സ്വന്തം പ്രശ്നം, സ്വന്തം പരിഹാരം; കാന്താരിമുളക് കാർഷികപ്രശ്നങ്ങൾക്കുള്ള പരിഹാരമാകുമോ?

HIGHLIGHTS
  • കാന്താരിയിലൂടെ സമാശ്വാസം കണ്ടെത്തി കർഷകർ
  • 250 രൂപ നിരക്കിൽ കാന്താരി സംഭരണം
kanthari-mulak
SHARE

കാന്താരിമുളക് കാർഷികപ്രശ്നങ്ങൾക്കുള്ള പരിഹാരമാകുമോ? രൂക്ഷമായ രണ്ട് കാർഷിക പ്രശ്നങ്ങൾക്ക് – വരുമാനത്തകർച്ചയും വന്യമൃഗ ശല്യവും– കാന്താരിയിലൂടെ സമാശ്വാസം കണ്ടെത്തിയിരിക്കുകയാണ് കോട്ടയം കണമലയിലെ റബർ കർഷകർ. കാന്താരിയെ അറിയാത്തവരായി ആരുമുണ്ടാവില്ല, കോളസ്ട്രോൾ കുറയ്ക്കുന്ന ഭക്ഷ്യവസ്തുവായാണ് കാന്താരിയുടെ പെരുമ. 

റബർ തോട്ടത്തിൽനിന്ന് അധികവരുമാനം കണ്ടെത്താവുന്ന പല സാധ്യതകളുമുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കി കൃഷിക്കാരന്റെ കീശയിൽ കാശെത്തിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ ദൗത്യം ഭംഗിയായി നിർവഹിക്കുകയാണ് കോട്ടയം എരുമേലിക്കു സമീപമുള്ള കണമല സർവീസ് സഹകരണ ബാങ്ക്.  റബർത്തോട്ടങ്ങളിലെ കാന്താരിവിപ്ലവത്തിലൂടെ കേരളത്തിനാകെ മാതൃക സൃഷ്ടിച്ച ഇവർ മത്സ്യം, പോത്ത്, തേൻ തുടങ്ങിയ അധികവരുമാന സാധ്യതകളും പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഏതു വിളയായാലും മുൻകൂട്ടി നിശ്ചയിച്ച വില ഉറപ്പുനൽകാൻ കഴിയുന്നുവെന്നതാണ് ബാങ്കിന്റെ കർഷകസൗഹൃദ പദ്ധതികളുടെ മുഖമുദ്ര. 

കഴിഞ്ഞ ഫെബ്രുവരിയിൽ തുടക്കം കുറിച്ച കാന്താരി വിപ്ലവമെടുക്കൂ.  റബർമരങ്ങൾക്കിടയിലെ  തണലിലും വളരുന്ന കാന്താരിമുളകിനു വിപണിയിൽ പൊന്നുവിലയുണ്ട്. എന്നാൽ ഒരു കൃഷിക്കാരൻ 250 ഗ്രാം കാന്താരിമുളകുമായി കടയിൽ ചെന്നാൽ ഇത്രയും വില കിട്ടാറില്ല. ഈ സാഹചര്യത്തിലാണ് തങ്ങളുടെ കൃഷിക്കാരിൽ നിന്നും കിലോയ്ക്ക് 250 രൂപ നിരക്കിൽ കാന്താരിമുളക് സംഭരിക്കാൻ ബാങ്ക് തയാറാണെന്നു പ്രസിഡന്റ് ബിനോയി ജോസ് മങ്കന്താനം പ്രഖ്യാപിച്ചത്. കാന്താരിയുടെ മൊത്തവ്യാപാരം കൂടുതലായി നടക്കുന്ന തൃശൂർ വിപണിയിൽ വേണ്ടത്ര പഠനം നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.  കാന്താരി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകാമെന്നും പറഞ്ഞിരുന്നു. എന്നാൽ മുടക്കുമുതൽ ആവശ്യമില്ലാത്ത കാന്താരിക്കെന്തിനു കാർഷികവായ്പ! സ്വന്തം പറമ്പിലെ കാന്താരിവിത്തെടുത്ത് എല്ലാവരും കൃഷി തുടങ്ങി. കാന്താരി കർഷകനെ കടക്കെണിയിലാക്കില്ലെന്ന് സാരം.

 കൃത്യം   മൂന്നു മാസത്തിനുശേഷം കൃഷിക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട് 250 രൂപ നിരക്കിൽ ബാങ്ക് കാന്താരിമുളക് വാങ്ങി. ആദ്യദിവസം 103 കിലോ കാന്താരിയാണ് സംഭരിക്കാനായത്. ഇതുവഴി 53 കൃഷിക്കാർക്ക് 25,750 രൂപ അധികവരുമാനം ലഭിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം നടന്ന അടുത്ത സംഭരണത്തിൽ മുളകിന്റെ അളവ് 123 കിലോയായി. കിലോയ്ക്ക് 250 രൂപ നിരക്കിൽ മുളകു സംഭരണം തുടങ്ങുമ്പോൾ ഒരു കിലോ റബറിന് അതിന്റെ പകുതി വില പോലും കിട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെയാവണം 90 ശതമാനമാളുകളും റബറിനെ ആശ്രയിക്കുന്ന ഗ്രാമത്തിൽ കാന്താരിവിപ്ലവം വലിയ ആവേശമാണുണ്ടാക്കിയത്. പല കൃഷിക്കാരും കാന്താരിക്കൃഷിക്കായി പ്രത്യേകം സ്ഥലം നീക്കിവച്ചു. വീട്ടമ്മമാരും വിദ്യാർഥികളും വരെ കാന്താരി വളർത്തി പോക്കറ്റ്മണി സമ്പാദിച്ചു. കൊറോണയും ലോക് ഡൗണുമൊക്കെ ജീവിതം ദുരിതമയമാക്കിയ നാളുകളിൽ വലിയ ആശ്വാസമാണ് കാന്താരിയുടെ എരിവ് കൃഷിക്കാർക്ക് സമ്മാനിച്ചത്. 

കണമലയിലെ കാന്താരിവിപ്ലവം ഒരു ഉദാഹരണം മാത്രം.  കുരുമുളകിനു ബേക്കറിയിൽ ഉപയോഗം കണ്ടെത്തിയ വയനാടൻ കർഷകരും, മികച്ച കാലിത്തീറ്റയിലൂടെ മെച്ചപ്പെട്ട പാലും വരുമാനവും ഉറപ്പാക്കിയ തൃശൂരിലെ ഡെയറി ഫാം ഉടമകളും  സ്വന്തം അനുഭവസമ്പത്ത് പങ്ക് വയ്ക്കുന്നതിലൂടെ വരുമാനം നേടുന്ന പാലക്കാടൻ കർഷകരുമൊക്കെ സമാനമാതൃകകൾ തന്നെ.  സ്വന്തം പ്രശ്നങ്ങൾക്കു സ്വയം പരിഹാരം കണ്ടെത്തുന്നതിനായി ഈ  കർഷകകൂട്ടായ്മകൾ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ  വായിക്കാം – ജനുവരി ലക്കം കർഷകശ്രീയിൽ.

ഓൺലൈനായും കർഷകശ്രീ വരിക്കാരാകാം https://rb.gy/xgcdo3

English summary: Tabasco pepper cultivation in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA