ADVERTISEMENT

പക്ഷികളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പക്ഷിരോഗമാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ അഥവാ പക്ഷിപ്പനി. ഓര്‍ത്തോമിക്സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ എ വൈറസുകളാണ് പക്ഷിപ്പനിക്ക്  കാരണമാവുന്നത്. പക്ഷിപ്പനി  വൈറസിന് അവയിലടങ്ങിയ ഉപരിതലപ്രോട്ടീനുകളുടെ അടിസ്ഥാനത്തില്‍ അനേകം വകഭേദങ്ങളുണ്ട് . ഇതിൽ പക്ഷികളിൽ ഏറെ മാരകമായതും വേഗത്തിൽ പടരുന്നതും   മരണനിരക്ക് ഉയർന്നതുമായ എച്ച്. 5 എന്‍. 8 (H-5 N-8) ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളാണ് ആലപ്പുഴയിലും കോട്ടയത്തും ഇപ്പോൾ രോഗകാരണമായത്. ശീതകാലത്തിന്റെ തുടക്കത്തിൽ  മറുനാടുകളിൽനിന്നും പറന്നെത്തിയ ദേശാടന ജലപക്ഷികളിൽ നിന്നാവാം  വൈറസുകൾ താറാവുകളിലേക്ക് പടർന്നത് എന്നാണ് പ്രാഥമിക അനുമാനം.

പക്ഷിപ്പനി ഒരു ജന്തുജന്യരോഗം

പക്ഷികളില്‍  മാത്രം  ഒതുങ്ങി നില്‍ക്കുന്ന രീതിയില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ എ വൈറസുകളിലേറെയും.   ഇപ്പോൾ കേരളത്തിൽ സ്ഥിരീകരിച്ച എച്ച് 5 എൻ 8 വൈറസുകൾ ഇക്കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ലോകത്തിന്റെ പലഭാഗങ്ങളിലും  വലിയ രീതിയിൽ പക്ഷിപ്പനി പൊട്ടിപുറപ്പെടുന്നതിന് കാരണമായിട്ടുണ്ടെങ്കിലും ഈ വൈറസ് വകഭേദം  ഇതുവരെ മനുഷ്യരിലേക്ക് പകർന്നതായി ശാസ്ത്രീയ റിപോർട്ടുകളില്ല. എങ്കിലും പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനും, മാരക രോഗമുണ്ടാകാനുമുള്ള ശേഷിയും ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകള്‍ക്കുണ്ടെന്ന വസ്തുത അത്ര എളുപ്പത്തിൽ തള്ളിക്കളയാവുന്ന ഒന്നല്ല. ഇപ്പോൾ കോവിഡ് വൈറസിന് സംഭവിച്ച മാതൃകയിൽ വളരെ തീവ്രത കൂടിയ  ജനിതക മാറ്റങ്ങള്‍ സംഭവിച്ച് പക്ഷിപ്പനി വൈറസുകള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വളരെ വേഗത്തില്‍ വ്യാപിക്കുന്ന വൈറസുകളായി രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്  ലോകാരോഗ്യസംഘടന നല്‍കിയിട്ടുണ്ട്. രോഗബാധയേറ്റ പക്ഷികളെ സുരക്ഷാമുന്‍കരുതലുകള്‍ കൂടാതെ കൈകാര്യം ചെയ്യുന്നതിലൂടെയും കശാപ്പ് നടത്തുന്നതിലൂടെയുമാണ് രോഗം മനുഷ്യരിലേക്ക് പടരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എച്ച്5 എൻ8 പക്ഷിപ്പനി വൈറസിന്‍റെ വ്യാപനം തടയാനുള്ള ദ്രുതനടപടികള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. മാത്രമല്ല കൂടുതൽ പ്രദേശങ്ങളിലേക്ക് വൈറസ് വ്യാപിക്കാൻ ഇടവന്നാൽ ആയിരകണക്കിന് കർഷകരുടെ ജീവനോപാധിയായ കോഴി, താറാവ്, അരുമപക്ഷിവളർത്തൽ മേഖല തന്നെ വൻ പ്രതിസന്ധിയിലാവും.  

bird-flu-2
താറാവുകൾ കൂട്ടത്തോടെ ചത്തതു പക്ഷിപ്പനിമൂലമാണെന്നു സ്ഥിരീകരിച്ചതോടെ, കുട്ടനാട് തലവടിയിൽ ചത്ത താറാവുകളെ കുഴിച്ചുമൂടാൻ കൂട്ടിയിട്ടിരിക്കുന്നു. ചിത്രം: മനോരമ.

പക്ഷിപ്പനി പറന്നെത്തിയ വെല്ലുവിളി

ഇന്‍ഫ്ളുവന്‍സ വൈറസുകളെ ശരീരത്തില്‍ വഹിച്ച് പറക്കുന്ന ദേശാടനപ്പക്ഷികളും, കാട്ടുപക്ഷികളുമെല്ലാം ഏറെയുണ്ട്. വാഹകരായ പക്ഷികളുടെ ശ്വസനനാളത്തിലും അന്നനാളത്തിലുമെല്ലാമാണ് വൈറസുകള്‍ വാസമുറപ്പിക്കുക. വൈറസിന്‍റെ വ്യാപനത്തിലും നിലനില്‍പ്പിനും പരിണാമത്തിലും  എല്ലാം വലിയ പങ്കുവഹിക്കുന്ന വാഹകരായ ഈ പക്ഷികളില്‍ വൈറസുകള്‍ സാധാരണ രോഗമുണ്ടാക്കില്ല. രോഗവാഹകരും രോഗബാധിതരുമായ പക്ഷികള്‍ അവയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും വൈറസിനെ ധാരാളം പുറന്തള്ളും. ഈ പക്ഷികളുമായും, സ്രവങ്ങളും, കാഷ്ഠവുമായുമുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും, ശരീരസ്രവങ്ങളും കാഷ്ഠവും കലര്‍ന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം  വഴി പരോക്ഷമായും രോഗം അതിവേഗത്തില്‍ പടര്‍ന്നുപിടിക്കും. ചെറിയ ദൂരപരിധിയില്‍ രോഗാണു മലിനമായ ജലകണികകള്‍, പൊടിപടലങ്ങള്‍, തൂവലുകള്‍ എന്നിവ വഴി വായുവിലൂടെയും രോഗവ്യാപനം നടക്കും. 

രോഗലക്ഷണങ്ങളും, പകര്‍ച്ചനിരക്കും, രോഗതീവ്രതയും, മരണനിരക്കുമെല്ലാം വൈറസിന്‍റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടും. ഇന്‍ഫ്ളുവന്‍സ വൈറസ് ഗ്രൂപ്പിലെ  എച്ച് 5 എച്ച് 7 ഉപഗണത്തില്‍പ്പെട്ട വൈറസുകളാണ് പക്ഷികളില്‍ ഏറ്റവും മാരകം.  അതിതീവ്ര വൈറസ് ബാധയില്‍ പച്ചകലര്‍ന്ന വയറിളക്കം, തലയും, പൂവും, താടയുമെല്ലാം വീങ്ങി നീലനിറമാവല്‍,  ശ്വാസമെടുക്കാനുള്ള പ്രയാസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചശേഷം ഒന്നോ രണ്ടോ ദിവസത്തിനകം പക്ഷികള്‍ കൂട്ടമായി ചത്തൊടുങ്ങും. ലക്ഷണങ്ങള്‍ ഏതെങ്കിലും പ്രകടമാവുന്നതിന് മുന്‍പ് തന്നെ പക്ഷികള്‍  കൂട്ടമായി ചത്തുവീഴാനും അതിതീവ്ര വൈറസ് ബാധയില്‍ സാധ്യതയുണ്ട്.ആലപ്പുഴയിലും കോട്ടയത്തും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് അതിതീവ്ര വൈറസ് ബാധയാണ് .ഏകദേശം ഇരുപത്തിയഞ്ചായിരത്തോളം താറാവുകൾ രണ്ടാഴ്ചക്കുള്ളിൽ തന്നെ ഈ മേഖലയിൽ ചത്തൊടുങ്ങിയിട്ടുണ്ട് 

ജാഗ്രതയാണ് പ്രതിരോധം

പക്ഷികള്‍ കൂട്ടമായി ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍  ഉടന്‍ അടുത്ത മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ മുഴുവന്‍ വളര്‍ത്തുപക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്കരിക്കുക എന്നതാണ് ദേശീയ പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോള്‍ നിര്‍ദ്ദേശിക്കുന്ന  നിയന്ത്രണമാര്‍ഗം. ഒപ്പം അവയുടെ മുട്ട, തീറ്റ, കാഷ്ഠം, ലിറ്റര്‍  അടക്കമുള്ള മറ്റ് ജൈവമാലിന്യങ്ങള്‍ എന്നിവയും സുരക്ഷിതമായി സംസ്കരിക്കണം.

രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കമുണ്ടായവര്‍, പക്ഷിക്കാഷ്ഠം വളമായി ഉപയോഗിക്കുന്ന കര്‍ഷകര്‍, രോഗബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടവര്‍, രോഗബാധിത മേഖലകളില്‍ താമസിക്കുന്നവര്‍ എന്നിവരെല്ലാം പ്രത്യേക ജാഗ്രത പുലര്‍ത്തണം. രോഗം ബാധിച്ചവയെയും ചത്തുവീണ പക്ഷികളേയും കൈകാര്യം ചെയ്യുമ്പോള്‍ മാസ്ക്, കയ്യുറ, ഏപ്രണ്‍, ഗോഗിള്‍,  ഗംബൂട്ട്  തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. 

രോഗബാധിതമേഖലയില്‍ നിന്നും പക്ഷികളെയും, പക്ഷികളുടെ തീറ്റ, മുട്ട, മാംസം, ഫാം ഉപകരണങ്ങള്‍ എന്നിവയും, തൂവല്‍, കാഷ്ഠം, ലിറ്റര്‍  അടക്കമുള്ള ജൈവമാലിന്യങ്ങളും  മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകാന്‍ പാടില്ല.

bird-flu-3

ചുറ്റുവട്ടങ്ങളില്‍ പറന്നു നടക്കുന്ന നാട്ടുപക്ഷികളും, കാട്ടുപക്ഷികളും, ദേശാടനപക്ഷികളുമെല്ലാം രോഗവാഹകരും രോഗബാധിതരും ആവാന്‍ സാധ്യതയുണ്ട്. വളര്‍ത്തുപക്ഷികളുമായി ദേശാടനപ്പക്ഷികളുടെയും, കാട്ടുപക്ഷികളുടെയും, സമ്പര്‍ക്കം തടയാന്‍  ഫലപ്രദമായ ജൈവസുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. രോഗം കണ്ടെത്തിയതിന് പത്തു കിലോമീറ്റര്‍ ദൂരപരിധിയിലുള്ള പ്രദേശങ്ങളില്‍ കോഴികളെയും, താറാവുകളെയും മറ്റ് വളര്‍ത്തുപക്ഷികളെയും അഴിച്ചുവിട്ട് വളര്‍ത്തുന്നത് തല്‍ക്കാലം ഒഴിവാക്കണം. ദേശാടനക്കിളികളെയും മറ്റും ആകര്‍ഷിക്കുന്ന തരത്തില്‍ തീറ്റയവശിഷ്ടങ്ങളും, മാലിന്യങ്ങളും ഫാമിന്‍റെ പരിധിയില്‍ നിക്ഷേപിക്കരുത്. ജലപക്ഷികളും, ദേശാടനപക്ഷികളും വന്നിറങ്ങാത്ത രീതിയില്‍ ജലസംഭരണികളും, ടാങ്കുകളും നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി  അടച്ച് സൂക്ഷിക്കണം.

മതിയായ അണുനശീകരണം നടത്തിയതിന് ശേഷം മാത്രമേ തൊഴിലാളികളെയും, വാഹനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയെയുമെല്ലാം ഫാമിനകത്തേക്ക് പ്രവേശിപ്പിക്കാവൂ. അനാവശ്യ സന്ദര്‍ശകരെ ഫാമില്‍ അനുവദിക്കരുത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനം. ഗ്ലൂറ്ററല്‍ഡിഹൈഡ് സംയുക്തങ്ങള്‍ അടങ്ങിയ കോര്‍സൊലിന്‍, ലൈസോള്‍, രണ്ടു ശതമാനം വീര്യമുള്ള കോസ്റ്റിക് സോഡാ ലായനി, പൊട്ടാസ്യം പെര്‍മാംഗനേറ്റ് എന്നിവയെല്ലാം ഫാമില്‍ ഉപയോഗിക്കാവുന്നതും ഇന്‍ഫ്ളുവന്‍സ വൈറസുകളെ നശിപ്പിക്കുന്നതുമായ മികച്ച അണുനാശിനികളാണ്. വീട്ടില്‍ ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് പൗഡറും (ഹൗസ് ഹോള്‍ഡ് ബ്ലീച്ച്) പക്ഷിപ്പനി വൈറസുകളെ തടയാന്‍ ഉപയോഗിക്കാവുന്ന മികച്ച അണുനാശിനിയാണ്. ഒരു ലീറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ കലക്കി കൂടും പരിസരവും വൃത്തിയാക്കാം.

ഫാമിലേക്ക് പുതിയ പക്ഷികളെ  കൊണ്ടുവരുമ്പോള്‍ മുഖ്യഷെഡിലെ പക്ഷികള്‍ക്കൊപ്പം ചേര്‍ക്കാതെ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും പ്രത്യേകം മാറ്റി പാര്‍പ്പിച്ച് ക്വാറന്‍റൈന്‍ നല്‍കേണ്ടത് ഏറെ പ്രധാനം.

മതിയായി വേവിച്ച മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതിയൊന്നും വേണ്ട. കാരണം 70 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ 30 മിനിറ്റിനകം  വൈറസുകള്‍ നശിക്കും. ഇറച്ചി പാകം ചെയ്യുമ്പോള്‍ അതിന്റെ എല്ലാ  ഭാഗവും നന്നായി വെന്തുവെന്ന് ഉറപ്പാക്കുക. പച്ചമുട്ടയും, പാതിവെന്ത ഇറച്ചിയും, മുട്ടയും ആഹാരമാക്കുന്നത് ഒഴിവാക്കണം. മുന്‍കരുതല്‍ എന്ന നിലയില്‍ പച്ചമാംസം കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക. രോഗമേഖലയില്‍ നിന്നുള്ള ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുമ്പോള്‍ അറിയാതെ വൈറസുകളുമായും സമ്പര്‍ക്കം ഉണ്ടാവാനിടയുണ്ട്. ഈയൊരു സാധ്യതയുള്ളതിനാല്‍ രോഗമേഖലകളില്‍ നിന്നുള്ള ഇറച്ചിയും മുട്ടയും ഒഴിവാക്കണം. മറ്റ് പ്രദേശങ്ങളില്‍  നിന്നുള്ള  ഇറച്ചിയും മുട്ടയും നന്നായി വേവിച്ച് കഴിക്കുന്നത് ആരോഗ്യസുരക്ഷിതമാണ്.

English summary: Prevention and Treatment of Avian Influenza A Viruses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com