മത്സ്യക്കൃഷിയിലെ വിഷം കലർത്തൽ തുടർക്കഥ; എന്തൊക്കെ ശ്രദ്ധിക്കണം?

HIGHLIGHTS
  • 24 മണിക്കൂറും എയറേഷനും ഫിൽട്രേഷനും വേണം
  • വിഷം കലക്കി എന്നത് ഊട്ടിയുറപ്പിക്കുന്നതിനുള്ള തെളിവുകളില്ല
fish-dead
ജലത്തിൽ പ്രാണവായുവിന്റെ കുറവ് വന്നതിനെത്തുടർന്ന് ചത്തുപൊങ്ങിയ മത്സ്യങ്ങൾ
SHARE

ആറ്റുനോറ്റു വളർത്തിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുകിടക്കുന്നത് കാണേണ്ടിവരുന്ന കർഷകർ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടിൽ. പലപ്പോഴും വിളവെടുക്കാൻ പ്രായമായ, 4 മാസം വളർച്ച പിന്നിട്ട മത്സ്യങ്ങളായിരിക്കും ഇത്തരത്തിൽ വലിയ തോതിൽ ചത്തൊടുങ്ങുക. മുൻ കാലങ്ങളിൽ ഒറ്റപ്പെട്ട ഇത്തരം കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെടിരുന്നതെങ്കിൽ ഇന്ന് സ്ഥിതി അതല്ല. മത്സ്യക്കൃഷി വലിയ ജലാശയങ്ങളിൽനിന്ന് വീട്ടുമുറ്റത്തെ ചെറിയ ടാങ്കിലേക്കു മാറിയതുതന്നെ ഇതിനു കാരണം. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്താൽ അപ്പോൾത്തന്നെ ഒരു കാര്യം ഉറപ്പിക്കും... ശത്രുക്കൾ കുളത്തിൽ വിഷം കലക്കി.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിൽ ഒട്ടേറെ ‘വിഷംകലക്കൽ’ കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, വിഷം കലക്കിയതിന്റെ പേരിൽ കേസ് റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നല്ലാതെ കുറ്റവാളികളെ പിടികൂടിയിട്ടില്ല. വിഷം കലക്കി എന്നത് ഊട്ടിയുറപ്പിക്കുന്നതിനുള്ള തെളിവുകളില്ല എന്നതുതന്നെ ഒരു കാരണം. പലപ്പോഴും അശ്രദ്ധയാണ് മത്സ്യങ്ങളുടെ മരണത്തിന് കാരണമെന്നതും ഒരിക്കലും തള്ളിക്കളയാനാവാത്ത സത്യമാണ്.

നിയന്ത്രിത സാഹചര്യത്തിൽ ആ ജലാശയത്തിന് സ്വാഭാവികമായി ഉൾക്കൊള്ളാൻ കഴിയാത്തതിലും കൂടിയ അളവിൽ മത്സ്യങ്ങളെ വളർത്തുമ്പോൾ 24 മണിക്കൂറും എയറേഷനും ഫിൽട്രേഷനും വേണമെന്ന് മാത്രമല്ല അമോണിയ പോലുള്ളവ നിയന്ത്രിക്കാനും കഴിയണം. വൈദ്യുതി മുടങ്ങുന്ന സമയത്ത് മത്സ്യക്കുളത്തിലെ ഉപകരണങ്ങളുടെ പ്രവർത്തനം നിലയ്ക്കാതിരിക്കാനുള്ള പവർ ബാക്കപ് സംവിധാനവും ഉണ്ടായിരിക്കണം. മാത്രമല്ല എല്ലാ ഉപകരണങ്ങളും ഘടിപ്പിച്ചിപിക്കുന്നത് കൃത്യമാണെന്നും പൈപ്പ്‌ലൈനുകളിൽ തകരാറില്ലായെന്നും നിത്യേന ഉറപ്പുവരുത്തുകയും വേണം.

പലപ്പോഴും അസാധാരണമായുള്ള മത്സ്യങ്ങളുടെ കൂട്ടത്തോടെയുള്ള മരണം സംഭവിക്കുമ്പോൾ ശാസ്ത്രീയമായ പരിശോധന നടത്താൻ കർഷകർ ശ്രദ്ധിക്കാറില്ല. പരിശോധിച്ചെങ്കിൽ മാത്രമേ മരണകാരണം തിരിച്ചറിയാൻ കഴിയൂ. വിഷം കലക്കിയതാണെങ്കിലും ഇത്തരം ശാസ്ത്രീയ പരിശോധനകൾ വഴി തിരിച്ചറിയാം. 

കുഫോസ് (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ്), സിഫ്റ്റ് (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി) തുടങ്ങിയ സ്ഥലങ്ങളിൽ മത്സ്യങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കുള്ള സൗകര്യമുണ്ട്. അൽപം ചെലവേറുമെങ്കിലും കൃത്യമായ നിർണയത്തിന് ഇത് സഹായിക്കും. പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുമ്പോഴും അത് ലാബിൽ എത്തിക്കുമ്പോഴും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

ലാബിലെ പരിശോധനകൾക്കായി ചത്ത മത്സ്യങ്ങളെ ജലാശയത്തിൽനിന്ന് നേരിട്ട് ശേഖരിക്കുക. രോഗപ്രശ്നങ്ങൾ രൂക്ഷമായി കാണിക്കുന്ന അഞ്ചോ ആറോ മത്സ്യങ്ങളെ എടുക്കാം. ഒപ്പം ചെറിയ രോഗലക്ഷണങ്ങൾ കാണിക്കുന്നവയും ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവയെയും സാമ്പിളുകളായി എടുക്കണം. 

ജീവനുള്ള മത്സ്യങ്ങളെ എടുക്കുമ്പോൾ

മത്സ്യക്കുളത്തിൽ വലിയ അത്യാഹിതം സംഭവിച്ചാൽ അതിൽ ജീവനോടെ അവശേഷിക്കുന്ന മത്സ്യങ്ങളുണ്ടെങ്കിൽ അവയെ ജീവനോടെതന്നെ ലാബിൽ എത്തിക്കണം. കുളത്തിൽനിന്ന് വല ഉപയോഗിച്ച് പിടിച്ച മത്സ്യങ്ങളെ അതേ കുളത്തിലെ വെള്ളമെടുത്ത പ്ലാസ്റ്റിക് കവറിലേക്ക് മാറ്റി ആവശ്യമായ എയറേഷനും നൽകിയാവണം ലാബിലേക്ക് കൊണ്ടുപോകേണ്ടത്. 

ജലാശയത്തിലെ വെള്ളം‌

മത്സ്യങ്ങൾ ചത്ത കുളത്തിലെ വെള്ളവും പരിശോധനയ്ക്കായി എടുക്കേണ്ടതുണ്ട്. ഇതിന് സാധാരണ വലുപ്പമുള്ള വാട്ടർ ബോട്ടിൽ ഉപയോഗിക്കാം. ജലാശയത്തിലെ വെള്ളം ഉപയോഗിച്ച് ബോട്ടിൽ കഴുകിയശേഷം ജലാശയത്തിൽ മുക്കി വെള്ളം നിറയ്ക്കാം. കുപ്പിക്കുള്ളിൽ വായു നിൽക്കാത്ത വിധത്തിൽ വേണം നിറയ്ക്കാൻ. ശേഷം ഐസിൽ സൂക്ഷിച്ച് ലാബിൽ എത്തിക്കാം.

ചത്ത മത്സ്യങ്ങളുടെ സാമ്പിൾ ശേഖരണം

ജീർണിച്ചതോ ജീർണിച്ചുതുടങ്ങിയതോ ആയ മത്സ്യങ്ങളെ പരിശോധിച്ചതുകൊണ്ട് പ്രയോജനമില്ല. അതുകൊണ്ടുതന്നെ അധികം പഴക്കമില്ലാത്ത മത്സ്യങ്ങളെ വേണം പരിശോധനയ്ക്കായി അയയ്ക്കേണ്ടത്. മത്സ്യങ്ങളുടെ ചെകിളപ്പൂക്കൾ നോക്കി ഇത് തിരിച്ചറിയാം. പുതുതായി ചത്ത മത്സ്യങ്ങളുടെ ചെകിളപ്പൂക്കൾക്ക് ചുവപ്പുനിറമായിരിക്കും. പഴകിയതാണെങ്കിൽ ചെകിളപ്പൂക്കളുടെ നിറം മങ്ങിയിട്ടുണ്ടാകും. 

ചത്ത മത്സ്യങ്ങളെ പ്ലാസ്റ്റിക് ബാഗിൽ നിക്ഷേപിച്ച് നന്നായി മുറുക്കി കെട്ടിയശേഷം ഐസ് നിറച്ച ബോക്സിലാക്കി ലാബിലെത്തിക്കാം.‌ ചത്ത മത്സ്യങ്ങളെ കുളത്തിൽനിന്ന് നേരിട്ടു വേണം പ്ലാസ്റ്റിക് കവറിലേക്ക് മാറ്റാൻ. മറ്റു പാത്രങ്ങളോ ഐസോ ഉപയോഗിക്കാൻ പാടില്ല. 

ഒന്നിൽ കൂടുതൽ കുളങ്ങളിൽനിന്നുള്ള മത്സ്യങ്ങളുണ്ടെങ്കിൽ കവറിനു പുറത്ത് പ്രത്യേകം രേഖപ്പെടുത്തണം. ലബോറട്ടറിയുടെ പ്രവർത്തനസമയം മുൻകൂട്ടി മനസിലാക്കിയതിനുശേഷം വേണം സാമ്പിളുകൾ എത്തിക്കേണ്ടത്.

English summary: Collection and Submission of Samples for Fish-Kill Investigation and Toxic-Substance Analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA