ADVERTISEMENT

വാഴക്കുലയ്ക്കു പിന്നാലെ കിഴങ്ങുവിളകൾക്കും വിലയിടിവ്. കപ്പയു‌ടെ പ്രധാന വിളവെടുപ്പ് ആരംഭിച്ചതിനാൽ വില കുത്തനെ താഴേക്കാണ്. പലേടത്തും 8–10 രൂപയാണ് മൊത്തവില. ഈ വർഷം കൂടുതൽ പേർ കൃഷിയിലേക്കിറങ്ങിയത് ഉൽപാദനം ഉയർത്തിയിട്ടുണ്ട്. ഇതും വിലയിടിവിന് കാരണമായി.

കപ്പയ്ക്കു മാത്രമല്ല മറ്റു കിഴങ്ങിനങ്ങളായ കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയവയ്ക്കും വിലയിടിവാണ്. കാച്ചിലും ചേനയും 20 രൂപയ്ക്കും ചേമ്പ് 25 രൂപയ്ക്കുമാണ് ഇന്നലെ സംഭരിച്ചതെന്ന് വിഎഫ്‌പിസികെ കർഷകവിപണി പ്രസിഡന്റ് ജോബി കവിയിൽ പറയുന്നു. ഇത് ഇനിയും താഴേക്കു പോകാനാണ് സാധ്യതയെന്നും ജോബി. എല്ലാ തിങ്കളാഴ്ചയും പ്രവർത്തിക്കുന്ന ഈ കർഷകവിപണിയിൽ ഏറ്റവുമധികം എത്തുന്നത് ഏത്തക്കുലയാണ്. ഇന്നലെ മാത്രം ഒന്നര ടണ്ണോളം വാഴക്കുലകൾ സംഭരിച്ചു. ഇന്നലെ ഏത്തക്കുലയുടെ മൊത്തവില കിലോഗ്രാമിന് 18 രൂപയിലേക്ക് താഴ്ന്നുവെന്ന് ജോബി. വരും ദിവസങ്ങളിൽ വില വീണ്ടും താഴേക്കു പോകാം. തമിഴ്നാട്ടിൽനിന്നുള്ള കുല കിലോഗ്രാമിന് 14 രൂപയ്ക്ക് കേരളത്തിൽ എത്തുന്നതും ഇവിടുത്തെ കർഷകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഏത്തയ്ക്കു മാത്രമല്ല മറ്റിനങ്ങൾക്കും വില താഴേക്കാണ്. ഞാലിപ്പൂവൻ 25 രൂപ, പൂവൻ 20 രൂപ, പാളയംകോടൻ 8 രൂപ എന്നിങ്ങനെയാണ് ഇന്നലെ സംഭരണം നടന്നത്.

neeloor-karshaka-vipani-1

സാധാരണ ഓണ സീസണാണ് ചേനയുടെ വലിയ വിപണി. എന്നാൽ, ഇത്തവണ കോവിഡ് മൂലം ഹോട്ടലുകൾ അടഞ്ഞുകിടന്നതും വിവാഹസദ്യ ചുരുങ്ങിയതും ചേനയുടെ വിപണിയെ സാരമായി ബാധിച്ചു. പല കർഷകരും ചേന വിളവെടുക്കാതെ വിത്താക്കി മാറ്റാനുള്ള ശ്രമത്തിലാണ്. ചേമ്പിനും കാച്ചിലിനും വിപണിയിൽ നേരിയ ചലനമുണ്ടെങ്കിലും വൻതോതിൽ കൃഷി ചെയ്ത കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചേമ്പ് ഉപയോഗിച്ചുള്ള ചിപ്സ് മാർക്കറ്റിൽ ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും വലിയ പ്രചാരം ലഭിച്ചിട്ടില്ല. ഇത്തരം വിളകൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനുള്ള സംവിധാനം നടപ്പാക്കിയാൽ കർഷകർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല.

മലയോര മേഖലകളിലെല്ലാം കപ്പ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. വാട്ടുകപ്പയ്ക്ക് എന്നും വിപണിയുള്ളതിനാൽ കപ്പ വാട്ടി കേടാകാതെ സൂക്ഷിച്ചാൽ എപ്പോഴും വിപണി ലഭിക്കും. വിലത്തകർച്ചയിൽ ബുദ്ധിമുട്ടുന്നവർക്ക് ഈയൊരു മാർഗം സ്വീകരിക്കാവുന്നതാണ്. 

English summary: Tuber Crops Farmers in Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com