്പ്, ചോളം, പയറിനങ്ങൾ തുടങ്ങിയവയുടെ തനത് ഇനങ്ങൾ മുതൽ യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള മുട്ടപ്പഴം, ലെട്യൂസ്, ഉരുളക്കിഴങ്ങിനങ്ങൾ എന്നിവയുടെ വിത്തുകൾ വരെ ഇതിൽപ്പെടുന്നു. സ്വാൽബാർഡ്  വിത്ത് നിലവറയിൽ തുവരപ്പരിപ്പ്  ഇനത്തിന്റെ (pigeon pea) വ്യത്യസ്ത ഭൂവിഭാഗങ്ങളിൽനിന്നുള്ള 25 വർഗങ്ങൾ  ഇന്ത്യയും നിക്ഷേപിച്ചിട്ടുണ്ട്.    

ലോകത്തെ വിളയിനങ്ങളുടെ ജനിതകഘടന തനത് സ്വഭാവത്തോടെ സംരക്ഷിച്ചു നിലനിർത്തുക എന്നതും  നിലവറയുടെ മുഖ്യലക്ഷ്യമാണ്. നിക്ഷേപകരായ ചില  ജനിതക ബാങ്കുകളുടെ കൈവശമുള്ള വിത്തിനങ്ങൾ എണ്ണത്തിൽ വർധിപ്പിക്കേണ്ടതിന്റെയും മറ്റു ചില  ബാങ്കുകളുടെ കൈവശമുള്ള ഇനങ്ങൾ പുനരുൽപാദിപ്പിക്കേണ്ടതിന്റെയും, ആവശ്യമുള്ളതിനാൽ വിത്തു നിലവറയുടെ പ്രവർത്തനങ്ങൾ ഏകോപിതമായി ലക്ഷ്യപ്രാപ്തിയിൽ എത്തുന്നതിനു കുറച്ച് വർഷങ്ങൾ എടുത്തേക്കാം. വിത്തു നിലവറയിൽ നിക്ഷേപകരായ രാഷ്ട്രങ്ങൾ പ്രാബല്യത്തിലുള്ള അന്താരാഷ്ട്ര-അന്തർരാഷ്ട്ര നിയമങ്ങൾക്ക് വിധേയരാണ്.

വിപണനമേഖലയിലെ  ബഹുവിധ താൽപര്യങ്ങൾ, അന്താരഷ്ട്ര ഉടമ്പടിയിൽ ആർട്ടിക്കിൾ 15  പ്രകാരമുള്ള വിപണന നടപടികൾ, നിക്ഷേപക രാഷ്ട്രത്തിൽനിന്നുള്ള തനത് വിത്തിനങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങളെ പരിഗണനയിലെടുത്തുകൊണ്ടാണ് വിത്തു നിലവറയിലേക്ക് സമാഹരണം നടത്തുന്നത്.  തങ്ങൾ നിക്ഷേപിച്ച വിത്തിനങ്ങളിൽ നിക്ഷേപകരായ രാഷ്ട്രങ്ങൾക്കും, സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും   നിക്ഷേപത്തിന് ശേഷവും അവകാശവും നിയന്ത്രണവും ഉണ്ടായിരിക്കും.  വിത്തുകൾ സൂക്ഷിച്ചിരിക്കുന്ന പെട്ടികൾ തുറക്കാനും ആവശ്യമുള്ളപക്ഷം പിൻവലിക്കാനും നിക്ഷേപകന്  സാധ്യമാണ് (ആഭ്യന്തരയുദ്ധത്തെ തുടർന്ന് 2017ൽ  50000ൽപ്പരം വിത്തിനങ്ങൾ സിറിയ ഈ നിലവറയിൽനിന്ന് തിരിച്ചു വാങ്ങിയിരുന്നു. തൽപ്രദേശത്ത് നശിപ്പിക്കപ്പെട്ട വിത്തിനങ്ങളുടെ പുനഃസ്ഥാപനത്തിനു വേണ്ടിയായിരുന്നു അത്).  

അസാധാരണമാം വിധം ഉയർന്ന അന്തരീക്ഷതാപനിലയും കനത്ത മഴയും മൂലം 2016 ഒക്ടോബറിൽ വിത്ത്  നിലവറയിൽ വെള്ളം കയറാനിടയായി.  ചൂടേറിയ മാസങ്ങളിൽ നിലവറയുടെ പ്രവേശന കവാടത്തിൽ നിന്നും 100 മീറ്റർ വരെ മഞ്ഞുരുകി വെള്ളം കയറുന്നത്  സാധാരണമാണ്. ഇത്തരത്തിലുള്ള വെള്ളക്കയറ്റം പ്രതീക്ഷിച്ചുകൊണ്ടാണ് നിലവറ രൂപകൽപന ചെയ്തിട്ടുള്ളതെന്നതിനാൽ വിത്തുകൾക്ക് കേടുപാടൊന്നും സംഭവിക്കാറില്ല. എന്നു വരികിലും, ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിലേക്കായി നിലവറ നിലകൊള്ളുന്ന തുരങ്കത്തിന്റെ ഭിത്തികൾ വെള്ളം കയറാത്ത  വിധത്തിൽ  ആക്കുവാനും, ഏതെങ്കിലും വിധത്തിൽ താപപ്രസരണം ഉണ്ടാകുന്ന സാഹചര്യങ്ങൾ തുരങ്കത്തിന്റ സമീപ പ്രദേശങ്ങളിൽ നിന്നൊഴിവാക്കുവാനും, വെള്ളം കയറിയാൽ തന്നെ സുഗമമായി ഒലിച്ചുപോകുന്നതിനും  ഉള്ള സംവിധാനങ്ങൾ നോർവേയുടെ പൊതുമരാമത്തു വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്‌.  

ഇന്ത്യയുടെ ‘ഷാങ്  ലാ’ വിത്ത് നിലവറ

സ്വാൽബാർഡ് വിത്തു നിലവറയ്ക്ക്  സമാനമായ ഒന്ന് ഇന്ത്യയിലുമുണ്ട്.  മഞ്ഞു മൂടിയ ലഡാക്കിലെ ഷാങ് ലാ (Chang La) ചുരത്തിലാണിത് പണിതീർത്തിട്ടുള്ളത്.  സമുദ്ര നിരപ്പിൽനിന്ന് 17,300 അടി ഉയരത്തിലാണ് ഷാങ് ലാ വിത്ത് നിലവറ സ്ഥിതി ചെയ്യുന്നത്.  ജനസംഖ്യാ  വർധന, കാലാവസ്ഥാ  വ്യതിയാനം എന്നിവ ഭാവിയിൽ ഭക്ഷ്യവിതരണ മേഖലയിൽ സൃഷ്ടിച്ചേക്കാവുന്ന അനിശ്ചിതത്വങ്ങളും വെല്ലു വിളികളും നേരിടാൻ സജ്ജമാണ് ഈ നിലവറ.  

ഡിഫെൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആൾട്ടിറ്റ്യൂഡ് റിസർച്ച് (DIHAR), നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സ്സ് (NBPGR) എന്നിവയുടെ ആഭിമുഖ്യത്തിൽ  ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്  ഓർഗനൈസേഷന്റെ (DRDO) സഹായത്തോടെ 2010ലാണ് നിലവറ സ്ഥാപിതമായത്.  ഒരേ ഇനം വിളയുടെ തന്നെ വ്യത്യസ്ത ഭൂവിഭാഗങ്ങളിൽനിന്നുള്ള 5000ൽപ്പരം ഇനങ്ങളുടെ  വിത്ത് ശേഖരമാണ് ഇവിടെ സംരക്ഷിക്കപ്പെട്ടുപോരുന്നത്.  ഈ വിത്തുകൾ ഓരോന്നും അവയിൽ നിന്ന് ലഭിക്കുന്ന വിളവ്, താപന പ്രതിരോധം, കീടബാധ, വരൾച്ചയോടുള്ള അതിജീവനം എന്നിവയുടെ കാര്യത്തിൽ വ്യത്യസ്ത നിലവാരം പുലർത്തുന്നവയാണ്. വർങ്ങൾക്ക് മുൻപ് ബാർലി കൃഷിയിടങ്ങളിൽ ഉണ്ടായ  വൻവെട്ടുക്കിളി ബാധയെത്തുടർന്നാണ് ഇത്തരത്തിലുള്ള ഒരു വിത്ത് നിലവറ എന്ന ആശയം ഉരുത്തിരിഞ്ഞത്.

ഷാങ് ലായിലെ നിലവറ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഉയരമേറിയ ഹിമമേഖല വർഷത്തിൽ ഒൻപത് മാസവും മഞ്ഞു മൂടിയ അവസ്ഥയിലായിരിക്കും. മഞ്ഞുരുകി നിലവറയിലെ വിത്തുശേഖരം നാശമായി പോകുന്നതിന് വിദൂരസാധ്യത മാത്രമാണുള്ളത്. മാത്രമല്ല, സമുദ്രനിരപ്പിൽ വളരെയേറെ ഉയരത്തിൽ സ്ഥിതി  ചെയ്യുന്നതിനാൽ താപന സാഹചര്യങ്ങളിൽ സമുദ്രനിരപ്പ് ഉയർന്ന് നിലവറ നശിക്കാനുള്ള സാധ്യതയും ഇല്ലെന്നു തന്നെ പറയാം. ഭൂകമ്പസാധ്യതയും ഈ മേഖലയിൽ കുറവാണ്.  20 ശതമാനത്തിൽ മാത്രം വരുന്ന ആപേക്ഷിക ആർദ്രത, മേയ്-ജൂൺ മാസങ്ങളിലൊഴികെ മൈനസ് 18 ഡിഗ്രി സെന്റിഗ്രേഡിലും കുറഞ്ഞ അന്തരീക്ഷ താപനില എന്നിവ മൂലം ശീതീകരണത്തിന്നാവശ്യമായി വരുന്ന ഉർജനഷ്ടം ഇല്ലാതെ അതിശീതതാപനില നിലനിർത്തുന്ന സാഹചര്യങ്ങളാണുള്ളത്. മാത്രമല്ല, വളരെ കുറഞ്ഞ താപനിലയും, വളരെ താഴ്ന്ന ഈർപ്പ സാന്നിധ്യവും മൂലം വിത്തുകളിലെ ഉപാപചയ പ്രവർത്തനം മന്ദീഭവിക്കുകയും അവ കൂടുതൽ കാലം കേടുപാട് കൂടാതെ നിലനിൽക്കുകയും ചെയ്യുന്നു.  ഇപ്രകാരം ഉള്ളിയുടെ വിത്ത്: 413 വർഷം, നെൽ വിത്ത്: 1200 വർഷം, ഗോതമ്പ്: 1600 വർഷം, ബാർലി: 2000 വർഷം, പയർ: 9000 വർഷം- എന്നിങ്ങനെയുള്ള കാലയളവോളം ആരോഗ്യാവസ്ഥയിൽ തുടരും.  എന്നുവച്ചാൽ, 2019ൽ ഷാൻ ലാ വിത്ത് നിലവറയിൽ സംഭരിക്കപ്പെട്ട ഒരു പയർ വിത്ത് 11019മാണ്ടിലും മുളപ്പിച്ചെടുക്കാനാവും! ബദാം, കേബേജ്, കാരറ്റ്, നെല്ല്, ഗോതമ്പ്, മുള്ളങ്കി, തക്കാളി, ബാർലി തുടങ്ങിയ ഇനങ്ങളുടെ വിത്തുകളും, 200ലധികം മറ്റു വിളകളുടെ ഇനങ്ങളുമാണ് ഈ നിലവറയിൽ സൂക്ഷിച്ചിട്ടുള്ളത്.      

നിലവറയിലെ  വിത്ത് ശേഖരത്തിന്മേൽ അതാത് നിക്ഷേപകർക്കൊഴികെ മറ്റാർക്കും അവകാശങ്ങളില്ല.  അതിശീത താപനില അനുഭവപ്പെടുന്ന രാഷ്ട്രങ്ങളിൽനിന്നുള്ള വിത്തുനിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനുള്ള പ്രധാനതടസം, വർഷത്തിൽ ചില അവസരങ്ങളിൽ മൈനസ് 4  ഡിഗ്രി സെന്റിഗ്രേഡ് വരെ ഉയരുന്ന അന്തരീക്ഷതാപനിലയാണ്. ഈ സാഹചര്യം അതിജീവിക്കാൻ 15-20  ദിവസം വരെ നീളുന്ന അത്തരം സന്ദർഭങ്ങളിൽ ഉയർന്ന സാങ്കേതികമേന്മയും പ്രവർത്തനച്ചെലവും വേണ്ടിവരുന്ന ശീതീകരണ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടിവരും.  അതുകൊണ്ടാണ് തൽക്കാലം അത്തരമൊരു ഉദ്യമത്തിനു മുതിരാതെ ഇന്ത്യൻ സാഹചര്യങ്ങളോടു പൊരുത്തപ്പെട്ടു പോകുന്ന വിത്തുകൾ മാത്രം ശേഖരിക്കുകയും, സംരക്ഷിക്കുകയും, പുനരുൽപാദിപ്പിക്കുകയും ചെയ്യുകയെന്ന തീരുമാനം കൈകൊണ്ടത്.  

ലോകമൊട്ടാകെ ഏതാണ്ട് 1000ലധികം വിത്തുബാങ്കുകൾ നിലവിലുണ്ട്. റോയൽ ബൊട്ടാണിക്കൽ ഗാർഡനിൽ സ്ഥിതി ചെയ്യുന്ന മില്ലേനിയം സീഡ്  ബാങ്ക് പ്രൊജക്റ്റ്  ലോകത്തെ 24,000 സസ്യങ്ങളുടെ വിവിധ സ്‌പീഷീസുകളുടെ സംഭരണം, സൂക്ഷിപ്പ് എന്നിവ നിർവഹിക്കുന്നു. വാവിലാർ ഇൻസർട്ടിട്ട് ഓഫ് പ്ലാന്റ് ഇൻഡസ്ട്രിയാണ് മറ്റൊരു പ്രമുഖ സീഡ് ബാങ്ക്.  1984ൽ സൈന്റ്റ് പീറ്റേഴ്സ്ബർഗിൽ സ്ഥാപിച്ചു.  ലോകത്തെ ഏറ്റവും പഴക്കം ചെന്ന സീഡ് ബാങ്കാണിത്. റഷ്യൻ ജൈവശാസ്തജ്ഞനും പ്ലാന്റ് ബ്രീഡറുമായിരുന്ന നിക്കോളായ് വാവിലോവിന്റെ സ്മരണക്കായി ഈ സ്ഥാപനം സമർപ്പിക്കപ്പെട്ടു.  ബെറി ബൊട്ടാണിക്കൽ ഗാർഡൻ  (പോർട്ട് ലാൻഡ്), ഇന്റർനാഷണൽ സെന്റർ  ഫോർ ട്രോപ്പിക്കൽ അഗ്രിക്കൾച്ചർ (കൊളംബിയ), ഇന്റർനാഷണൽ പൊട്ടറ്റോ സെന്റർ (ലിമ, പെറു), ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രോപ്പിക്കൽ അഗ്രികൾച്ചർ ( ഇബദാൻ, നൈജീരിയ), ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഫിലിപ്പീൻസ്) തുടങ്ങിയയാണു വിത്തു ബാങ്കുകളിൽ പ്രമുഖം.  

പ്രധാനമായും കാർഷികസംസ്കാരത്തിലൂന്നിയ സമ്പദ് വ്യവസ്ഥയും ജീവിതചര്യയുമാണ് ഭാരതത്തിൽ നിലനിൽക്കുന്നത്. കാർഷികമേഖലയ്ക്കു വൻ വെല്ലുവിളി ഉയർത്തുന്ന കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളിൽനിന്ന് ഭാരതവും മുക്തമല്ല.  കാലാവസ്ഥാവ്യതിയാനത്തിനു പുറമെ പ്രകൃതിക്ഷോഭങ്ങൾ, യുദ്ധം, കാർഷിക സംസ്കാരത്തിൽനിന്ന് അകലം പാലിക്കുന്ന ആധുനിക ജീവിതശൈലികൾ എന്നിവയ്ക്ക് ഇന്ത്യയുടെ കാർഷികസംസ്കാരത്തിന്റെ തലക്കുറി മാറ്റിയെഴുതാനാകും. അപ്പോഴും കൃഷിയുടെ പുനരുജ്ജീവനം കാംക്ഷിക്കുന്ന ഒരു വിഭാഗത്തിന് അവശേഷിക്കുന്ന പോംവഴി എന്നതാണ് വിത്ത് നിലവറകളുടെ ആത്യന്തിക ലക്ഷ്യം.

English summary: India’s Doomsday Vault In The Himalayas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com