പാര്‍ക്കിന്‍സൺ രോഗത്തിനുമായില്ല തോൽപ്പിക്കാൻ, ശങ്കരൻ നമ്പൂതിരി ജൈവകൃഷിയിൽ തിരക്കിലാണ്

HIGHLIGHTS
  • ജൈവകൃഷി ചെയ്ത് കാടൊരുക്കിയ കഥ
  • കൃഷിയിടം സമ്പൂര്‍ണ ജൈവമയം
sankaran-namboothiri
SHARE

രണ്ടു വർഷങ്ങൾക്ക് മുൻപ് ഒരു കർക്കിടകക്കാലത്തിനൊടുവിലാണ് പാലക്കാട്  ശ്രീകൃഷ്ണപുരം വലംബിലിമംഗലം മൂര്‍ത്തിയേടത്ത് മനയിലെ ശങ്കരന്‍ നമ്പൂതിരിക്ക് തന്‍റെ ശരീരത്തിന് ഇടതുവശം ചേര്‍ത്ത് പതിവില്ലാത്ത വിധം വിറയല്‍ അനുഭവപ്പെട്ടു തുടങ്ങിയത്. മനസെത്തുന്നിടത്ത് മെയ്യെത്താത്ത അവസ്ഥ. ആദ്യമൊന്നും അത്ര കാര്യമാക്കിയില്ലെങ്കിലും ശരീരത്തിന്‍റെ ഒരു വശം അസാധാരണമാം വിധം ദൃഢത തോന്നുകയും ചലനശേഷി കുറയുന്നതായി അനുഭവപ്പെടുകയും ചെയ്തതോടെ ആശങ്കയായി. ഒടുവില്‍ ഡോക്ടറുടെ അടുത്തു ചെന്നപ്പോഴാണ് രോഗം തിരിച്ചറിഞ്ഞത്, പാര്‍ക്കിന്‍സണ്‍ രോഗം. രോഗത്തിന്‍റെ ആദ്യഘട്ടമെന്നായിരുന്നു ഡോക്ടറുടെ നിരീക്ഷണം.

ഒട്ടും പ്രതീക്ഷിക്കാതെ  തന്നെ തേടിയെത്തിയ രോഗത്തിനു മുന്നില്‍ ഒരുവേള പകച്ചുപോയെങ്കിലും  മനസുറപ്പോടെ രോഗത്തെ നേരിടാൻ തന്നെ ശങ്കരന്‍ നമ്പൂതിരിയുറച്ചു. പിന്നിട്ട നാലു വ്യാഴവട്ടകാലത്തെ അശ്രാന്ത പരിശ്രമത്താല്‍ ജൈവകൃഷി ചെയ്ത് താന്‍ തീര്‍ത്ത പഴങ്ങളും പച്ചക്കറികളും തെങ്ങും കവുങ്ങും മത്സ്യകൃഷിയുമെല്ലാം ഉള്‍ക്കൊള്ളുന്ന ഏഴേക്കര്‍ വരുന്ന കൃഷിത്തോട്ടത്തിലും ജീവിതവ്രതമായ പശുപരിപാലനത്തിലും പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ പരിമിതികളെ പോലും അതിജീവിച്ചുകൊണ്ട്  പഴയതുപോലെ തന്നെ  അദ്ദേഹം  സജീവമായി. മനസുറപ്പും ഡോക്ടറുടെ വിദഗ്‌ധ ചികിത്സയും മുറതെറ്റാതെയുള്ള ആരോഗ്യചിട്ടകളും ഒത്തൊരുമിച്ചതോടെ പാർക്കിൻസൺ രോഗത്തിന്റെ പരാധീനതകളെ ഒരു വിധം മറികടക്കാൻ ഇന്ന് അദ്ദേഹത്തിനായി. പാർക്കിൻസൺ രോഗത്തെ തോൽപ്പിച്ചുകൊണ്ട് ഇന്ന് ഈ കർഷകദിനത്തിലും തന്റെ ജൈവകൃഷിയിടത്തിൽ കർമനിരതനാണ്‌ ശങ്കരന്‍ നമ്പൂതിരി. ജൈവകൃഷിയിലെ മികവിന് സംസ്ഥാനതലത്തില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ച മാതൃകാകര്‍ഷകന്‍കൂടിയാണദ്ദേഹം.

ജൈവകൃഷി ചെയ്ത്  കാടൊരുക്കിയ കഥ

‘ഈ കാട് ഞാന്‍ ജൈവകൃഷി ചെയ്ത്  വളര്‍ത്തിയതാണ്’ നട്ടുച്ചയ്ക്കു പോലും  സൂര്യപ്രകാശം മണ്ണിലേക്ക് അരിച്ചിറങ്ങാത്തവിധം കാര്‍ഷികവിളകള്‍ തിങ്ങി നിറഞ്ഞ്  ഇടതൂര്‍ന്ന് വളര്‍ന്ന തന്‍റെ കൃഷിത്തോട്ടത്തെ ചൂണ്ടി ശങ്കരന്‍ നമ്പൂതിരി പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. കുടുംബവകയായി തനിക്ക് ലഭിച്ച് ഫലഭൂയിഷ്ഠത തീരെ കുറഞ്ഞ  കരമണ്ണ് നിറഞ്ഞ പറമ്പിനെയാണ് പതിറ്റാണ്ടുകളുടെ പരിശ്രമത്താല്‍ മാതൃകാജൈവകൃഷിയിടമായി ശങ്കരന്‍ നമ്പൂതിരി മാറ്റിത്തീര്‍ത്തത്. ദേശീയ തലത്തിൽ സുബാഷ് പലേക്കർ തുടങ്ങിവച്ച സീറോ ബഡ്‌ജറ്റ്‌  പ്രകൃതി കൃഷിരീതിയാണ് ഈ ജൈവ കൃഷിയിടത്തിൽ അദ്ദേഹം പിന്തുടരുന്നത്.

തെങ്ങും കവുങ്ങും വാഴയും കുരുമുളകും ജാതിയുമാണ് ഈ ഏഴരയേക്കറിലെ  മുഖ്യ വിളകള്‍. കപ്പ, ചേന, ചേമ്പ്, കാച്ചില്‍, കൂര്‍ക്ക തുടങ്ങിയ കിഴങ്ങിനങ്ങള്‍, ചെറുനാരകം, സീതപ്പഴം, പപ്പായ, പൈനാപ്പിള്‍ തുടങ്ങിയ പഴവര്‍ഗങ്ങള്‍, കാപ്പി, തേയില, ഏലം, ഗ്രാമ്പു, കൊക്കോ തുടങ്ങി വാനിലവരെ മണ്ണ് കാണാത്ത വിധത്തില്‍ ഇടവിളകളാല്‍ സമൃദ്ധമാണ് ഈ തോട്ടം. റബറും പ്ലാവും മാവുമെല്ലാം ഒപ്പമുണ്ട്. ഇതിനെല്ലാം പുറമെ പശുക്കള്‍ക്കായി എഴുപത് സെന്‍റില്‍ സിഒ 3 ഇനം  തീറ്റപ്പുല്‍കൃഷിയുമുണ്ട്. ചാണകത്തില്‍ നിന്നുള്ള ജൈവവളവും സസ്യാവശിഷ്ടങ്ങളെ മേല്‍മണ്ണിന് മുകളില്‍ ആവരണമായി വിതറി അഴുകാനനുവദിക്കുന്ന പുതയിടല്‍ (മള്‍ച്ചിങ്)  രീതിയുമാണ് തന്‍റെ ജൈവകൃഷിയുടെ വിജയസൂത്രമെന്ന് അദ്ദേഹം പറയുന്നു. 

‘മണ്ണിന്‍റെ താപനില 35 ഡിഗ്രിയില്‍ ഉയരാതെ നിലനിര്‍ത്തേണ്ടത് മണ്ണിന്‍റെ  ആരോഗ്യത്തിനും ജീവാണുക്കളുടെ വളര്‍ച്ചയ്ക്കും  പ്രധാനമാണ്. ഇടവിളകൃഷിയും പുതയിടലും മണ്ണിന്‍റെ താപനില ഉയരാതിരിക്കാന്‍ തുണയ്ക്കും’- ജൈവകൃഷിയനുഭവങ്ങള്‍ പറയാന്‍ അദ്ദേഹത്തിന് ഒരുപാടുണ്ട്. മണ്ണിന്‍റെ ഈര്‍പ്പം നിലനിര്‍ത്തും, ജലത്തിന്‍റെ ബാഷ്പീകരണനഷ്ടം കുറയ്ക്കും, മണ്ണൊലിപ്പ് തടയും, മേല്‍മണ്ണിന്‍റെ ജൈവാംശവും ജലാഗിരണശേഷിയും  നീര്‍വാര്‍ച്ചയും, വായുസഞ്ചാരവും കൂട്ടും, കള നിയന്ത്രിക്കും, ഭൂഗര്‍ഭ ജലനിരപ്പുയര്‍ത്തും അങ്ങനെ തുടങ്ങി പുതയിടലിന്‍റെ മേൻമകള്‍ പറഞ്ഞു തുടങ്ങിയാല്‍  പങ്കുവെക്കാന്‍  ശങ്കരന്‍ നമ്പൂതിരിക്ക്  ജൈവാനുഭവങ്ങള്‍ ഒത്തിരിയുണ്ട്.  മണ്ണിന് പുതയിട്ടാല്‍ പിന്നെ മണ്ണ് കിളച്ചിളക്കേണ്ടെന്നാണ് ശങ്കന്‍ നമ്പൂതിരിയുടെ വാദം. തന്‍റെ പറമ്പില്‍നിന്ന് ഒരുപിടി മേല്‍മണ്ണ്  കുത്തിയിളക്കി ഉള്ളംകയ്യിലിട്ട് ഇളക്കിയാണ് പുതയിട്ട് മണ്ണിനൊരു പുതപ്പൊരുക്കിയാല്‍ മണ്ണിരകളുടെയും സൂക്ഷ്മാണുക്കളുടെയും എണ്ണം കൂടുമെന്നും മണ്ണ് ഉര്‍വ്വരമാവുമെന്നും ജൈവാംശമേറി ഫലഭൂയിഷ്ഠമാവുമെന്നുള്ള അറിവിനെ അദ്ദേഹം തെളിവ് സഹിതം പരിചയപ്പെടുത്തിയത്. 

ശങ്കരന്‍ നമ്പൂതിരിയുടെ കൃഷിയിടം സമ്പൂര്‍ണ ജൈവമയമാണ്. കീടനിയന്ത്രണത്തിന് പോലും തന്റേതായ ജൈവവിദ്യകളുണ്ട്. തന്‍റെ തോട്ടത്തില്‍ കൂട്ടുകൂടിയ  ചെറുപക്ഷികളാണ് കീടങ്ങളില്‍നിന്നും  കൃഷിയിടത്തെ കാക്കുന്ന ചൗക്കീദാര്‍മാര്‍. കാര്‍ഷകമിത്രങ്ങളായ ഈ ചെറുപക്ഷികള്‍ക്ക് കൂടൊരുക്കാന്‍ മരങ്ങളുടെയും ചെടികളുടെയും  ശിഖരങ്ങളില്‍ ചെറു മണ്‍കുടങ്ങള്‍ അദ്ദേഹം സജ്ജമാക്കിയിട്ടുണ്ട്. കുറ്റിച്ചെടികള്‍ കുരുവികളടക്കമുള്ള ചെറുപക്ഷികളുടെ താവളമായതിനാല്‍ അവയുടെ ചില്ലകള്‍ പോലും അദ്ദേഹം മുറിച്ച് മാറ്റാറില്ല.  ഒരു പക്ഷി ഒരു ചില്ലയില്‍ കൂടുകൂട്ടിയാല്‍ അതിനു ചുറ്റുമുള്ള സസ്യങ്ങളിലെ  കീടനിയന്ത്രണം  അവരേറ്റെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്. 

പാര്‍ക്കിന്‍സണുമാവില്ല പശുപരിപാലനത്തെ തളര്‍ത്താന്‍

ജൈവകൃഷിയുടെ അവിഭാജ്യഘടകമാണ്  നാടന്‍പശുക്കള്‍. അവയുടെ ചാണകവും മൂത്രവും ജീവാമൃതം അടക്കമുള്ള  ഉപോല്‍പ്പന്നങ്ങളും ജൈവകൃഷിയുടെ  ഊര്‍ജമാണ്. തന്‍റെ ജൈവകൃഷിക്കായി നാടന്‍ പശുക്കളുടെ ഒരു ശേഖരം  തന്നെ ശങ്കരന്‍ നമ്പൂതിരിക്കുണ്ട്.  പാലക്കാടിന്‍റെ തനതുപശുക്കളായ അനങ്ങന്‍മല പശുക്കളാണ്  നമ്പൂതിരിയുടെ തൊഴുത്തിലുള്ളത്.  അനങ്ങന്‍മല പശുക്കളോ? ചിലര്‍ക്കെങ്കിലും ഈ പേര് അപരിചിതമായിരിക്കും.  പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം  താലൂക്കില്‍ തെക്ക് വറോട്ട്, വടക്ക് മൂന്നോര്‍ക്കോട്, പടിഞ്ഞാറ് തൃക്കാട്ടിരി, കിഴക്ക് അമ്പലപ്പാറ എന്നീ അതിര്‍ത്തികള്‍ക്കുള്ളില്‍ അമ്പലപ്പാറ, അനങ്ങനടി പഞ്ചായത്തുകളിലായി  ഒരുകാലത്ത് വ്യാപകമായി കണ്ടുവന്നിരുന്ന തനതു പശുക്കളായിരുന്നു അനങ്ങന്‍മലപശുക്കള്‍.  ഒറ്റപ്പാലത്തിനടുത്ത് ഇരുപത് കിലോമീറ്ററോളം ദൂരത്തില്‍ സമാന്തരമായി  നീണ്ട് കിടക്കുന്ന അനങ്ങൻ മല, കൂനൻ മല എന്നീ രണ്ട് മലമടക്കുകള്‍ക്കിടിയിലും താഴ്വാരത്തും എണ്ണത്തില്‍  ഏറെ കണ്ടിരുന്ന, കഠിനമായ പാറക്കെട്ടുകള്‍ പോലും തങ്ങളുടെ ബലിഷ്ഠമായ കുളമ്പുകളാല്‍ താണ്ടിക്കയറാന്‍ പ്രാപ്തിയുള്ള ഈ കുറിയ ഇനം പശുക്കളെ കണ്ടെത്തി അവയുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് തന്‍റെ നാടിന്‍റെ തനതിനമാണെന്ന് മനസിലാക്കി  അനങ്ങന്‍മല പശുക്കള്‍ എന്ന് അവയെ പേരിട്ട് വിളിച്ചത് ഇരുപതാണ്ടുകള്‍ക്ക് മുമ്പ് ശങ്കരന്‍ നമ്പൂതിരിയായിരുന്നു.  ഇന്നും ഈ പ്രദേശങ്ങളില്‍ എണ്ണത്തില്‍ തീരെ കുറവെങ്കിലും ഈ പശുക്കളെ കാണാം.

മുന്‍കാലത്ത് അനങ്ങൻ മലയിനത്തില്‍പ്പെട്ട നിരവധി പശുക്കളെ  ശങ്കരന്‍ നമ്പൂതിരി തന്റെ  തൊഴുത്തില്‍ സംരക്ഷിച്ചിരുന്നു. താന്‍ രോഗബാധിതനായതോടെ കാളകളടക്കം കുറെയെണ്ണത്തെ ആവശ്യക്കാരെ കണ്ടെത്തി കൈമാറി. എങ്കിലും കിടാക്കളടക്കം ആറോളം പശുക്കള്‍ ഇപ്പോഴും അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഇവയെ കൂടാതെ വെച്ചൂർ, കൃഷ്ണവാലി തുടങ്ങിയ ഇനം പശുക്കളും ശങ്കരൻ നമ്പൂതിരിയുടെ തൊഴുത്തിലുണ്ട്  .  അദ്ദേഹത്തിന്റെ വെച്ചൂർ പശുവിന് കടിഞ്ഞൂൽ പ്രസവത്തിൽ പിറന്ന ചെമ്പുവർണത്തിന്റെ ലാവണ്യമുള്ള കപിലക്കിടാവ് ഈയിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വെച്ചൂർ പശുക്കൾക്ക് കപിലവർണ്ണമുള്ള കിടാക്കൾ പിറക്കുന്നത് അപൂർവമാണ്. ഏഴേക്കര്‍ പറമ്പിനാവശ്യമായ  ജീവാമൃതം തയ്യാറാക്കുന്നതിനായി പതിനായിരത്തോളം ലീറ്റര്‍ ശേഷിയുള്ള  വലിയൊരു ടാങ്കും തൊഴുത്തിനോട് ചേര്‍ന്ന്  അദ്ദേഹം പണിതീര്‍ത്തിട്ടുണ്ട്. പുതയിടലിനൊപ്പം ജീവാമൃതത്തിന്റെ ജീവാണുസമൃദ്ധിയും ചേരുന്നതോടെ  വിളവിനും മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്കും വേറെയൊന്നും വേണ്ടന്നാണ് ഈ ജൈവകര്‍ഷന്‍ പകര്‍ന്നു നല്‍കുന്ന ഹരിതപാഠം.

ഇവിടം ഹരിത സ്വര്‍ഗമാണ്

‘ഇവിടം സ്വര്‍ഗമാണെ’ന്നാണ് ശങ്കരന്‍ നമ്പൂതിരിയുടെ ജൈവകൃഷിത്തോട്ടം സന്ദര്‍ശിച്ച ഒരു സഹൃദയന്‍ അവിടെ സൂക്ഷിച്ചിരിക്കുന്ന സന്ദര്‍ശക പുസ്തകത്തില്‍  നിറഞ്ഞ മനസോടെ കുറിച്ചത്. പതിറ്റാണ്ടുകള്‍ നീണ്ട പ്രയത്നത്താല്‍ ശങ്കരന്‍ നമ്പൂതിരി വളര്‍ത്തി വലുതാക്കിയ  ജൈവകൃഷിത്തോട്ടം  സന്ദര്‍ശിച്ചാല്‍ തീര്‍ച്ച. ആരുമൊന്ന് വിസ്മയിക്കും. അത്രയ്ക്കുണ്ട് മികവ്.  

ഈ കൃഷിയിടം കാണാനും ജൈവമാതൃകകളെ പകര്‍ത്താനും  അദ്ദേഹവുമായി സംവദിച്ച്  തനതറിവുകളെ നേടാനും കൃഷി ഗവേഷകരടക്കം നിരവധിയാളുകള്‍  വലംബിലിമംഗലത്ത് മൂര്‍ത്തിയേടത്ത് മന തേടി  നിത്യേനയെത്താറുണ്ടായിരുന്നു, ഈ കോവിഡ് കാലത്തിന് മുൻപ് വരെ .   കൃഷിയിടതതില്‍ സജീവമായും പശുക്കള്‍ക്കൊപ്പം ചെലവഴിച്ചും സഹൃദയരോട്  അറിവുകള്‍ പങ്കിട്ടും നിനച്ചിരിക്കാതെ തന്നെതേടിയെത്തിയ രോഗത്തെ പൂർണമായും അതിജയിക്കാനുള്ള  പോരാട്ടത്തിലാണ് ശങ്കരന്‍ നമ്പൂതിരിയിപ്പോള്‍.

വിലാസം: മൂര്‍ത്തിയേടത്ത് മന, വലംബിലി മംഗലം പോസ്റ്റ്, ശ്രീകൃഷ്ണപുരം, പാലക്കാട്. ഫോണ്‍: 8547589209

English summary: Organic Farming Practitioner, organic farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA