കർഷകനു ശത്രു കർഷകൻ തന്നെയോ?

HIGHLIGHTS
  • സ്വന്തമായി ഒരു മൃഗം പോലുമില്ലെങ്കിലും പലരും വലിയ ഫാം ഉടമകളാണ്
farmers-enimy-farmer
SHARE

കർഷകർക്കിടയിൽ പൊതുവേ ഒരു സംസാരമുണ്ട് അവരെ ഒരുമിച്ചുകൂട്ടാൻ കഴിയില്ലെന്ന്. അതുകൊണ്ടുതന്നെയാവാം നമ്മുടെ നാട്ടിൽ കർഷകർക്ക് മാത്രമായൊരു സംഘടന രൂപീകരിക്കാൻ കഴിയാത്തത്. സമീപകാലത്ത് ചില കൂട്ടായ്മകൾ രൂപപ്പെട്ടിട്ടുണ്ടെങ്കിലും തൽക്കാലം അവയെ ഇതിൽ ഉൾപ്പെടുത്തേണ്ടതില്ല. കാരണം, ഡൽഹിയിലെ സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്കുള്ളതുപോലൊരു ഒത്തൊരുമ ഇതുവരെ ഇവിടെ ഉണ്ടായിട്ടില്ല.

സമീപകാലത്ത് വന്യജീവി പ്രശ്നത്തെത്തുടർന്ന് കർഷകർ പ്രതിഷേധിച്ചെങ്കിലും അവയെല്ലാം ഒറ്റപ്പെട്ട സമരങ്ങളായി മാറുകയാണ് ചെയ്തത്. കർഷകരെ ബോധവൽകരിച്ച് തങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ ചില കൂട്ടായ്മകൾ ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും പൂർണതോതിൽ വിജയിച്ചുവെന്ന് പറയാനും കഴിയില്ല. 

ഇത്രയും പറഞ്ഞത് പൊതുവായുള്ള കാര്യം. ഇനി, ചില പ്രവണതകളെക്കുറിച്ച് പറയാം. കേരളത്തിൽ കൃഷി അല്ലെങ്കിൽ ഫാമിങ് എന്നത് ചെറുകിട രീതിയിൽ മാത്രമാണുള്ളത്. അതായത് ഒരു സ്ഥിരവരുമാനം ലഭിക്കത്തക്ക രീതിയിലുള്ള വലുപ്പുമുള്ള ഫാമുകൾ നന്നേ കുറവ്. മാത്രമല്ല തന്റേത് മികച്ചത് മറ്റുള്ളവരുടേത് മോശം എന്ന രീതിയിലുള്ള പ്രചാരണം നടത്തുന്നവർ വേറെ. 

ഇതര സംസ്ഥാനങ്ങളിലെ ഫാമുകളുമായി താരതമ്യപ്പെടുത്തിയാൽ കേരളത്തിലെ വ്യക്തിഗത ഫാമുകളുടെ വിസ്തൃതി വളരെ കുറവാണ്. കുറഞ്ഞ സ്ഥലത്തുനിന്ന് വലിയ അധ്വാനമില്ലാതെ വലിയ ലാഭം നേടാൻ പലരും ശ്രമിക്കുന്നു. അതുകൊണ്ടെന്താ കാർഷികമേഖലയിൽ തട്ടിപ്പ്, മത്സരം, പക, കുപ്രചാരണം, ഗുണനിലവാരക്കുറവ്, അമിത വില തുടങ്ങിയ പ്രശ്നങ്ങൾ ഏറുന്നു.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഫാമിനെതിരേ കുപ്രചാരണം നടത്തി പൂട്ടിച്ച ഒട്ടേറെ സംഭവങ്ങൾ നമ്മുടെ നാട്ടിൽത്തന്നെ നടന്നിട്ടുണ്ട്. ഒരു കർഷകന് ഒരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കാൻ കർഷകർ പോലും ഉണ്ടാവാറില്ല. പലപ്പോഴും ഒറ്റയ്ക്ക് പോരാടിയാണ് കർഷകർ തങ്ങളുടെ അധ്വാനത്തിന്റെ ഫലം നഷ്ടപ്പെട്ടുപോകാതെ സംരക്ഷിക്കുന്നത്. നഷ്ടപ്പെടുന്നത് തനിക്കല്ലല്ലോ എന്ന ചിന്തയാണ് പലരെയും ഇത്തരം കേസുകൾ കാണുമ്പോൾ ഇടപെടാതിരിക്കാൻ പ്രേരിപ്പിക്കുന്നത്. ഇടപെട്ടാൽ തന്റെ ഫാമിനും പ്രശ്നം വരുമോ എന്ന പേടിയും കർഷകർക്കുണ്ട്. മൃഗസംരക്ഷണമേഖലയിലാണ് ഇത്തരം പ്രവണതകൾ ഏറെ.

സ്വന്തമായി ഒരു മൃഗം പോലുമില്ലെങ്കിലും പലരും വലിയ ഫാം ഉടമകളാണ്. ഉദാഹരണത്തിന് മുയൽ വളർത്തൽ മേഖലയെടുക്കാം, ചില വ്യക്തികൾ ഒരു ഫാമിൽ മുയലിനെ വാങ്ങാൻ ബുക്ക് ചെയ്യുമ്പോൾത്തന്നെ മുയലിനെ വിൽക്കാനുള്ള പരസ്യവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടാകും. ഒരു ഫാമിൽനിന്ന് വാങ്ങി ഇടനിലക്കാരനായി നിന്ന് മറിച്ചു വിൽക്കുമ്പോൾ വലിയ അധ്വാനമില്ലാതെ വലിയൊരു തുക ലാഭം ലഭിച്ചിരിക്കും. അതേസമയം, വാങ്ങിയ വ്യക്തിക്കായിരിക്കും സാമ്പത്തിക നഷ്ടം. അതായത് മുയലിന്റെ യഥാർഥ വിലയേക്കാൾ കൂടുതൽ നൽകേണ്ടിവരുന്നു. കച്ചവടം മോശമാണെന്നല്ല പറഞ്ഞുവന്നത്, പണം മാത്രമാവരുത് ലക്ഷ്യം. വിൽക്കുന്നവനും വാങ്ങുന്നവനും ഒരുപോലെ തൃപ്തി നൽകുന്നതാവണം വച്ചവടം.‌ അതുപോലെ നിലവാരമില്ലാത്ത മുയലുകളെയും ആടുകളെയും പശുക്കളെയുമൊക്കെ അമിത വിലയ്ക്കു വിൽക്കുന്ന പ്രവണത ഏറിവരികയാണ്. അതുകൊണ്ടുതന്നെ തുടക്കക്കാർ കരുതലോടെ വേണം പുതിയ സംരംഭത്തിലേക്കിറങ്ങാൻ.

ഒരു പ്രദേശത്ത് ഒന്നിൽക്കൂടുതൽ ഒരേ സംരംഭം ഉണ്ടെങ്കിൽ അവിടെ മത്സരം രൂപപ്പെടുകയായി. സ്വന്തം അധ്വാനംകൊണ്ട് മികച്ചത് ആവാൻ ശ്രമിക്കണം. അല്ലാതെ, അപരന്റെ കുറ്റം പറഞ്ഞ് താനാണ് മികച്ചതെന്ന് സ്ഥാപിക്കുകയല്ല വേണ്ടത്. 

ഇനി പഴം, പച്ചക്കറിയുടെ കാര്യമെടുത്താൽ വിലത്തകർച്ചകൊണ്ട് കർഷകർ ബുദ്ധിമുട്ടുന്നതല്ലാതെ ഉചിതമായ നടപടിയോ പ്രതികരണമോ ഉണ്ടാവുന്നില്ല. ഇതര സംസ്ഥാനങ്ങളിലെ കർഷകർക്ക് വിലത്തകർച്ചയുണ്ടാകുമ്പോൾ വിഷമിക്കുന്ന കേരളീയർ പക്ഷേ കേരളത്തിലെ കർഷകരെ കാണുന്നില്ല. അടുത്തിടെ വാഴയ്ക്കയുടെ വിലയിടിഞ്ഞപ്പോൾ കുറഞ്ഞ വിലയ്ക്ക് കൂടുതൽ വാഴയ്ക്ക വാങ്ങിയവരാണ് കേരളീയർ. വില ഇടിയാൻ വീണ്ടും കാത്തിരിക്കുകയാണ്. വിലത്തകർച്ചയുടെ പേരിൽ സമൂഹമാധ്യമങ്ങവിൽ ചില പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതല്ലാതെ കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. കർഷകർ ഒത്തൊരുമയോടെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA