ADVERTISEMENT

കണ്ണാടിക്കൂടുകളിൽ നീന്തിത്തുടിക്കുന്ന മത്സ്യസൗന്ദര്യം ആസ്വദിച്ച് ഒരു നിമിഷമെങ്കിലും നോക്കി നിൽക്കാത്തവർ ആരുംതന്നെയുണ്ടാവില്ല. മത്സ്യങ്ങളുടെ സൗന്ദര്യത്തെ ആവോളം കണ്ടാസ്വദിക്കണമെങ്കിൽ ചില്ലു ടാങ്കുകൾത്തന്നെ വേണം. വീടുകളുടെ അകത്തളങ്ങളിൽ ഇത്തരം മത്സ്യടാങ്കുകൾ സ്ഥാപിക്കുന്നവരുടെ എണ്ണം സമീപകാലത്ത് ഏറിയിട്ടുണ്ട്. കുട്ടികളുടെ കൗതുകം, മത്സ്യങ്ങളോടുള്ള താൽപര്യം, മാനസിക സന്തോഷം, എന്തെങ്കിലും പ്രത്യേക ഇനം മത്സ്യത്തോടുള്ള ഇഷ്ടം എന്നിങ്ങനെ വീടിനുള്ളിൽ ചില്ലുടാങ്കുകൾ സ്ഥാപിക്കാൻ പലർക്കും പല കാരണങ്ങളുണ്ട്.

അക്വേറിയം സ്ഥാപിക്കുമ്പോഴുള്ള ആവേശം പലർക്കും പിന്നീടങ്ങോട്ട് കാണമെന്നില്ല. അതുകൊണ്ടുതന്നെ, നല്ലരീതിയിൽ പരിപാലിക്കും എന്ന് ഉറപ്പുള്ളവർ മാത്രമേ ഇത്തരം ഉദ്യമത്തിനു മുതിരാവൂ. അല്ലാത്തപക്ഷം കൃത്യമായ ആഹാരമോ പരിചരണമോ ഇല്ലാതെ മത്സ്യങ്ങൾ ചത്തുപോകുകയും ടാങ്കിലെ വെള്ളം മോശമാകുകയും ചെയ്യും. നല്ല ജലശുദ്ധീകരണ സംവിധാനം ഒരുക്കിയാൽപോലും ശ്രദ്ധ അനിവാര്യമാണ്.

അകത്തളത്തിൽ അക്വേറിയങ്ങൾ ഒരുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാം.

1. ഉചിതമായ ടാങ്ക് തിരിഞ്ഞെടുക്കണം

എവിടെയാണോ അക്വേറിയം വയ്ക്കാൻ ഉദ്ദേശിക്കുന്നത്, അവിടുത്തേക്ക് അനുയോജ്യമായ ടാങ്കുവേണം തിരിഞ്ഞെടുക്കാൻ. അതുപോലെ വളർത്താൻ ഉദ്ദേശിക്കുന്ന മത്സ്യങ്ങളുടെ വലുപ്പവും സ്വഭാവും അനുസരിച്ചുകൂടിവേണം അക്വേറിയത്തിന്റെ വലുപ്പം തീരുമാനിക്കാൻ. അരോണ, വാള, ജയന്റ് ഗൗരാമി തുടങ്ങിയ വലിയ മത്സ്യങ്ങൾക്ക് അവയ്ക്ക് നീന്താനും തിരിയാനും പാകത്തിനുള്ള വലിയ ടാങ്ക് നൽകുന്നതാണ് അഭികാമ്യം.

aquarium
ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ പാർക്കിങ് യാർഡിൽ ക്രൈമീകരിച്ചിരിക്കുന്ന അക്വേറിയം

2. മത്സ്യങ്ങൾക്ക് അനുയോജ്യമായ ജലനിലവാരം

ജലാശയങ്ങളിലെ ഓരോ ജീവിക്കും വ്യത്യസ്ത ജീവിത സാഹചര്യമാണ് ആവശ്യം. എങ്കിലും പിഎച്ച്, അമോണിയ, താപനില എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ചില ക്രമീകരണങ്ങൾ ആവശ്യവുമാണ്.

  • ശുദ്ധമായ ജലം: ക്ലോറിൻ പോലുള്ള അണുനശീകരണികളുടെ സാന്നിധ്യമില്ലാത്ത ശുദ്ധമായ ജലമായിരിക്കണം അക്വേറിയങ്ങളിൽ നിറയ്ക്കേണ്ടത്.
  • പിഎച്ച് നിയന്ത്രണം: വെള്ളത്തിന് ക്ഷാര ഗുണമാണോ അതോ അമ്ല ഗുണമാണോ എന്ന് സൂചിപ്പിക്കുന്ന സൂചകമാണ് പിഎച്ച്. ശുദ്ധജല മത്സ്യങ്ങൾക്ക് പിഎച്ച് 6.8–7.5 റേഞ്ചിനുള്ളിലായിരിക്കണം. പിഎച്ച് അനുയോജ്യമാണെങ്കിൽ മത്സ്യങ്ങൾക്ക് പ്രതിരോധശേഷി നഷ്ടപ്പെടില്ല. അസുഖങ്ങൾ വേഗത്തിൽ പിടിപെടുകയുമില്ല. അതിവേഗത്തിലുള്ള പിഎച്ച് മാറ്റം രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയും മരണകാരണമാകുകയും ചെയ്യും.
  • താപനില: വെള്ളത്തിലെ താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ജലജീവികൾക്ക് തരണം ചെയ്യാൻ കഴിയില്ല. അതുകൊണ്ടുതന്നെ ജനാലകൾക്കരികിൽ നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന വിധത്തിൽ അക്വേറിയം സ്ഥാപിക്കാൻ പാടില്ല. 23-27 ഡിഗ്രി സെൽഷ്യസ് താപനിലയാണ് സാധാരണ ശുദ്ധജലമത്സ്യങ്ങൾക്കാവശ്യം. തണുപ്പ് കൂടുതലാണെങ്കിൽ അക്വാട്ടിക് ഹീറ്റർ ഉപയോഗിച്ച് താപനില ക്രമീകരിക്കാം.

വേണം കൃത്യമായ പരിപാലനം

നിത്യേനയുള്ള ശ്രദ്ധയും കൃത്യമായ പരിപാലനവും അക്വേറിയത്തിനും അക്വേറിയത്തിലെ മത്സ്യങ്ങൾക്കും വേണം. 

കൃത്യമായ വാതായനവും ഫിൽട്രേഷനും അക്വേറിയത്തിൽ ഒരുക്കണം. അതുപോലെ ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ 25 ശതമാനം വെള്ളം നീക്കി പുതിയ വെള്ളം നിറയ്ക്കണം. ആൽഗ വളരാൻ സാധ്യതയുള്ളതിനാൽ അക്കാര്യത്തിലും വേണം ശ്രദ്ധ. ആൽഗ വളരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത് നീക്കം ചെയ്യാൻ വൈകരുത്. കാലതാമസം ഉണ്ടാകുന്തോറും ടാങ്കിന്റെ ഭംഗി തന്നെ നഷ്ടപ്പെടാം. ഗ്ലാസിലെ ആൽഗ നീക്കം ചെയ്യാൻ ടാങ്ക് സ്ക്രബ് ബ്രഷോ അക്വേറിയം ആൽഗ മാഗ്നറ്റോ ഉപയോഗിക്കാം. 

നിക്ഷേപിക്കുന്നതിനു മുമ്പ് സമീകരണം

giant-gourami
വീടിനുള്ളിൽ വലിയ അക്വേറിയത്തിൽ ജയന്റ് ഗൗരാമി. അയർലണ്ടിൽനിന്നുള്ള ചിത്രം

ആവാസവ്യവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം മത്സ്യങ്ങളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ പുതുതായി മത്സ്യങ്ങളെ അക്വേറിയത്തിൽ നിക്ഷേപിക്കുമ്പോൾ മത്സ്യങ്ങൾ ആയിരിക്കുന്ന വെള്ളത്തിന്റെയും നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ടാങ്കിലെ വെള്ളത്തിന്റെയും താപനില സമീകരിക്കണം. ഇതിനായി കുറഞ്ഞത് 15 മിനിറ്റെങ്കിലും മത്സ്യങ്ങൾ അടങ്ങിയ ബാഗ് അക്വേറിയത്തിൽ വയ്ക്കാം. അതിനുശേഷം ബാഗ് തുറന്ന് ബാഗിലുള്ള അത്രയും വെള്ളംതന്നെ ടാങ്കിൽനിന്ന് എടുത്ത് സാവധാനം ഒഴിക്കണം. ഇത്തരത്തിൽ ചെയ്യുമ്പോൾ വെള്ളത്തിലെ പെട്ടെന്നുള്ള മാറ്റം ഒഴിവാക്കാക്കാനാകും. ഇനി സാവധാനം മത്സ്യ‌ങ്ങളെ ടാങ്കിലേക്ക് നിക്ഷേപിക്കാം.

നിക്ഷേപിച്ചശേഷവും ശ്രദ്ധിക്കണം

മത്സ്യങ്ങളെ അക്വേറിയത്തിൽ നിക്ഷേപിച്ചശേഷം അവയുടെ ചലനങ്ങൾ അൽപനേരം ശ്രദ്ധിക്കണം. ഇത് നിത്യേന തുടർന്നുപോരേണ്ട ഒരു ദിനചര്യയായി മാറ്റുകയും വേണം. നിത്യേന മത്സ്യങ്ങളെ നിരീക്ഷിക്കുന്ന വ്യക്തിക്ക് അവയിലെ ചെറിയ മാറ്റങ്ങൾ പോലും പെട്ടെന്നു മനസിലാക്കാൻ കഴിയും. അതുകൊണ്ടുതന്നെ അസുഖങ്ങൾ പ്രാരംഭദശയിൽത്തന്നെ കണ്ടെത്തി ഉചിതമായ പ്രതിവിധി സ്വീകരിക്കാനും കഴിയും. 

ചുരുക്കത്തിൽ ഒരു അക്വേറിയം വാങ്ങുന്നതിനു മുമ്പുതന്നെ അതേക്കുറിച്ച് വിശദമായി പഠിക്കുകയും നിരീക്ഷിക്കുകയും വേണം. അങ്ങനെവരുമ്പോൾ മാനസികോല്ലാസത്തിനായി സ്ഥാപിച്ച അക്വേറിയം മാനസിക സംഘർഷത്തിനു പാത്രമായി മാറില്ല. 

English summary: Tips to keep your Freshwater fish happy and healthy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com