ADVERTISEMENT

ലോക്‌‍ഡൗൺ കാലത്ത് ഏറെ പ്രചാരം ലഭിച്ച മേഖലയാണ് മത്സ്യക്കൃഷി. മുൻ വർഷങ്ങളെ അപേക്ഷിച്ച് മത്സ്യക്കുഞ്ഞുങ്ങൾക്ക് ആവശ്യക്കാരേറെയാണ്. എന്നാൽ, വളരെ ആഗ്രഹത്തോടെ, അടുക്കളമുറ്റത്തുനിന്ന് ശുദ്ധമായ മത്സ്യങ്ങളെ പിടിക്കാം എന്ന ചിന്തയോടെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച പലരും നിരാശയിലാണ്. നിക്ഷേപിച്ച് രണ്ടു മൂന്നു ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങളെല്ലാം ചത്തുപൊങ്ങുന്നു. തിലാപ്പിയ, വാള, അനാബസ്, നട്ടർ (റെഡ് ബെല്ലി) തുടങ്ങിയ മത്സ്യങ്ങളാണ് ഇത്തരത്തിൽ ചത്തുപൊങ്ങുന്നത്. കുഞ്ഞുങ്ങളെ വാങ്ങാൻ ചെലവാക്കിയ തുക നഷ്ടം. ഇത്തരത്തിൽ നഷ്ടം വന്നതിന്റെ പേരിൽ വിതരണക്കാരും കർഷകരും തമ്മിൽ വാക്കുതർക്കങ്ങളും പതിവാകുന്നുണ്ട്. അതുകൊണ്ടുതന്നെ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കണം. അതിനു മുമ്പ് മരണനിരക്ക് ഉയരാനുള്ളതിന്റെ കാരണങ്ങൾ നോക്കാം.

1. ദൂരയാത്രയും പുതിയ വെള്ളവും

കേരളത്തിലേക്ക് പ്രധാനമായും മത്സ്യക്കുഞ്ഞുങ്ങളെത്തുക കൊൽക്കത്തയിൽനിന്നാണ്. 24 മണിക്കൂർ എങ്കിലും പട്ടിണിക്കിട്ട ശേഷമാണ് മത്സ്യക്കുഞ്ഞുങ്ങളെ പായ്ക്ക് ചെയ്ത് അയയ്ക്കുക. അതുകൊണ്ടുതന്നെ മത്സ്യക്കുഞ്ഞുങ്ങൾക്ക് നല്ല വിശപ്പുണ്ടായിരിക്കും. അനാബസ്, നട്ടർ തുടങ്ങിയവ പരസ്പരം ആക്രമിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇവിടെത്തുമ്പോൾ കുഞ്ഞുങ്ങളിൽ നല്ല രീതിയിൽ പരിക്കുണ്ടാകും. മരണനിരക്ക് സ്വാഭാവികമായും ഉയരും. ചെറിയ പായ്ക്കറ്റിൽ മണിക്കൂറുകൾ യാത്ര ചെയ്ത് വരുന്നതിനാൽ എല്ലാ ഇനം മത്സ്യക്കുഞ്ഞുങ്ങളിൽ ക്ഷീണം കാണുകയും ചെയ്യും.

ഇങ്ങനെ സമ്മർദ(Stress)ത്തിൽ എത്തുന്ന മത്സ്യക്കുഞ്ഞുങ്ങളെ നേരിട്ട് ജലാശയത്തിലേക്ക് നിക്ഷേപിക്കുമ്പോൾ പെട്ടെന്നുള്ള മാറ്റം അവയ്ക്കു താങ്ങാൻ പറ്റാതെവരും. ഇതാണ് നിക്ഷേപിച്ച അന്നും പിറ്റേന്നുമൊക്കെയായി വലിയൊരളവിൽ കുഞ്ഞുങ്ങൾ നഷ്ടപ്പെടുന്നതായി കാണുന്നത്. അത്രയും നേരം മത്സ്യങ്ങൾ ആയിരുന്ന വെള്ളവും പുതിയ വെള്ളവും താദാത്മ്യത്തിലായശേഷം മാത്രമേ കുഞ്ഞുങ്ങളെ പുതിയ ജലാശയത്തിലേക്ക് വിടാവൂ.

2. തിങ്ങിപ്പാർക്കൽ

ദീർഘദൂരം യാത്ര ചെയ്തു വരുന്ന മത്സ്യക്കുഞ്ഞുങ്ങൾ സമ്മർദത്തിലും ക്ഷീണത്തിലും ആയിരിക്കുമെന്ന് മുകളിൽ സൂചിപ്പിച്ചല്ലോ. ഇത്തരം കുഞ്ഞുങ്ങൾക്ക് മതിയായ ഓക്സിജൻ പുതിയ ജലാശയത്തിൽ ലഭ്യമായില്ലെങ്കിലും മരണം സംഭവിക്കും. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ ശ്രദ്ധ വേണം. തിങ്ങിനിറച്ച രീതിയിലാവരുത് കുഞ്ഞുങ്ങളെ പാർപ്പിക്കുന്നത്.

3. മോശം വെള്ളം

വെള്ളത്തിന്റെ നിലവാരവും കുഞ്ഞുങ്ങളുടെ മരണനിരക്കുയർത്തും. ക്ലോറിൻ കലർന്ന വെള്ളം, മത്സ്യങ്ങൾ കിടന്നിരുന്ന വെള്ളം, പിഎച്ച്, അമോണിയ എല്ലാം മത്സ്യക്കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഘടകങ്ങളാണ്.

4. തീറ്റ

പുതുതായി എത്തുന്ന കുഞ്ഞുങ്ങൾ ക്ഷീണിതർ ആയതുകൊണ്ടുതന്നെ പെട്ടെന്ന് തീറ്റയെടുത്തുകൊള്ളണമെന്നില്ല. അതിനാൽ തീറ്റ നൽകുന്ന കാര്യത്തിലും ശ്രദ്ധ വേണം. തീറ്റ ബാക്കി കിടന്നാൽ വെള്ളം മോശമായി മരണത്തിന് കാരണമാകും.

5. അണുബാധ

ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവ മൂലമുള്ള മരണവും മത്സ്യക്കുഞ്ഞുങ്ങളിൽ കൂടുതലാണ്. കൃത്യമായി ക്വാറന്റൈൻ ചെയ്തശേഷം മാത്രമേ മത്സ്യക്കുഞ്ഞുങ്ങളെ പ്രധാന കുളത്തിലേക്കു നിക്ഷേപിക്കാവൂ. മാത്രമല്ല കൊൽക്കത്തയിൽനിന്നും മറ്റും ഇവിടെത്തിയശേഷം ക്വാറന്റൈൻ ചെയ്ത് മത്സ്യക്കുഞ്ഞുങ്ങളെ വിൽക്കുന്ന ഡീലർമാരുടെ പക്കൽനിന്ന് കുഞ്ഞുങ്ങളെ വാങ്ങിയാൽ മരണനിരക്ക് നന്നേ കുറവായിരിക്കും. വില അൽപം ഉയർന്നാലും ഇങ്ങനെ വാങ്ങുമ്പോൾ കുഞ്ഞുങ്ങൾ നഷ്ടപ്പെടുമെന്നുള്ള പേടി കുറയ്ക്കാം.

കുഞ്ഞുങ്ങളെ നഷ്ടപ്പെടാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം

1. കുളം അണുവിമുക്തം ആണെന്ന് ഉറപ്പാക്കുക

മത്സ്യക്കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന കുളത്തിലെ വെള്ളം ബ്ലീച്ചിങ് പൗഡർ, പൊട്ടാസ്യം പെർമാംഗനേറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് അണുവിമുക്തമാക്കുക. കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് ഒരാഴ്ച മുൻപെങ്കിലും ഇത് ചെയ്തിരിക്കണം.

2. ഇരപിടിയന്മാരിൽനിന്നുള്ള സംരക്ഷണം

തവള, പാമ്പ്, പക്ഷികൾ തുടങ്ങിയവ മത്സ്യങ്ങളുടെ ശത്രുക്കളാണ്. അതുകൊണ്ടുതന്നെ അവയിൽനിന്നു സംരക്ഷണമൊരുക്കണം. പ്രകൃതിദത്ത കുളങ്ങളിൽ തവള, പാമ്പ് തുടങ്ങിയവയെ നിയന്ത്രിക്കുക പ്രായോഗികം അല്ലാത്തതിനാൽ കുഞ്ഞുങ്ങളെ അൽപം വലുതാക്കിയശേഷം നിക്ഷേപിക്കുന്നതാണ് ഉത്തമം.

3. വെള്ളത്തിന്റെ  ഗുണം

പിഎച്ച് 7–7.5, അമോണിയയും നൈട്രൈറ്റും 0, ക്ഷാരാംശം 100നു മുകളിൽ, ലവണാംശം 2ppt എന്നിവയാണെന്ന് ഉറപ്പുവരുത്തണം. ഇതിൽത്തന്നെ പിഎച്ച്, ലവണാംശം എന്നിവ പ്രധാനമായും ശ്രദ്ധിക്കുക.

4. നിക്ഷേപിക്കുന്നതിനു മുമ്പ് ക്വാറന്റൈൻ

പലരും കുഞ്ഞുങ്ങളെ വാങ്ങിക്കൊണ്ടുവന്നതിനുശേഷം പെട്ടെന്നുതന്നെ പുതിയ ജലാശയത്തിലേക്ക് ഇറക്കിവിടുകയാണ്. മറ്റൊരു സ്ഥലത്തെ ജലവും ഇക്കൂടെ പുതിയ ജലാശയത്തിലേക്ക് എത്തുന്നു. എന്തെങ്കിലും വിധത്തിലുള്ള രോഗകാരികൾ അതിലുണ്ടെങ്കിൽ പുതിയ സ്ഥലത്തേക്കും അവ എത്തും. അതുകൊണ്ടുതന്നെ മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്ന കവർ 2ppm ഗാഢതയുള്ള പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകിയ ശേഷം കുളത്തിലിട്ട് താപനില ക്രമീകരിക്കണം. 20 മിനിറ്റ് നേരമെങ്കിലും മത്സ്യക്കുഞ്ഞുങ്ങളുള്ള കവർ ഇങ്ങനെ കുളത്തിൽ ഇടണം. 

താപനില താദാത്മ്യത്തിലായശേഷം കവർ തുറന്ന് അതിലുള്ള വെള്ളത്തിന്റെ അത്രയം അളവ് കുളത്തിലെ ജലം നിറയ്ക്കണം. അതിനുശേഷം കവർ പുറത്തെടുത്ത് മത്സ്യക്കുഞ്ഞുങ്ങളെ ഒരു നെറ്റിൽ ശേഖരിച്ച് കുളത്തിലേക്ക് സാവധാനം ഇറക്കിവിടാം. ഇങ്ങനെ ചെയ്യുമ്പോൾ മറ്റൊരു ജലാശയത്തിലെ വെള്ളം നിങ്ങളുടെ ജലാശയത്തിൽ എത്തുന്നില്ല എന്ന് ഉറപ്പിക്കാൻ കഴിയും. പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ (ലീറ്ററിൽ 2 മില്ലി ഗ്രാം) കൂടി മുക്കിപ്പൊക്കിയെടുത്താൽ കൂടുതൽ നല്ലത്. 

വെള്ളത്തിലെ ലവണാംശം ഉയർത്തുന്നത് രോഗബാധയിൽനിന്നു മത്സ്യങ്ങളെ സംരക്ഷിക്കും. തിലാപ്പിയ 2 പിപിഎം ലവണാംശത്തിനു മുകളിലും ജീവിക്കുമെന്നതിനാൽ ഇടയ്ക്ക് ഉപ്പിട്ടു നൽകുന്നത് നല്ലതാണ്. എന്നാൽ, വാള, നട്ടർ പോലുള്ള മത്സ്യങ്ങൾക്ക് ലവണാംശം 2 പിപിഎമ്മിന് മുകളിലാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

5. നല്ല തീറ്റ

കുഞ്ഞുങ്ങൾക്ക് അവരുടെ വലുപ്പത്തിനനുസരിച്ചുള്ള തീറ്റ നൽകാൻ ശ്രദ്ധിക്കണം. മാർക്കറ്റിൽ വിവിധ കമ്പനികളുടെ വളർത്തുമത്സ്യത്തീറ്റകൾ ലഭ്യമാണ്. ബാക്കിയാവാത്ത രീതിയിൽ ദിവസം രണ്ടു നേരമെങ്കിലും തീറ്റ നൽകാം.

English summary: Do I need to quarantine my new fishes, and if so how do I do it?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com