പാതയോരങ്ങളിൽ വിൽക്കുന്ന അണ്ടിപ്പരിപ്പ് ഒറിജിനലോ കൃത്രിമമോ?

HIGHLIGHTS
  • ഏതു തരം ഭക്ഷണമാണെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചു വേണം വിൽപന
  • കൃത്രിമ അണ്ടിപ്പരിപ്പുകൾ ഇതു വരെ കണ്ടെത്താനായിട്ടില്ല
nuts
SHARE

വഴിയോരങ്ങളിലും പാതയോരങ്ങളിലും ഭക്ഷ്യ വസ്തുക്കളുടെ വിൽപന വർധിച്ചു വരികയാണ്. ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്നവർ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമത്തിനനുസൃതമായി വേണം വിൽപന നടത്താൻ. കോവിഡ് കാലത്തു പാതയോരങ്ങളിൽ ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യ വസ്തുക്കൾ വിൽപന നടത്തുന്നതായി വ്യാപക പരാതികൾ ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിവരുന്നു. 2006ലെ ഫുഡ്‌ സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട് പ്രകാരം വഴിയോരങ്ങളിലും വാഹനങ്ങളിലും തട്ടുകടകളിലും ഭക്ഷണം വിൽപന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസ്‌/റജിസ്ട്രേഷൻ നിർബന്ധമാണ്. ഇത്തരം വിൽപനകൾക്കു ഫുഡ്‌ സേഫ്റ്റി റജിസ്ട്രേഷൻ ആണ് നൽകുന്നത്. 12 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ ലൈസൻസിനു പകരമായി റജിസ്ട്രേഷൻ എടുത്താൽ മതി. റജിസ്ട്രേഷൻ ഇല്ലാതെ ഭക്ഷ്യ വസ്തുക്കൾ വിൽപന നടത്തുന്നത് നിയമാനുസൃതം കുറ്റകരമാണ്. 5 ലക്ഷം രൂപ പിഴയും 6 മാസം തടവുമാണ് ശിക്ഷ. കൂടാതെ വിൽപന നടത്തുന്ന അഥവാ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർ ആക്ട് അനുസരിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം. വെള്ളം ഉപയോഗിച്ച് ഭക്ഷണം ഉൽപാദിപ്പിച്ചു വിൽപന നടത്തുന്നവർ വെള്ളം പരിശോധിച്ച റിപ്പോർട്ടും കരുതണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം വിൽപന നടത്താൻ. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ നിർബന്ധമായും ഉറപ്പുവരുത്തണം. 

ഏതു തരം ഭക്ഷണമാണെങ്കിലും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു വേണം വിൽപന നടത്താൻ. വഴിയോരങ്ങളിൽ വിൽപന നടത്തുമ്പോൾ പൊടിപടലങ്ങൾ, പ്രാണികൾ എന്നിവ ഭക്ഷണത്തിൽ കലരാതിരിക്കാൻ മുൻകരുതൽ കൈക്കൊള്ളണം. വ്യക്തിശുചിത്വം ഉറപ്പു വരുത്തണം. ഗ്ലൗസ്, ഹെഡ് ഗിയർ, ഏപ്രൺ എന്നിവ ധരിച്ചു വേണം ഭക്ഷ്യ വസ്തുക്കൾ വിൽപന നടത്തുന്നത്. വാഹനങ്ങൾ, തട്ടുകട എന്നിവ ശുചിയായി സൂക്ഷിക്കണം. വൃത്തിഹഹീനമായ രീതിയിൽ ഭക്ഷണം വിൽപന നടത്തിയാൽ ഷെഡ്യൂൾ 4 പ്രകാരം ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കും. 

വഴിയോരങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന ഭക്ഷ്യ വിൽപന ബനാന ചിപ്സ്, ബിരിയാണി, അണ്ടിപ്പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ, മീൻ എന്നിവയാണ്. ഭക്ഷ്യവസ്തുക്കൾ പാക്കറ്റുകളിൽ വിൽപന നടത്തുമ്പോൾ കൃത്യമായ ലേബൽ വിവരങ്ങൾ ഉണ്ടായിരിക്കണം. ഭക്ഷ്യ വസ്തുവിന്റെ പേര്, തൂക്കം, വില, പാക്കറ്റിനുള്ളിലെ ഘടകങ്ങൾ, പോഷക മൂല്യങ്ങൾ, ഉൽപാദന തീയതി, ഉപയോഗിക്കാവുന്ന കാലവധി, വെജ് / നോൺ വെജ്, ലോഗോ, FSSAI ലൈസൻസ് / റജിസ്ട്രേഷൻ നമ്പർ, ഉൽപാദകന്റെ കൃത്യമായ മേൽവിലാസം എന്നിവ ലേബലിൽ രേഖപ്പെടുത്തിയിരിക്കണം. മേൽ വിവരങ്ങൾ ഏതെങ്കിലും ഒന്നുപോലും ഇല്ലെങ്കിൽ 3 ലക്ഷം രൂപ വരെ പിഴ ലഭിക്കും. ഭക്ഷ്യ വസ്തുക്കൾ ലബോറട്ടറി പരിശോധനയിൽ ഗുണനിലവാരം കുറഞ്ഞതായി കണ്ടെത്തിയാൽ 5 ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ആരോഗ്യത്തിനു ഹാനികരമായ എന്തെങ്കിലും ഭക്ഷ്യവസ്തുവിൽ കണ്ടെത്തിയാൽ 6 മാസം മുതൽ ജീവപര്യന്ത്യം വരെ ശിക്ഷ ലഭിക്കും. 

ഗുണനിലവാരം കുറഞ്ഞതും കൃത്രിമമായി ഉണ്ടാക്കുന്നതുമായ അണ്ടിപ്പരിപ്പ് പാതയോരങ്ങളിൽ വിൽപന നടത്തുന്നതായുള്ള വ്യാപക പരാതിയെ തുടർന്ന് അണ്ടിപ്പരിപ്പ് സാമ്പിൾ ശേഖരിച്ചു പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അണ്ടിപ്പരിപ്പ് കൃത്രിമമായി മൈദ പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നതായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, അത് അധികാരികമല്ല. അത്തരം അണ്ടിപ്പരിപ്പുകൾ ഇതു വരെ കണ്ടെത്താനായിട്ടില്ല. വഴിയോര വ്യാപാരം കൂടി വരുന്നതിനു കാരണം കോവിഡ് മൂലം സംജാതമായ തൊഴിലില്ലായ്മയാണ്. വഴിയോരങ്ങളിൽനിന്നു ഭക്ഷ്യ വസ്തുക്കൾ വാങ്ങുന്നവർ അതു ശുചിയായും ഗുണ നിലവാരത്തോടു കൂടിയും ഉൽപാദിപ്പിച്ചതാണെന്നു ഉറപ്പാക്കി വാങ്ങി ഉപയോഗിക്കുക. കൃത്യമായ ലേബൽ വിവരങ്ങൾ രേഖപ്പെടുത്താത്ത ഭക്ഷണ പാക്കറ്റുകൾ വാങ്ങരുത്. ഉപയോഗ കാലവധി കഴിഞ്ഞ പാക്കറ്റുകൾ വാങ്ങി ഉപയോഗിക്കരുത്. 

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പരാതികൾ 1800-425-1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചറിയിച്ചാൽ നടപടികൾ സ്വീകരിക്കും

ഭക്ഷ്യസുരക്ഷാ വകുപ്പ് (കണ്ണൂർ ) അസിസ്റ്റന്റ് കമ്മീഷണറാണ് ലേഖകൻ.

English summary: Where Do Cashews Come From?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA