അഞ്ചേക്കറിലെ ചെമ്മീൻ കൃഷിയിൽ വിജയം കൊയ്ത് യുവകർഷകൻ അശ്വിൻ

HIGHLIGHTS
  • മനപൂർവം വിൽപന ഇടിക്കാനുള്ള ശ്രമവും ഈ മേഖയിൽ നടക്കുന്നു
  • വിൽപന ഇടിച്ച് ഉൽപന്നം വാങ്ങാനുള്ള കച്ചവടക്കാരുടെ തന്ത്രം
aswin
അശ്വിൻ
SHARE

കൃഷി എന്നാൽ അറിവും അധ്വാനവും വേണ്ട മേഖലയാണ്. അതേ അറിവിനും അധ്വാനത്തിനുമൊപ്പം നിരന്തരമായ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള മേഖലയാണ് ചെമ്മീൻ കൃഷിയെന്ന് കൊല്ലം പരവൂരിലെ യുവ കർഷകനായ അശ്വിൻ പറയുന്നു. ഏഴു വർഷമായി സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്ന അശ്വിൻ ഇപ്പോൾ കൃഷിയുടെ വ്യാപ്തി 5 ഏക്കറിലേക്കായി ചുരുക്കിയിരിക്കുകയാണ്. 2018ലെ പ്രളയം ഏൽപ്പിച്ച ആഘാതം തന്നെ അതിനു കാരണം.

12 ഏക്കർ സ്ഥലത്തായിരുന്നു ഏഴു വർഷം മുമ്പ് അശ്വിൻ ചെമ്മീൻകൃഷി ആരംഭിച്ചത്. ചെമ്മീനിനൊപ്പം കരിമീനും അശ്വിന്റെ അക്വാഹെവൻ ഫാമിലെ പ്രധാനിയാണ്. നല്ല രീതിയിൽ മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് 2018ൽ പ്രളയം വന്നത്. അന്ന് കരിമീൻ മാത്രം 2 ടണ്ണിലധികം നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് കൃഷി അഞ്ചേക്കറിലായി ചുരുക്കുകയായിരുന്നു. അഞ്ചേക്കറിൽനിന്ന് പരമാവധി ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. കൃഷിക്കൊപ്പം ഫാം ടൂറിസവും അക്വാഹെവന്റെ മുഖമുദ്ര.

അഞ്ചേക്കറിൽ നാലേക്കറിനടുത്ത് സ്ഥലത്ത് ചെമ്മീനും ഒരേക്കറോളം സ്ഥലത്ത് കരിമീനും വളർത്തുന്നു. ഒപ്പം 10 സെന്റിൽ തിലാപ്പിയയുമുണ്ട്. മത്സ്യങ്ങൾ കൂടാതെ പശു, ആട്, പോത്ത്, കോഴിയും ഈ അക്വാഹെവനിലെ അന്തേവാസികളാണ്.

പ്രധാന കൃഷി ചെമ്മീൻ തന്നെ. അതിത്തന്നെ കാരച്ചെമ്മീനും വനാമിയും വളർത്തുന്നു. കാരച്ചെമ്മീനാണ് പ്രധാന്യം. വനാമി ഇടക്കാല കൃഷി എന്ന രീതിയിലാണ് ചെയ്യുക. ഇപ്പോൾ വനാമി വിളവെടുപ്പിന് പാകമായിട്ടുണ്ട്, വിളവെടുപ്പ് പുരോഗമിക്കുന്നു. ലോക്‌ഡൗൺ മുതൽ ലോക്കൽ മാർക്കറ്റിലാണ് വിൽപന. ‌ഓർഡർ അനുസരിച്ച് ജീവനോടെയുള്ള വിൽപനയാണ് ഇപ്പോഴുള്ളത്. ഐസ് ഇട്ട് സൂക്ഷിക്കുന്ന രീതി ഇവിടില്ല. അതുകൊണ്ടുതന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അശ്വിൻ. കിലോ 400 രൂപയ്ക്കാണ് വിൽപന. 

vanami
ചെമ്മീൻ വിള‌വെടുപ്പ്

365 ദിവസവും കൃഷി ചെയ്യാൻ പറ്റണം എന്ന രീതിയിലാണ് അക്വാഹെവന്റെ ചെമ്മീൻകൃഷി മുന്നോട്ടുപോകുന്നത്. ഉപ്പില്ലെങ്കിൽ 365 ദിവസവും ചെമ്മീൻ കൃഷി ചെയ്യാൻ കഴിയും. വനാമി രണ്ടു ലക്ഷം കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. 70 ദിവസത്തെ വളർച്ചയായി. ഒരു ടൺ ഇതിനോടകം പിടിച്ചുകഴിഞ്ഞു. ആകെ 3.5 ടൺ വിളവെടുക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

120 ദിവസമാണ് ചെമ്മീൻ കൃഷിയുടെ ദൈർഘ്യം. കാരച്ചെമ്മീൻ 120 ദിവസമാകുമ്പോഴാണ് വിളവെടുപ്പ് ആരംഭിക്കുക. വനാമി എണ്ണം കൂട്ടി നിക്ഷേപിക്കുന്നതുകൊണ്ട് നേരത്തെതന്നെ വിളവെടുപ്പ് തുടങ്ങും. അല്ലാത്തപക്ഷം, വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ് അവ ചത്തുപോകും. നേരത്തെ വിളവെടുപ്പ് ആരംഭിക്കുന്നതിനാൽ ഓക്സിജൻ പ്രശ്നം ഉണ്ടാകുന്നില്ലെന്നു മാത്രമല്ല അവശേഷിക്കുന്നവ മികച്ച വളർച്ചയിലേക്ക് എത്തുകയും ചെയ്യും.

aqua-heaven
അശ്വിന്റെ അക്വാ‌ഹെവൻ ഫാം

ചെമ്മീൻകൃഷിയിൽ ഏറ്റവും ചെലവേറിയ ഭാഗം തീറ്റയാണ്. ഇത്രയും സ്ഥലത്ത് കൃഷി ചെയ്യുമ്പോൾ ദിവസം 4–5 പാക്കറ്റ് തീറ്റ ആവശ്യമായി വരും. 25 കിലോഗ്രാം ആണ് ഒരു പായ്ക്കറ്റ്. ഒരു പായ്ക്കറ്റിന് ഏകദേശം 2500 രൂപയോളം വില വരുന്നുണ്ട്. അതുകൊണ്ടുതന്നെ തീറ്റ ഇനത്തിൽ ഭീമമായ ചെലവ് വരുന്നുണ്ട്. തീറ്റച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ആന്ധ്രയിൽനിന്നുള്ള ഒരു തീറ്റക്കമ്പനിയുമായി ധാരണ ആയിട്ടുണ്ട്. കമ്പനിയുടെ കേരള ഡീലർഷിപ്പ് എടുത്തതുവഴി തീറ്റച്ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. ഒരു പായ്ക്കറ്റ് തീറ്റയ്ക്ക് 1000 രൂപയ്ക്കടുത്ത് കുറവ് വരുത്താൻ ഇതിലൂടെ കഴിഞ്ഞെന്ന് അശ്വിൻ പറയുന്നു. കമ്പനിയുടെ തീറ്റ നൽകി പരീക്ഷിച്ച് മികച്ച വളർച്ച ലഭിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിനുശേഷമാണ് കമ്പനിയുമായി ധാരണയായത്.

ചെമ്മീന് 4 നേരമാണ് തീറ്റ നൽകുക. വനാമിക്ക് രാവിലെ 6നും 10നും ഉച്ചയ്ക്ക് 2നും വൈകുന്നേരം 6നും തീറ്റ നൽകുമ്പോൾ കാരച്ചെമ്മീന് രാവിലെ 5 മുതലാണ് തീറ്റ കൊടുക്കുക. പിന്നീട് 10നും വൈകുന്നേരം 5നും രാത്രി 9നും തീറ്റ നൽകും. 

aswin-2
അശ്വിൻ

വെള്ളത്തിൽ ഓക്സിജൻ കുറയുന്നതാണ് ചെമ്മീൻ കൃഷിയിൽ വെല്ലുവിളി. ‌അതുകൊണ്ടുതന്നെ കു‍ഞ്ഞുങ്ങളുടെ എണ്ണം, തീറ്റ നൽകൽ എല്ലാം വളരെ ശ്രദ്ധയോടെതന്നെ ആയിരിക്കണം. ചെമ്മീൻ മുകളിൽ പൊങ്ങി നടക്കാൻ പാടില്ല എന്നതാണ് ഇതിന്റെ അടിസ്ഥാന പാഠം. പിന്നെ, വെള്ളത്തിൽ അമോണിയ ഉയരുന്നതും അസുഖങ്ങൾ പിടിപെടുന്നതും വെല്ലുവിളിയാണ്.  അമോണിയ നിയന്ത്രിക്കാൻ പ്രോബയോട്ടിക്സ് ഉപയോഗിക്കുന്നതായി അശ്വിൻ. 

ഓരോ വിളവെടുപ്പ് പൂർത്തിയാകുമ്പോഴും വെള്ളം പൂർണമായി വറ്റിച്ച് ബാക്കിയുള്ള ചെമ്മീനുകളെ പെറുക്കിയെടുക്കും. ഇതിനുശേഷം അണുനശീകരണമൊക്കെ നടത്തി കുളമൊരുക്കിയാണ് അടുത്ത കൃഷി ആരംഭിക്കുക. ‌

വിജയവും പരാജയവും കൃഷിയുടെ ഭാഗമാണെങ്കിലും മനപൂർവം വിൽപന ഇടിക്കാനുള്ള ശ്രമവും ഈ മേഖയിൽ നടക്കുന്നുണ്ടെന്ന് അശ്വിന്റെ സഹോദരൻ സൂരജ്. ഓരോ തവണ വിളവെടുക്കുമ്പോഴും അക്വാഹെവന്റെ ഫെയ്‌സ്ബുക്ക് പേജിൽ അവ പങ്കുവയ്ക്കാറുണ്ട്. അങ്ങനെ പങ്കുവയ്ക്കപ്പെടുന്ന പോസ്റ്റിനു താഴെ പലരും ഉൽപന്നത്തിന് നിലവാരമില്ല, മോശമാണ് എന്ന രീതിയിലുള്ള കമന്റുകൾ സ്ഥിരമായി രേഖപ്പെടുത്താറുണ്ട്. അത്തരം കമന്റുകളുടെ ശല്യം കൂടിയപ്പോൾ അവരെ നേരിട്ട് വിളിച്ച് സംസാരിച്ചതായും സൂരജ്. കിലോഗ്രാമിന് 250 രൂപയ്ക്കാണെങ്കിൽ തങ്ങൾ വാങ്ങിക്കോളാമെന്നാണ് അത്തരം കമന്റ് ഇട്ട ഒരാളുടെ മറുപടി. വിൽപന ഇടിച്ച് ഉൽപന്നം വാങ്ങാനുള്ള കച്ചവടക്കാരുടെ തന്ത്രമാണിതെന്നും സൂരജ് പറയുന്നു. കർഷകന്റെ അധ്വാനത്തിന് ആരും വിലകൽപിക്കുന്നില്ലെന്നും സൂരജ്. 

ലാഭവും നഷ്ടവും നൽകുന്ന മേഖലയാണ് ചെമ്മീനെന്ന് അശ്വിൻ. ചിലപ്പോൾ മികച്ച ലാഭം ലഭിക്കുമ്പോൾ ചില വിളവെടുപ്പ് കാലങ്ങളിൽ നഷ്ടത്തിലേക്കും പോകാം. അങ്ങനെയൊക്കെയാണെങ്കിലും ചെമ്മീൻകൃഷി കൈവിടാൻ അശ്വിന് കഴിയില്ല. പലരും ഒരു കൃഷി പരാജയപ്പെടുമ്പോഴേ മനസ് മുടുത്ത് കൃഷി ഉപേക്ഷിക്കുകയാണ്. പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് കൃഷി ചെയ്താൽ വിജയം ഉറപ്പെന്നും ഈ യുവ കർഷകൻ പറയുന്നു. 

ഫോൺ: 9746405565

English summary: Freshwater prawn farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA