ADVERTISEMENT

നവംബർ 26 ദേശീയ ക്ഷീരദിനം / ഡോ. വർഗീസ് കുര്യന്റെ ജന്മദിനം

രാജ്യത്തെ കോടിക്കണക്കിനു ക്ഷീരകർഷക ജീവിതങ്ങളെ സഹകരണപ്രസ്ഥാനത്തിന്റെ കൊടിക്കീഴിൽ കൊണ്ടുവന്ന് അവരെ സ്വാഭിമാനികളാക്കുകയും ഭാരതത്തെ ലോകത്തിൽ ഏറ്റവുമധികം പാലുൽപാദിപ്പിക്കുന്ന രാജ്യവുമാക്കി മാറ്റിയ ധവളവിപ്ലവത്തിന് തുടക്കം കുറിച്ചത് ഗുജറാത്തിലെ ആനന്ദ് എന്ന കൊച്ചു പട്ടണത്തിലാണെന്ന് നമുക്കെല്ലാമറിയാം. ആനന്ദ് മാതൃകയിൽ രാജ്യമെങ്ങും സ്ഥാപിക്കപ്പെട്ട ക്ഷീര സഹകരണ സംഘങ്ങളാണ് രാജ്യത്തുണ്ടായ പാൽ വിപ്ലവത്തിനു നട്ടെല്ലായത്. ആനന്ദ് സ്ഥിതി ചെയ്യുന്ന കെയ്റ ജില്ല പാലുൽപാദനത്തിന്റെ കാര്യത്തിൽ മുന്നേറാനും പിന്നീട് രാജ്യത്തിനു തന്നെ മാതൃകയായ സഹകരണ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായി മാറാനും ഇടയായതിന്റെ വേരുകൾ അന്വേഷിച്ചു പോയാൽ എത്തിച്ചേരുന്നത് ആകസ്മികവും എന്നാൽ പരസ്പരബന്ധിതവുമായ സംഭവപരമ്പരകളിലേക്കായിരിക്കും.

ബ്രിട്ടീഷുകാരെ ഞെട്ടിച്ച പാൽ പരിശോധനാ ഫലം

സ്വാതന്ത്യലബ്ധിക്കു മുൻപത്തെ സംഭവമാണ്. 1942-43 കാലത്ത് ബോംബേയിൽ താമസിച്ചിരുന്ന ബ്രിട്ടീഷുകാർ പലരും കാരണം തിരിച്ചറിയാൻ കഴിയാതിരുന്ന എന്തോ ഒരു  അസുഖത്താൽ ബുദ്ധിമുട്ടിലായി. സ്വന്തം പൗരന്മാരെ പിടികൂടിയ രോഗത്തിന്റെ ഉറവിടം തേടി ബ്രിട്ടീഷ് സർക്കാർ നടത്തിയ വിശദവും സൂക്ഷ്മവുമായ പരിശോധന ചെന്നെത്തിയത് ബോംബേക്കാർ കുടിച്ചിരുന്ന പാലിലായിരുന്നു. ഉടൻതന്നെ പാലിന്റെ സാമ്പിൾ ലണ്ടനിലെ ലബോറട്ടറിയിലേക്ക് പരിശോധനക്കായി അയയ്ക്കപ്പെട്ടു. ബോംബേ നഗരത്തിൽ ഉപയോഗിച്ചുവന്നിരുന്ന പാലിന്റെ സാമ്പിൾ പരിശോധിച്ച ലബോറട്ടറിയുടെ വിധിയെഴുത്ത് ഇങ്ങനെയായിരുന്നു ‘ലണ്ടനിലെ അഴുക്കുചാലിലെ വെള്ളത്തേക്കാൾ മലിനം.’

ഈ റിപ്പോർട്ടാണ് രാജ്യത്തെ ക്ഷീരമേഖലയിൽ ഇടപെടാനും പാൽ വിപണി നിയന്ത്രിച്ചിരുന്ന സ്വകാര്യ സംരഭകർക്ക് കടിഞ്ഞാണിടാനും പാലിന്റെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കാനും ബ്രിട്ടീഷ് സർക്കാരിനെ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ ക്ഷീരമേഖലയെ ഉദ്ധരിക്കാനൊന്നും താൽപര്യമില്ലായിരുന്നെങ്കിലും ബ്രിട്ടീഷുകാരെ നല്ല പാൽ കുടിക്കാൻ കിട്ടുകയെന്നത് അവർക്ക് ഏറെ പ്രധാനമായിരുന്നതിനാലായിരുന്നു ആ ഇടപെടൽ. എങ്കിലും വിപണിയിൽ നല്ല പാലെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ പാലിന് വലിയ വിപണി തുറന്നു കിട്ടാനും കർഷകസഹകരണ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിനും പിൽക്കാലത്ത് സഹായകരമായി എന്നു കാണാവുന്നതാണ്.

ശ്രദ്ധയാകർഷിച്ചത് കെയ്റ ജില്ല

1895ൽ ഒരു ഇംഗ്ലീഷുകാരൻ തുടങ്ങിയ വെണ്ണഫാക്ടറിയും, 1926ൽ ഒരു ജർമൻകാരൻ തുടങ്ങിയ ചീസ് ഫാക്ടറിയും, പിന്നീട് പെസ്റ്റൺജി എഡുൽജി എന്ന  ഇന്ത്യക്കാരൻ ആരംഭിച്ച വെണ്ണ ഫാക്ടറിയും കെയ്റ ജില്ലയിലുണ്ടായിരുന്നു. വ്യാപാരത്തിൽ സമർഥനും കൗശലക്കാരനുമായിരുന്ന എഡുൽജി തന്റെ  ഉൽപന്നത്തിനു നൽകിയത് ‘പോൾസൺ’ എന്ന പേരായിരുന്നു. വിദേശിയെന്നു തോന്നലുണ്ടാക്കിയ പോൾസൺ വെണ്ണ അന്നേറെ പ്രസിദ്ധവുമായിരുന്നു. മേൽപ്പറഞ്ഞ മൂന്നു സ്ഥാപനങ്ങളും ചേർന്നുണ്ടാക്കിയ വിപണി കെയ്റ ജില്ലയിലെ പാലുൽപാദനം വർധിപ്പിക്കാൻ ക്ഷീരകർഷകർക്ക് ഉത്തേജനമായി. വളരുന്ന വിപണിയാണല്ലോ ഉൽപാദനക്കുതിപ്പിന്റെ സ്രഷ്ടാവ്. അങ്ങനെ സഹകരണസംഘങ്ങൾ നിലവിൽ വരുന്നതിനു മുൻപുതന്നെ  കർഷകർ ഒറ്റക്കെട്ടായി ക്ഷീരവൃത്തിയിലേർപ്പെട്ടതോടെ കെയ്റ ജില്ല ആ ദേശത്തെ പേരുകേട്ട പാലുൽപാദന കേന്ദ്രമായി അറിയപ്പെട്ടു വന്നിരുന്നു. ബോംബേ നിവാസികളെ നല്ല പാൽ കുടിപ്പിക്കാനായുള്ള ഉദ്യമത്തിനായി ബ്രിട്ടീഷ് സർക്കാർ തിരഞ്ഞെടുത്തതും കെയ്റയായിരുന്നു. ഇതിനായി ബ്രിട്ടീഷ് ഗവൺമെന്റ് സമീപിച്ചത് കെയ്റ പാൽ വിപണിയിൽ നിർണായക സ്വാധീനമുള്ള പെസ്റ്റൺജിയേയും. ആനന്ദിൽനിന്ന് ഏകദേശം 350 കിലോമീറ്ററകലെയുള്ള ബോംബേ നഗരത്തിലേക്ക് പാൽ എത്തിക്കാനുള്ള വെല്ലുവിളിയായിരുന്നു പെസ്റ്റൺജിയുടെ മുൻപിൽ. എളുപ്പം കേടാകുന്ന പാൽ പോലൊരു ഉൽപന്നം, അതും ദ്രാവകരൂപത്തിലുള്ളത് ഉഷ്ണകാലാവസ്ഥയുള്ള ഒരു നാട്ടിൽ ഇത്രയും ദൂരം എത്തിക്കാനാവുമോ? സമർഥനായ ആ വ്യാപാരി തന്റെ ക്രീം പാസ്ച്ചുറൈസറിൽ പാൽ പാസ്ച്ചുറൈസ് ചെയ്ത്  വലിയ പാത്രങ്ങളിലാക്കി, പാത്രങ്ങൾ ചാക്കിലിറക്കി വച്ച്, തണുത്ത വെള്ളമൊഴിച്ച് പാത്രങ്ങൾ തണുപ്പിച്ചു കൊണ്ട് ബോംബെയിലെത്തിച്ചു. കേടാകാതിരുന്ന പെസ്റ്റൺജിയുടെ പാലിന്റെ ബലത്തിൽ 'ബോംബെ മിൽക്ക് സ്കീം' എന്ന ഗവൺമെന്റ് പദ്ധതിയ്ക്ക് തുടക്കം കുറിക്കപ്പെട്ടു. ഗ്രാമങ്ങളിൽ നിന്ന് വിദൂര നഗര വിപണിയിലേക്ക് പാലെത്തിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതിയായിരുന്നു അത്.

കെയ്റയിലെ പാൽ വ്യവസായം ഉണരുന്നു

ജില്ലയിൽ പ്രവർത്തിച്ചിരുന്ന വെണ്ണ, ചീസ് ഫാക്ടറികളുടെ പ്രധാന വിപണി ബോംബേ നഗരമായിരുന്നു. ഇപ്പോഴിതാ കെയ്റയിലെ പാലും നഗരത്തിലെ വിപുലമായ വിപണിയിലെത്തിയിരിക്കുന്നു. കെയ്റ ജില്ലയിലെ ക്ഷീരകർഷകർക്ക് പുത്തൻ സാധ്യതകൾ തുറന്നിടുന്ന മാറ്റം. വിപണി നൽകിയ ഉത്തേജനത്തിൽ പാലുൽപാദനം വർധിച്ചു കൊണ്ടിരിക്കുകയും ചെയ്തു. നല്ല പാൽ കിട്ടിത്തുടങ്ങിയതോടെ സംതൃപ്തരായ ബോംബേ മിൽക്ക് കമ്മീഷണറുടെയും സർക്കാരിന്റെയും മുൻപിൽ പോൾസൺ ചില ആവശ്യങ്ങൾ വയ്ക്കുകയുണ്ടായി. തന്റെ പാൽ സംഭരണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ആനന്ദിലും പരിസര പ്രദേശങ്ങളിലും മറ്റാരും പാൽ ശേഖരിക്കാൻ പാടില്ലെന്ന നിയമം സർക്കാരിനെക്കൊണ്ട് നടപ്പിലാക്കിക്കാൻ പോൾസണു സാധിച്ചു. പ്രദേശത്തെ പാൽസംഭരണം മുഴുവൻ പോൾസൺ നിയമിച്ച ഇടനിലക്കാരുടെ കുത്തകയായിത്തീർന്നു. സർക്കാരിൽനിന്നു കിട്ടിയ വില വർധനയുടെ പ്രയോജനം പോൾസൺ ഡെയറിയും ഇടനിലക്കാരും പങ്കിട്ടെടുത്തു. തുച്ഛമായ വരുമാന വർധന മാത്രം ലഭിച്ച കർഷകരുടെ നിരാശയും രോഷവും പിന്നീട് അവരുടെ ഒരുമിക്കലിനും സഹകരണത്തിനും മൂലക്കലായി മാറി.

ക്ഷീരകർഷകരുടെ സഹകരണമന്ത്രം

സ്വാതന്ത്ര്യ സമരത്തിന്റെ അഗ്നി രാജ്യമെങ്ങും അതിതീവ്രതയിൽ കത്തിപ്പടരുന്ന സമയമായിരുന്നു അത്. ആനന്ദിൽ നിന്നു കിലോമീറ്ററുകൾ മാത്രം ദൂരമുള്ള കരംസാദ് എന്ന ഗ്രാമത്തിൽ ജനിച്ചയാളായിരുന്നു സർദാർ വല്ലഭഭായി പട്ടേൽ. ദേശീയ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാക്കളിലൊരാളായി വളർന്നിരുന്ന സർദാറിന്റെയടുത്ത് ക്ഷീരകർഷകർ തങ്ങളനുഭവിക്കുന്ന ചൂഷണത്തേക്കുറിച്ച് പരാതിയുമായെത്തി. പാലിന്റെ സംഭരണം, സംസ്കരണം, വിപണനം എന്നിവയിൽ നിയന്ത്രണം നേടിയാലേ കർഷകർക്ക് പ്രയോജനം ലഭിക്കുകയുള്ളുവെന്ന വിശ്വാസമുള്ള യുള്ളയാളായിരുന്നു പട്ടേൽ. കെയ്റയിലെ ക്ഷീരകർഷകരോട് പാൽ സഹകരണ സംഘങ്ങൾ തുടങ്ങാനായിരുന്നു പട്ടേലിന്റെ നിർദ്ദേശം. തന്റെ സഹായി മൊറാർജി ദേശായിയെ ചുമതലക്കാരനായി ഏൽപിച്ചു കൊടുക്കാനും അദ്ദേഹം തയാറായി. ക്ഷീരകർഷകരുടെ മീറ്റിങ്ങിൽ വച്ച് ത്രിഭുവൻ ദാസ് പട്ടേൽ എന്ന നിസ്വാർഥ സ്വാതന്ത്ര്യസമരസേനാനിയെ കർഷക സംഘടനയുടെ ചെയർമാനായി മൊറാർജി നിശ്ചയിച്ചു. കൂട്ടത്തിൽ ചെയർമാനാകാൻ തീരെ താൽപര്യം പ്രകടിപ്പിക്കാതിരുന്ന ത്രിഭുവൻദാസിനെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതിലൂടെ നിക്ഷിപ്ത താൽപര്യങ്ങൾ കർഷക കൂട്ടായ്മകളെ ഗ്രസിക്കരുതെന്ന സന്ദേശമാണ് ദേശായി നൽകിയത്. തുടർന്ന് ക്ഷീരകർഷകരെ സംഘടിപ്പിച്ച്  രണ്ട് സഹകരണ സംഘങ്ങൾ ത്രിഭുവൻദാസ് സംഘടിപ്പിച്ചത് വരാനിരിക്കുന്ന വലിയൊരു വിപ്ലവത്തിന്റെ കൊടിയേറ്റമായിരുന്നു.

സ്വാതന്ത്യം: രാഷ്ട്രീയം,  സാമ്പത്തികം

സഹകരണ സംഘങ്ങൾ നിലവിൽ വന്നിട്ടും, കർഷകർ ത്രിഭുവൻ ദാസിനൊപ്പം ഒരുമയോടെ അണിനിരന്നിട്ടും  കൃഷിക്കാരുടെ നില പലപ്പോഴും ദുർബലമായി തുടർന്നു. എളുപ്പം ചീത്തയാകുന്ന പാൽ കിട്ടുന്ന വിലയ്ക്ക് കൊടുക്കാനല്ലാതെ മറ്റൊരു നിവൃത്തി കർഷകർക്കു മുൻപിലുണ്ടായിരുന്നില്ല.  പാലിന്റെ ഗുണമേന്മ പ്രശ്നങ്ങൾ പറഞ്ഞ് വില നൽകാതിരിക്കുന്നതും പതിവായിരുന്നു. കൊഴുപ്പിന്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കാനോ ന്യായവില നൽകാനോ തയാറാകാതിരുന്ന പോൾസണും ഇടനിലക്കാരും സംഘങ്ങളെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഹതാശരായ കർഷകർ ത്രിഭുവൻദാസിനൊപ്പം സർദാർ പട്ടേലിനെ വീണ്ടും കാണാൻ ചെന്നു. 

വർഷം 1945. ഇന്ത്യ ഇനിയും സ്വതന്ത്രയായിട്ടില്ല. പാലുത്പാദക പ്രസ്ഥാനത്തിന് സ്വന്തമായി ഒരു സംസ്കരണ കേന്ദ്രം ഉണ്ടായാൽ മാത്രമേ ബോംബേ വിപണിയുടെ പ്രയോജനം കർഷകർക്ക് പൂർണമായും ലഭിക്കുകയുള്ളുവെന്ന ഉപദേശമാണ് പട്ടേൽ നൽകിയത്. മാത്രമല്ല ഇത്തരമൊരു നീക്കം സർക്കാരിനെ ചൊടിപ്പിക്കുമെന്നും നഷ്ടങ്ങൾ സഹിക്കേണ്ടി വരുമെന്നും സർദാർ മുന്നറിയിപ്പ് നൽകി. യുദ്ധത്തിന് കർഷകർ ഒരുക്കമാണെങ്കിൽ താൻ അവരെ നയിക്കാൻ ഒരുക്കമാണെന്നും പട്ടേൽ അറിയിച്ചു. സ്വാതന്ത്ര്യമെന്നത് രാഷ്ട്രീയമായതു മാത്രമല്ലെന്നും സാമ്പത്തിക സാമൂഹ്യ തലങ്ങൾ കൂടിയുള്ളതാണെന്നും പട്ടേൽ ഉറച്ചു വിശ്വസിച്ചു. എന്നും ചൂഷണത്താൽ പൊറുതിമുട്ടിയിരുന്ന കർഷകർ സർദാറിന്റെ പിന്നിൽ അണിനിരന്നു. കെയ്റയിലെ ക്ഷീരസഹകരണ സംഘം അങ്ങനെ ബ്രിട്ടീഷ് സർക്കാരിനെതിരെയുള്ള ഒരു സമര പ്രസ്ഥാനമെന്ന ഖ്യാതിയും ചരിത്രത്തിൽ നേടുകയായിരുന്നു. 

സമരനേതാവായി പട്ടേൽ നിയമിച്ചത് മൊറാർജി ദേശായിയെ ആയിരുന്നു. 1946 ജനുവരിയിൽ ആനന്ദിൽനിന്നും 10 കിലോമീറ്റർ അകലെയുള്ള ചക് ലാഷി എന്ന ഗ്രാമത്തിലെ ഒരു ആൽമരച്ചുവട്ടിൽ ദേശായിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ യോഗത്തിൽ സമരപ്രഖ്യാപനമുണ്ടായി. പോൾസൺ ഡെയറിയിൽ പാൽ നൽകില്ലെന്ന ഉറച്ച തീരുമാനവുമെടുത്തു. കെയ്റ ജില്ലയിലെ ഓരോ ഗ്രാമത്തിലും ഒരു സഹകരണ സംഘം വീതം സ്ഥാപിക്കാനും ,ഈ സംഘങ്ങളുടെ യൂണിയൻ ആനന്ദിൽവച്ച് പാൽ സംസ്കരണം നടത്താനും പദ്ധതിയുണ്ടായി. പാൽ സംഭരണവും സംസ്കരണവും വിപണനവും കർഷകരുടെ മാത്രം നിയന്ത്രണത്തിലാക്കുന്ന ഉറച്ച തീരുമാനം അന്നുണ്ടായി. പോൾസൺ ഡെയറിയെ മാറ്റി നിർത്തി കർഷക സഹകരണ സംഘങ്ങളിൽ നിന്ന് ബോംബേ മിൽക്ക് സ്കീമിനായി പാൽ സംഭരിക്കണമെന്ന അവശ്യം സർക്കാർ തള്ളി.

പതിനഞ്ചുദിന പാൽ സമരം

ചൂഷണത്തിനെതിരെയുള്ള കർഷക സമരങ്ങളുടെ ഏടുകളിൽ സ്ഥാനം പിടിച്ച സമരമായിരുന്നു കെയ്റയിലെ പതിനഞ്ചു ദിവസത്തെ പാൽസമരം. പോൾസൺ ഡെയറിക്കു പാൽ നൽകാതെ പ്രതിഷേധിച്ച കർഷകർ പാൽ തെരുവിലൊഴുക്കി. ബോംബേ മിൽക്ക് സ്കീം തകർന്നു. പാൽ സംസ്കരണ രംഗത്തെ വിദഗ്ധനായ ധാരാ ഖുറോഡിയെന്ന ഇന്ത്യക്കാരനെ മിൽക്ക് കമ്മീഷണർ ആനന്ദിക്കിലേക്കയച്ചു. കർഷക സമരം അതിശക്തമാണെന്നു മനസിലാക്കിയ അദ്ദേഹം കർഷകർക്ക് വഴങ്ങാനുള്ള ഉപദേശമാണ് നൽകിയത്. മാത്രമല്ല പാൽ വ്യവസായമെന്ന സാങ്കേതിക വിദ്യയിൽ വിജയിക്കാനാവാതെ കർഷകസംഘങ്ങൾ സ്വയം പരാജയപ്പെടുമെന്നും ഖുറോഡി പറഞ്ഞുവച്ചു.

ക്ഷീര വിപ്ലവത്തിന്റെ വിത്ത് വിതയ്ക്കപ്പെടുന്നു

കെയ്റ ജില്ലയിലുടനീളം കാൽനടയായി സഞ്ചരിച്ച്, ഓരോ പാലുൽപാദകനെയും നേരിൽക്കണ്ട് സംസാരിച്ച് സഹകരണ സംഘങ്ങളാരംഭിക്കാൻ ശ്രമിക്കുകയായിരുന്നു ത്രിഭുവൻ ദാസ് പട്ടേൽ. വർഷാവസാനത്തിൽ  അഞ്ചു സംഘങ്ങളും ,1946 ഡിസംബറിൽ കെയ്റ ഡിസ്ട്രിക്റ്റ്  മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡും സ്ഥാപിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സ്വതന്ത്രയായ ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയായ സർദാർ പട്ടേലിന്റെയും കൃഷിമന്ത്രി രാജേന്ദ്രപ്രസാദിന്റെയും നിർദ്ദേശപ്രകാരം ആനന്ദിൽ  സർക്കാർ ഉടമസ്ഥതയിലുണ്ടായിരുന്ന പഴയ വെണ്ണ - ചീസ് ഉൽപാദന ഗവേഷണ കേന്ദ്രത്തിന്റെ ഒരു ഭാഗം സഹകരണ സംഘത്തിന് കൈമാറപ്പെട്ടു. കെയ്റ സഹകരണ സംഘത്തിന്റെ വളർച്ചയുടെ ഈ ഘട്ടത്തിലാണ് 1949 മെയ് 13-ന് ഡോ. വർഗീസ് കുര്യൻ വെണ്ണ -ചീസ് ഉൽപാദന ഗവേഷണ കേന്ദ്രത്തിൽ സർക്കാർ നിയമിച്ച എൻജിനീയറായി എത്തുന്നത്. കേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ ഒരു പകുതിയുടെ എൻജിനീയറായി കുര്യൻ ജോലി തുടങ്ങുമ്പോൾ മറുപകുതിയിൽ സർക്കാരിന് വാടക നൽകി പ്രവർത്തിച്ചു തുടങ്ങിയ സഹകരണ സംഘം ഡെയറിയിൽ രാജ്യത്തെ ധവളവിപ്ലവത്തിന്റെ വിത്തെറിയപ്പെട്ടു കഴിഞ്ഞിരുന്നു.

English summary: National Milk Day and the man who made it possible

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com