ADVERTISEMENT

‘നായുടെ കടിയേറ്റ ആട്ടിൻകുട്ടിയെ ചികിത്സിച്ചില്ല, ആട്ടിൻകുട്ടി മരിച്ചു, ഡോക്ടറെ സസ്‌പെൻഡ് ചെയ്‌തു’

‘3 മണി കഴിഞ്ഞതിനാൽ ചികിത്സിക്കാൻ കഴിയില്ല എന്ന് തൊട്ടടുത്ത മൃഗാശുപത്രിയിലെ ഡോക്ടർ’

‘ദൂരെയുള്ള വെറ്ററിനറി കോളജിലേക്ക് കൊണ്ട് പൊയ്ക്കോളൂ എന്ന് നിർബന്ധിച്ചു’

രണ്ടു ദിവസമായി പലരും ആഘോഷിച്ചു കൊണ്ടാടിയ വാർത്തയുടെ ഭാഗങ്ങളാണ്. ഈ വാർത്തയെ ഭാഗങ്ങൾ ആയി ഒന്നു വിശകലനം ചെയ്ത് നോക്കാം.

ആദ്യമായി നായുടെ കടി ഏൽക്കുന്ന അവസ്‌ഥ എങ്ങനെയാണ് ചികിത്സിക്കേണ്ടത് എന്നതിനെക്കുറിച്ചു പറയാം. തെരുവുനായയുടെ കടി സാധാരണ 2 രീതിയിലാണ്. പേവിഷബാധയേറ്റ നായ വഴിയിൽ കാണുന്ന എല്ലാത്തിനെയും കടിക്കുന്ന അവസ്ഥയാണ് ആദ്യത്തേത്‌. ഇതിൽ കടിയേറ്റ മൃഗത്തിനെ അതിന്റെ മുറിവുകൾക്കും അതിൽ കൂടി പകരാവുന്ന ടെറ്റനസിനും, പേവിഷബാധയ്ക്കും ചികിത്സിക്കേണ്ടതുണ്ട്. മറ്റൊന്ന് ഒന്നിൽ കൂടുതൽ നായ്ക്കൾ കൂട്ട് ചേരുമ്പോൾ അവ ഒരു ഗ്യാങ് (pack) ആകുകയും കൂട്ട് ചേർന്ന് ഇരപിടിക്കുന്ന സ്വഭാവം (പൂർവികരായ ചെന്നായ്ക്കളെ പോലെ) കൈവരികയും ചെയ്യുന്നു. ഇരപിടിക്കാൻ വേണ്ടി ആകുമ്പോൾ തീർച്ചയായും ഇരയെ കൊല്ലുക എന്നതിനാകും വേട്ടക്കാരൻ ശ്രദ്ധ ചെലുത്തുക. സ്വാഭാവികമായും കഴുത്തിലോ, തുടയിലോ ഒക്കെ ആകും കടി കിട്ടുക എന്നതിനാൽ ഇര മൃതപ്രായരാകും എന്നത് തീർച്ചയാണ്. ഇതിലും ഇരയ്ക്ക് കിട്ടിയേക്കാൻ സാധ്യതയുള്ള പേവിഷബാധയുടെയും ടെറ്റനസിന്റെയും ചികിത്സയും കൂടെ ക്ഷതങ്ങളുടെയും മുറിവുകളുടെയും (അതിഭീകരമായവ) ചികിത്സയും ആവശ്യമാണ്. ശാസ്ത്രീയമായി പറയുകയാണെങ്കിൽ നായുടെ കടിയേറ്റുണ്ടാകുന്ന ആഴമുള്ള മുറിവുകൾ തുന്നുന്നത് അഭികാമ്യം അല്ല എന്നതാണ്‌. അടഞ്ഞ മുറിവുകൾക്കുള്ളിൽ വായുവിന്റെ അസാന്നിധ്യത്തിൽ പെരുകുന്ന ചിലയിനം ബാക്റ്റീരിയകൾ പ്രശ്നത്തെ കൂടുതൽ വഷളാക്കി മാറ്റും എന്നതിനാൽ ആണിത്. മൃഗങ്ങളിൽ രക്തസ്രാവം ഉണ്ടെങ്കിൽ രക്തം നൽകുന്ന കാര്യം ഇപ്പോഴത്തെ സാഹചര്യത്തിൽ പിന്നെ പറയുകയും വേണ്ട.

ഇനി, ഇത്രയും ശ്രദ്ധവേണ്ട ഒരു അവസ്ഥ ആണെങ്കിൽ മനുഷ്യരിൽ ചികിത്സ നൽകുന്നത് എവിടെയാണ്? തീർച്ചയായും സർജറി അനസ്‌തേഷ്യ മുതലായ സൗകര്യങ്ങൾ ലഭിക്കുന്ന മെഡിക്കൽ കോളജുകളിലോ, സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിലോ ഒക്കെ ആണത്. നമുക്കറിയാം.

അപ്പോൾ കേരളത്തിൽ നിലവിൽ മൃഗസംരക്ഷണ മേഖലയിൽ മനുഷ്യരുടെ ആശുപത്രികൾ പോലെ ഓരോ തലങ്ങളിൽ തരംതിരിവുകൾ ഉണ്ടോ? തീർച്ചയായും ഉണ്ട് എന്നതാണ് ഉത്തരം.

വെറ്ററിനറി ഡിസ്‌പെൻസറി

പഞ്ചായത്ത് തലത്തിൽ ഒരു വെറ്ററിനറി ഡിസ്‌പെൻസറി വീതം (കൂടുതൽ കന്നുകാലികളും വിസ്തൃതമായതുമായ പഞ്ചായത്തുകളിൽ ഒന്നിൽ കൂടുതൽ വേണ്ടതുണ്ട്. ചിലയിടങ്ങളിൽ അങ്ങിനെ ഉണ്ടെങ്കിലും മേൽപറഞ്ഞ പോലെ ആനുപാതികമായി ഉള്ളവയല്ല).

ജോലിയുടെ സ്വഭാവം: കൃത്രിമബീജാദാനം, പ്രാരംഭതല മൃഗചികിത്സ, പ്രതിരോധകുത്തിവയ്പുകൾ, first aid തുടങ്ങിയ പ്രാരംഭതല ചികിത്സകൾ (സർജറി പോലെ പ്രാവീണ്യവും അടിസ്ഥാന സൗകര്യങ്ങളും വേണ്ട ചികിത്സകൾ ഉണ്ടാകില്ല എന്നത് പ്രത്യേകം കുറിക്കുന്നു), ഇൻഷുറൻസ്, കാലിത്തീറ്റ വിതരണം എന്നിവയും സർക്കാർ വക സ്കീമുകളുടെ നടത്തിപ്പുകൾ ഉപയോക്താക്കളെ തിരഞ്ഞെടുക്കൽ, അടിക്കടി ഉണ്ടാകുന്ന മീറ്റിങ്ങുകൾ, കമ്പ്യൂട്ടർവൽകരണത്തിന്റെ ഭാഗമായി നിലനിർത്തേണ്ടുന്ന നിരവധി സോഫ്റ്റ്‌വെയറുകളും അയക്കേണ്ടുന്ന എഴുത്തുകുത്തുകളും അതിനായുള്ള വിവരശേഖരണവും മറ്റും. ഇതിനു പുറമെ സർക്കാർ വേണ്ടെന്നു പറഞ്ഞിട്ടും ഇപ്പോഴും ചെയ്യേണ്ടി വരുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പോലുള്ളവയും.

ജോലി സമയം രാവിലെ 9 മുതൽ 1 വരെയും, ഉച്ചയ്ക്ക് 2 മുതൽ 3 വരെയും. അവധി ദിനങ്ങളിൽ ഉച്ചവരെ മാത്രം. ആകെ ജീവനക്കാർ: 3+1.

(1. ഡോക്ടർ, 2. ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ, 3. അറ്റൻഡർ, 4. പാർട്ട് ടൈം സ്വീപ്പർ)

വെറ്ററിനറി ഹോസ്പിറ്റൽ

ഡിസ്‌പെൻസറിയുടെ അൽപം ഉയർന്ന പതിപ്പ്. ഉയർന്ന ഗ്രേഡ് ആയ സീനിയർ വെറ്ററിനറി സർജൻ ആകും ചുമതല. ഡിസ്‌പെൻസറിയേക്കാൾ സൗകര്യങ്ങളും ചുമതലകളും. ജീവനക്കാരുടെ എണ്ണത്തിലും പ്രവർത്തനസമയത്തിനും വ്യത്യാസം ഇല്ല.‌

