ADVERTISEMENT

പതിവുപോലെ രാവിലെ എഴുന്നേറ്റ് വാട്സാപ് നോക്കി പത്രവും വായിച്ച് കട്ടനും കുടിച്ച് ഇരുന്നപ്പോഴാണ് ഓർത്തത് ഇന്ന് ജൂൺ 3. സാലറി റിക്വസ്റ്റ് കൊടുക്കാൻ കടയ്ക്കൽ മൃഗാശുപത്രിയിൽ പോകേണ്ടതുണ്ട്. ഞങ്ങളുടെ അതിർത്തി പഞ്ചായത്തുകളായ അഞ്ചൽ, കടയ്ക്കൽ എന്നിവ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ പഞ്ചായത്തിലൂടെയാണ് യാത്ര. യാത്രയ്ക്കിടെ അതിർത്തിയിൽ പോലീസ് എന്റെ വാഹനം തടഞ്ഞു. എവിടേയ്ക്കാണ് യാത്ര എന്ന് ചോദിച്ചു. കടയ്ക്കൽ ഹോസ്പിറ്റലിലെ ഡോക്ടറാണെന്ന് പറഞ്ഞപ്പോൾ വാഹനം കടത്തിവിട്ടു. ഹോസ്പിറ്റൽ എത്തിയപ്പോൾ ഡോ. ഉഷ, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ എന്നിവർ ക്വാറന്റയിൻ കഴിഞ്ഞ ക്ഷീരകർഷകരുടെ കന്നുകാലികൾക്കു വേണ്ട കാലിത്തീറ്റ വിതരണം ചെയ്യാനുള്ള തിരക്കിലാണ്.

സാലറി റിക്വസ്റ്റ് എഴുതിക്കഴിഞ്ഞ് ഹോസ്പിറ്റലിൽ ഇരിക്കുമ്പോൾ എന്റെ ക്ലാസ്മേറ്റും ചാത്തന്നൂർ നൈറ്റ് വെറ്റുമായ ഡോ. വിശാഖ് വിളിച്ചിട്ട് ഒരു പശുവിന്റെ സിസേറിയൻ ചെയ്യേണ്ടിവരും എന്നു പറഞ്ഞു. ആ സമയത്ത് വിശാഖിന്റെ കൈവശം സർജിക്കൽ ഉപകരണങ്ങളോ, മറ്റൊന്നും തന്നെയുണ്ടായിരുന്നില്ല. വളരെ പെട്ടെന്ന് സിസേറിയൻ നടത്തേണ്ട കാര്യമുണ്ട്. 2ന് രാത്രി 10 മുതൽ പശുവിന് അസ്വസ്ഥത തുടങ്ങിയതാണ്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്തുള്ള നഗരൂർ പഞ്ചായത്തിലെ വെള്ളരൂർ എന്ന സ്ഥലത്താണ് പോകേണ്ടത്.

38 കിലോമീറ്റർ ദൂരമുണ്ട് എനിക്ക് അവിടെ എത്താൻ. 2014 ബാച്ചിലെ കാർത്തിക്കിനെയും കൂട്ടി പെട്ടെന്നു തന്നെ അവിടേക്കു തിരിച്ചു. കൃത്യം 2.30നു തന്നെ അവിടെ എത്തുമെന്ന് വിശാഖിനോടും ഉടമസ്ഥനോടും വിളിച്ചു പറഞ്ഞു. യാത്രയ്ക്കിടെ രണ്ടു മൂന്ന് തവണ പോലീസ് വാഹനം തടഞ്ഞു. 2.15 കഴിഞ്ഞപ്പോൾ ഞങ്ങൾ ഉണ്ണിചേട്ടന്റെ (ഉടമസ്ഥൻ) വീട്ടിലെത്തി. ആ വീട്ടിലെത്തിയപ്പോൾ എല്ലാവരും വളരെ വിഷമത്തിലാണെന്ന് മനസിലായി. അവർ ആ പശുവിനെ മണിക്കുട്ടി എന്നാണ് വിളിക്കുന്നത്. ഇന്നലെ രാത്രി മുതൽ മണിക്കുട്ടി വേദന അനുഭവിച്ച് നിൽക്കുകയാണെന്ന് അവർ പറഞ്ഞു. നഗരൂർ മൃഗാശുപത്രിയിലെ ഡോക്ടർ വന്ന് പരിശോധിച്ചിട്ട് പശുകുട്ടിയുടെ തല വളഞ്ഞ് ഉള്ളിലേക്ക് ഇരിക്കുകയാണെന്ന് പറഞ്ഞു. അതിനാൽ സിസേറിയൻ അവശ്യമായി വരുമെന്നും അറിയിച്ചു.

cow-doctors
ഡോ. ആനന്ദും സുഹൃത്തുക്കളും

ഞങ്ങൾ അവിടെ എത്തി സിസേറിയൻ നടത്തുന്നതിനുവേണ്ടിയുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. അനസ്‌തേഷ്യ നൽകിയപ്പോഴേക്കും വിശാകും എത്തിച്ചേർന്നു. ക്ഷീണിച്ച് അവശയായ മണിക്കുട്ടിക്ക് ഡ്രിപ്പ് ആരംഭിച്ചു. ജൂനിയർമാരായ യാസിന്റെയും കാർത്തിക്കിന്റെയും സഹായവും ഈ അവസരത്തിൽ ഞങ്ങൾക്കു ലഭിച്ചു. സർജറി ആരംഭിച്ചപ്പോഴേക്കും കുട്ടികളും മുതിർന്നവരുമായി ഒരുപാടുപേർ അവിടേക്ക് എത്തിച്ചേർന്നു. രണ്ടു മുതിർന്നവരെ മാത്രം നിർത്തി ബാക്കിയുള്ളവരെ ഒഴിവാക്കി ഞങ്ങളുടെ കൃത്യം തുടർന്നു.

ഏകദേശം രണ്ടര മണിക്കൂർ എടുത്ത് സർജറി പൂർത്തിയാക്കി. ഇതെല്ലാം കഴിഞ്ഞപ്പോൾ മാത്രമാണ് പശുവിന്റെ ഉടമസ്ഥനായ ഉണ്ണിചേട്ടൻ വന്നത്. അതുവരെ ഉണ്ണിചേട്ടൻ മാറിനിൽക്കുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ അദ്ദേഹത്തെ പറഞ്ഞ്‌ മനസിലാക്കി. വാങ്ങേണ്ട മരുന്നുകൾ എഴുതികൊടുക്കുകയും ചെയ്തു. അപ്പോൾ ആ ക്ഷീരകർഷകന്റെ മുഖത്ത് വിരിഞ്ഞ ചെറു പുഞ്ചിരിയിൽ ഞങ്ങളോരോരുത്തരോടുമുള്ള നന്ദിയും കടപ്പാടുമുണ്ടായിരുന്നു. വെറ്ററിനറി ഡോക്ടർ എന്ന പ്രൊഫഷനോടുള്ള ആത്മാർഥതയും കടപ്പാടുമാണ് ഈ സമയത്തും ജില്ല വിട്ടു പോകാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. തീർച്ച, ഏത് അർധരാത്രിയിലും ഫോൺ സന്ദേശം ലഭിച്ചാൽ ഞങ്ങൾ ജാഗരൂകരാകും.

English summary: Service Story of a Veterinary Doctor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com