ADVERTISEMENT

സുഭിക്ഷ കേരളം പദ്ധതിയിൽ ഒറ്റ ഞാറിൽ പൗർണ്ണമി വിളയിക്കാനാണ് അപ്പു എന്ന വിളിപ്പേരുള്ള അജയ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പെരുവമ്പ് ഗ്രാമ പഞ്ചായത്തും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിത്ത് ഗ്രാമം പദ്ധതി. കേരള കാർഷിക സർവകലാശാല 2018ൽ പുറത്തിറക്കിയ വിവിധ വിത്തിനങ്ങളുടെ ഫീൽഡ് തല പരിചയപ്പെടുത്തലാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ പൗർണ്ണമി, പ്രത്യാശ, അക്ഷയ, സുപ്രിയ, മനുരത്ന, സുജാത എന്നീ വിത്തിനങ്ങളാണ് കൃഷിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ പൗർണ്ണമി, പ്രത്യാശ എന്നിവ കാർഷിക സർവകലാശാലയുടെ മങ്കൊമ്പ് ഗവേഷണ കേന്ദ്രത്തിന്റെ സംഭാവനയാണ്. 

പൗർണ്ണമി വിത്തിനം 2019ൽ രണ്ട് സീസണിലും മുതലമട ഗ്രാമപഞ്ചായത്തിലും പരീക്ഷിച്ച് 3250 കിലോ വരെ ഏക്കറിന് വിളവ് രേഖപ്പെടുത്തിയിരുന്നു. പെരുവമ്പിൽ ഒറ്റ ഞാർ കൃഷി, പരമ്പരാഗത നടീൽ, യന്ത്രവൽകൃത നടീൽ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള പരീക്ഷണങ്ങളാണ് നടത്തുന്നത്. ഇതിൽ ഒറ്റ ഞാർ പരീക്ഷണത്തിനായിരുന്നു അജയ് എന്ന യുവ കർഷകൻ മുന്നിട്ടിറങ്ങിയത്.

50 സെന്റിൽ തുടങ്ങിയ പെരുവമ്പ് പാലത്തുള്ളി ചീരയങ്കാട് സ്വദേശിയായ അജയുടെ നെൽകൃഷി ഇപ്പോൾ 3.5 ഏക്കറിൽ എത്തി നിൽക്കുന്നു. ഇത്തവണ കൃഷിക്കായി 30 കിലോ പൗർണ്ണമി വിത്ത് കൃഷി ഭവനിൽനിന്ന് അനുവദിച്ചിരുന്നു. എന്നാൽ, 3.5 ഏക്കറിലും പൗർണ്ണമി ചെയ്തേക്കാമെന്ന ആശയമുദിച്ചതോടെ പെരുവമ്പ് കൃഷിഭവനിലെത്തി വിത്ത് ആവശ്യപ്പെട്ടു. ഓഫീസർ മങ്കൊമ്പ് ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ടെങ്കിലും ലോക്ഡൗൺ കാരണം സമയത്ത് വിത്ത് എത്തിക്കാനുള്ള സാധ്യത വിരളമായിരുന്നു.

അങ്ങനെയാണ് ഒറ്റ ഞാർ എന്ന ആശയം കൃഷി ഓഫീസർ ടി.ടി. അരുൺ നിർദേശിച്ചത്. സാറിന് ഉറപ്പുണ്ടെങ്കിൽ താൻ തയാറെന്ന് അജയ് പറഞ്ഞു. ഞാറ്റടി തയാറാക്കാനും കയർ പിടിച്ച് ഒറ്റ ഞാർ നടീൽ കർഷകരെ പരിചയപ്പെടുത്താനും കൃഷി ഓഫീസർ ടി.ടി. അരുൺ ഫീൽഡ് ചുമതലയുള്ള അസിസ്റ്റന്റ് എ. ശ്രീനിവാസൻ എന്നിവർ പൂർണ്ണ സമയം കൂടെയുള്ളത് തനിക്ക് ആത്മ വിശ്വാസം നൽകിയെന്ന് അജയ് പറയുന്നു. 

paddy-2

നട്ട് ഒരു മാസമാകുന്നത് വരെ നല്ല ടെൻഷനിലായിരുന്നു അപ്പു. എങ്കിലും അരുണും ശ്രീനിവാസനും കൃഷിയിടത്തിൽ സാന്നിധ്യമറിയിച്ച് അപ്പുവിന് ആത്മവിശ്വാസം നൽകിയപ്പോൾ മങ്കൊമ്പ് ഗവേഷണ കേന്ദ്രത്തിലെ സസ്യ പ്രജനന വിഭാഗത്തിലെ ശാസ്ത്രജ്ഞയായ ഡോ. അമ്പിളി ഫോണിലൂടെ ആവശ്യമായ നിർദേശങ്ങൾ നൽകി.

അകലം കൂടുതലായതിനാൽ കള കൂടുമെന്നായിരുന്നു അടുത്ത ഭയം. പക്ഷേ കൃഷി ഓഫീസർ നിർദ്ദേശിച്ച കളനാശിനി കൃത്യസമയത്ത് ചെയ്തതിനാൽ 8 തൊഴിലാളികളെ ഒറ്റ ദിവസം മാത്രമേ പ്രയോജനപ്പെടുത്തേണ്ടി വന്നുള്ളൂ.

paddy
ഞാറ് നടുന്നു

നാല് പാടത്തും ചിനപ്പ് കുറവാണെന്നതായിരുന്നു മറ്റൊരു പ്രശ്നം. ഫിലിപ്പീൻസിലെ മനിലയിലെ അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിലെ സ്റ്റാൻഡേർഡ് പ്രകാരം 48-50 ചിനപ്പും, 385-400 മണിയുമാണ് മാതൃകാ വിത്തിനത്തിനു വേണ്ടത്. ഇതറിഞ്ഞപ്പോൾ മുതലമട പഞ്ചായത്തിലെ കൃഷി ഓഫീസർ കൂടിയായിരുന്ന ഡോ. അമ്പിളിയെ ബന്ധപ്പെട്ട് അരുൺ ആവലാതി അറിയിച്ചു. 

എന്നാൽ, വിഷമിക്കേണ്ടതില്ല എല്ലാ മണിയും നിറയുമെന്നതും ഓരോ കതിർ മണിക്കും ഭാരം ലഭിക്കുമെന്നതുമാണ് ഈ ഇനത്തിന്റെ പ്രത്യേകതയെന്ന് ഡോ. അമ്പിളി പറഞ്ഞു. പൗർണ്ണമിക്ക് പരമാവധി 38 ചിനപ്പുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

താറാവിൻ കുട്ടികളെ വിട്ട് കള–കീട നിയന്ത്രണത്തിനും പദ്ധതിയുണ്ടായിരുന്നു. മുട്ടവില 12 വരെ പോയതിനാൽ മുട്ട വിരിയിക്കാൻ കർഷകർ തയ്യാറായിരുന്നില്ല. അടുത്ത സീസണിൽ അതാണ് അപ്പു ലക്ഷ്യമിടുന്നത്.

അപ്പുവിന്റെ മോഹങ്ങളോടൊപ്പം പൗർണ്ണമിയും കതിരിട്ടിരിക്കുന്നു. ഇനി 28-30 നാളിൽ കൊയ്ത് എന്നതാണ് ലക്ഷ്യം.

English summary: Farming Experience of a Young Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com