കോഴിക്കുഞ്ഞുങ്ങൾ കിട്ടാനില്ല, സ്വന്തമായി ഇൻക്യുബേറ്റർ നിർമിച്ച് വെറ്ററിനറി വിദ്യാർഥി

HIGHLIGHTS
  • ഇൻക്യുബേറ്ററിൽ ആവശ്യമായ ചൂട് എത്തുമ്പോൾ ബൾബ് അണയും
incubator
SHARE

ആലപ്പുഴ ജില്ലയിലെ പുന്നപ്രയ്ക്കടുത്ത് എംവിഎസ്  സദനത്തിൽ സജീർ മണ്ണുത്തി വെറ്ററിനറി കോളജിലെ രണ്ടാം വർഷ വിദ്യാർഥിയാണ്. അഞ്ചു മാസത്തിലേറെയായി തുടരുന്ന ലോക്‌ഡൗൺ വിരസത മാറ്റാനായി കുറച്ചു കോഴിക്കുഞ്ഞുങ്ങളെ വളർത്താം എന്നു കരുതി കുഞ്ഞുങ്ങളെ അന്വേഷിച്ചിറങ്ങിയ സജീറിനു പക്ഷേ നിരാശയായിരുന്നു ഫലം. കൊറോണക്കാലത്ത് ഒരുപാട് പേർ കോഴിവളർത്തലിലേക്ക് തിരിഞ്ഞതിനാൽ കുഞ്ഞുങ്ങളെ കിട്ടാനില്ലാത്ത അവസ്ഥ. പോരാത്തതിന് അടവച്ചു വിരിയിക്കാം എന്നു കരുതിയാൽ വീട്ടിലെ പിടക്കോഴിയാണെങ്കിൽ അട ഇരിക്കുകയുമില്ല. 

അപ്പോഴാണ് ക്ലാസിൽ പഠിച്ച പാഠഭാഗങ്ങളിലെ ഇൻക്യുബേറ്റർ പ്രവർത്തനങ്ങളെക്കുറിച്ച് സജീർ  കൂടുതലായി ചിന്തിച്ചതും,  സ്വന്തമായി ഒരെണ്ണം വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ എന്ന്  ആലോചിച്ചതും. തുടർന്ന് കോളേജിലെ അധ്യാപകനോടും സീനിയറിനോടും സംശയ നിവാരണങ്ങൽ നടത്തി യൂട്യൂബിൽനിന്നുള്ള വിവരങ്ങൾ കൂടി കണ്ടു മനസിലാക്കി ഒരു ചെറുകിട ഇൻക്യുബേറ്റർ തനിയെ  നിർമ്മിക്കാൻ സജീർ തീരുമാനിക്കുകയായിരുന്നു. 

ഇൻക്യുബേറ്റർ വീട്ടിൽത്തന്നെ നിർമിക്കാൻ ആദ്യമായി ഒരു കാർഡ്ബോർഡ് ബോക്സ്‌ സംഘടിപ്പിച്ച്  അതിന്റെ മുകൾ ഭാഗം ഒഴികെയുള്ള മൂന്നു ഭാഗങ്ങൾ തെർമോക്കോൾ ഉപയോഗിച്ച് ഇൻസുലേറ്റ് ചെയ്തു. 12 വോൾട്ടിന്റെ ഒരു തെർമോസ്റ്റാറ്റ്, 12 വോൾട്ടിന്റെ ഒരു ഡിസി ഫാൻ,  60 വാട്ടിന്റെ ഒരു ബൾബ് എന്നിവയായിരുന്നു ആവശ്യമായി വന്ന മറ്റുപകരണങ്ങൾ. 37.5 ഡിഗ്രി സെൽഷ്യസ് സെറ്റ് ചെയ്ത തെർമോസ്റ്റാറ്റിൽ ഇൻക്യുബേറ്ററിൽ ആവശ്യമായ ചൂട് എത്തുമ്പോൾ ബൾബ് അണയുകയും, ഒരു ഡിഗ്രിയിലധികം ചൂട് താഴുമ്പോൾ ബൾബ് വീണ്ടും കത്തുന്ന തരത്തിൽ  സംവിധാനമൊരുക്കി. കൂടാതെ ഫാനിന്റെ സഹായത്തോടെ അകത്തു വായുസഞ്ചാരം കൃത്യമായി നിയന്ത്രിക്കുകയും, മുട്ടകൾ എട്ടു മണിക്കൂറിൽ ഒരിക്കൽ തിരിച്ചു വയ്ക്കുകയും ചെയ്തു. 

ഇതിനു പുറമെ ഇൻക്യുബേറ്ററിനുള്ളിലെ  ആർദ്രത ക്രമീകരിക്കാനായി ചെറിയ ഒരു പാത്രത്തിൽ വെള്ളം കൂടി വച്ചിരുന്നു. ഇത്തരത്തിൽ ഇൻക്യുബേറ്റർ പ്രവർത്തനങ്ങൾക്ക് അനിവാര്യമായ താപനില,  ആർദ്രത, വായു സഞ്ചാരം എന്നിവ നിയന്ത്രിക്കൽ വഴിയും. മുട്ടകൾ കൃത്യമായ ഇടവേളകളിൽ  തിരിച്ചു വച്ചും 12 ഇൽ 10 മുട്ടകളും വിരിയിച്ചെടുക്കാൻ സജീറിനായി. ആദ്യ ആഴ്ച തന്നെ മുട്ടകൾ വെളിച്ചമുപയോഗിച്ച് കാൻഡ്‌ലിംഗ് നടത്തി പൊട്ടലുള്ള മുട്ടകളും, ഇൻഫെർട്ടയിൽ മുട്ടകളും മാറ്റാൻ സജീർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

കൊറോണയുടെ ഈ വറുതിക്കാലത്ത് വരുമാനം മുൻനിർത്തി ഒരുപാട് പേർ കോഴി വളർത്തൽ മേഖലയിലേക്ക് തിരിഞ്ഞിരുന്നു. കോഴിക്കുഞ്ഞുങ്ങളെ ലഭിക്കാനുള്ള ബുദ്ധിമുട്ടും വീട്ടിൽ ലഭിക്കുന്ന മുട്ടകൾ വിരിയിക്കാനുള്ള ബുദ്ധിമുട്ടുകളും സജീറിനെ പോലെ പലർക്കുമുണ്ട്. ഇതിനൊരു പരിഹാരം നിർദേശിക്കുകയും, കൂടാതെ ലോക്ഡൗൺ കാലം ക്രിയാത്മകമായി എങ്ങനെ ഉപയോഗിക്കാം എന്നു കൂടി  കാണിച്ചു തരികയാണ് സജീർ. 

ഫോൺ: 8089324282

English summary: How to make a mini Egg Incubator at home 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA