ADVERTISEMENT

കൃഷി കണ്ട് വളർന്നവർക്ക് കൃഷിയോടല്ലാതെ മറ്റെന്തിനോടാണ് അഭിനിവേശം തോന്നുക! അത്തരത്തിൽ കൃഷിയെ നെഞ്ചോടു ചേർത്തുപിടിക്കുന്നവർക്കൊപ്പമാണ് തൃശൂർ പാവറട്ടി സ്വദേശി ഷെമീറ അബ്ദുൾ റസാഖ്. ചെറുപ്പം മുതൽ കൃഷി കണ്ട് വളർന്നവൾ. വിശാമായ നെൽപ്പാടവും നെൽക്കതിരും കൊയ്ത്തുമെല്ലാം കണ്ടു വളർന്നവൾ. കാലത്തിന്റെ ഒഴുക്കിൽ വിദ്യാഭ്യാസകാലത്ത് കൃഷിയെ ജീവിതത്തിൽനിന്ന് അകത്തി നിർത്തേണ്ടിവന്നെങ്കിലും വീണ്ടും കൃഷിയിലേക്കുതന്നെ തിരിച്ചെത്തിയവൾ. അതാണ് ഷെമീറ. 

എംബിഎ ബിരുദധാരിയാണെങ്കിലും ഇന്ന് ഷെമീറ ഒരു മുഴുവൻ സമയ കർഷകയാണ്. കർഷകയെന്നു പറയുമ്പോൾ എന്താണിത്ര കാര്യമെന്ന് കരുതി നെറ്റി ചുളിക്കാൻ വരട്ടെ. ഷെമീറയുടെ കൃഷി ഇവിടല്ല, യുഎഇയിലെ അജ്മാനിലാണ്. സ്വന്തമായി കൃഷി ചെയ്യുന്നതിനൊപ്പം മറ്റുള്ളവർക്ക് കൃഷിചെയ്തുകൊടുത്താണ് ഷെമീറ കൃഷി എന്ന സംസ്കാരത്തെ നെഞ്ചോടു ചേർത്തുപിടിക്കുന്നത്.

shemeera-2

2018ലാണ് ഷെമീറ അജ്മാനിലെത്തിയത്. അതിനു മുമ്പ് നാട്ടിൽ നല്ല രീതിയിൽ കൃഷി ചെയ്തിരുന്നെന്നു മാത്രമല്ല ഒട്ടേറെ പുരസ്കാരങ്ങളും നേടിയിരുന്നു. മൂത്ത മകൻ യാസീൻ കൃഷി മന്ത്രിയിൽനിന്ന് മികച്ച കുട്ടിക്കർഷകനുള്ള അവാർഡ് സ്വീകരിച്ചിട്ടുണ്ട്. നാട്ടിലെ ഈ വിജയം അജ്മാനിലും ഷെമീറ നേടിയിട്ടുണ്ട്. എല്ലാ നാടൻ വിളകളും അജ്മാനിൽ പരീക്ഷിച്ച് മികച്ച വിളവ് നേടി. അതിന്റെ ഫലമെന്നോണം 2019ൽ വുമൺ ഓഫ് ദി ഇയർ അവാർഡ് റാസൽഖൈമയിൽവച്ച് ഏറ്റുവാങ്ങി.

നാട്ടിലെ പോലെതന്നെ എല്ലാവിധ വിളകളും ഷെമീറ അജ്മാനിൽ കൃഷി ചെയ്തിട്ടുണ്ട്. കൂടാതെ നെല്ല്, ഒട്ടേറെ ഔഷധ സസ്യങ്ങൾ എല്ലാം വളർത്തിയിരുന്നു. വഴുതന, തക്കാളി, പച്ചമുളക്, വെണ്ട, പയർ, മത്തൻ, വെള്ളരി, സാലഡ് വെള്ളരി, കുമ്പളം, കോവൽ, മുന്തിരി, പാഷൻഫ്രൂട്ട്, ചോളം എന്നിങ്ങനെ ഷെമീറ ഇവിടെ കൃഷി ചെയ്യാത്ത വിളകളില്ല.

shemeera-1

അജ്മാനിൽ ജോലി ചെയ്തിരുന്ന സ്കൂളിനോട് ചേർന്ന് പച്ചക്കറിക്കൃഷി ചെയ്തിരുന്നതിനൊപ്പം സ്കൂൾ മാനേജിങ് ഡയറക്ടറുടെ ഫാമും ഷെമീറ ഏറ്റെടുത്തു നടത്തിയിരുന്നു. പച്ചക്കറികളെക്കൂടാതെ പശു, ആട്, ഒട്ടകം, കുതിര, പ്രാവുകൾ, കോഴി എന്നുതുടങ്ങി നമ്മൾ ഇവിടെ വന്യജീവി ഗണത്തിൽ പെടുത്തിയിരിക്കുന്ന മാനും മയിലും വരെ ആ ഫാമിലുണ്ടായിരുന്നു. ഒപ്പം ഗിഫ്റ്റ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) മത്സ്യങ്ങളും. മാത്രമല്ല വില്ലകൾക്കും ഫ്ലാറ്റുകൾക്കും കമ്പനികൾക്കുമൊക്കെ ഓർഗാനിക് ഫാം ഡിസൈൻ ചെയ്തു കൊടുക്കാനും ഷെമീറ സമയം കണ്ടെത്തുന്നു. അതുപോലെതന്നെ വീട്ടമ്മമാർക്ക് പച്ചക്കറിക്കൃഷിയെക്കുറിച്ച് ക്ലാസുകളും സഹായങ്ങളും നൽകുന്നു. യുഎഇയിൽ മാത്രമല്ല ജിസിസിയുടെ വിവിധ ഭാഗങ്ങളിലും കൃഷിയുമായി ഈ വീട്ടമ്മ എത്താറുണ്ട്.

ഭർത്താവ് അബ്ദുൾ റസാഖും മൂന്നു മക്കളും അടങ്ങുന്നതാണ് ഷെമീറയുടെ കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com