ADVERTISEMENT

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ചില യാഥാർഥ്യങ്ങളുണ്ട്. ഞങ്ങളുടെ ഫാമിൽനിന്നും പാൽ വാങ്ങിക്കൊണ്ടുപോയിരുന്നവരും അല്ലാത്തവരുമായ ചില ആളുകൾ വന്ന് നിങ്ങൾക്ക് അരി വേണോ എന്ന് ചോദിക്കുന്നു.

റേഷനരിയാണ്. കോവിഡ് കാലത്ത് അവർക്കു കിട്ടുന്ന സൗജന്യ അരി. അത് വിറ്റു കാശാക്കാൻ ശ്രമിക്കുകയാണ്. ഈ പറഞ്ഞ ആളുകൾ കഴിഞ്ഞ ഫെബ്രുവരി മാസം വരെ തരക്കേടില്ലാത്ത വരുമാനവുമായി ജീവിച്ചിരുന്നവരാണ്. സ്വന്തമായി ഭൂമിയും അതിൽ മിനിമം മൂന്നു മുറിയുള്ള കോൺക്രീറ്റ് വീടും വീട്ടിലൊരു ടൂ വീലറും ഉള്ളവരാണ്. അവരിപ്പോൾ കിട്ടുന്ന സൗജന്യ അരി വിറ്റ് അൽപ്പം കാശ് സംഘടിപ്പിക്കാൻ കഴിയുമോ എന്ന് അന്വേഷിച്ചു നടക്കുന്നു. നിങ്ങൾക്ക് ഈ അരി കൊണ്ട് പശുവിനു കഞ്ഞിവെച്ചു കൊടുത്തുകൂടെ എന്നാണ് ചോദ്യം.

സർക്കാർ സഹായമായി നൽകുന്ന അരി മറ്റൊരാൾ പണം കൊടുത്തു വാങ്ങുന്നത് തെറ്റാണ് എന്ന പ്രശ്നം ഒരു വശത്ത്. ഏതായാലും പശുവിനു കൊടുക്കുന്ന ധാന്യങ്ങളുടെ കൂടെ അരിയുമുണ്ട്, അതിതായാൽ ഈ മനുഷ്യർക്ക് ഈ സമയത്ത് ഒരു സഹായമാവുമല്ലോ എന്നൊരു ധാർമിക ചിന്ത മറ്റൊരു വശത്ത്. അതുകൊണ്ടു തന്നെ അരി വേണ്ട എന്ന് പറഞ്ഞ് ഓരോരുത്തരെയും മടക്കി അയയ്ക്കുമ്പോൾ സത്യത്തിൽ നല്ല മനഃപ്രയാസമുണ്ട്.

ഡെയിലി കളക്ഷൻ ബാങ്കിലടയ്ക്കാൻ പോകുമ്പോഴാണ് അടുത്ത പ്രയാസം. ബാങ്കിലേക്ക് ഒരേസമയം അഞ്ചു പേരെ മാത്രമേ കടത്തിവിടൂ. അതിൽത്തന്നെ സ്വർണം പണയം വയ്ക്കാൻ വരുന്നവർക്കാണ് മുൻഗണന. ബാങ്കിന്റെ മുന്നിൽനിന്ന് നാലു പേരോട് സംസാരിച്ചാൽ നിങ്ങൾക്ക് മനസിലാവും ഒഴിവാക്കാൻ പറ്റാത്ത ചില ആവശ്യങ്ങൾക്കായി സ്വർണം പണയം വക്കുകയാണ്. അത് മക്കളുടെ ഫീസ്, മാതാപിതാക്കളുടെ ചികിത്സ, വീട്ടുവാടക, കാർ ലോൺ, പലചരക്കു കടയിലെ കടം തീർക്കൽ അങ്ങനെ എന്തുമാവാം. എന്തായാലും നിൽക്കക്കളിയില്ലാതെയാണ് പലരും സ്വർണ്ണമൂരിക്കൊണ്ടു വരുന്നത്.

വഴിയിൽ മുഴുവൻ സാധനങ്ങൾ വില കുറച്ചു വിൽപ്പനയാണ്. ഒരു കിലോ കുടമ്പുളി 130 രൂപ, ഒരു കിലോ തേങ്ങാ 30 രൂപാ, മുപ്പതു മുട്ട നൂറു രൂപ എന്നൊക്കെ ബോർഡും വച്ച് വണ്ടികൾ വഴിയരികിൽ നിരന്നു നിൽക്കുന്നു.

നമ്മുടെ ചില സാമ്പത്തിക വിദഗ്ധന്മാർ പറഞ്ഞപോലെ ക്ഷ്യോൽപാദനം ഉയർന്നതുകൊണ്ട് സംഭവിക്കുന്നതല്ലിത്. കോവിഡ് മൂലം പണിയില്ലാതായി ഓട്ടോക്കാരും ടെമ്പോക്കാരും ഇതേപോലെ ഗതികെട്ട് നിൽക്കുന്ന ഏതെങ്കിലും കർഷകന്റെ പറമ്പിൽ ചെന്ന് പിടിയാവിലയ്ക്കു കിട്ടുന്ന സാധനവും വാങ്ങിച്ചു റോഡരികിൽ കൊണ്ടുവന്നു വിൽക്കുന്നതാണ്. കർഷകന് പൊള്ളുന്ന നഷ്ടമാണ്. പറമ്പിൽ കിടന്നു ചീയുന്നതു കാണാൻ വയ്യാത്തതു കൊണ്ട് കൊടുത്തയയ്ക്കുന്നതാണ്. വണ്ടിക്കാരനും ഡീസൽ കാശ് കഴിഞ്ഞ് എന്തെങ്കിലും ഒരു വട്ടച്ചെലവിനുള്ള കാശ് കിട്ടും. ഇപ്പോൾ ഡെയിലി മൂന്നും നാലും ഓട്ടോക്കാർ ഞങ്ങളുടെ ഫാമിൽ വന്നു പാൽ തരുമോ എന്ന് ചോദിക്കുന്നുണ്ട്. അവർക്കതു ഏതെങ്കിലും റെസിഡൻഷ്യൽ ഏരിയയിൽ കൊണ്ടുപോയി വിറ്റ് അൽപ്പം ലാഭം സംഘടിപ്പിക്കാനാണ് പ്ലാൻ. വേറെ ഓട്ടമൊന്നുമില്ല. പക്ഷേ അവർക്കു മുതലാവുന്ന വിലയിൽ ഞങ്ങൾക്ക് പാൽ നൽകാൻ കഴിയാത്തതു കൊണ്ട് നല്ല വാക്കു പറഞ്ഞു മടക്കിയയയ്ക്കും. കോവിഡിന് മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പ്രതിഭാസമാണിത്.

സംസ്ഥാനത്ത് ദിവസം നാനൂറു പേർ രോഗിയാവുന്നു, രാജ്യത്ത് പ്രതിദിനം ഇരുപത്തയ്യായിരം പേര് രോഗികളാവുന്നു. ഈ രോഗത്തിന്റെ തീഷ്ണഭാവം നമ്മളിനി കാണാനിരിക്കുന്നതേയുള്ളൂ. രോഗമുണ്ടെന്ന് തെളിഞ്ഞാൽ സർക്കാർ ചെലവിൽ പോയി സുഭിക്ഷമായി ഭക്ഷണവും കഴിച്ചു മികച്ച പരിചരണവും ലഭിച്ചു കഴിഞ്ഞിരുന്ന നാളുകൾ അവസാനിച്ചു. ഇനി രോഗം വന്നാൽ കിടക്കാനൊരു ബെഡ്ഡ് പോലും ലഭിക്കാൻ പ്രയാസമുള്ള ദിനങ്ങളാണ് വരാൻ പോകുന്നത്.

അതിന്റെ കൂടെ പരമ ദാരിദ്ര്യവും. എന്നാലും ഇതിലൊന്നും ആർക്കും ഒരു പ്രശ്നവുമില്ല എന്നതാണ് ഏക ആശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com