ഡോ. ജയശ്രീ ചോദിക്കുന്നു, സാങ്കേതികത്വം എന്ന വാക്കിന് മനുഷ്യത്വമില്ലായ്മ എന്ന അർഥം കൂടിയുണ്ടോ?

dr-jayasree
SHARE

ചികിത്സ വൈകിയതിന്റെ പേരിൽ അവധിയിലായിരുന്ന വനിതാ ഡോക്ടറെ സസ്പെൻഡ് ചെയ്ത സംഭത്തിൽ സംസ്ഥാന വ്യാപകമായി വെറ്ററിനറി ഡോക്ടർമാർ പ്രതിഷേധത്തിലാണ്. മൃഗസംരക്ഷണ വകുപ്പിന്റെ വിവാദ തീരുമാനത്തിൽ സസ്പെൻഷനിലായ ഡോ. ജയശ്രീ എഴുതുന്നു...

മനസ് ശൂന്യവും നിശബ്ദവുമായ ഒരു അവസ്ഥയിലാണ് ഞാൻ. എങ്കിലും നിങ്ങളുടെ നല്ല വാക്കുകൾക്ക് മുൻപിൽ നിശബ്ദത അഭികാമ്യമല്ല എന്നു തോന്നി.

ആരോടും പരാതിയില്ല പരിഭവമില്ല. എങ്കിലും ഉള്ളിൽ തറച്ച ഒരു വേദനയുണ്ട്. കഴിഞ്ഞ 14 വർഷങ്ങൾ ഈ ഡിപ്പാർട്ട്മെന്റിൽ ഞാൻ ആരായിരുന്നുവെന്ന് അറിയാതെ ഞാൻ ചോദിച്ചു പോകുന്നു എന്നോടു തന്നെ.

ജോലിയിൽ പ്രതിബദ്ധത ഉൾച്ചേർക്കാൻ ഒരു ദിവസം പോലും മറന്നിരുന്നില്ല. എന്നിട്ടും വകുപ്പിന് അപകീർത്തി ഉണ്ടാക്കിയ സംഭവത്തിന്റെ ഉത്തരവാദി എന്ന പേരിൽ സസ്‌പെൻഷൻ ഏറ്റുവാങ്ങേണ്ടി വന്നു. സാങ്കേതികത്വം എന്ന വാക്കിന് മനുഷ്യത്വം ഇല്ലായ്മ എന്ന അർഥം കൂടിയുണ്ടോ?

എന്തായാലും ഒന്നുറപ്പ്. തിരിച്ചു വന്നാലും എന്റെ പ്രവർത്തനശൈലിയിൽ യാതൊരുവിധ മാറ്റവും ഉണ്ടാവുകയില്ല. പദ്ധതികൾ വേണ്ടതിൽ കൂടുതൽ ഏറ്റെടുത്തു ചെയ്യുന്നത്, നമ്മുടെ ഇടപെടൽ കൊണ്ട് ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു താങ്ങാവുമെങ്കിൽ അതു നഷ്ടമാവരുത് എന്ന ആഗ്രഹം കൊണ്ടു കൂടിയായിരുന്നു. അത് വിഫലമായിരുന്നില്ല എന്ന് മനസിലാക്കുന്നു. അതുകൊണ്ടു തന്നെയാണ് എന്നെ നേരിട്ട് പരിചയമില്ലാത്ത ഡോക്ടർമാർ, മുൻപ് ജോലി ചെയ്തിരുന്ന പഞ്ചായത്തിലെ അംഗങ്ങൾ, ഉദ്യോഗസ്ഥർ അങ്ങനെ പലരും വിളിച്ചും മെസേജുകളിലൂടെയും സമാധാനിപ്പിക്കുന്നു.

താമരശേരി പഞ്ചായത്ത്, ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അജണ്ട പാസാക്കി ഇന്ന് സസ്പെൻഷനെതിരെ നടപടികൾ ആരംഭിക്കാൻ ഒരു പ്രത്യേക ബോർഡ് മീറ്റിങ് കൂടാൻ തീരുമാനിച്ചതായി പഞ്ചായത്തിൽനിന്നും എന്നെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ 14 വർഷങ്ങൾ ഞാൻ ജോലി ചെയ്തത് രാവിലെ 9 മുതൽ വൈകിട്ട് 3 മണിവരെ മാത്രമായിരുന്നില്ല. വളരെ വൈകിയും എത്രയോ കേസുകൾ അറ്റൻഡ് ചെയ്തിരുന്നു. ജോലി സമയം കഴിഞ്ഞാൽ ഒരിക്കൽപോലും ഫോൺ ഫ്ലൈറ്റ് മോഡിൽ ഇടാറില്ലായിരുന്നു. എന്നിട്ടും ഒരു വിശദീകരണം പോലും ചോദിക്കാതെ, റജിസ്റ്ററിൽ ലീവും മാർക്ക് ചെയ്ത്, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറെ കാര്യങ്ങൾ ചുമതലപ്പെടുത്തി, അവശ്യ സന്ദർഭങ്ങളിൽ അടുത്ത അവൈലബിൾ ആയ ഡോക്ടറെ വിളിക്കാൻ നിർദേശം നൽകി, ലീവ് ലെറ്റർ വെച്ച്, പഞ്ചായത്ത് പ്രസിഡന്റിന് അവധി സംബന്ധിച്ച് ലെറ്റർ കൊടുത്ത് അനുവാദം വാങ്ങി സ്വന്തം ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ എന്നെ ഒരു അവധി ദിവസം തന്നെ വിത്ത് ഇമ്മീഡിയറ്റ് എഫക്ട് ഓർഡർ ഇറക്കി സസ്പെൻഡ് ചെയ്തത്...?

ഉത്തരം എനിക്കറിയില്ല.

'വിധിന്യായം' എന്ന വാക്കിൽനിന്നും ന്യായം അകന്നു പോകുമ്പോൾ... വിധി മാത്രം നടപ്പാക്കപ്പെടുമ്പോൾ.... അറക്കുന്നതിനു മുൻപ് മാടിനോട് ചോദിക്കുന്ന അനുവാദത്തിന്റെ യുക്തിപോലും ലഭിക്കാതെ വരുമ്പോൾ... ഞാനങ്ങനെ സമാധാനപ്പെടും?

എന്നാൽ, പരാജയപ്പെട്ടു എന്ന ഒരു തോന്നൽ സത്യത്തിൽ എനിക്ക് ഇപ്പോൾ ഇല്ല. കാരണം ഈ വീഴ്ചയിൽ ചേർത്തുപിടിച്ച ഒരുപാട് ആളുകളുണ്ട്. വീട്ടിൽ നേരിട്ടെത്തി ആശ്വസിപ്പിച്ചവരുണ്ട്. അക്ഷീണം പ്രയത്നിച്ച സംഘടനാപ്രവർത്തകർ ഉണ്ട്. നിങ്ങൾ നടത്തുന്ന സ്നേഹപൂർവമായ ഇടപെടലുകൾക്ക് ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത്. ആരുടെയും പേരെടുത്ത് പറയുന്നില്ല. വാക്കുകളേക്കാൾ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയുന്നത് പലപ്പോഴും മൗനത്തിനാണെന്ന് തോന്നുന്നു.

സ്നേഹപൂർവം

കെ.വി. ജയശ്രീ

English summary: Veterinary Doctor Suspended for Denying Treatment in Kozhinkode

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA