മത്സ്യക്കുളം വേണോ, സത്യനെ വിളിച്ചോളൂ

HIGHLIGHTS
  • പ്രകൃതിദത്ത കുളങ്ങളും കോൺക്രീറ്റ്, പടുതക്കുളങ്ങളും നിർമിക്കാറുണ്ട്
  • തീറ്റച്ചെലവ് കുറയ്ക്കുന്നതിനും സത്യനു തനതു മാർഗങ്ങളുണ്ട്
fish-pond
SHARE

കേരളത്തിൽ ഇപ്പോൾ ഏറ്റവും പ്രോത്സാഹനം കിട്ടുന്ന കൃഷിയേതാണ്? സമൂഹ മാധ്യമങ്ങൾ പരിശോധിച്ചാൽ നമുക്ക് ഉറപ്പിക്കാം– മത്സ്യം വളര്‍ത്തല്‍തന്നെ.  സാദാ കുളത്തിലെ മീൻ വളർത്തൽ മുതൽ ഹൈടെക് രീതികളായ റാസ്, ബയോഫ്ലോക്ക് എന്നിങ്ങനെയുള്ള വളർത്തൽ രീതികളെല്ലാം ഫിഷറീസ് വകുപ്പ് ഏറ്റെടുത്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും നിർമാണ പ്രവർത്തനങ്ങളും ചെയ്തുനൽകാൻ കഴിവുള്ള ഏജൻസികൾക്ക് ആവശ്യക്കാരേറെ.

മത്സ്യക്കൃഷിയിലെ പ്രധാന  കടമ്പകളിലൊന്നായ ടാങ്ക് നിർമാണത്തിലൂടെ ശ്രദ്ധ നേടുകയാണ് തൃശൂരിലെ മണ്ണുത്തിയിലുള്ള എം.കെ. സത്യനും കൂട്ടുകാരും. കാളത്തോട്ടിലെ  ഇഷ്ടികക്കമ്പനിയിൽ തൊഴിലാളിയായ സത്യൻ അധികവരുമാന മാർഗമായി ടാങ്ക് നിർമാണം ഏറ്റെടുത്തിട്ട് രണ്ടു വർഷത്തിലേറെയായി. ഇതിനകം വിവിധ തരത്തിൽ പ്പെട്ട നൂറോളം കുളങ്ങളും ടാങ്കുകളും നിർമിച്ചതായി സത്യൻ പറയുന്നു. ഇഷ്ടികക്കമ്പനിയുടെ പരിസരത്ത് 11 ടാങ്കുകളിലായി നടക്കുന്ന മത്സ്യക്കൃഷിയിലും സജീവ പങ്കാളിത്തവുമുണ്ട്.

ഓരോ വ്യക്തിയുടെയും ആവശ്യങ്ങളും സാഹചര്യവുമനുസരിച്ച് പ്രകൃതിദത്ത കുളങ്ങളും കോൺക്രീറ്റ്, പടുതക്കുളങ്ങളും നിർമിക്കാറുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ മത്സ്യം വളർത്തുന്നവർ സ്വാഭാവിക കുളങ്ങളാണ് നിർമിക്കാറുള്ളത്. എന്നാൽ, വീട്ടാവശ്യത്തിനും ചെറു വരുമാനത്തിനുമായി മീൻ വളർത്തുന്നവർക്കു പടുതക്കുളങ്ങളോടാണ് താൽപര്യം.  മണ്ണു നീക്കി കുഴിയെടുത്തശേഷം ചാക്കും പടുതയുമൊക്കെ നിരത്തുക മാത്രമല്ല, വെള്ളം നിറച്ചശേഷം മത്സ്യവിത്ത് നിക്ഷേപിക്കാനും ആവശ്യാനുസരണം മോട്ടറും  അനുബന്ധ സംവിധാനങ്ങളും  സ്ഥാപിക്കാനുമൊക്കെ ഇവർ തയാർ. 

അടുത്ത കാലത്ത് ഏറെ പ്രചാരം കിട്ടുന്ന അക്വാപോണികസ് സംവിധാനവും കുളങ്ങളോടു ചേർന്ന് സ്ഥാപിച്ചു നൽകാറുണ്ട്.  ഇതിനാശ്യമായ ഗ്രോബാഗുകളും പച്ചക്കറിവി ത്തുമൊക്കെ സത്യന്റെ പക്കൽ എപ്പോഴും റെഡി. എന്നാൽ വരുമാനമാർഗമെന്ന നിലയിൽ ആരും അക്വാപോണിക്സ് ചെയ്യരുന്നതെന്നാണ് സത്യന്റെ അഭിപ്രായം.  മുടക്കുമുതലിനു ആനുപാതികമായ വരുമാനം കിട്ടില്ലെന്നതുതന്നെ കാരണം. അതേസമയം മറ്റു വരുമാനമുള്ളവർക്ക് വീട്ടാവശ്യത്തിനുള്ള നല്ല മത്സ്യവും പച്ചക്കറിയും ഉറപ്പാക്കാൻ അക്വാ പോണിക്സ് ഉത്തമമാണെന്നും സത്യൻ പറയുന്നു. 

മത്സ്യക്കൃഷിയിലെ തീറ്റച്ചെലവ് കുറയ്ക്കുന്നതിനും  സത്യനു തനതു മാർഗങ്ങളുണ്ട്. ഗോതമ്പ് വേവിച്ചു നൽകിയാൽ തിലാപ്പിയ ഉൾപ്പെടെയുള്ള മത്സ്യങ്ങൾ താൽപര്യത്തോടെ കഴിക്കുമെന്ന് അദ്ദേഹം പറയുന്നു. മികച്ച വളർച്ചാ നിരക്കും ലഭിക്കും. വെറ്ററിനറി കോളജിലെ  ന്യൂട്രിഷൻ വിഭാഗം തയാറാക്കുന്ന പോഷക സംതുലിതമായ തീറ്റയും ഇദ്ദേഹം മത്സ്യങ്ങൾക്കു നൽകാറുണ്ട്. തീറ്റച്ചെലവ് ഗണ്യമായി കുറയ്ക്കാൻ ഇതു സഹായിക്കുന്നു. 

പടുതക്കുളങ്ങളുടെ നിർമാണത്തിനു നൈലോൺ പടുതകളാണ് നല്ലതെന്നു സത്യൻ. സിൽപോളിൻ പടുതകൾ വെയിലേറ്റാൽ പൊടിഞ്ഞു നശിക്കാറുണ്ട്, എച്ച്ഡിപിഇ പടുതകൾക്ക് താങ്ങാനാവാത്ത ചെലവും.  ഒരു സെന്റ് വിസ്തൃതിയുള്ള മത്സ്യക്കുളം മികച്ച നിലവാരത്തിൽ നിർമിക്കുമ്പോൾ ശരാശരി ഒരു ലക്ഷം രൂപ ചെലവാകുമെന്നാണ് സത്യന്റെ കണക്ക്. സ്ഥലവും സാഹചര്യവുമനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നു മാത്രം. 

ഫോൺ: 9497061579

English summary: Construction of Fish Pond

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA