വിശ്വസിക്കാം, ചതിക്കില്ല റബർ

HIGHLIGHTS
 • റബർ മേഖലയുടെ രക്ഷയ്ക്കുള്ള പുതിയ മന്ത്രം
 • റബർ ഉൽപാദനം വർധിപ്പിക്കുന്നതിന് റബർ ബോർഡ് എന്തൊക്കെ ചെയ്യുന്നു
rubber
SHARE

എല്ലാം തകർത്തു കോവിഡ് മുന്നേറിയപ്പോഴും റബർ മേഖല പിടിച്ചു നിന്നു. വിദേശത്തുനിന്നു മടങ്ങിയവർ ഉപജീവനത്തിനായി റോഡിൽ കച്ചവടം ആരംഭിച്ചപ്പോൾ റബർ കർഷകർ തോട്ടങ്ങളിലേക്ക് ഇറങ്ങി. കോവിഡിനു ശേഷം സാമ്പത്തികരംഗം തിരിച്ചു കയറുമ്പോൾ മുൻനിരയിൽ റബറുണ്ട്. ലോക്ഡൗണിൽ റബർ കർഷകർക്ക് ഉപജീവനത്തിനായി തെരുവിൽ ഇറങ്ങേണ്ടി വന്നില്ല. റബറിനെ വിശ്വസിക്കാമെന്നാണ് ലോക്ഡൗൺ പാഠമെന്ന് റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ പറയുന്നു. റബർ വില ഉയർന്നു നിൽക്കുമ്പോൾ ഏതാനും നാളുകളായി റബർ ബോർഡ് സ്വീകരിച്ച നടപടികൾക്കും അതിൽ പങ്ക് അവകാശപ്പെടാം. 

റബർ മേഖലയുടെ പ്രശ്നങ്ങളും പരിഹാരങ്ങളും സംബന്ധിച്ച് ഡോ. കെ.എൻ. രാഘവൻ സംസാരിക്കുന്നു. 

 • അടുത്ത കാലത്ത് റബർ വിലയിൽ വർധനയുണ്ട്.  ഉൽപാദനം കൂടി. ഈ സ്ഥിതി തുടരുമോ. കർഷകർക്ക് പ്രതീക്ഷിക്കാമോ?

ലോക്ഡൗണിൽ എല്ലാ മേഖലയും സ്തംഭിച്ചു. ഇപ്പോൾ സാമ്പത്തിക മേഖല തിരിച്ചു കയറുന്നു. വ്യവസായങ്ങൾ തുറന്നു. എല്ലാത്തിന്റെയും പ്രധാന അസംസ്കൃത വസ്തുവാണ് റബർ. എല്ലാ സീസണിലും കൃഷി ചെയ്യാവുന്ന വിള. 30 വർഷം ആയുസുള്ള വിളയും. ഇതാണ് റബറിന്റെ കരുത്ത്. 

ലോക്ഡൗണിൽ റബർ ബോർഡ് കർഷകർക്കായി പ്രവർത്തിച്ചു. റെയിൻ ഗാർഡുകൾ നൽകി. വായ്പ ക്രമീകരിച്ചു. ഷീറ്റ് എടുക്കാൻ സൗകര്യം ചെയ്തു. ഇതും റബർ മേഖലയ്ക്കു ഗുണമായി. 2014നു ശേഷം ഉൽപാദനം വർഷം 7 ലക്ഷം ടൺ പിന്നിട്ടു. 2019–20 ൽ 7.12 ലക്ഷം ടൺ ആണ് ഉൽപാദനം. ഈ സാമ്പത്തിക വർഷം 3 മാസം ലോക്ഡൗൺ മൂലം ഉൽപാദനം മുടങ്ങി. എങ്കിലും ഉൽപാദനം 7 ലക്ഷം ടൺ കടക്കുമെന്നാണ് പ്രതീക്ഷ. 

 • റബർ മേഖലയുടെ രക്ഷയ്ക്കുള്ള പുതിയ മന്ത്രം എന്താണ്?

സെൽഫ് ടാപ്പിങ്, ലോ ഫ്രീക്വൻസി ടാപ്പിങ് എന്നതാണ് പുതിയ മന്ത്രം. കർഷകൻ സ്വയം ടാപ്പ് ചെയ്യുക. ആഴ്ചയിൽ ഒരു വട്ടം ടാപ്പ് ചെയ്താൽ മതി. ഇതോടെ കൃഷി ആദായകരമാകും. ഇപ്പോൾ റബർ വിലയുടെ പകുതി ടാപ്പിങ് കൂലിയാണ്. കർഷകർക്ക് പരിശീലനം നൽകുന്നതിന് ടാപ്പിങ് സ്കൂൾ ആരംഭിച്ചു. പണ്ട് തൊഴിലാളികളാണ് ടാപ്പിങ് സ്കൂളിൽ വന്നിരുന്നത്. സ്ത്രീകളും ചെറുകിട തോട്ടം ഉടമകളുമാണ് ഇപ്പോൾ കൂടുതലായി വരുന്നത്. ഇതു നല്ല മാറ്റമാണ്.

 • റബർ ഉൽപാദനം വർധിപ്പിക്കുന്നതിന് റബർ ബോർഡ് എന്തൊക്കെ ചെയ്യുന്നു. ടാപ്പേഴ്സ് ബാങ്കും തോട്ടം ദത്തെടുക്കലും വിജയകരമാണോ?

വെട്ടാതെ കിടക്കുന്ന തോട്ടങ്ങൾ ബോർഡ് ഏറ്റെടുക്കുന്നതാണ് ദത്തെടുക്കൽ. ടാപ്പേഴ്സ് ബാങ്കിലെ അംഗങ്ങൾ ഇവിടെ വെട്ടിക്കൊടുക്കും. കഴിഞ്ഞ വർഷം 4000 ഹെക്ടർ തോട്ടം ഞങ്ങൾ ഏറ്റെടുത്തു. ഇതിന് മറ്റൊരു ഫലം ഉണ്ടായി. 40000 ഹെക്ടറിൽ ഉടമകൾ സ്വയം വെട്ടു തുടങ്ങി. തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയന്ന് ഏറ്റെടുക്കാത്ത തോട്ടങ്ങളിൽ ടാപ്പർമാർ എത്തി. ഈ വർഷം 12000 ഹെക്ടർ ഏറ്റെടുത്തു. 20000 ഹെക്ടർ ആണ് ലക്ഷ്യം. 

പ്രതിദിനം ടാപ്പിങ് പല ഉടമകൾക്കും ലാഭകരമല്ല. പ്രതിദിനം വെട്ടില്ലെങ്കിൽ ടാപ്പർമാരും നഷ്ടത്തിലാകും. ഇതിനു പരിഹാരം ടാപ്പർമാരെ പല തോട്ടങ്ങളിലായി വിന്യസിപ്പിക്കുന്നതാണ്. അതിനാണ് ടാപ്പേഴ്സ് ബാങ്ക്. കാസർകോട് ആന്തൂരിൽ ഒരു കൂട്ടം യുവാക്കൾ ടാപ്പേഴ്സ് ബാങ്ക് രൂപീകരിച്ചു. പല തോട്ടങ്ങളിൽ വെട്ടുന്നു. ശരാശരി ഒരാളുടെ വരുമാനം മാസം കാൽ ലക്ഷം രൂപയാണ്. ഇതു നല്ല മാതൃകയാണ്.

 • ടാപ്പിങ് തൊഴിലാളികളാണ് റബർ മേഖലയുടെ കരുത്ത്. പുതിയ തലമുറ ടാപ്പിങ്ങിലേക്ക് വരുന്നുണ്ടോ. റബർ മേഖലയുടെ യന്ത്രവൽക്കരണത്തിനു സാധ്യതയുണ്ടോ?

യന്ത്രം ഉപയോഗിച്ച് ടാപ്പ് ചെയ്യുന്നതും സ്വയം ടാപ്പ് ചെയ്യുന്നതും തമ്മിൽ വലിയ അധ്വാനലാഭമില്ല. അതിനാലാണ് ടാപ്പിങ് യന്ത്രം വിജയിക്കാത്തത്. ചൈനയിൽ റോബോട്ടുകളാണ് ടാപ്പ് ചെയ്യുന്നത്. അതു വലിയ തോട്ടങ്ങളിൽ മാത്രമേ വിജയിക്കൂ. ഇവിടെ ചെറിയ തോട്ടങ്ങളാണ്. ടാപ്പർമാരെ ഈ മേഖലയിലേക്ക് ആകർഷിക്കുകയാണ് വഴി. തൊഴിലാളികൾക്ക് ഇൻഷുറൻസ്, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം, യൂണിഫോം എന്നിവ നൽകാൻ ആലോചനയുണ്ട്. 

 • റബർ തോട്ടങ്ങളിൽ മറ്റു വിളകൾ പണ്ട് റബർ ബോർഡ് നിരുത്സാഹപ്പെടുത്തിയിരുന്നു. ഈ നയം മാറിയോ?

പണ്ട് തോട്ടത്തിൽ മറ്റു വിള കണ്ടാൽ ബോർഡ് ഉദ്യോഗസ്ഥർ പറിച്ചു കളയുമായിരുന്നു. മണ്ണ് ഇളകും എന്നതായിരുന്നു പേടി. അതു ശരിയല്ലെന്നു വ്യക്തമായി. മലപ്പുറത്തും തൃശൂരും പരീക്ഷണാടിസ്ഥാനത്തിൽ ആയുർവേദ സസ്യങ്ങൾ കൃഷി ചെയ്യുന്നു. ലാഭകരമെന്നു കണ്ടാൽ മറ്റിടത്തു വ്യാപിപ്പിക്കും. 

 • പുതിയ റബർ ഇനം വികസിപ്പിക്കാൻ ആലോചനയുണ്ടോ?

ആർആർഐ 105 ആണ് ഇപ്പോൾ കേരളത്തിൽ കൂടുതലായി കൃഷി ചെയ്യുന്നത്. കേരളത്തിന് ഏറ്റവും അനുയോജ്യം ഇതു തന്നെ. വടക്കു കിഴക്കൻ മേഖലയ്ക്കായി തണുപ്പിനെ പ്രതിരോധിക്കാൻ കഴിവുള്ള രണ്ടിനം തൈകൾ പുറത്തിറക്കിയിട്ടുണ്ട്. 30 വർഷമാണ് റബറിന്റെ ആയുസ്. പുതിയ തൈ വിജയം എന്നു കണ്ടെത്താൻ 30 വർഷം വേണം.

 • റബർ മേഖലയുടെ ആധുനികവൽക്കരണത്തിനുള്ള ശ്രമങ്ങൾ എന്തൊക്കെയാണ്?

റബർ വിപണി ഓൺലൈനാകുന്നു. ‘ഇ പ്ലാറ്റ് ഫോം’ ഉടൻ സജ്ജമാകും. ഇതോടെ വില നിർണയത്തിൽ കർഷകർക്ക് സ്വാധീനം ലഭിക്കും. റബർ ഷീറ്റ് അടിക്കാൻ റോളറും ഉണക്കാൻ പുകപ്പുരയുമാണ് കർഷകർക്ക് വേണ്ടത്. ഗ്രൂപ്പ് പ്രോസസിങ് കേന്ദ്രങ്ങൾ ആരംഭിക്കാൻ സ്വകാര്യ സംരഭകർ തയാറാകുന്നു. ഇതുവരെ 12 എണ്ണം തുടങ്ങി. നിലവിൽ റബറിന്റെ 70 ശതമാനം ടയറും ബാക്കി മറ്റ് ഉൽപന്നങ്ങളുമാണ്. ടയർ ഇതര മേഖലയുടെ പങ്കാളിത്തം കൂട്ടണം. 

 • ‌അടുത്ത കാലത്തായി റബർ ഉൽപാദനം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമം നടക്കുന്നു. നെൽക്കൃഷി, പാൽ, ഇറച്ചിക്കോഴി എന്നിവ ഇത്തരത്തിൽ കേരളത്തിന് മേൽക്കൈ നഷ്ടപ്പെട്ടതാണ്. റബറും ഈ വഴി തുടരുമോ?

7 വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷിക്ക് നല്ല സാധ്യതയുണ്ട്. സ്ഥലമുണ്ട്. തൊഴിലാളികളുണ്ട്. കേരളത്തിൽ റബർ കൃഷി പരമാവധിയിൽ എത്തുന്നു. എന്നാൽ വടക്കു കിഴക്കൻ റബർ കൃഷി കേരളത്തെ ബാധിക്കില്ല. ഉൽപാദനവും ഉപയോഗവും തമ്മിലുള്ള അന്തരമാണ് കാരണം. 

 • റബർ ഉൽപാദനം കൂടുമ്പോൾ റബർ വില ഇടിയുമെന്നാണ് കർഷകരുടെ ആശങ്ക. ഇപ്പോഴും നമ്മുടെ നാട്ടിലെ റബർ വില നിശ്ചയിക്കുന്നത് രാജ്യാന്തര വിപണി വിലയിലെ ഏറ്റക്കുറച്ചിലുകളാണോ?

ഉൽപാദനം കൂടുമ്പോൾ വില കുറയുമെന്ന് കർഷകർ ചിന്തിക്കുന്നു. ഇതു ശരിയല്ല. 6 വർഷത്തിനു ശേഷം ഇപ്പോൾ വില കൂടി. അതേ സമയം ഇപ്പോൾ ഉൽപാദനവും കൂടി. ആഭ്യന്തര ഉപയോഗത്തിനുള്ള റബർ ഇവിടെ ഉൽപാദിപ്പിക്കുന്നില്ല. അതിനാൽ ഉൽപാദനം കൂടിയാലും വില കുറയില്ല. തായ്‌ലൻഡ്, ഇന്തൊനീഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് റബർ ഉൽപാദനത്തിൽ മുന്നിൽ. ഇവർ തമ്മിൽ ആശയവിനിമയം നടത്തി ഏകീകൃത വില നിശ്ചയിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. 

 • ‌റബർ നിയമത്തെക്കുറിച്ച് കർഷകർക്ക് ആശങ്കയുണ്ട്?

റബർ മേഖലയിൽ കാലോചിതമായ പരിഷ്കാരങ്ങളാണ് റബർ നയം ലക്ഷ്യമിടുന്നത്. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റുക, കൃഷിയും വ്യാപാരവും കുറച്ചുകൂടി എളുപ്പമാക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് മുൻതൂക്കം. ഇതിൽ കർഷകർ ആശങ്കപ്പെടേണ്ട കാര്യമില്ല.

English summary:  Interview with rubber board executive director

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA