ADVERTISEMENT

കാർഷികരംഗത്ത് ഓൺലൈൻ മാധ്യമങ്ങൾ നൽകുന്ന പിന്തുണ വളരെ വലുതാണ്. പ്രത്യേകിച്ച് ലോക്‌ഡൗൺ കാലത്ത് പലർക്കും ഉൽപന്നങ്ങൾ വിറ്റഴിക്കാൻ മികച്ച പ്ലാറ്റ്ഫോം ആയിരുന്നു സമൂഹമാധ്യമങ്ങൾ. പഴം–പച്ചക്കറി, ഭക്ഷ്യോൽപന്നങ്ങൾ, മത്സ്യ–മാംസാദികൾ, പക്ഷിമൃഗാദികൾ എന്നിങ്ങനെ എല്ലാ മേഖലയിലും കർഷകർക്ക് തങ്ങളുടെ ഇടപാടുകാരെ കണ്ടെത്താൻ സമൂഹമാധ്യമങ്ങൾ വഴികാട്ടികളായി.

കൂട്ടായ്മകൾ മികച്ച പിന്തുണ

ഫെയ്‌സ്ബുക്ക്, വാട്സാപ് കൂട്ടായ്മകൾ കൃഷി പ്രചരിപ്പിക്കാൻ മാത്രമല്ല ഉൽപന്ന വിൽപനയ്ക്കും സൗകര്യമൊരുക്കുന്നുണ്ട്. കൂട്ടായ്മയിൽ ഒരു വിൽപന പോസ്റ്റ് ഇട്ടാൽ ആവശ്യക്കാർ നേരിട്ടെത്തിക്കോളും. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലുണ്ട് നൂറ് നൂറ് കൂട്ടായ്മകൾ. പക്ഷികൾക്ക്, നായ്ക്കൾക്ക്, പച്ചക്കറികൾക്ക്, പശുക്കൾക്ക് എന്നിങ്ങനെ ഇനംതിരിച്ച് ഗ്രൂപ്പുകളുള്ളതിനാൽ ആവശ്യക്കാർക്ക് തിരയാനും സൗകര്യം.

വിൽപനയ്ക്കൊപ്പം തട്ടിപ്പും

ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് ഇത്തരം സമൂഹമാധ്യങ്ങൾ സഹായിക്കുന്നുണ്ടെങ്കിലും അതിൽ പതിയിരിക്കുന്ന തട്ടിപ്പും വഞ്ചനയും മാത്രമേ ഇവിടെ പരാമർശിക്കുന്നുള്ളൂ. കാരണം, ഒട്ടേറെ പേർക്ക് ധനനഷ്ടവും മാനഹാനിനും ഇത്തരം പ്രശ്നങ്ങൾ മൂലം വരുന്നുണ്ട്. നേരിട്ടു കണ്ട് വാങ്ങുന്നവ അല്ലാത്തതിനാൽ പരസ്പര വിശ്വാസത്തിലാണ് ഓരോ ഇടപാടും നടക്കുക. മുൻകൂർ പണം കൈപ്പറ്റിയശേഷം ഉൽപന്നമോ പക്ഷിമൃഗാദികളെയോ നൽകാത്ത വിരുതന്മാരും ഈ മേഖലയിൽ സജീവം. അതുകൊണ്ടുതന്നെ പരിചയമില്ലാത്ത വ്യക്തികളുമായി ഇടപാട് നടത്തുമ്പോൾ നന്നായി അന്വേഷിച്ചശേഷം മാത്രം നടത്തുക. 

വളരെ നാളായുള്ള ആഗ്രഹമാണ് ആരെങ്കിലും ഒരു പക്ഷിയെ ഫ്രീ ആയി തരുമോ

‘ഞാൻ പ്ലസ്‌ ടുവിന് പഠിക്കുന്ന വിദ്യാർഥിയാണ്. പക്ഷികളെ വളർത്താൻ ഒരുപാട് നാളായി ആഗ്രിഹിക്കുന്നു. കാശുകൊടുത്തു വാങ്ങാനുള്ള സാഹചര്യമില്ല. സന്മനസുള്ള ആരെങ്കിലും ഒരു പക്ഷിയെ ഫ്രീ ആയി തന്ന് സഹായിക്കുമോ? പൊന്നു പോലെ നോക്കിക്കൊള്ളാം.’ കഴിഞ്ഞ ദിവസം ഒരു സമൂഹമാധ്യമ കൂട്ടായ്മയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റാണിത്. ഇത്തരം പോസ്റ്റുകൾ മുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിലേക്ക് വരാം. ഇത്തരം പോസ്റ്റ് കണ്ട്, സഹതാപം തോന്നി പലരും തങ്ങൾ ആറ്റുനോറ്റ് വളർത്തിയ പക്ഷികളെയോ മൃഗങ്ങളെയോ നൽകുകയും ചെയ്യും.

മുകളിൽ കണ്ട പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഒരാൾ ആ കുട്ടിക്ക് ഒരു പക്ഷിയെ സൗജന്യമായി നൽകി. അതിന് നന്ദി അറിയിച്ചുകൊണ്ടുള്ള ആ കുട്ടിയുടെ പോസ്റ്റും ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടു. ഇനിയാണ് രസം... ഇനിയാണ് ട്വിസ്റ്റ്... അരുമകൾക്കായുള്ള മറ്റൊരു ഗ്രൂപ്പിൽ ഈ കുട്ടിയുടെ മറ്റൊരു പോസ്റ്റ്... ‘ആർക്കും ലക്കി ഡ്രോയിൽ പങ്കെടുക്കാം. ചെറിയ തുക മുടക്കി ലക്കി ഡ്രോയിൽ പങ്കാളിയാകൂ... പക്ഷിയേ സ്വന്തമാക്കൂ...’ കൂടെ മറ്റൊരു ഗ്രൂപ്പിലെ അംഗം സൗജന്യമായി നൽകിയ കിളിയുടെ ഫോട്ടോയും. ചുരുക്കത്തിൽ ആ കുട്ടിക്ക് സൗജന്യമായി പക്ഷിയെ നൽകിയ വ്യക്തി മണ്ടനാകുകയും ചെയ്തു ‘സീറോ’ ഇൻവെസ്റ്റ്മെന്റിൽ വലിയ ‘പ്രോഫിറ്റ്’ ആ കുട്ടി ഉണ്ടാക്കുകയും ചെയ്തു.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയ തട്ടിപ്പ് രീതിയല്ല. പക്ഷേ, ലോക്‌ഡൗണിൽ കൂടുതൽ പ്രചാരത്തിലായി എന്നു മാത്രം. സൗജന്യമായി പക്ഷികളെ വാങ്ങി മറിച്ചു വിൽക്കുന്നവരെ കൂടാതെ ബ്രീഡർമാരെ പ്രതിസന്ധിയിലാക്കുന്ന വിരുതന്മാരും ഇന്നുണ്ട്. ലക്കി ഡ്രോ പരിപാടിക്കായി പക്ഷിയെ ബുക്ക്  ചെയ്തശേഷം സമ്മാനപദ്ധതി പ്രഖ്യാപിക്കുകയും പിന്നീട് വിജയിയെ പ്രഖ്യാപിച്ചശേഷം ട്രാൻസ്പോർട്ടേഷന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി പക്ഷിക്ക് പകരം പണം നൽകി ഇടപാട് തീർക്കും. ലക്കി ഡ്രോ നടത്തിയ ആൾ ബുക്ക് ചെയ്തതിന്റെ പേരിൽ അത്രയും നാൾ പക്ഷിയെ ഹോൾഡ് ചെയ്ത ബ്രീഡറോട് ഇനി വേണ്ട എന്ന് പറയുകയും ചെയ്യും. ഇക്കാലയളവിനിടെ ആ പക്ഷിയെ ആവശ്യപ്പെട്ട് ആരെങ്കിലുമൊക്കെ ആ ബ്രീഡറെ സമീപിച്ചിരിക്കും. അപ്പോൾ നഷ്ടം ആർക്ക്?

ഇത്രയും വിലയൊന്നും ഇല്ല

സമൂഹമാധ്യങ്ങളിൽ ഇന്നൊരു വിൽ‍പന പോസ്റ്റ് ഇടാൻ പലർക്കും മടിയാണ്. കാരണം, ഇതിന് ഇത്ര വിലയില്ല, ആളുകളെ പറ്റിക്കാൻ ലോകത്തൊന്നും ഇല്ലാത്ത വില ഈടാക്കുന്നു, നിലവാരമില്ല, ഗുണമില്ല എന്നിങ്ങനെയുള്ള കമന്റുകൾ നിറയും. അതുകൊണ്ടുതന്നെ പോസ്റ്റ് ഇടുമ്പോൾ വില വെളിപ്പെടുത്താൻ പലരും മടിക്കുന്നു. വാങ്ങാൻ താൽപര്യമുള്ളവർ നേരിട്ട് വിളിച്ച് വില അന്വേഷിക്കും. അല്ലാത്തവർ, വെറുതെ കമന്റ് ഇട്ട് വെറുപ്പിച്ചുകൊണ്ടിരിക്കും.

250 രൂപയ്ക്ക് എത്ര വേണമെങ്കിലും എടുക്കാം

ചെമ്മീൻ കൃഷി നടത്തുന്ന ഒരു യുവ കർഷകന്റെ ഫെയ്‌സ്ബുക്ക് പേജിൽ അദ്ദേഹം പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങൾക്കും താഴെ ഒരു വ്യക്തി നിരന്തരം കമന്റ് ചെയ്യുന്നു. ഗുണനിലവാരമില്ലാത്ത ചെമ്മീൻ, വിൽക്കാൻ കൊള്ളില്ല, ആരും വാങ്ങില്ല എന്നിങ്ങനെ ആ കർഷകന്റെ മാസങ്ങളോളമുള്ള അധ്വാനത്തെ ഇല്ലാതാക്കുന്ന വിധത്തിലുള്ള കമന്റുകൾ. ഒരു വ്യക്തി മാത്രമല്ല, പലരും ഇത്തരം കമന്റ് രേഖപ്പെടുത്തുന്നു. ഒടുവിൽ സഹികെട്ട്, ആ യുവ കർഷകന്റെ സഹോദരൻ മേൽപറഞ്ഞ് കമന്റ് ദാതാവിനെ വിളിച്ചു. നേരിട്ട് വിളിച്ചപ്പോൾ 250 രൂപയ്ക്കാണെങ്കിൽ 300 കിലോ എടുത്തുകൊള്ളാം. തൃശൂരിൽ എത്തിച്ചു നൽകുകയും വേണം. അപ്പോഴേ ആളാരാണെന്നും എന്താണ് ഉദ്ദേശമെന്നും തിരിച്ചറിഞ്ഞു. അതായത് 400 രൂപയ്ക്കു വിൽക്കുന്ന ഉൽപന്നത്തെ കുറ്റം പറഞ്ഞ് മോശമാക്കിയതിനുശേഷം ചുളു വിലയ്ക്ക് അടിച്ചെടുക്കാനുള്ള ശ്രമം. അതും 200 കിലോമീറ്ററിലധികം ദൂരെയുള്ള സ്ഥലത്ത് എത്തിച്ചു കൊടുക്കുകയും വേണം. ചുരുക്കത്തിൽ കർഷകൻ വിയർപ്പൊഴുക്കി ചെറിയ നേട്ടം കൊയ്യാൻ ശ്രമിക്കുമ്പോൾ മറ്റു ചിലർ ശരീരമനങ്ങാതെ, വിയർപ്പൊഴുക്കാതെ വലിയ ലാഭം കൊയ്യാൻ ശ്രമിക്കുന്നു. അതായത്, ഇടനിലക്കാരുടെ ചൂഷണം കാരണം കർഷകർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥ.

ഇവിടെ ഇങ്ങനൊക്കെയാണ്

പ്രചാരം കൂടുമ്പോൾ തട്ടിപ്പുകളും കൂടും. പക്ഷേ, തട്ടിപ്പിന് ഇരയായാൽ അത് പുറത്തു പറയാൻ പലരും മടിക്കുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവരും പിന്നാലെ പോയി തട്ടിപ്പിന് ഇരയാകുന്നു. കോവിഡ്–19 പ്രതിസന്ധി മൂലം പലർക്കും വരുമാനമാർഗങ്ങൾ അടഞ്ഞു. അതുകൊണ്ടുതന്നെ പലരുടെയും മോഹനവാഗ്ദാനങ്ങളിൽ പെടുകയും ചെയ്യും. കാരണം, പണമുണ്ടാക്കാൻ എളുപ്പ വഴികളുണ്ടെന്ന് പലരും വിളിച്ചുപറയുമ്പോൾ അതിലേക്ക് അറിയാതെ ആകർഷിക്കപ്പെടും. പ്രത്യേകിച്ച്, ഒരു ബുദ്ധിമുട്ടും ഇല്ലാതെ പണമുണ്ടാക്കാം എന്ന വാഗ്ദാനം കേൾക്കുമ്പോൾ. ഒന്നോർക്കുക, കാർഷികമേഖലയിൽ അധ്വാനമില്ലാതെ പണമുണ്ടാക്കൽ അത്ര പ്രായോഗികമല്ല. പണമുണ്ടാക്കിയവർ എല്ലാം നന്നായി അധ്വാനിച്ചവരുമാണ്.

English summary: Avoid Pet Scams and Safely Purchase Animals Online, Pet Adoption, Pet Animals, Pet Birds, Pet Care, Pets At Home, Pets To Buy, Pets Types

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com