ADVERTISEMENT

സാമൂതിരി പറങ്കികൾക്കു കൊടിത്തല കൊടുത്തെങ്കിലും തിരുവാതിര ഞാറ്റുവേല കൊടുത്തില്ല എന്നൊരു കഥ ക്ലീഷേയായി കുറെ നാളായി ഓടുന്നുണ്ട്.

കേരളത്തിലുണ്ടായിരുന്ന ഇരുപത്തേഴു ഞാറ്റുവേലകളിൽ കേമൻ തിരുവാതിര ഞാറ്റുവേലയായിരുന്നു. തിരുവാതിര ഞാറ്റുവേലയ്ക്ക് തിരിമുറിയാതെ മഴ പെയ്യും എന്നൊക്കെയായിരുന്നു പണ്ട് കേട്ടോണ്ടിരുന്നത്. കുരുമുളക് തിരിയിടുന്നത് നനുത്തു പെയ്യുന്ന തിരുവാതിര ഞാറ്റുവേലയിലായിരുന്നതുകൊണ്ട് അതിനു ഗ്ലാമർ കൂടും.

പക്ഷേ, ഓണത്തിന് മുൻപ് ഒന്നുരണ്ടു കനത്ത മഴകൾ മുൻപും പതിവായിരുന്നു. ഇടവം പാതിയിലാരംഭിച്ച് കർക്കിടകത്തിൽ കുറച്ചു വെയിൽ തെളിഞ്ഞു ചിങ്ങമാകാറാകുമ്പോഴേക്കും ഒരു പെയ്ത്ത് കൂടി പെയ്തങ്ങു നിൽക്കും. അതായിരുന്നു മുടങ്ങാതെ വന്നുകൊണ്ടിരുന്ന നമ്മുടെ മൺസൂൺ.

സൗത്ത് ചൈനാ കടൽ മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയുള്ള പ്രദേശത്തെ കുളിപ്പിച്ച് കടന്നു പോകുന്ന മൺസൂണിനു ചെറുതായി താളപ്പിഴകളും ശ്രുതിഭംഗങ്ങളും വരാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടെങ്കിലുമായി. തിരുവാതിര ഞാറ്റുവേലയൊക്കെ പോക്കേ പോയി. ഓണത്തിനു മുൻപൊരു പ്രളയം സ്ഥിരമായി.

2018ൽ തുടങ്ങിയതല്ല കേരളത്തിലെ സീസണൽ പ്രളയം. മുൻ വർഷങ്ങളിലും ഈ സീസണിൽ കേരളത്തിൽ താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളപ്പൊക്കമുണ്ടാവാറുണ്ട്. അതാരും ഒരു ഗൗരവമുള്ള വിഷയമായി എടുത്തിരുന്നില്ല. മലയോര മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവാറുണ്ട്.

2018ൽ ഫ്ലാറ്റുകളിലേക്കും മാളുകളിലേക്കും വരെ വെള്ളം കേറിയതോടെയാണ് വെള്ളപ്പൊക്കത്തിനൊരു നിലയും വിലയുമായത്. പെയ്യുന്ന മഴയുടെ ശക്തി കൂടി വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും തീവ്രത കൂടി.

ഇത്തവണത്തെ മഴ വന്ന റൂട്ട് നോക്കുക. ആസാം മുങ്ങി, ബീഹാർ മുങ്ങി, മുംബൈ മുങ്ങി, ഡൽഹി മുങ്ങി. അതുകഴിഞ്ഞപ്പോൾ ഇങ്ങു കേരളവും മുങ്ങി. കിഴക്കു നിന്നും പടിഞ്ഞാറോട്ടു ചെരിഞ്ഞു കിടക്കുന്ന ഭൂപ്രകൃതി ആയതുകൊണ്ട് കനത്ത മഴയിൽ മണ്ണിടിച്ചിലും ഉരുൾ പൊട്ടലും കൂടി സാധാരണയായി.

അസാധാരണ സാഹചര്യം വരുമ്പോൾ അസാധാരണ രീതിയിൽ ജീവിക്കാം എന്ന് കൊറോണ പഠിപ്പിച്ചതാണ്. വെള്ളപ്പൊക്കത്തിന്റെ കാര്യത്തിലും അത് ആപ്ലിക്കബിൾ ആണ്.

ഇനിയങ്ങോട്ട് പടിഞ്ഞാറു വെള്ളം പൊങ്ങും കിഴക്കു മണ്ണിടിയും എന്നത് സ്റ്റാൻഡേർഡ് ആയി കരുതി വേണം ജീവിക്കാൻ. എന്ന് കരുതി ഇടനാട്ടിൽ കുഴപ്പമൊന്നും വരില്ല എന്നും കരുതാൻ വയ്യ, അവിടെയും വെള്ളം പൊങ്ങും.

കഴിഞ്ഞവർഷം ഉരുൾപൊട്ടൽ ഉണ്ടായ പൂത്തുമലയോ ഈ വർഷം ഉരുൾ പൊട്ടിയ പെട്ടിമുടിയോ ഒന്നും ചെങ്കുത്താതായ മലകളല്ല, കേരളത്തിൽ സാധാരണമായ വിധത്തിലുള്ള അൽപ്പം ചെരിവുള്ള ഭൂമി മാത്രമായിരുന്നു. മലപ്പുറത്തും പാലക്കാടും തൃശൂരുമൊക്കെ ഇതിനേക്കാൾ ചെങ്കുത്തായ പ്രദേശങ്ങൾ ധാരാളമുണ്ട്.

അവിടുത്തെ മണ്ണിന്റെ പ്രത്യേകത, പെയ്ത മഴയുടെ അളവ്, തുടങ്ങി ഇത്തരത്തിൽ മേൽമണ്ണ് പാറയിൽ നിന്നും പിടിവിട്ടു പോരുന്നതിൽ അവിടുത്തെ കൃഷികൾക്കു പോലും റോളുണ്ട്.

കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ കേരളത്തിലെ വീടുകളുടെ എണ്ണം നാലിരട്ടിയിൽ അധികമെങ്കിലും ആയിട്ടുണ്ടാവും ഈ കാലയളവിൽ പ്രകൃതി ക്ഷോഭങ്ങളുടെ തീവ്രതയും കൂടിയിട്ടുണ്ട്. സ്വാഭാവികമായും ഈ ക്ഷോഭങ്ങളിൽ തകരുന്ന വീടുകളുടെ എണ്ണവും ബാധിക്കപ്പെടുന്ന ആളുകളുടെ എണ്ണവും കൂടും.

ജീവിച്ചു പോകാൻ അൽപ്പം പ്രയാസമാണ്. അത്രേയുള്ളൂ.

English summary: It's alarm bells for the farm sector in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com