ADVERTISEMENT

പോഷകസുരക്ഷയ്ക്കുള്ള കുറുക്കുവഴിയാണ് മുട്ടകളെന്നു കരുതുന്ന കുടുംബമാണ് രഞ്ജിത്തിന്റേത്. അതുകൊണ്ടുതന്നെയാണ് ദിവസേന മുട്ട ഉപയോഗിക്കാൻ ഇവിടെ എല്ലാവർക്കും താൽപര്യവും. തന്റെ വീട്ടിലെ പ്രതിശീർഷ പ്രതിദിന ഉപയോഗം പലപ്പോഴും ഒന്നരയും രണ്ടും വരെയാകാറുണ്ടെന്ന് തിരുവല്ല ബിഎസ്എൻഎലിൽ റീട്ടെയിൽ മാനേജരായ അദ്ദേഹം പറയുന്നു. നല്ല മുട്ട തന്നെ കഴിക്കണമെന്ന കാര്യത്തിലും അദ്ദേഹത്തിനു നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ അയൽ സംസ്ഥാനങ്ങളിലെ വൻകിട കോഴിഫാമുകൾ തിക്കിനിറച്ചു വളർത്തുന്ന കോഴികളുടെ രണ്ടാഴ്ച പഴക്കമുള്ള മുട്ട വാങ്ങാൻ തീരെ താൽപര്യമില്ല. കടകളിലെ നാടൻമുട്ട പോലും വർജിക്കും. പകരം ജോലിസ്ഥലത്തുനിന്നു മടങ്ങുന്ന വഴി കർഷകഭവനങ്ങളിൽനിന്ന് നേരിട്ടു മുട്ട വാങ്ങുകയായിരുന്നു പതിവ്. എന്നാൽ, ഇത്തരം വീടൻമുട്ടകൾക്ക് ഡിമാൻഡ് കൂടിയതിനാൽ പലപ്പോഴും ഇത് കിട്ടാതെ വന്നു. സ്വന്തം ആവശ്യത്തിനുള്ള വീടൻമുട്ട സ്വന്തം വീട്ടിൽതന്നെ ഉൽപാദിപ്പിക്കാൻ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. 

ഒരു വർഷത്തിലധികമായി ശാസ്താംകോട്ട ഏഴാം മൈലിലെ രഞ്ജിത്തിന്റെ വീട്ടിൽ കോഴിവളർത്തലുണ്ട്. സ്വന്തം ആശയമനുസരിച്ച് ഓർഡർ ചെയ്തു നിർമിച്ച കൂടുമായാണ് തുടക്കം. ‌50 കോഴികളെ വളർത്താവുന്ന ഈ കൂട്ടിൽ മുടക്കമില്ലാതെ വെള്ളം നൽകുന്നതിനും തീറ്റ നൽകുന്നതിനും മുട്ട ശേഖരിക്കുന്നതിനുമൊക്കെ പ്രത്യേക സംവിധാനങ്ങളുണ്ട്. കാശ് മുടക്കി കൂടുണ്ടാക്കിയെങ്കിലും ദിവസം മുഴുവൻ കോഴികളെ ലോക് ഡൗണിലാക്കുന്നതിനു താൽപര്യമില്ല. വീട്ടുവളപ്പിൽ 15 സെന്റോളം സ്ഥലം മീൻവല ഉപയോഗിച്ചു വളച്ചുകെട്ടി അതിനുള്ളിലാണ് കോഴിക്കൂട് സ്ഥാപിച്ചിരിക്കുന്നത്. പകൽസമയത്ത് കൂട് തുറന്ന് വലവേലിക്കുള്ളിൽ ചികഞ്ഞുപെറുക്കാൻ കോഴികളെ അനുവദിക്കും. രാത്രിയിൽ മാത്രം കൂട്ടിനുള്ളിൽ ലോഡ്ജിങ്– ഇതാണ് രഞ്ജിത്തിന്റെ സെമി– ഫ്രീ റേഞ്ച് കോഴിവളർത്തൽ. ആകെ 47 മുട്ടക്കോഴികളിൽ 25  ബിവി 380 ഇനവും  16 കരിങ്കോഴികളും 6 തനിനാടൻ ഇനവുമാണ് ഇവിടുള്ളത്. ദിവസവും ശരാശരി 20  മുട്ട വീതം ലഭിക്കാറുണ്ട്.  

ആറുമാസം മുൻപ് വേണാട് പൗൾ‌ട്രി  ഉൽപാദക കമ്പനിയുടെ മിനി ബ്രോയിലർ യൂണിറ്റും രഞ്ജിത്ത് സ്വന്തമാക്കി. ഇതിലെ കോഴികളെ അഴിച്ചുവിടാറില്ല.  വേണാട് കമ്പനി എത്തിച്ചു നൽകുന്ന ആൻറിബയോട്ടിക് രഹിത തീറ്റയാണ് നൽകുന്നത്. ബ്രോയിലർ കോഴികൾ തൂക്കം വയ്ക്കുന്നത് കാണാൻ ഇവിടെ വന്നാൽ മതി. 25 കോഴികളുടെ യൂണിറ്റാണ് ഇവിടുള്ളത്. ഒന്നര മാസത്തെ ഇടവേളയിൽ ഇത്രയും കോഴികൾ വളർച്ചയെത്തുമെങ്കിലും വീട്ടാവശ്യത്തിനെടുക്കുക 5–6 കോഴികളെ മാത്രം. ബാക്കി അയൽക്കാർക്കും സുഹൃത്തുക്കൾക്കും നൽകുകയാണ് പതിവ്. നിലവാരമേറിയ മാംസമായതിനാൽ ഉയർന്ന വില ലഭിക്കുന്നുണ്ട്. ഇതുവഴി കോഴിവളർത്തലിനാവശ്യമായ തീറ്റച്ചെലവും മറ്റും കണ്ടെത്താൻ സാധിക്കുന്നു. 

ബ്രോയിലറായാലും മുട്ടക്കോഴിയായാലും ഭാഗികമായി മാത്രം കോഴിത്തീറ്റയെ ആശ്രയിക്കുന്ന രീതിയാണ് രഞ്ജിത്തിന്റേത്. ഒരു ഭാഗം തീറ്റ വീട്ടിൽ തയാറാക്കി നൽകുകയാണ് പതിവ്. ഇതിനായി മുളപ്പിച്ച ഗോതമ്പ്, പപ്പായ, വാഴപ്പിണ്ടി, പയർ, തിരിവ് കപ്പലണ്ടി എന്നിവയാണ് ഉപയോഗിക്കുക. പായലും അസോളയുമൊക്കെ നൽകുന്ന പതിവുമുണ്ട്.  വേനൽക്കാലത്ത് കോഴികളുടെ ക്ഷീണം കുറയുന്നതിന്  ഇത് ഏറെ പ്രയോജനപ്രദമാണ്. കുടിവെള്ള ടാങ്കിൽ കഞ്ഞിവെള്ളവും കാടിവെള്ളവുമൊക്കെ നിറച്ചു കൊടുക്കും. ഇത്തരം തീറ്റകൾ നൽകുക വഴി ചെലവ് കുറയുമെന്നു മാത്രമല്ല മുട്ടയുടെയും മാംസത്തിന്റെയും രുചിയും മെച്ചപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ വേണാട് കമ്പനിയുടെ ചെയർമാൻ ഡോ. ചന്ദ്രപ്രസാദാണ്  വഴികാട്ടിയെന്നു രഞ്ജിത്ത് പറയുന്നു. ബ്രോയിലർ കോഴികൾക്ക് പതിവ് തീറ്റയോടൊപ്പം  മുൻപറഞ്ഞ നാടൻ തീറ്റകളും നൽകാറുണ്ട്. 

കോഴിവളർത്തലിനായി താൻ 15 സെന്റ് നീക്കിവച്ചിട്ടുണ്ടെങ്കിലും 2–3 സെന്റുളളവർക്കും ഇതേ രീതിയിൽ അവയെ വളർത്താമെന്നും അതുവഴി വീട്ടിലേക്കുവേണ്ട നല്ല മുട്ടയും നല്ല മാംസവും കുറഞ്ഞ ചെലവിൽ  ഉറപ്പാക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയൽക്കൂട്ടങ്ങൾക്കും റസിഡന്റസ് അസോസിയേഷനുകൾക്കുമൊക്കെ വീട്ടാവശ്യത്തിനുള്ള മുട്ടയും മാംസവും ഉറപ്പാക്കാൻ ഇത്തരം പോർട്ടബിൾ കോഴിക്കൂടുകൾ സഹായകമാണെന്നു  അദ്ദേഹം പറഞ്ഞു.

ഫോൺ: 9447039195

English summary: How to setup and run a Successful Backyard Poultry in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com