മത്സ്യങ്ങളിലെ സർപ്പത്തലയൻ, വരാൽ കുടുംബത്തിലെ ചേട്ടൻ, ചേറുമത്സ്യത്തെക്കുറിച്ചറിയാം

snakehead-fish
SHARE

ചേറൻ എന്ന് മലബാറുകാരും ചേറുമീൻ എന്ന വടക്കൻ തിരുവിതാംകൂറുകാരും ഉരുൾ എന്ന് തെക്കൻ തിരുവിതാംകൂറുകാരും വിളിക്കുന്ന ഇവർ നമ്മുടെ കല്ലട, കറൂപ്പ് എന്നൊക്കെ വിളിക്കുന്ന അനബാസ് എന്ന മീനിന്റെ ഗോത്രത്തിൽ വരുന്നവരും ചാനിടെ എന്ന കുടുംബത്തിൽ പിറന്നവരുമാണ്. ചേറന്റെ കുടുംബത്തിലെ ഇളയ അംഗമാണ് വട്ടോൻ അല്ലെങ്കിൽ വട്ടുടി, വട്ടുടിയുടെ നേരെ മൂത്ത ജ്യേഷ്ഠൻ ബ്രാൽ (വരാൽ) എന്നൊരാൾ. വിവാഹം കഴിച്ച് മലപ്പുറം ജില്ലയിലെ കോൾനിലങ്ങളിൽ താമസമാക്കിയ മറ്റൊരു ചേട്ടൻ കടിയൻ ബ്രാൽ, അതിലും മൂത്തയാൾ ഇപ്പോൾ നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ചേറൻ. പിന്നെ ഏറ്റവും മൂത്ത ചേട്ടൻ വാക വരാൽ എന്നും പുലിവാക, എന്നും വാക എന്നയാൾ ഇവിടെ നിന്നൊക്ക വിറ്റുപെറുക്കി ഇപ്പോൾ വേമ്പനാട്ടു കായലിൽ പതിക്കുന്ന പമ്പ, അച്ചൻകോവിൽ, മീനച്ചിൽ, മണിമല പെരിയാർ എന്നീ നദികളിലായി ഒതുങ്ങി താമസിക്കുന്നു. 

ചേറൻ എന്ന് പരക്കെ അറിയപ്പെടുന്ന ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം Channa pseudomarulius എന്ന് 1861ൽ നൽകിയത് ബ്രിട്ടീഷ് മ്യൂസിയം ക്യൂറേറ്ററായിരുന്ന ഗന്തർ സായിപ്പാണ്. പക്ഷേ, ഡോ. രാജീവ് രാഘവനും കൂട്ടരും 2017ൽ ആ പേര് തിരിച്ചു നൽകുന്നത് വരെ വിസ്മൃതിയിലായിരുന്നു. ഇക്കാലമത്രയും അത് ഫ്രാൻസിസ് ഹാമിൽട്ടൺ 1822ൽ നൽകിയ വിവരണത്തിന്റെ അടിസ്ഥാനത്തിൽ channa marulius എന്ന പേരിലാണ് ചേറൻ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ദക്ഷിണേന്ത്യയിലുള്ളത് channa pseudomarulius എന്ന നിരീക്ഷണത്തെ അംഗീകരിച്ചുകൊണ്ടാണ് നാളിതുവരെ നമ്മൾ വിളിച്ചിരുന്ന  Channa maruliusനെ channa pseudomarulius എന്ന് ഇപ്പോൾ വിളിക്കുന്നത്.

1822ൽ ഫ്രാൻസിസ് ഹാമിൽട്ടൻ channa marulius എന്ന പേരിൽ മൂന്നടിയിലേറെ വലുപ്പം വരുന്നവയാണ് എന്ന് പറഞ്ഞുകൊണ്ട്  ചേറനെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. തിന്നാൻ കൊള്ളില്ല എന്നതാണ് ഗംഗ-ബ്രഹ്മപുത്ര നദിക്കരയിലെ ജനങ്ങൾ ഹാമിൽട്ടന് നൽകിയ വിവരം. 

ഇതിൽ ചേറൻ എന്റെ നാട്ടിലെ ചിറയം ചാൽ, കരിക്കാട്ടുചാൽ എന്നിവിടങ്ങളിൽ എൺപതുകൾ വരെ സുലഭമായിരുന്നു.  അതിന് ശേഷം അപൂർവവുമായി. ഇപ്പോൾ അത്യപൂർവമായി. കരിക്കാട്ടുചാലിൽ സുലഭമായിരുന്ന ചേറൻ അപ്രത്യക്ഷമായിത്തുടങ്ങിയത് അത് മുട്ടയിടുന്ന സമയത്തും മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളുമായി നടക്കുന്ന സമയത്തും ഇവയെ ദയയില്ലാതെ പിടിച്ചതുകൊണ്ടാണ്. ഇൻവെർട്ടർ ഉപയോഗിച്ച് പിടിക്കുന്നവർ തകർത്തുവാഴുന്ന കരിക്കാട്ടുചാലിൽ കൂട്ടത്തോടെ കുഞ്ഞുങ്ങൾ ചത്ത് കിടക്കുന്നത് ‌ഒന്നല്ല പലവട്ടം കണ്ടിട്ടുണ്ട്. രണ്ടു കിലോ മുന്നൂറ് ഗ്രാം വരെ തുക്കമുള്ള ചേറനെ വയനാട്ടിൽനിന്നു കിട്ടിയിട്ടുണ്ട്. കേരള വനഗവേഷണസ്ഥാപനത്തിലെ വന്യജീവി വിഭാഗം മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ചേറൻ അതാണെന്നാണ് ഓർമ്മ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA