ADVERTISEMENT

കഴിഞ്ഞ ദിവസം കൊച്ചിയിൽ വാഹനത്തിനു പിന്നിൽ കെട്ടിവലിക്കപ്പെട്ട നായ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങി പുതിയ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. അവളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന മൃഗക്ഷേമ സംഘടനയായ ‘ദയ’ അവൾക്കൊരു പേരുമിട്ടു, അബാക്ക. അബാക്കയെന്ന പേരും അവളുടെ ചികിത്സയും പുതിയ സംരക്ഷകരുമെല്ലാം ഇന്നലെ വാർത്തയായപ്പോൾ ഒട്ടേറെ പേർ അന്വേഷിച്ച ഒരു പേരാണ് അബാക്ക. ആരാണ് അബാക്ക? ആദ്യ വനിതാ സ്വാതന്ത്ര്യസമര പോരാളിയാണ് അബാക്കയെന്ന് ദയയുടെ പ്രവർത്തകർ പറയുന്നു. സ്വന്തം സ്വാതന്ത്ര്യത്തിനു ശ്രമിച്ച ഈ നായയ്ക്ക് അബാക്ക എന്ന പേര് നൽകിയത് ഉചിതമാണെന്ന് ഒട്ടേറെ പേർ അഭിപ്രായപ്പെടുകയും ചെയ്തു.

kochi-dog-1
ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷന്റെ വൈസ് പ്രസിഡന്റ് ടി.ജെ. കൃഷ്ണനൊപ്പം അബാക്ക

അബാക്ക റാണി

തുളുനാട് എന്നറിയപ്പെട്ടിരുന്ന കർണാടകയുടെ തീരദേശം ഭരിച്ചിരുന്ന ചൗത രാജവംശത്തിലെ അംഗമായിരുന്നു അബാക്ക റാണി. തുളുനാടിന്റെ തുറമുഖമായിരുന്നു ഉള്ളാൾ. ഉള്ളാളിലെ റാണിയും, കോളനി കാലഘട്ടത്തിൽ പോർച്ചുഗീസുകാർക്കെതിരെ പൊരുതിയ ധീര വനിതയുമായിരുന്നു അബാക്ക. പതിനാറാം നൂറ്റാണ്ടിന്റെ അവസാന പകുതിയായിരുന്നു അവരുടെ കാലഘട്ടം. ഈ പ്രദേശം പിടിച്ചെടുക്കാൻ പോർച്ചുഗീസുകാർ വളരെയധികം ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. കോളനിവാഴ്ചയ്ക്കെതിരേ പോരാടിയ ആദ്യകാല ഭാരതീയരിൽ ഒരാളായിരുന്നു അബാക്ക റാണി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യത്തെ വനിതയായും ഇവരെ വിശേഷിപ്പിക്കുന്നു.

kochi-dog
ഡോ. കിഷോർകുമാറും ഡോ. സോണികയും അബാക്കയ്‌ക്കൊപ്പം

ജൈനമതക്കാരിയായ അബാക്ക റാണിക്ക്, ഹൈന്ദവരിൽ നിന്നും മുസ്‌ലിം സമുദായത്തിലുള്ളവരിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു. 1555ൽ പോർച്ചുഗീസ് സൈന്യം ആക്രമിച്ചുവെങ്കിലും റാണി അവരെ പരാജയപ്പെടുത്തി. 1557ൽ പോർച്ചുഗീസുകാർ മംഗലാപുരം കീഴടക്കി. ശേഷം ഉള്ളാളിലേക്ക് പടനയിച്ചെത്തി. പോർച്ചുഗീസ് സൈന്യം കൊട്ടാരത്തിലെത്തിയപ്പോഴേക്കും റാണി അവിടെനിന്നു രക്ഷപ്പെട്ടു. അന്നത്തെ രാത്രിയിൽ 200ൽപ്പരം സൈനികരെ സംഘടിപ്പിച്ച റാണി പോർച്ചുഗീസ് സേനയെ ആക്രമിച്ചു. പോർച്ചുഗീസ് സൈന്യത്തലവനായിരുന്ന ജനറൽ പൈക്സിയോട്ടോ കൊല്ലപ്പെട്ടു. എഴുപതോളം പോർച്ചുഗീസ് സൈനികരെ റാണിയുടെ സേന തടവുകാരായി പിടിച്ചു. തുടർന്നു നടന്ന യുദ്ധത്തിൽ പോർച്ചുഗീസ് ജനറലായിരുന്ന മസ്കരാസ് കൊല്ലപ്പെടുകയും, മംഗലാപുരം കോട്ട ഉപേക്ഷിച്ചു പോവാൻ പോർച്ചുഗീസുകാർ നിർബന്ധിതരാവുകയും ചെയ്തു.

1569ൽ പോർച്ചുഗീസുകാർ വീണ്ടും മംഗലാപുരം കോട്ട പിടിച്ചെടുക്കുകയും, നിർണ്ണായകമായ കുന്ദാപുരയിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. 1570ൽ ബിജാപുർ സുൽത്താനും കോഴിക്കോട് സാമൂതിരിക്കുമൊപ്പം പോർച്ചുഗീസുകാരെ നേരിട്ടെങ്കിലും തിരിച്ചടി നേരിട്ടു. കോഴിക്കോട് സാമൂതിരിയുടെ നാവികസേനാ തലവൻ കുട്ടി പോക്കർ മരയ്ക്കാർ പോരാട്ടം നയിച്ചുവെങ്കിലും പോർച്ചുഗീസുകാരുടെ പിടിയിലായി. മരയ്ക്കാരെ അവർ കൊല്ലുകയും ചെയ്തു. ഇതിനൊപ്പം ഭർത്താവിന്റെ ചതികൂടിയായപ്പോൾ റാണി തളർന്നു. പോർച്ചുഗീസുകാർ റാണിയെ തടവിലാക്കുകയും ചെയ്തു.

abbakka
അബാക്ക റാണിയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ പോസ്റ്റൽ കവർ

അബാക്ക റാണിയുടെ ഓർമപുതുക്കുന്ന ദിനം ഉള്ളാളിൽ വലിയ ആഘോഷമാണ്. ‘വീര റാണി അബാക്ക ഉത്സവം’ എന്ന പേരിലാണ് അവിടെ ആഘോഷങ്ങൾ കടക്കുക. ധീര വനിതകൾക്ക് ‘വീര റാണി അബാക്ക പ്രശസ്തി’ അവാർഡും ഈ അവസരത്തിൽ സമ്മാനിക്കാറുണ്ട്. 2003 ജനുവരി 15ന് റാണിയോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് പ്രത്യേക പോസ്റ്റൽ കവർ പുറത്തിറക്കിയിരുന്നു. അതുപോലെ റാണിയെക്കുറിച്ച് അമർ ചിത്രകഥയും പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 2012 ജനുവരി 20ന് കമ്മീഷൻ ചെയ്ത കപ്പലിനും അബാക്കയുടെ പേരാണ് നൽകിയിരിക്കുന്നത്.

English summary: Queen Abbakka History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com