ADVERTISEMENT

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ കാടുപിടിച്ച് 10 വർഷമായി തരിശുഭൂമിയായി കിടന്ന, സാമൂഹ്യ വിരുദ്ധരുടെ താവളമായ നാലര ഏക്കർ സ്ഥലം പാട്ടക്കരാർ അടിസ്ഥാനത്തിൽ പൊന്നുവിളയിക്കുന്ന ഇടമാക്കി മാറ്റിയിരിക്കുന്നു. സ്വന്തമായി സ്ഥലമില്ലാത്ത മൃഗസംരക്ഷണ, കൃഷി മേഖലയിൽ താൽപര്യമുള്ള ആർക്കും കേരളത്തിൽ എവിടെയും പകർത്താവുന്ന ഒരു മാതൃക കൂടിയായി ഇന്ന് ‘തണൽ’ മാറനല്ലൂർ മോഡൽ സംയോജിത കൃഷി.

പദ്ധതിയുടെ ഭാഗമായി തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് സ്ഥലം എംഎൽഎ ഐ.ബി. സതീഷിന്റെ ഇടപെടലിനെ തുടർന്നാണ് പാട്ടക്കരാർ അടിസ്ഥാനത്തിൽ ഉടമസ്ഥനിൽനിന്നും സുരേഷ് എന്ന യുവസംരംഭകന് കൈമാറ്റം ചെയ്തു നൽകിയത്.

thanal-integrated-farm-bufallo
പോത്തുകുട്ടികൾക്ക് നീരാടാൻ പ്രത്യേക കുളം

ഇന്ന് ഈ സ്ഥലം ആകെ മാറിപ്പോയി. നിലം ഒരുക്കലിന്റെ ഭാഗമായി കാടെല്ലാം വെട്ടിയൊതുക്കി മണ്ണുമാന്തികൊണ്ട് നിലം തട്ടുകളായി തിരിച്ച് 1ഏക്കർ മരച്ചീനി, 400 വാഴ, ഒന്നര ഏക്കർ തീറ്റപ്പുൽ കൃഷി, 3 കൃത്രിമ മത്സ്യക്കുളം എന്നിവ ആദ്യം തന്നെ നിർമ്മിച്ചു. പാലുൽപാദനത്തിൽ സ്വയം പര്യാപ്തമായ മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ വേറിട്ട ഒരു ചിന്ത കൊണ്ടുവരുന്നതിന്റെ ഭാഗമായി മുറ ക്രോസ് ഇനത്തിലുള്ള പോത്തിൻ കിടാരികളെ പുറത്തുനിന്ന് കൊണ്ടുവന്ന് കുറച്ചു നാൾ ഇവിടെ പരിപാലിച്ച് കുറച്ച് കൂടി വളർത്തി, ഭാരം കൂട്ടി ഇവിടെനിന്ന് വിൽപന നടത്തിപ്പോരുന്നു. നൂറോളം പോത്ത് കിടാരികളെയാണ് ഒരു സമയം കൊണ്ടുവരാറുള്ളത് അവ ചൂടപ്പം പോലെ വിറ്റുപോകാറുമുണ്ട്. ഇതിനകം പല തവണ ലോഡ് വന്നു പോയിക്കഴിഞ്ഞിരിക്കുന്നു. ദൂരെനിന്നു യാത്ര ചെയ്ത് വരുന്നതിനാൽ ചുരുക്കം ചിലതിനൊക്കെ ആരോഗ്യ പ്രശ്നങ്ങൾ കാണിക്കാറുണ്ട്.

ചെലവ് കുറഞ്ഞ രീതിയിലുള്ള തീറ്റക്രമമാണ് ഇവിടെ അനുവർത്തിച്ചു പോരുന്നത്. ഫാമിലെ തന്നെ തീറ്റപ്പുല്ല്, പുളിയരി, അരി വേവിച്ചത്, ഗോതമ്പ് തവിട്, ബിയർ വേസ്റ്റ് മുതലായവ വളരെ സ്വാദോടെ ഇവർ അകത്താക്കാറുണ്ട്. വലിയ ഒരു തൊഴുത്ത് യഥേഷ്ടം കാറ്റും വെളിച്ചവും കിട്ടുന്ന സ്ഥലത്ത് ഇവർക്കായി ക്രമീകരിച്ചിരിക്കുന്നു. ഇവിടെ നിന്നുള്ള മാലിന്യങ്ങൾ പുൽകൃഷിത്തോട്ടത്തിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്യുന്നത്. ഇവർക്ക്  നീരാട്ടിനായി കൃത്രിമ കുളവും നിർമ്മിച്ചിട്ടുണ്ട്.

thanal-integrated-farm-goat-shed-1
ആടുകൾക്കുള്ള ഷെഡ്

ആടുവളർത്തൽ ഏറ്റവും കൂടുതലുള്ള പ്രദേശവും എന്നാൽ എത്ര തന്നെ വളർത്തിയാലും അതിലധികം ആവശ്യക്കാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലെ പല സ്ഥലങ്ങളിൽനിന്നും മാറനല്ലൂർ പഞ്ചായത്തിൽ വരുന്നതിനാലും സംയോജിത കൃഷിയുടെ ഭാഗമായി ആടുവളർത്തലും ഉൾപ്പെടുത്തി. മലബാറി, ബീറ്റൽ, സിരോഹി, ജമ്നാപാരി എന്നീ ഇനങ്ങളിലുള്ള നൂറോളം ആടുകളെയും ഇവിടെ പരിപാലിച്ചു പോരുന്നു. പുറത്തുനിന്ന് കൊണ്ടുവന്ന ചില ആടുകൾക്ക് ആടുവസന്ത രോഗത്തിനെതിരെ കൃത്യമായി പ്രതിരോധ കുത്തിവയ്പുകൾ നൽകി നിരീക്ഷണത്തിൽ മാറ്റിപ്പാർപ്പിച്ചതിനു ശേഷമാണ് പ്രധാന കൂടുകളിൽ കയറ്റുന്നത്.

thanal-integrated-farm-goat-shed
ആടിനുള്ള ഷെഡ്

ആട്ടിൻകുഞ്ഞുങ്ങളെയും, മുതിർന്ന അടുകളെയും ഇവിടെനിന്നു വിറ്റുപോരുന്നുണ്ട്. ആട്ടിൻ പാൽ കുഞ്ഞുങ്ങൾക്കുതന്നെ നൽകുന്നു. അവശ്യക്കാർക്ക് കുറച്ച് പാൽ ഇവിടുന്ന് വിൽക്കുന്നുമുണ്ട്. വില കൂടിയ മികച്ചയിനം മുട്ടനാടുകൾ ഉള്ളതിനാൽ ഇണചേർക്കാനായി സമീപ പ്രദേശങ്ങളിൽനിന്നും ദൂരെനിന്നും ആടുകളെ ഇവിടെ കൊണ്ടുവരാറുമുണ്ട്.

തടികൊണ്ട് തട്ടിട്ട് തറയിൽനിന്ന് 6 അടി ഉയർത്തിയാണ് ആടിനുള്ള കൂടുകൾ ഉണ്ടാക്കിയിരിക്കുന്നത്. 14 അടിക്ക് മുകളിൽ ജിഐ പൈപ്പിനു മുകളിൽ ഉയർത്തി റൂഫിംഗ് ഷീറ്റ് പാകിയിരിക്കുന്നതിനാൽ ചൂട് തീരെ കുറവും നല്ല വായു സഞ്ചാരവുമുണ്ട്. വേലികെട്ടി അതിർത്തി തിരിച്ചിരിക്കുന്നതിനാൽ ഇവരെ യഥേഷ്ടം കറങ്ങി നടക്കാൻ തുറന്നുവിടുന്നത് ദിനചര്യയുടെ ഭാഗമാണ്.

ഫാമിൽ തന്നെ ഉൽപാദിപ്പിക്കുന്ന തീറ്റപ്പുല്ലും, പ്ലാവിലയും സമീകൃത തീറ്റയുമാണ് ഇവരുടെ പ്രധാന ഭക്ഷണം. സിഒ 5, സിഒ 3 എന്നീ ഇനങ്ങളിലുള്ള തീറ്റപ്പുല്ലാണ് ഒന്നര ഏക്കർ സ്ഥലത്ത് കൃഷി ചെയ്തുവരുന്നത്. മാറനല്ലൂർ പ്രദേശത്ത് പുൽക്കട ആവശ്യമുള്ളവർക്കെല്ലാം ഇവിടുന്ന് സൗജന്യമായി നൽകുന്നു. 

thanal-integrated-farm-egger-nursery
മുട്ടക്കോഴിക്കുഞ്ഞുങ്ങൾക്ക് ബ്രൂഡിങ്

മുട്ടക്കോഴിക്കുഞ്ഞുങ്ങളു‌ടെ വിൽപനയാണ് മറ്റൊന്ന്. ഹാച്ചറികളിൽ നിന്ന് ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി പ്രതിരോധ കുത്തിവയ്പുകളൊക്കെ എടുത്ത് ആവശ്യക്കാർക്ക് ഫാമിൽ നിന്ന് നേരിട്ട് വിൽക്കുന്നു. ഒരു സമയം രണ്ടായിരത്തിലധികം കോഴിക്കുഞ്ഞുങ്ങളെ ഇവിടെ നിന്നും വളർത്തി വിൽക്കുന്നു. ഇതിനും ആവശ്യക്കാരേറെ.

സുരേഷിന്റെയും, കുടുംബത്തിന്റെയും കൂട്ടായ അക്ഷീണ പ്രവർത്തനവും, മേൽനോട്ടവും കൊണ്ടാണ് ഫാം വിജയകരമായി ജൈത്രയാത്ര തുടരുന്നത്. ഫാമിന്റെ സുരക്ഷ മുൻനിർത്തി സിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്. ഫാമിന്റെ പ്രവർത്തനങ്ങളിൽ സുരേഷിനെ സഹായിക്കാൻ ഒരു ഇതര സംസ്ഥാന തൊഴിലാളി കുടുംബവും ഫാമിലുണ്ട്.

ചതുരാകൃതിയിൽ തറ കുഴിച്ച്  ടാർപോളിൻ വിരിച്ച് അതിനുള്ളിൽ ശുദ്ധജലം നിറച്ചാണ് കൃത്രിമ കുളങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ ആസാം വാളയാണ് വളരുന്നത്. 

thanal-integrated-farm-fish-pond
പടുതക്കുളങ്ങളിൽ മത്സ്യക്കൃഷി

മാറനല്ലൂർ മോഡൽ സംയോജിതകൃഷി സംരംഭത്തിന്റെ പ്രവർത്തനോദ്ഘാടനം ഇക്കഴിഞ്ഞ ഓഗസ്റ്റ് 27ന് രാവിലെ 11ന് എംഎൽഎ ഐ.ബി. സതീഷ് നിർവഹിക്കുകയുണ്ടായി. മൃഗസംരക്ഷണ, കൃഷി, ഫിഷറീസ് വകുപ്പു ഉദ്യോഗസ്ഥരുടെ ഒരു കൂട്ടായ പ്രവർത്തനം ഫലപ്രാപ്തിയിൽ എത്തിച്ചതായും എംഎൽഎ അഭിപ്രായപ്പെട്ടു.

വിവിധയിനം ജീവജാലങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പരിപാലിക്കുന്ന വിജയകരമായ സംരഭത്തിന്  ഉത്തമ ഉദാഹരണമായ ഫാമിന് ‘തണൽ’ എന്നാനാമകരണം ചെയ്തിരിക്കുന്നത്. അതേ, കർഷകനും മൃഗങ്ങൾക്കും ഒരുപോലെ തണലാകുന്ന ഒരു സംരംഭംതന്നെ ഇത്.

English summary: Integrated Farm Model in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com