വെറ്ററിനറി പോളിക്ലിനിക്

താലൂക്ക് തലത്തിൽ, ഇടത്തരം റെഫറൽ ഹോസ്പിറ്റൽ എന്നു പറയാവുന്ന ഇടം. ഒരു സീനിയർ ഡോക്ടർ ഉൾപ്പെടെ 2 ഡോക്ടർമാർ. ലാബ് സൗകര്യവും സർജറി ചെയ്യാൻ വേണ്ട ഓപ്പറേഷൻ തീയറ്ററും ഒക്കെ ഒരു വിധം പോളിക്ലിനിക്കുകളിൽ എല്ലാം ലഭ്യമാണ്. ജോലിസമയത്തിനു മാറ്റമില്ല, വൈകുന്നേരം 3 മണി വരെ മാത്രം. ഒരു ഡോക്ടറെ കൂടെ നിയമിച്ചാൽ പ്രവർത്തനസമയം ജില്ലാ ആശുപത്രികളെ പോലെ 8 മണി വരെ ആക്കാവുന്നതാണ്.

ജില്ലാ വെറ്ററിനറി കേന്ദ്രം

ജില്ലാതല റെഫറൽ കേന്ദ്രം. കേരളത്തിലെ 14 ജില്ലകളിലും ഓരോന്ന് വീതം. ഓപ്പറേഷൻ തിയറ്റർ, സ്കാനിംഗ്, x-ray (ചില ഇടങ്ങളിൽ മാത്രം), ഡയാലിസിസ് യൂണിറ്റ് (ഒരിടത്ത്), ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സർജറി വേണ്ട അടിയന്തരഘട്ടത്തിൽ ഒക്കെ ജില്ലവെറ്ററിനറി കേന്ദ്രത്തിലാണ് ഒരു വിധം എല്ലായിടത്തും ചികിത്സ നടത്തുന്നത്. പ്രവർത്തനസമയം രാവിലെ 8 മുതൽ വൈകിട്ട്‌ 8 വരെ. ഡോക്ടർമാർ ഷിഫ്റ്റ് പ്രകാരം പ്രവർത്തിക്കുന്നു. കൂടുതൽ ഡോക്ടർമാർ, മറ്റ് ജീവനക്കാർ വകുപ്പിന്റെ പ്രവർത്തനങ്ങളെ ജില്ലാതലത്തിൽ ഏകോപിപ്പിക്കുക എന്ന ചുമതല നിർവഹിക്കുന്നു.

വെറ്ററിനറി കോളജുകളും സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലും

മണ്ണുത്തി, പൂക്കോട് എന്നിവിടങ്ങളിൽ നിലവിലുള്ള വെറ്ററിനറി കോളജുകൾ ഉത്തര-മധ്യ കേരളത്തിലെ റെഫെറൽ കേസുകളുടെ ചികിത്സയിൽ മുന്നിട്ട് നിൽക്കുന്ന സ്ഥാപനങ്ങളാണ്.നമികച്ച ചികിത്സ വേണ്ടനഅപൂർവ അസുഖങ്ങൾക്കു വരെ ചികിത്സ നൽകുന്ന, രാജ്യാന്തര നിലവാരമുള്ള ചികിത്സയും ചികിത്സകരും ഉള്ള കേന്ദ്രങ്ങൾ ആണിവ. ദക്ഷിണ കേരളത്തിൽ ഇത്തരം സങ്കേതത്തിന്റെ ആവശ്യം ഉൾക്കൊണ്ടുകൊണ്ട് നിലവിൽ വരുത്തിയ കുടപ്പനക്കുന്നിലെ സൂപ്പർ സ്പെഷ്യലിറ്റി ക്ലിനിക്കും ഇതേ പോലെ സൗകര്യങ്ങളുള്ള ആശുപത്രിയാണ്.

goat
നായയുടെ കടിയേറ്റ ആടിന് തുന്നലിട്ടിരിക്കുന്നു

രാത്രികാലങ്ങളിൽ ബ്ലോക്ക് തലത്തിൽ കുറച്ചു കാലമായി രാത്രികാല വെറ്ററിനറി ഡോക്ടർമാർ ചികിത്സകരായി നിലവിലുണ്ടെങ്കിലും സ്ഥിരം സംവിധാനം അല്ലാത്തതിനാലും സാങ്കേതിക പ്രശ്നങ്ങളാലും എല്ലാ കാലത്തും ഈ സൗകര്യങ്ങൾ ലഭ്യമല്ല. 1500ൽപ്പരം വെറ്ററിനറി ഡോക്ടർമാർ നിലവിൽ ജോലി കാത്ത് നിൽക്കുന്നു. തസ്തിക സ്ഥിരപ്പെടുത്തിയാൽ നിലവിലെ ഒട്ടേറെ പ്രശ്നങ്ങൾക്കും പരിഹാരം ആകുന്നതാണ്. (മൃഗങ്ങളിൽ പ്രസവസംബന്ധിയായ പ്രശ്നങ്ങൾ രാത്രിയാണ് കൂടുതൽ ഉണ്ടാകുക, കാത്സ്യം കുറയുന്നതും അതുപോലെയാണ്. ഇക്കാരണത്താൽ സ്ഥിരം സംവിധാനം വേണ്ടതുണ്ട്).

ഇനി നമ്മുടെ ആട്ടിൻകുട്ടിയിലേക്കു വരാം. ആദ്യം പറഞ്ഞതു പോലെ തന്നെ ശരീരത്തിൽ നായുടെ ആക്രമണത്തിൽ വയർ മുറിഞ്ഞു കുടൽമാല പുറത്തു വന്നിരുന്നു. കുടൽ കഷണങ്ങൾ ആയിരുന്നു. ഇത്തരം കേസ് തീർച്ചയായും ജില്ലാ വെറ്ററിനറി കേന്ദ്രത്തിലോ വെറ്ററിനറി കോളേജിലോ ആണ് ചികിത്സ ലഭ്യമാക്കേണ്ടത്. ഓപ്പറേഷൻ തിയറ്ററോ അകത്തെ മുറിവുകൾ തുന്നിക്കെട്ടാൻ ഉപയോഗിക്കുന്ന ജൈവനൂലുകളോ പോലും ഇല്ലാത്ത ഡിസ്‌പെൻസറിയിൽ അല്ല എന്നത് ഓർക്കുക. (ഇവിടെ കോഴിക്കോടുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തിലോ, താമരശേരിയിൽനിന്നും അടുത്ത് വൈത്തിരിയിലുള്ള പൂക്കോട് വെറ്ററിനറി കോളജിലോ കൊണ്ടുപോകണം എന്ന നിർദ്ദേശം നൽകിയതുമാണ്).

(പലപ്പോഴും ചില ഡിസ്പെൻസറികളിൽ എങ്കിലും അണുബാധ ഏൽക്കാം എന്ന റിസ്കിൽ പോലും, ഈ ചുരുങ്ങിയ സാഹചര്യത്തിൽ സർജറികൾ ചെയ്യാറുണ്ട്. കർഷകരെ ദൂരയാത്രയുടെ ബുദ്ധിമുട്ടിൽ നിന്നും ഒഴിവാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഡോക്ടർ കണക്കിൽ എടുക്കുക. അങ്ങനെയുള്ള ഒരു ഡോക്ടറാണ് ഈ പ്രശ്‌നത്തിൽ ആരോപണവിധേയനായ അടുത്ത പഞ്ചായത്തിലെ ഡോ. നിതിൻ. അദ്ദേഹത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ മനസിലാവും അതെല്ലാം. അതിന്റെ എല്ലാ വിധ ആരോഗ്യപ്രശ്നങ്ങളും അദ്ദേഹം നേരിടുന്നുണ്ട് താനും.)

നടുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അവസാനം ഇതുപോലെയുള്ള സെൻസെഷനുകളും മാത്രമാകും പ്രതിഫലം എന്നറിഞ്ഞിട്ടും അവർ അങ്ങിനെ തന്നെ മുന്നോട്ട് പോകുന്നു!

അവധിയെക്കുറിച്ചു പഞ്ചായത്തിൽ അറിയിച്ച ശേഷം മൃഗങ്ങളുടെ പ്രാരംഭഘട്ട ചികിത്സയ്ക്ക് തന്റെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി, നടുവേദനയ്ക്ക് (കേവലം 4 വർഷം ആയി ഈ ഫീൽഡിൽ ഉള്ള ഞാൻ ഇതേ പ്രശ്നം നേരിടുന്നു എങ്കിൽ 15 വർഷം സർവീസ് ഉള്ള ജയശ്രീ ഡോക്ടറുടെ അവസ്‌ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ) ചികിത്സയിൽ പോയ ഡോക്ടറെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

(ചിത്രത്തിലുള്ളത് നായയുടെ കടിയേറ്റ മറ്റൊരു ആട്ടിൻകുട്ടിയുടെ തുടയുടെ ചിത്രമാണ്‌. മുറിവ് തുന്നിക്കെട്ടിയിട്ടും ജീവഹാനി സംഭവിച്ചു)

English summary: How To Choose the Best Veterinarian Near Me

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com